സംവിധായകന്റെ ദാർശനിക മൗനങ്ങൾക്ക് തത്വചിന്താപരമായ ഉത്തരങ്ങൾ പ്രേക്ഷകർ നൽകുമ്പോൾ മാത്രമേ ഒരു സിനിമ പൂർത്തിയാവുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞ സംവിധായകനാണ് ജിതിൻ തോമസ്. സിനിമയുടെ പേരുപോലും സ്പഷ്ടമാക്കാതെ, പാട്ടാണോ പാത്താണോ എന്ന ചോദ്യത്തിന്; "ഉചിതമായതാകട്ടെ" എന്ന നിലപാടിൽത്തന്നെയാണ് അയാൾ. സിനിമയുടെ ലാവണ്യ സങ്കൽപ്പങ്ങളെ പൂർണമായി നിരാകരിക്കാതെ ചരിത്രപരമായ അതിന്റെ പരിമിതികളെ പരിഹരിച്ച് ചിത്രമെടുക്കാൻ ജിതിൻ തോമസ്സിന് കഴിഞ്ഞിട്ടുണ്ട്. അനാദിയായ കാലത്തിന്റെ മണ്ണടരുകളിലൂടെ ഒഴുകുന്ന നാടൻ പാട്ടിന്റെ ഉറവിടം തേടുന്ന ഉണ്ണിയുടെയും പെൺ സുഹൃത്തിന്റെയും അന്വേഷണാത്മക യാത്രയിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് കാട്ടിത്തരുന്നത് യുക്തിരഹിതമായ ചിന്തകൾ പേറുന്ന കുറെ മനുഷ്യരെയാണ്.
സർവവും തങ്ങളുടെ മതത്തിൽമാത്രം അന്വേഷിക്കുന്ന കോമാളിയുഗത്തിലെ അധികാരികളെയും പൊതുബോധമില്ലാത്ത ചില അധ്യാപകരിലേക്കും കാലദേശബോധത്തിൽ കുരുങ്ങിപ്പോയ മനുഷ്യരിലേക്കും സിനിമയുടെ മുൾമുന നീങ്ങുമ്പോൾപ്പോലും വിഷയഗ്രാഹ്യമില്ലാതെ കാമറയും തൂക്കി ഇന്റർവ്യൂവിന് ഇറങ്ങിപ്പുറപ്പെടുന്ന ന്യൂജെൻ മാധ്യമക്കാരെയും ഈ സിനിമ വെറുതെ വിടുന്നില്ല. മണ്ണിൽ പണിയെടുക്കുന്ന മനുഷ്യർ പ്രകൃതിയിൽനിന്ന് ആർജിച്ചെടുക്കുന്ന അറിവിന് സാർവലൗകികവും കാലാതീതവുമായ പ്രസക്തിയുണ്ടാകുമെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നുണ്ട്. സുഹൃത്തിന്റെ ട്രാവൽ വീഡിയോ എഡിറ്റ് ചെയ്യുന്നതിനിടയിൽ ഉണ്ണി കേട്ട ഭാഷയോ അർഥമോ രചയിതാവാരെന്നോ അറിയാത്ത അതേ പാട്ട് അയാളുടെ അമ്മൂമ്മയും പാടുന്നത് തികച്ചും യാദൃച്ഛികമല്ലന്ന് സിനിമയുടെ അവസാനം നമുക്ക് മനസ്സിലാക്കാം.
വിശപ്പിന് പരിഹാരമില്ലാത്തവൻ സ്വയം പാടിപ്പോകുന്ന പാട്ടിന്റെ അർഥം തേടി പോകേണ്ടത് ആസന്നമരണങ്ങളായ ആശയങ്ങൾ കിടന്നു ചാകുന്ന ആശുപത്രികളായ സർവകലാശാലകളിലേക്കല്ല മറിച്ച് മണ്ണിന്റെ തുടിപ്പറിയാവുന്ന കാടിന്റെ മക്കളിലേക്കാണെന്ന തിരിച്ചറിവിലേക്ക് ഈ സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. മുൻകൂട്ടി നിശ്ചയിച്ച ലൊക്കേഷനുകളെയും സെറ്റുകളെയും പാടെ നിരാകരിച്ച് കഥാപാത്രങ്ങളെ അങ്ങോട്ട് പോയി കണ്ട് ചിത്രീകരിച്ച് സിനിമയുടെ ധാരയിലേക്ക് സമന്വയിപ്പിക്കാൻ സംവിധായകൻ കാണിച്ച ധീരതയിലൂടെ ഒരു പാരമ്പര്യത്തെ പൂർണമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. ഒട്ടേറെ നാടക കലാകാരന്മാർ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നമുക്കിടയിൽനിന്ന് അല്ലെങ്കിൽ നമ്മൾതന്നെയാണെന്ന തോന്നലുണ്ടാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..