തിരുവനന്തപുരം > ഇരുപത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ അർമേനിയയിൽ നിന്നുള്ള ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഒരു നൂറ്റാണ്ട് പിന്നിടുന്ന അർമേനിയൻ സിനിമയോടുള ആദരസൂചകമായി അമേരിക്കറ്റ്സി, ഗേറ്റ് ടു ഹെവൻ, ലാബ്റിന്ത്, ലോസ്റ്റ് ഇൻ അർമേനിയ, പരാജ്നോവ്, ഷുഡ് ദി വിൻഡ് ഡ്രോപ്പ്, ദി ലൈറ്റ്ഹൗസ് എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. യുദ്ധത്തിന്റെയും കുടിയിറക്കലിന്റെയും പശ്ചാത്തലത്തിലുള്ള സിനിമകളാണിവ.
വിഖ്യാത ചലച്ചിത്ര സംവിധായകൻ സെർജി പരാജ്നോവിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച പരാജ്നോവ് സ്കാൻഡൽ ഈ വിഭാഗത്തിലെ മുഖ്യ ആകർഷണമാകും. 1940 കളുടെ ഒടുവിൽ സ്വവർഗാനുരാഗത്തിന്റെ പേരിൽ പരാജ്നോവ് തടവിലാക്കപ്പെട്ടിട്ടുണ്ട്. ജിവാൻ അവേതിസ്യാൻ സംവിധാനം ചെയ്ത ഗേറ്റ് റ്റു ഹെവൻ വർഷങ്ങൾക്ക് മുൻപ് താൻ ചെയ്തു പോയ തെറ്റ് ഓർത്തു പശ്ചാത്തപിക്കുന്ന പട്ടാള മാധ്യമപ്രവത്തകനായ റോബർട്ടിന്റെ കഥയാണ്. സിനിമയിലെ കഥാപാത്രങ്ങൾ കാലാതീതതയുടെ ചുഴികളിലകപ്പെട്ട് സ്വയം നഷ്ടമാകുന്നതും അവരുടെ സങ്കല്പങ്ങളിൽ നിന്ന് വേർതിരിഞ്ഞ് യാഥാർത്ഥ്യ ലോകത്തെ കണ്ടെത്തുന്നതുമാണ് മിഖായേൽ ഡോവ്ലാത്യന്റെ ലാബ്റിന്ത് എന്ന ചിത്രത്തിന്റെ പ്രമേയം.
സെർജ് അവേഡിക്കിയൻ സംവിധാനം ചെയ്ത ലോസ്റ്റ് ഇൻ അർമേനിയ തിരക്കേറിയ ജീവിതത്തിന്റെ ഇടവേളകളിൽ തുർക്കിയിലേക്കുള്ള നായകന്റെ യാത്രയെ ആവിഷ്കരിക്കുന്നു. മിഖായേൽ എഖുരീജാൻ സംവിധാനം ചെയ്ത അമേരികേറ്റ്സി എന്ന ചിത്രത്തിൽ ചാർലി എന്ന യുവാവ് പൂർവികരുമായുള്ള ബന്ധത്തെയും സ്വന്തം വ്യക്തിത്വത്തെയും അന്വേഷിക്കുന്നു. മരിയ സാഖ്യൻ ഒരുക്കിയ ദി ലൈറ്റ് ഹൗസ്, അസർബൈജാനും അർമേനിയയും അതിർത്തിയുടെ പേരിൽ നടത്തുന്ന അശാന്തിയുടേയും വംശഹത്യയുടേയും കഥയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..