സിനിമാലോകത്തെ തലൈവർ, തമിഴകത്തിന്റെ ഒരോയൊരു രജ്നീകാന്തിന് ഇന്ന് 74ാം പിറന്നാൾ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ആവേശത്തിൻ്റെ കൊടുമുടിയിലാണ്. അഞ്ച് പതിറ്റാണ്ടുകളായി നീണ്ട കരിയറിലൂടെയാണ് താരം ഇന്ത്യൻ സിനിമയുടെ തന്നെ തലൈവർ എന്ന താരപദവിയിലേക്കെത്തിയത്. സ്റ്റൈൽ മന്നന് പിറന്നാളാശംസകളുമായി നിരവധി പേരാണെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, നടൻമാരായ കമല ഹാസൻ, വിജയ്, എസ് ജെ സൂര്യ തുടങ്ങിയവർ രജ്നിക്ക് പിറന്നാളാശംസകൾ നേർന്നു.
അഭിനയവും സ്റ്റൈലും കൊണ്ട് അതിർത്തികൾക്കുമപ്പുറം ആറ് മുതൽ അറുപത് വരെയുള്ളവരെ തന്റെ ആരാധകരാക്കി മാറ്റിയ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ എന്നായിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ കുറിച്ചത്. സമൂഹമാധ്യമങ്ങളിൽ നിറയെ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളുമാണ്.
രജനികാന്തിൻ്റെ ജന്മദിനത്തിന് മുന്നോടിയായി ഡിസംബർ 11ന് മധുരയിലെ തിരുമംഗലത്തുള്ള "അരുൾമിഗു ശ്രീ രജനി ക്ഷേത്രത്തിൽ" അദ്ദേഹത്തിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു.
1975ൽ "അപൂർവ രാഗങ്ങൾ" എന്ന തമിഴ് ചിത്രത്തിലൂടെയാണ് രജനികാന്തിൻ്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. എന്നാൽ 1975ൽ ഇറങ്ങിയ "16 വയതിനിലെ" എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ സഹായിച്ചത്. 1980കളിൽ "ബില്ല" (1980), "മുരട്ടു കാളൈ" (1980), "മൂണ്ട്ര് മുഖം" (1982) തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ രജനികാന്ത് തന്റെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നു. തമിഴ് കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ നിരവധി ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്
1950 ഡിസംബർ 12ന് കർണാടകയിലെ ബെംഗളൂരുവിൽ ജനിച്ച രജ്നികാന്തിന്റെ ആദ്യകാല ജീവിതം പോരാട്ടങ്ങളായിരുന്നു. ശിവാജി റാവു ഗെയ്‌ക്‌വാദ് എന്നായിരുന്നു യതാർത്ഥ പേര്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം മരപ്പണിക്കാരനായും കൂലിയായും ബസ് കണ്ടക്ടറായും ജോലി ചെയ്തു. ഒരു കണ്ടക്ടർ തമിഴ്സിനിമയും കടന്ന് ഇന്ത്യൻ സിനിമയുടെ തന്നെ താരരാജാക്കളിൽ ഒരാളായി മാറിയ കഥയും പ്രശസ്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..