തിരുവനന്തപുരം> കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവൽ കലിഡോസ്കോപ്പിൽ മലയാള ചിത്രങ്ങളായ റിപ്ടൈഡും സൗദി വെള്ളക്കയും ഇടം നേടി.
ലോകമെമ്പാടുമുള്ള മേളകളിൽ അംഗീകാരം നേടിയ ഇന്ത്യൻ സിനിമകളെ ഉൾകൊള്ളിക്കുന്ന ഫെസ്റ്റിവൽ കലിഡോസ്കോപ്പിൽ ആറ് സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇഷാൻ ശുക്ല സംവിധാനം ചെയ്ത ഷിർകോവ, റാം റെഡ്ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദി ഫെബിൾ, കോൺസ്റ്റാൻ്റിൻ ബോജനോവിൻ്റെ ദി ഷെയിംലെസ്സ്, റിമ ദാസിൻ്റെ വില്ലേജ് റോക്ക് സ്റ്റാർ എന്നിവയാണ് ഈ വിഭാഗത്തിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ സിനിമകൾ.
തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക ഉർവശി തീയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിച്ചത്. ദേശീയ പുരസ്‌കാരം ഉൾപ്പെടെ ചിത്രം സ്വന്തമാക്കി. നവാഗതനായ അഫ്രദ് വി കെ. രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ചിത്രമാണ് റിപ്ടൈഡ്. നേരത്തെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചലചിത്ര മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയേറ്ററുകളിലായാണ് പ്രദർശനം നടക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..