23 December Monday

റെക്കോർഡ് കളക്ഷനുമായി "ഡെഡ്‌‌പൂൾ ആൻഡ് വോൾവറിൻ': 2024ൽ 1 ബില്യൺ കടക്കുന്ന രണ്ടാമത്തെ ചിത്രം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ആ​ഗോള ബോക്സോഫീസ് കളക്ഷനിൽ റെക്കോർഡ് നേട്ടവുമായി ഹോളിവുഡ് ആക്ഷൻ ചിത്രം ഡെഡ്‌‌പൂൾ ആൻഡ് വോൾവറിൻ. ഇതുവരെ 1.029 ബില്യണാണ് ചിത്രം കളക്ട് ചെയ്തത്. ജൂലൈ 26നാണ് സിനിമ തിയറ്ററുകളിലെത്തിയത്. ഇതോടെ ഈ വർഷം 1 ബില്യൺ ക്ലബ്ബിൽ കയറിയ ചിത്രമെന്ന നേട്ടവും ഡെഡ്പൂൾ ആൻഡ് വോൾവറിന് ലഭിച്ചു. 2024ൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തുമാണ് ഡെഡ്പൂൾ ആൻഡ് വോൾവറിൻ.

1559 മില്യൺ ഡോളർ (1.55 ബില്യൺ) നേടിയ ഡിസ്‌നി അനിമേഷൻ ചിത്രം ഇൻസൈഡ് ഔട്ട് ആണ് ഈ വർഷം ഇതുവരെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം. നിലവിലെ രീതി തുടർന്നാൽ ഇൻസൈഡ് ഔട്ടിനേക്കാൾ കളക്ഷൻ ചിത്രം നേടുമെന്നാണ് സിനിമ ട്രാക്കിങ് സൈറ്റുകളുടെ പ്രവചനം. ഏറ്റവുമധികം കളക്ഷൻ നേടിയ രണ്ടാമത്തെ R റേറ്റഡ് മൂവി എന്ന നേട്ടവും ഡെഡ്പൂൾ ആൻ‌ഡ് വോൾവറിനാണ്. ജോക്കറാണ് ആദ്യ ചിത്രം.

ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 120 കോടിയോളം കളക്ട് ചെയ്തു. ഇന്ത്യയിൽ റിലീസ് ചെയ്‌ത് ആദ്യ ആഴ്‌ച‌‌യിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആറാമത്തെ ഹോളിവുഡ് ചിത്രമായും ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ മാറി. റയാൻ റെയ്നോൾഡ്സ്, ഹ്യൂ ജാക്മാൻ, എമ്മ കോറിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാർവൽ സ്റ്റുഡിയോസ് നിർമിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് വിതരണം ചെയ്ത ചിത്രം സംവിധാനം ചെയ്തത് ഷോൺ ലെവിയാണ്.

വാർണർ ബ്രദേഴ്‌സിന്റെ ഡ്യൂൺ പാർട് 2 (711 മില്യൺ)വിനെ പിന്തള്ളിയാണ് ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ രണ്ടാമതെത്തിയത്. യൂണിവേഴ്‌സൽ സിനിമാസിന്റെ ഡെസ്പിക്കബിൾ മീ 4 (684 മില്യൺ), വാർണർ ബ്രദേഴ്‌സിന്റെ ​ഗോഡ്‌സില vs. കോങ്: ദ ന്യൂ എമ്പയർ (569 മില്യൺ), യൂണിവേഴ്‌സൽ സിനിമാസിന്റെ കുങ്ഫു പാണ്ട (546 മില്യൺ) എന്നീ ചിത്രങ്ങളാണ് ആദ്യ ആറ് സ്ഥാനങ്ങളിൽ.

2923 മില്യൺ (2. 92 ബില്യൺ) നേടിയ അവതാറാണ് ഇതുവരെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം. 2799 മില്യൺ നേടിയ അവഞ്ചേഴ്സ് എൻഡ് ​ഗെയിം രണ്ടാം സ്ഥാനത്തും 2320 മില്യൺ നേടിയ അവതാർ: വേ ഓഫ് വാട്ടർ മൂന്നാം സ്ഥാനത്തുമാണ്. 1997ൽ പുറത്തിറങ്ങിയ ടൈറ്റാനിക്കാണ് നാലാം സ്ഥാനത്ത് (2264 മില്യൺ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top