തിരുവനന്തപുരം
ഐഡിഎസ്എഫ്എഫ്കെയിൽ മൂന്നു വിഭാഗങ്ങളിലായി 31 അനിമേഷൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്രവിഭാഗത്തിൽ ആറു ചിത്രങ്ങളും ഇന്ത്യൻ അനിമേഷൻ വിഭാഗത്തിൽ ഏഴു ചിത്രങ്ങളും ശിൽപ്പ റാനഡെ ക്യുറേറ്റ് ചെയ്ത ‘സ്‌പെക്യുലം ഇൻഡ്യാഅനിമ' വിഭാഗത്തിൽ 18 ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. അന്താരാഷ്ട്ര വിഭാഗത്തിൽ ദ കാർ ദാറ്റ് കെയിം ബാക്ക് ഫ്രം ദ സീ, പെർസെബസ്, മുസിൻേറഷ്യ, മോർട്ടെല്ലി ദ ഹോപ്ലെസ് കേസ്, ലെറ്റർ ഫ്രം ഫുക്കുഷിമ, ബ്യൂട്ടിഫുൾ മെൻ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അനസി അന്താരാഷ്ട്ര അനിമേഷൻ ചലച്ചിത്രമേളയിലെ സിനിമകളും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശിഥിലമായ ഒരു രാജ്യത്തിന്റെയും കാറിന്റെയും കഥ, പെർസെബസ് എന്ന കക്കയുടെ ജീവിതചക്രം, യാഥാർഥ്യത്തിൽനിന്ന് ഒളിച്ചോടുന്നതിനായി വർണാഭമായ ഭാവനയും സംഗീതവും ഇടകലർത്തുന്ന കുട്ടിയുടെ കഥ, ഡിറ്റക്ടീവ് മോർട്ടെല്ലിയുടെ അവസാനകേസ്, ഫുക്കുഷിമ ആണവദുരന്തം എന്നിവയാണ് ഇവയുടെ മുഖ്യപ്രമേയങ്ങൾ. ഇന്ത്യൻ അനിമേഷൻ വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങളുണ്ട്. സുരേഷ് എറിയാട്ട്, ഹസ്‌ന തപ്ലിയാൽ, അതിഥി കൃഷ്ണദാസ്, നടാഷ ശർമ്മ, സുബർണ ദാഷ്, നിക്കോൾ എൽസ ഡാനിയേൽ, അതിഥി ദീക്ഷിത് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ഗാർഹികാതിക്രമങ്ങൾ, മുംബൈ പുനരധിവാസകോളനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും അനുഭവങ്ങൾ, വീടുവിട്ട ഒരാളുടെ ബാല്യകാല സ്മരണ, അരണയുടെ ഉത്ഭവകഥ എന്നിവയാണ് ഇന്ത്യൻ അനിമേഷൻ ചിത്രങ്ങളുടെ വിഷയങ്ങൾ.വൈവിധ്യമേറിയ ഇന്ത്യൻ സംസ്‌കാരത്തിന്റെ സങ്കീർണതകളെ അനിമേഷൻ എന്ന മാധ്യമത്തിലൂടെ ചിത്രീകരിക്കുകയാണ് 'സ്‌പെക്യുലം ഇൻഡ്യാഅനിമ' വിഭാഗത്തിലുള്ള 18 ചിത്രങ്ങൾ.
ഗീതാഞ്ജലി റാവു, അഭിഷേക് വർമ്മ, കുശാൽ, കസ്തൂരി, നൈന സബ്‌നാനി, ദിവാകർ കുപ്പൻ തുടങ്ങിയവരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെയും വൈവിധ്യമാർന്ന പാരമ്പര്യങ്ങളെയും വ്യക്തിപരമായ ആഖ്യാനങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രങ്ങളെന്ന് ക്യൂറേറ്റർ ശിൽപ്പ റാനഡെ പറഞ്ഞു..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..