കാൻസർ അതിജീവന കാലത്തെ കുറിച്ച് വൈകാരികമായി പങ്കുവച്ച് ദക്ഷിണ കൊറിയൻ അഭിനേതാവ് കിം വൂ ബിൻ. നെറ്റ്ഫ്ലിക്സിന്റെ പുതിയ സിനിമയായ "ഓഫീസർ ബ്ലാക്ക് ബെൽറ്റി'ന്റെ പ്രോമോഷനിടെയാണ് കാൻസറിനെക്കുറിച്ചുള്ള തന്റെ ഓർമകൾ അദ്ദേഹം വിവരിച്ചത്.
കൊറിയൻ ഡ്രാമ പ്രേമികളിൽ ജനപ്രിയമായിരുന്ന "ദ ഹെയെഴ്സി'ൽ സഹതാരമായെത്തിയ കിം വൂ ബിന് നായകന്റെ അത്ര തന്നെ ആരാധകർ ഉണ്ടായിരുന്നു.
2017ലാണ് ഈ കൊറിയൻ യുവതാരത്തിന് അപൂർവമായി ഉണ്ടാകുന്ന നേസോഫരിൻജിയൽ കാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് അദ്ദേഹം റേഡിയഷൻ ചികിത്സ ആരംഭിച്ചതായും ജോലിയുടെ ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്മാറുകയാണെന്നും കിമ്മിന്റെ ഏജൻസിയായ സൈഡസ് എച്ച് ക്യൂ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
മാസങ്ങൾക്കുശേഷം ചികിത്സയെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. ഇതിനു പിന്നാലെ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.
തുടക്കത്തിലെ അവസ്ഥ ഭയാനകമായിരുന്നു എന്ന് കിം പറയുന്നു. രോഗനിർണയത്തെ കുറിച്ച് ഡോക്ടർ തന്നോട് സംസാരിച്ചപ്പോൾ ഞെട്ടലുണ്ടാക്കി. തനിക്കിനി വെറും ആറ് മാസമേ ബാക്കിയുള്ളൂ എന്ന് ഡോക്ടർ പറഞ്ഞതുകേട്ടാണ് ഏറെ ഭയന്നത്. സിനിമയിലെ ഒരു രംഗം പോലെയാണ് ആ നിമിഷം തോന്നിയത് അതൊരു സ്വപ്നം മാത്രമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു.
വിശ്രമിച്ച് കരുത്തോടെ തിരികെ വരാനുള്ള സമയം എന്ന രീതിയിലാണ് ചികിത്സാകാലത്തെ കണ്ടത്. 2019 ആയതോടെ രോഗത്തിൽ നിന്ന് പൂർണമായും മുക്തനായെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം കാൻസർ മുക്തമായ താരം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരികയാണ്. "ഞാൻ സുപരിചിതനാണ് എന്ന ഒറ്റക്കാരണംകൊണ്ട് നിരവധി പേരാണ് പിന്തുണയും പ്രാർഥനയുമായെത്തിയത്. ആ പിന്തുണയാണ് എന്റെ ഏറ്റവും വലിയ ശക്തിയായതെന്ന് ഞാൻ കരുതുന്നു. എനിക്ക് ലഭിച്ച പ്രാർഥനകൾ എന്റേതായ രീതിയിൽ കഴിയുന്നത്ര പേരിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുകയാണ്." അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..