29 December Sunday

ലിജോ ജോസ്‌പെല്ലിശേരി ,ഒരു കട്ട ലോക്കല്‍ സംവിധായകന്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

പുറത്തുവന്നത് വെറും ആറ് ചിത്രംമാത്രം. കോടികൾ നഷ്ടംവരുത്തി ബോക്‌സ് ഓഫീസിൽ തകർന്ന ചിത്രവും അതിൽ ഉൾപ്പെടും. എന്നിട്ടും സ്വന്തം നിലപാടും ബോധ്യവും ഉപേക്ഷിച്ച് സിനിമയെടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് കച്ചവടക്കണക്കിന്റെ ഭ്രാന്തിളകിയോടുന്ന ചലച്ചിത്രമാധ്യമത്തെ ലിജോ ജോസ്‌പെല്ലിശേരി എന്ന സംവിധായകൻ വരുതിയിലാക്കിയത്. ആദ്യ ചിത്രങ്ങളായ നായകനും സിറ്റി ഓഫ് ഗോഡും സിനിമയെന്ന മാധ്യമത്തെ പരീക്ഷണവിധേയമാക്കി. രണ്ടും ബോക്‌സ്ഓഫീസിൽ ചലനമുണ്ടാക്കിയില്ല. എന്നാൽ, മൂന്നാം ചിത്രം ആമേൻ കേരളത്തിൽ ഒരു രാജ്യാന്തര സംവിധായകന്റെ വരവറിയിച്ചു. പക്ഷേ, ഡബിൾ ബാരൽ എന്ന ബിഗ്ബജറ്റ് ചിത്രം കേരളത്തിലെ ചലച്ചിത്രാസ്വാദകർ എഴുതിത്തള്ളി. അതോടെ സിനിമയുടെ കച്ചവടലോകം സംവിധായകനെ കൈയൊഴിഞ്ഞു. എന്നാൽ, ചാരത്തിൽനിന്നുള്ള തിരിച്ചുവരവായി പിന്നീട്. അങ്കമാലി ഡയറീസ്, ഈ മ യൗ, ജല്ലിക്കെട്ട് എന്നിവ ഒരേസമയം നിരൂപകശ്രദ്ധയും കച്ചവടവിജയവും നേടി.

പ്രാദേശികതയിലേക്ക് ആഴത്തിലിറങ്ങിയ കട്ടലോക്കൽ ചിത്രങ്ങളിലൂടെയാണ് ലിജോ മടങ്ങിവന്നത്. തുടർച്ചയായി രണ്ടാംവർഷവും ഗോവൻമേളയിൽ മികച്ച സംവിധായകനാകുക എന്നത് മേളയുടെ അരനൂറ്റാണ്ട് ചരിത്രത്തിൽ ആദ്യം. ഓസ്‌കർ പുരസ്‌കാരം നൽകുന്ന അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സിന്റെ മുൻ പ്രസിഡന്റും വിഖ്യാത ഛായാഗ്രാഹകനുമായ ജോൺ ബെയ്‌ലി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 

തിബത്തൻ സംവിധായകൻ പേമ സെഡെൻ ഒരുക്കിയ ബലൂൺ പ്രത്യേകജൂറി പുരസ്‌കാരം നേടി. ഗുജറാത്തി ചിത്രം ഹെല്ലാരോയിലൂടെ അഭിഷേക് ഷാ ജൂറിയുടെ പ്രത്യേക പരാമർശം നേടി. മേളയിലെ യുണസ്‌കോ ഗാന്ധിപുരസ്‌കാരം റിക്കാർഡോ സാൽവെറ്റി സംവിധാനംചെയ്ത റ്വാൻഡ എന്ന ചിത്രം നേടി. മേളയിൽ ഇത്തവണ 76 രാജ്യങ്ങളിൽനിന്നുള്ള 190 ചിത്രം പ്രദർശിപ്പിച്ചു. ഇതിൽ 90ന്റേയും ഇന്ത്യയിലെ കന്നിപ്രദർശനം. സമാപനചടങ്ങിൽ  ഇളയരാജ, അരവിന്ദ് സ്വാമി,  പ്രേംചോപ്ര തുടങ്ങിയവരെ ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top