കൊച്ചി > സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ പരാതിയുമായി ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി. പരാതിയിൽ അന്വേഷണം നടത്താൻ തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
സോഫിയ പോളിന്റെയും ജെയിംസ് പോളിന്റെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന നിർമാണക്കമ്പനിയാണ് ആർഡിഎക്സ് പുറത്തിറക്കിയത്. സിനിമയ്‌ക്കായി മുടക്കിയ പണത്തിൻ്റെ ലാഭവിഹിതമോ കണക്കോ നൽകാൻ നിർമാതാക്കൾ തയ്യാറായില്ലെന്ന എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അഞ്ജന എബ്രഹാമിന്റെ പരാതിയിലാണ് അന്വേഷണം. ആറു കോടി രൂപയാണ് സിനിമയ്ക്കായി താൻ മുടക്കിയതെന്നും രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നുണ്ട്. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ മുടക്കിയ പണത്തിന്റെ കണക്കോ നൽകിയില്ലെന്നാണ് പരാതി.
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവരെ പ്രധാന കഥപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർഡിഎക്സ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ലാൽ, മഹിമ നമ്പ്യാർ, ഷമ്മി തിലകൻ, മാല പാർവതി, ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. 100 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തതായാണ് പറഞ്ഞിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..