16 December Monday

കൂട്ടായ്‌മയുടെ സിനിമകൾ

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Dec 15, 2024

എഫ്ടിഐ സ്‌പിരിറ്റ്‌

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ സിനിമയാണ്‌ ബോഡി. അഭിജിത് മജുംദാർ സംവിധാനം ചെയ്‌ത ചിത്രം നടനാകാൻ ശ്രമിക്കുന്ന മനോജിന്റെ ജീവിതമാണ്‌ പറയുന്നത്‌. നഗ്നനായി യാത്ര ചെയ്യേണ്ടി വരുന്നതും അത്‌ മനോജിൽ ഉണ്ടാക്കുന്ന ആഘാതവുമാണ്‌ ഇതിവൃത്തം. സിനിമ ഒരുക്കിയതിനെക്കുറിച്ച്‌ സംവിധായകൻ അഭിജിത്‌ മജുംദാർ സംസാരിക്കുന്നു.

അഭിജിത്‌ മജുംദാർ, ആദിത്യ ബേബി

അഭിജിത്‌ മജുംദാർ, ആദിത്യ ബേബി



സ്വപ്‌നത്തിൽനിന്നുണ്ടായത്‌

പൊതുഇടത്ത്‌ നഗ്നനായ ഒരു മനുഷ്യൻ എന്നതായിരുന്നു ദ ബോഡിയുടെ അടിസ്ഥാന ആശയം. എന്റെ ആവർത്തിച്ചുള്ള സ്വപ്‌നത്തിൽനിന്നുകൂടിയാണ്‌ ഈ സിനിമ ഉണ്ടാകുന്നത്‌. എന്നെത്തന്നെ സങ്കൽപ്പിച്ചാണ്‌ സിനിമ എഴുതിയത്‌. ഈ സ്വപ്നം കാണുമ്പോഴെല്ലാം എനിക്ക് അനുഭവപ്പെടുന്ന വികാരങ്ങൾ. എഴുതുമ്പോൾ ആ വികാരങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ്‌ തിരക്കഥ ഒരുക്കിയത്‌.  ഇതൊരു സ്വപ്നത്തിൽനിന്ന്‌ ഉടലെടുത്തതായതിനാൽ ഈ ആശയത്തെ ഒരു റിയലിസ്റ്റിക് അനുഭവമാക്കി മാറ്റുകയും വിശ്വസനീയമായി അവതരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന വെല്ലുവിളി.

രാഷ്‌ട്രീയ ചുറ്റുപാട്‌

കുറേ വർഷങ്ങളായി നമുക്ക് ചുറ്റുമുള്ള ഫാസിസ്റ്റ് ശക്തികളുടെ വളർച്ച വളരെ പ്രകടമാണ്. ന്യൂനപക്ഷ ശബ്ദങ്ങളെ വ്യവസ്ഥാപിതമായി നിശ്ശബ്ദമാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. സിനിമയിലെ നമ്മുടെ കഥാപാത്രങ്ങൾ പരിശീലിക്കുന്ന "നോർമൽ' എന്ന നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിലൂടെ നാസി ജർമനിയുടെ ഉയർച്ചയിലേക്ക് വഴിയൊരുക്കിയ കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. "ബോഡി' നേരിട്ട് രാഷ്ട്രീയം പറയുന്നില്ല. വ്യക്തിപരമായ മനഃശാസ്ത്രപരമായ ഇടത്തിലാണ്‌ കഥ നടക്കുന്നത്‌. എന്നാൽ, കാലം സമാനമാണ്. രാഷ്ട്രീയ ചുറ്റുപാടുകൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ എങ്ങനെ രൂപപ്പെടുത്താം അല്ലെങ്കിൽ ബാധിക്കാമെന്ന് മനസ്സിലാക്കാൻ സിനിമ ശ്രമിക്കുന്നുമുണ്ട്‌.

ഞങ്ങളെ ഒരുമിച്ച്‌ നിർത്തി


പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌ (എഫ്ടിഐഐ) എന്ന സ്‌പിരിറ്റിൽനിന്നാണ്‌ സിനിമ ഉണ്ടായത്‌. ദൈർഘ്യം കൂടിയ ഒരു ഡിപ്ലോമ സിനിമ ഉണ്ടാക്കുന്നതു പോലെയായിരുന്നു. ‘ബോഡി’ ക്രൗഡ്‌ ഫണ്ടിങ്ങിലൂടെ ഒരുക്കിയ ചെറിയൊരു സിനിമയാണ്‌. ഒരിക്കലും ആവശ്യത്തിന്‌ പണമുണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങളുടെ ബന്ധമാണ് എല്ലാ വെല്ലുവിളികളെയും തരണം ചെയ്തത്, ഞങ്ങളെ ഒരുമിച്ച് നിർത്തിയത്‌. ഞങ്ങൾ ഒരുവിധം എല്ലാവരും നേരത്തേ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്‌. അത്‌ ഏത് വെല്ലുവിളിയെയും നേരിടൽ എളുപ്പമാക്കി.
ബോഡി സിനിമയിൽനിന്ന്‌

ബോഡി സിനിമയിൽനിന്ന്‌



കൂട്ടിച്ചേർത്തത്‌ സിനിമ

തൃശൂർ ഡ്രാമ സ്‌കൂളിൽ ഒരേകാലഘട്ടത്തിൽ പഠിച്ചവർ ഒരുമിച്ച്‌ ചേർന്ന്‌ ഒരുക്കിയ ചിത്രമാണ്‌ കാമദേവൻ നക്ഷത്രം കണ്ടു. ഗുഡ് ഫിലിംസ് മേക്ക്സ് യോർ ലൈഫ് ബെറ്റർ പ്രൊഡക്‌ഷൻസാണ്‌ നിർമാണം. കഴിഞ്ഞ വർഷം ഐഎഫ്‌എഫ്‌കെയിൽ ശ്രദ്ധേയമായ നീലമുടിക്ക്‌ പിന്നിലും ഇതേ ടീമായിരുന്നു. ‘കാമദേവൻ’ എന്ന്‌ കൂട്ടുകാർ വിളിക്കുന്ന അമിത ലൈംഗികാസക്തിയുള്ള ദേവന്റെ കഥയാണ്‌ ചിത്രം. പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥിനി കൂടിയായ സംവിധായക ആദിത്യ സംസാരിക്കുന്നു.

കാമദേവൻ നക്ഷത്രം കണ്ടു സിനിമയിൽനിന്ന്‌

കാമദേവൻ നക്ഷത്രം കണ്ടു സിനിമയിൽനിന്ന്‌



ഒരു കൂട്ടം നാടകക്കാർ

സിനിമയും നാടകവുമെല്ലാം ചെയ്യുന്ന ഒരു കൂട്ടം നാടകക്കാരാണ്‌ ഞങ്ങൾ. ഒരു പ്രൊഡക്‌ഷൻ ബാനറുണ്ട്‌. ഞങ്ങൾ ചെയ്‌ത നീലമുടി കഴിഞ്ഞ ഐഎഫ്‌എഫ്‌കെയിൽ കാണിച്ചിരുന്നു. കോണ്ടം തിയറി എന്ന ഹ്രസ്വ ചിത്രം ഐഡിഎസ്‌എഫ്‌എഫ്‌കെയിൽ പ്രദർശിപ്പിച്ചിരുന്നു.  കുറച്ച്‌ കാലമായി സിനിമയും നാടകവും ചെയ്യുന്നുണ്ട്‌. പത്രവാർത്ത, സമൂഹമാധ്യമം എന്നിവയിൽനിന്നാണ്‌ ആശയം ലഭിക്കുന്നത്‌. ‘പശുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ച യുവാവ്‌’ എന്ന വാർത്തയിൽനിന്നാണ്‌ സിനിമ ഉണ്ടാകുന്നത്‌. അതൊരു ലൈംഗിക വൈകല്യമാണെന്നും അതിനെക്കുറിച്ച്‌ സംസാരിക്കേണ്ടതാണെന്നും തോന്നി.

ഒപ്പം പഠിച്ചവർ

കാസർകോട്‌ കൊന്നക്കാടാണ്‌ എന്റെ വീട്‌. സിനിമ എന്ന സ്വപ്‌നം കാണാൻപോലും അവിടെ പരിമിതിയുണ്ട്‌. നാട്ടിപ്പുറത്തിന്റെ പരിമിതിയിൽനിന്നാണ്‌ സിനിമ എന്ന ആഗ്രഹവുമായി ഡ്രാമ സ്‌കൂളിൽ എത്തിയത്‌. ഇതൊരു പഠനവിഷയമാണെന്ന്‌ തിരിച്ചറിയുന്നതുതന്നെ അപ്പോഴാണ്‌. അവിടെ വച്ചുള്ള പരിചയങ്ങളിൽനിന്നാണ്‌ സിനിമ സാധ്യമായത്‌. സിനിമയുടെ ഭാഗമായവർ എന്റെ ക്ലാസിൽ പഠിച്ചവരും സീനിയേഴ്‌സുമൊക്കെയാണ്‌. ഗായത്രി ബാബു, വൈശാഖ്‌, ന്യൂട്ടൻ– ഞങ്ങളെയെല്ലാം കൂട്ടിച്ചേർത്തത്‌ സിനിമയാണ്‌.

മൊബൈലിൽ സിനിമ

ഐ ഫോൺ 14 പ്രൊ ഉപയോഗിച്ചാണ്‌ ചിത്രീകരിച്ചത്‌. ആദ്യംമുതൽ ഈ ആശയം ഉണ്ടായിരുന്നു. കാമറ ചെയ്‌തിട്ടുള്ള ന്യൂട്ടൻ തമിഴരസനാണ്‌ ഐ ഫോണിൽ ചെയ്യാമെന്ന്‌ പറയുന്നത്‌. ഞങ്ങൾക്ക്‌ സമയത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഫോണിലാകുമ്പോൾ കുറേ സമയം ലാഭിക്കാം. സാമ്പത്തിക പ്രതിസന്ധിയും മറികടക്കാം. ചിത്രീകരണത്തിന്‌ മുമ്പുതന്നെ ഐ ഫോണിൽ എടുക്കുമ്പോഴുള്ള സാധ്യതകളും പരിമിതികളും പഠിച്ചിരുന്നു. അതിൽനിന്നുകൊണ്ടുതന്നെ സിനിമയുടെ ആശയം ചോർന്നുപോകാതെ ഒരുക്കി. ലോങ്‌, വൈഡ്‌, ടോപ്‌ ആങ്കിൾ ഷോട്ടുകൾ ചിത്രീകരിക്കാൻ ഉപകരണങ്ങൾ ലഭ്യമാണ്‌. അതിന്റെ വില പ്രശ്‌നമാണ്‌. ഞങ്ങൾ നാടകക്കാരാണ്‌. സെറ്റും പ്രോപ്പർട്ടിയും ഉണ്ടാകുന്നവരാണ്‌. ആവശ്യമുള്ള ഉപകരണങ്ങൾ ഞങ്ങൾതന്നെ ഉണ്ടാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top