18 December Wednesday

‘സ്തുതി' പാടി സുഷിൻ, ഒപ്പം ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും; ‘ബോഗയ്‌ന്‍വില്ല’യിലെ പ്രൊമോ ഗാനം പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കൊച്ചി > ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗയ്‌ന്‍വില്ല’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ‘സ്തുതി’ എന്ന പേരിൽ എത്തിയിരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങളിൽ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണുള്ളത്. മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ് ‘സ്തുതി’യുടെ വരികളെഴുതിയിരിക്കുന്നത്‌ വിനായക് ശശികുമാറാണ്‌. സുഷിൻ ശ്യാം തന്നെയാണ്‌ സംഗീതം.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ പോസ്‌റ്ററുകൾ നേരത്തെ റിലീസ്‌ ചെയ്തിരുന്നു. ഇത്‌ കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളിൽ സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ.

സൂപ്പർ ഹിറ്റായി മാറിയ ‘ഭീഷ്‌മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ബോഗയ്‌ന്‍വില്ല’. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top