കൊച്ചി > ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ വ്യാഴാഴ്ച മുതൽ കേരളത്തിലെ 180ൽ പരം തീയേറ്ററുകളിൽ. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ഒരു വർഷത്തിന് ശേഷമാണ് ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രം പ്രദർശനത്തിനെത്തുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ഒക്ടോബർ 31 ന് ദീപാവലി റിലീസായി എത്തുന്ന ഈ ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് ലോകവ്യാപകമായി ലഭിച്ചിരിക്കുന്നത്. ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളിൽ ലക്കി ഭാസ്കറിന് ഇന്ന് വൈകുന്നേരം 6 മണി മുതൽ നൂറിലേറെ പ്രീമിയർ ഷോകളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. പ്രീമിയർ ഷോകൾക്ക് എല്ലാം തന്നെ വലിയ രീതിയിലുള്ള ടിക്കറ്റ് വിൽപ്പനയാണ് നടക്കുന്നത്.
മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രത്തിൽ ഭാസ്കർ എന്ന് പേരുള്ള ഒരു ബാങ്ക് കാഷ്യറായാണ് ദുൽഖർ വേഷമിട്ടിരിക്കുന്നത്. 2 മണിക്കൂർ 30 മിനിറ്റ് 40 സെക്കന്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നവീൻ നൂലി. കലാസംവിധാനം- ബംഗ്ളാൻ, പിആർഒ: -ശബരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..