27 November Wednesday

ലോക്ക്ഡൗൺ - ഒരു റോഡ് ത്രില്ലർ

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

ആലപ്പുഴ > ജീവിതങ്ങളെ മാറ്റിമറിച്ച ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. 'ലോക്‌ഡൗൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സൂരജ് സുബ്രഹ്മണ്യനാണ്. കോവിഡ് വ്യാപനം ചെറുക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, അതിൽപെട്ടുപോകുന്ന ഒരു ഡോക്ടറിലൂടെയും അദ്ദേഹത്തിന്റെ സഹയാത്രകനിലൂടെമാണ് കഥ പുരോഗമിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുള്ള ഒരു രാത്രിയാത്ര. യാത്രക്കിടയിൽ കോവിഡും ലോക്ക്ഡൗണും ചർച്ചയാകുന്നു. 'ഒരു മഹാമാരിയെ പാടെ പകർത്താനുള്ള ശ്രമമല്ല 'ലോക്ഡൗണി'ലൂടെ ശ്രമിക്കുന്നത്. ഇതൊരു റോഡ്മൂവിയാണ്. ആക്ഷനും ഹാസ്യവും എല്ലാം ഉൾപെടുത്തിയിട്ടുള്ള ചിത്രം. ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ റോഡിലകപ്പെട്ടുപോകുന്ന കുറച്ചുപേരുടെ ജീവിതമാണ് ചിത്രത്തിലൂടെ വരച്ചിടുന്നത് , സൂരജ് പറഞ്ഞു.

ഭൂരിഭാഗം ചിത്രീകരണവും രാത്രിയിലാണ്. അതിനാൽ പൊതുജനസമ്പർക്കം ഒഴിവാക്കാം. താരനിർണയവും തിരക്കഥയും പൂർത്തിയായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാൻ ചില അനുമതികൾ കൂടിവേണം. ഹർത്താലിനെപ്പറ്റിയുള്ള ഒരു ചിത്രം ചെയ്യാനാണ് ഉദ്ദേശിച്ചത്. അതുമായി മുന്നോട്ടുപോകുമ്പോഴാണ് രാജ്യവും ലോകവും അടച്ചിടുന്നത്. പിന്നീട് ലോക്ക്ഡൗണിലേക്ക് കഥമാറ്റുകയായിരുന്നു. സംവിധായകൻ പറഞ്ഞു. പൊലീസിന്റെ ബോധവൽക്കരണവും ബ്രേക്ക് ദ ചെയിൻ ക്യാമ്പെയിനും ചിത്രത്തിലുണ്ടാകും. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷൻ. 45 ദിവസം രാത്രി ഏഴുമുതൽ പുലർച്ചെ നാലുവരെ ചിത്രീകരിക്കാനാണ് പദ്ധതി.

പരസ്യചിത്രീകരണം, ആൽബം, ഹ്രസ്വചിത്രം തുടങ്ങിയവയുടെ അനുഭവങ്ങളുമായാണ് എറണാകുളം ഇടപ്പള്ളി സ്വദേശി സൂരജ് സിനിമയൊരുക്കുന്നത്. രാഹുൽ മാധവും സഞ്ജു ശിവറാമുമാണ് പ്രധാന വേഷങ്ങളിൽ. ജൂഡ് ആന്റണി, ശബരീഷ് വർമ്മ, ബിജു സോപാനം, തുടങ്ങിയവരുമുണ്ട്. കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്റെ തന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top