തിരുവനന്തപുരം> സംസ്ഥാനചലച്ചിത്രപുരസ്കാരം പ്രഖ്യാപിക്കുമ്പോൾ ശ്രദ്ധേയമാകുന്നത് നവാഗതസംവിധായകനുള്ള പുരസ്കാരം നേടിയ ഫാസിൽ റസാഖാണ്. തടവ് എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ ഈ നേട്ടം കൈവരിച്ചത്. സംഘർഷഭരിതമായ ജീവിതത്തിലൂടെ കടന്നുപോകുന്ന അംഗനവാടി ടീച്ചറായ ഗീതയുടെ കഥയാണ് തടവ്. പ്രധാനകഥാപാത്രമായ ഗീതയെ അവതരിപ്പിച്ച ബീന ആർ ചന്ദ്രൻ മികച്ച നടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി.
രണ്ടുതവണ വിവാഹമോചിതയായ ഗീതയ്ക്ക് രണ്ടുപെൺമക്കളുണ്ടെങ്കിലും ഒറ്റയ്ക്കാണ് താമസം. പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന ഗീതയ്ക്ക് ആശ്വാസമായി വരുന്നത് അയല്‍വാസിയും അധ്യാപികയുമായ ഉമയും ബാങ്ക് ജീവനക്കാരനായ ഹംസയുമാണ്. സാമ്പത്തികപരാധീനതകളും അംഗനവാടിയിലെ പ്രശ്നങ്ങളും രോഗവും ഒന്നിനു പിറകെ ഒന്നായി നേരിടേണ്ടി വരുമ്പോൾ ഗീതയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കുറ്റകൃത്യത്തിന് പദ്ധതിയിടുകയാണ്.
മികച്ച ചിത്രത്തിനും സംവിധായകനുമുള്ള 30ാമത് കേരള ടെലിവിഷൻ അവാർഡ് ലഭിച്ച അതിര്, ഇരുപത് മിനിറ്റിൽ താഴെയുള്ള മികച്ച ചിത്രമായി തെരഞ്ഞടുക്കപ്പെട്ട പിറ എന്നിവയാണ് ഫാസിലിന്റേതായി പുറത്തുവന്നിട്ടുള്ള മറ്റ് സിനിമകൾ. ദ സെന്റൻസ് എന്ന ഫീച്ചർ ഫിലിമും ചെയ്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..