30 October Wednesday

"ലിയോ' ആദ്യം കൊളുത്തിയത്‌ കേരളത്തിൽ; തമിഴ്‌നാട്ടിൽ ഷോ ആരംഭിച്ചത്‌ 9 മണിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

കൊച്ചി > റിലീസിന്‌ മുമ്പുതന്നെ ഹൈപ്പിന്റെ കെടുമുടിയിലെത്തിയ ലോകേഷ്‌ കനകരാജ്‌ - വിജയ്‌ ചിത്രം "ലിയോ' രാജ്യമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസായി. കേരളത്തിൽ പുലർച്ചെ നാല്‌ മണി മുതൽ ഷോ ആരംഭിച്ചപ്പോൾ തമിഴ്‌നാട്ടിൽ ഒമ്പത്‌ മണിക്കാണ്‌ ഷോ ആരംഭിച്ചത്‌. പ്രീ ബുക്കിങിൽ റെക്കോർഡ്‌ അടിച്ച ചിത്രം കാണാൻ തമിഴ്‌നാട്ടിൽ നിന്നുള്ള ആരാധകർ പാലക്കാട്‌, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ തീയറ്ററുകളിൽ എത്തിയിട്ടുണ്ട്‌.

ഹൈപ്പിനോട്‌ നീതിപുലർത്തിയ ചിത്രമെന്നാണ്‌ ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ പറയുന്നത്‌. ആദ്യ പകുതി മികച്ചതാണെന്നും രണ്ടാം പകുതി ആവറേജ്‌ ആയിപ്പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്‌. വിജയ്‌യുടെ സാധാരണ പടങ്ങളേക്കാൾ വ്യത്യസ്‌തതയുള്ള ചിത്രമെന്നാണ്‌ പൊയുവേയുള്ള അഭിപ്രായം. മികച്ച തിരക്കഥയും അനിരുദ്ധിന്റെ സംഗീതവും തിയറ്റർ വാച്ച്‌ ഉറപ്പാക്കുന്നുവെന്ന്‌ ഭൂരിപക്ഷം നിരൂപകരും പറയുന്നു. സർപ്രൈസുകൾ ആവോളമുള്ള ചിത്രമാണെന്നും കണ്ടവർ പറയുന്നു.

കേരളത്തില്‍ 655 സ്‌ക്രീനുകളില്‍ റെക്കോഡ് റിലീസാണ് സിനിമക്ക് ലഭിച്ചിട്ടുള്ളത്. മികച്ച പ്രീ സെയിലും ലിയോക്ക് കേരളത്തില്‍ ലഭിച്ചിട്ടുണ്ട്. ആദ്യ ദിനം ചിത്രം റെക്കോർഡ്‌ കളക്ഷന്‍ കേരളത്തില്‍ നിന്നും സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്‌. ഉദയനിധി സ്‌റ്റാലിന്റെ റെഡ്‌ ജയന്റ്‌ മൂവീസിന്‌ ഡിസ്‌ട്രിബ്യൂഷൻ നൽകാത്തത്‌ തമിഴകത്ത്‌ വലിയ രാഷ്‌ട്രീയ കോലിളക്കം സൃഷ്‌ടിച്ചിട്ടുണ്ട്‌. വിജയ്‌യുടെ "തളപതി' സ്ഥാനം ഉദയനിധിയ്‌ക്ക്‌ വെല്ലുവിളി ആകുന്നുണ്ടെന്നാണ്‌ ആരാധകരും എഡിഎംകെയും പറയുന്നത്‌. വിജയ്‌ രാഷ്‌ട്രീയ പ്രവേശനം നടത്തിയാൽ ഡിഎംകെയ്‌ക്ക്‌ തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നവരുണ്ട്‌. ബിസിനസിന്‌ പുറമേ ഇക്കാരണങ്ങൾ കൊണ്ടാണ്‌ ചിത്രത്തിന്‌ ഓഡിയോ ലോഞ്ച്‌ നടത്താനും, പുലർച്ചെ പ്രദർശനം നടത്താനും അനുമതി നൽകാതിരുന്നതെന്ന്‌ വിമർശനമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top