23 December Monday

വേണം പുതുമയുള്ള സിനിമകള്‍

അഖില ബാലകൃഷ്‌ണൻ akhilabala98@gmail.comUpdated: Sunday Aug 11, 2024

ഇഎം അഷറഫ്‌


തെരഞ്ഞെടുക്കുന്ന വിഷയത്തിൽ മാത്രമല്ല കഥപറച്ചിലിലും വ്യത്യസ്തത പുലർത്തുന്ന സംവിധായകനാണ് ഇ എം അഷ്റഫ്. ആദ്യം സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ബോൺജോർ മയ്യഴി’മുതൽ അടുത്തിടെ റിലീസായ മോണിക്ക ഒരു എഐ സ്റ്റോറിവരെ ഇത്തരത്തിൽ പുതുമകൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടവയാണ്‌. മൂന്നു സംസ്ഥാന പുരസ്കാരം നേടിയ ചിത്രമായിരുന്നു ‘ബോൺജോർ മയ്യഴി’. നിർമിതബുദ്ധിയെ പശ്ചാത്തലമാക്കി ഇന്ത്യയിൽ നിർമിച്ച ആദ്യ ചിത്രമെന്ന ഇന്ത്യ ഗവൺമെന്റിന്റെ അംഗീകാരത്തോടെ പുറത്തിറങ്ങിയ സിനിമയാണ് മോണിക്ക ഒരു എഐ സ്റ്റോറി.

സാംസ് പ്രൊഡക്‌ഷന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമിച്ച്‌ ജൂണിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. മാളികപ്പുറം ഫെയിം ശ്രീപദ്, ഗോപിനാഥ് മുതുകാട്, അപർണ മൾബറി എന്നിവരാണ് പ്രധാന വേഷത്തിൽ. പ്രഭാവർമയുടേതാണ് വരികൾ. റോണി റാഫേലാണ്‌ പാശ്ചാത്തല സംഗീതം നൽകിയത്‌. സജീഷ് രാജാണ് ഛായാഗ്രാഹകൻ . മോണിക്ക ഒരു എഐ സ്റ്റോറിയെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും സംവിധായകൻ ഇ എം അഷ്റഫ്‍ സംസാരിക്കുന്നു.

പൂർണമായും സയൻസ് ഫിക്‌ഷനല്ല


എഐ വിഷയമാകുന്ന സിനിമ, ആ സിനിമയ്ക്ക് പേരിട്ടതും എഐതന്നെ. എന്നാൽ, മോണിക്ക ഒരു എഐ സ്റ്റോറി സാങ്കേതികവിദ്യയെക്കുറിച്ചുള്ള സിനിമയല്ല. സയൻസ്‌ ഫിക്‌ഷനെ കൂട്ടുപിടിച്ചുള്ള സമൂഹിക വിമർശമാണ്‌. ഇതൊരു കുടുംബചിത്രമാണ്‌. മനുഷ്യബന്ധങ്ങളും സാങ്കേതികതയുടെ ലോകത്തെ സൈബർ ബന്ധങ്ങളും പുതിയ കാലത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നാണ്‌ ഈ സിനിമ സംസാരിക്കുന്നത്. മനുഷ്യനെ മനുഷ്യനാകാൻ യന്ത്രം പഠിപ്പിക്കുകയാണ്‌. എഡിഎച്ച്‌ഡിപോലുള്ള കുട്ടികളിലെ മാനസിക വെല്ലുവിളികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്‌. എഡിഎച്ച്‌ഡിയുള്ള ഒരു കുട്ടിയുടെ ജീവിതത്തിൽ ഒരു എഐ കഥാപാത്രം എത്തുന്നതും അവർ തമ്മിൽ വളരുന്ന മാതൃസ്നേഹത്തിലൂന്നിയ ബന്ധവുമാണ്‌ സിനിമയുടെ കാതൽ. സയൻസ്‌ ഫിക്‌ഷനൊപ്പം അൽപ്പം ഫാന്റസിയും ചേർത്താണ്‌ കഥയുടെ പോക്ക്‌. സിനിമ കാണാൻ കൂടുതലെത്തിയതും കുട്ടികളാണ്‌.

സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യക്ക്‌ മനുഷ്യജീവിതത്തിലുള്ള സ്വാധീനം അംഗീകരിച്ചുകൊണ്ടുതന്നെയാണ്‌ സിനിമ നിർമിച്ചത്‌. നിർമിത ബുദ്ധിയുടെ സഹായം നമുക്കെങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ കൃത്യമായി പറയുന്നുണ്ട്‌. ചിത്രീകരണത്തിൽ പലയിടത്തും എഐ സഹായം തേടിയിട്ടുണ്ട്‌. സിനിമയുടെ പേരുപോലും അങ്ങനെ വന്നതാണ്‌. മനുഷ്യൻ എത്രത്തോളം യാന്ത്രികമാകുന്നു എന്നാണ്‌ പറയാൻ ശ്രമിക്കുന്നത്‌. ഇന്ന്‌ നമ്മുടെ കൈയെത്തും തുമ്പത്ത്‌ എഐയുണ്ട്‌. ഭാവിയിൽ പല കാര്യങ്ങളിലും അത്‌ മനുഷ്യനെ പിന്തള്ളുമെന്ന കാര്യത്തിലും സംശയമില്ല.

പുതിയത്‌ അംഗീകരിക്കപ്പെടണം


ജയപരാജയങ്ങളോർത്ത്‌ പുതിയ തരം സിനിമകൾ ചെയ്യാൻ മടിക്കേണ്ടതില്ല. സിനിമ സംസാരിക്കുന്ന വിഷയത്തിന്റെ പ്രസക്തിയാണ്‌ പ്രധാനം. പുതിയ തരത്തിലുള്ള സിനിമകൾ വരണം. പറയുന്ന വിഷയത്തിലും ആഖ്യാനത്തിലും പുതുമ വേണം. ദേവദൂതനെപ്പോലെ ഇന്നല്ലെങ്കിൽ നാളെ നല്ല സിനിമകൾ തീർച്ചയായും അംഗീകരിക്കപ്പെടും. ചലച്ചിത്രമേളകൾക്കും പുരസ്കാരങ്ങൾക്കും സിനിമകൾ പരിഗണിക്കുമ്പോൾ പുതിയകാലത്തെ സിനിമകളെ മനസ്സിലാക്കുന്നവരും ഇഷ്ടപ്പെടുന്നവരും സെലക്‌ഷൻ കമ്മിറ്റിയിലുണ്ടാകണം. ജൂറികൾ സിനിമയെക്കുറിച്ചും കാലഘട്ടത്തെക്കുറിച്ചും അവബോധമുള്ളവരാകണം

മോണിക്കയിലേക്കുള്ള യാത്ര

മുമ്പ്‌ ചെയ്ത സിനിമകളേക്കാൾ വ്യത്യസ്ത അനുഭവമായിരുന്നു മോണിക്കയിലേത്‌. രണ്ടു വർഷത്തോളം പ്രീ പ്രൊഡക്‌ഷനെടുത്തു. നിർമിത ബുദ്ധിയെക്കുറിച്ച്‌ പഠിക്കാനായിരുന്നു ഏറെയും സമയം. എഐ കഥാപാത്രമായി എത്തിയത്‌ മലയാളം സംസാരിക്കുന്ന അമേരിക്കക്കാരി അപർണ മൾബറിയാണ്‌. കഥാപാത്രമാകാൻ അവർ വളരെയധികം തയ്യാറെടുപ്പുകൾ നടത്തി.

ബോൺജോർ  മയ്യഴിയും മറ്റും

കഥാകാരനെ തേടി കഥാപാത്രങ്ങളെത്തുന്നു. തങ്ങളുടെ സ്രഷ്ടാവിനോട്‌ അവർ ചോദ്യങ്ങൾ ചോദിക്കുന്നു. ഇറ്റാലിയൻ സാഹിത്യകാരനായ ലൂയി പിരാന്തലോയുടെ ‘എഴുത്തുകാരനെ തേടി ആറു കഥാപാത്രങ്ങൾ’ എന്ന നാടകത്തിൽനിന്ന്‌ പ്രചോദനമുൾക്കൊണ്ടായിരുന്നു ആദ്യ ഹ്രസ്വചിത്രം ബോൺജോർ മയ്യഴി ചെയ്യുന്നത്‌. എം മുകുന്ദനെ തേടി അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എത്തുന്നതായിരുന്നു പ്രമേയം. എം മുകുന്ദനായി അദ്ദേഹംതന്നെയാണ്‌ അഭിനയിച്ചത്‌. ചിത്രത്തിന്‌ മൂന്നു സംസ്ഥാന അവാർഡ്‌ ലഭിച്ചു. മാമൂക്കോയയെ കേന്ദ്രകഥാപാത്രമാക്കി പ്രവാസത്തിന്റെ കഥ പറയുന്ന ഉരുവായിരുന്നു അടുത്ത ചിത്രം. ദീർഘകാലം പ്രവാസലോകത്ത്‌ മാധ്യമപ്രവർത്തനം നടത്തിയ അനുഭവത്തിലാണ്‌ ഉരുവിന്റെ പിറവി. കന്നട എഴുത്തുകാരൻ ശിവറാം കാരന്തിന്റെ യക്ഷഗാനത്തെക്കുറിച്ചുള്ള ബുക്കുകളെ ആസ്പദമാക്കി ചിത്രീകരിച്ച ബാലവനത ജാതുഗാരയാണ്‌ ശേഷം ചെയ്ത ചിത്രം. കന്നട ഭാഷയിലാണ്‌ ഈ സിനിമ ചെയ്തത്‌. മയ്യഴി കേന്ദ്രമാക്കി മറ്റൊരു സിനിമ മനസ്സിലുണ്ട്‌.

കാലത്തിനുമുമ്പേ

‘കാലം കഴിയുന്തോറും മനുഷ്യനും യന്ത്രവും തമ്മിൽ അന്തരങ്ങളില്ലാതെയാകുന്നു. മാനുഷികബന്ധങ്ങൾ അന്യമാകുന്നു.’ മോണിക്ക ഒരു എഐ സ്റ്റോറി പ്രേക്ഷകരോട് പറയാനാഗ്രഹിക്കുന്നത് ഇതുതന്നെയാണ്. സിനിമ സംസാരിക്കുന്ന വിഷയം ഭാവിയിലേതാണ്. അതിനാൽ, കാണുന്ന എല്ലാ പ്രേക്ഷകർക്കും ഉൾക്കൊള്ളാനായെന്നു വരില്ല. എന്നാൽ, ഇത് ഒരിക്കലും കാലം തെറ്റിയിറങ്ങിയ സിനിമയല്ല. വളരെ പോസിറ്റീവായ അഭിപ്രായങ്ങൾ വന്നിരുന്നു. സിനിമ ചെയ്യുമ്പോൾ ഞങ്ങളുടെ ചിന്തയിൽ വരാതിരുന്ന പല അർഥതലങ്ങൾ കണ്ടിറങ്ങിയവർ പലയിടത്തും എഴുതിക്കണ്ടു. എഐ നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാനാകാത്തവിധം വളർന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, കുറച്ചുകാലം കഴിയുമ്പോൾ സിനിമയ്ക്ക് കുറെക്കൂടി അംഗീകാരം ലഭിക്കുമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top