മലയാള സിനിമയിലെ ക്ലാസിക് സിനിമകളിലൊന്നായ ദേവദൂതൻ വീണ്ടും. സിബി മലയിൽ– മോഹൻലാൽ ടീമിന്റെ ചിത്രത്തിന്റെ റീ മാസ്റ്റേർഡ് പതിപ്പ് 27ന് തിയറ്ററിലെത്തും. 4കെ ദൃശ്യമികവോടെ ഡോൾബി അറ്റ്മോസ് ശബ്ദവുമായാണ് ചിത്രം എത്തുന്നത്. 23 വർഷം മുമ്പ് റിലീസ് ചെയ്‌തപ്പോൾ സ്വീകാര്യത ലഭിക്കാത്ത ചിത്രം പിന്നെ ടിവിയിൽ പ്രദർശിപ്പിച്ചപ്പോൾ വലിയ ചർച്ചയായി. എന്തുകൊണ്ടാണ് തിയറ്ററിൽ പരാജയപ്പെട്ടതെന്നാണ് സമൂഹമാധ്യമങ്ങളിൽ നടന്ന ചർച്ച. ഇതെല്ലാം ദേവദൂതൻ വീണ്ടും തിയറ്ററിലെത്തിക്കാൻ അണിയറ പ്രവർത്തകർക്ക് പ്രചോദനമായി. അതേസമയം ലോകത്താകമാനം പഴയ സിനിമകൾ വീണ്ടെടുത്ത് സംരക്ഷിക്കാനും പുതിയ സാങ്കേതിക മികവിലേക്ക് ഉയർത്താനും പരിശ്രമം നടക്കുന്നുണ്ട്. ഈ റീമാസ്റ്ററിങ് സിനിമയുടെ ആത്മാവിനെ ഇല്ലാതാക്കുകയാണെന്ന വിമർശവും ഉയരുന്നുണ്ട്.
സ്‌ഫടികം ട്രെന്റിന് പിറകെ മലയാള സിനിമ
മലയാളത്തിൽ ഇത്തരമൊരു സാധ്യത ഒരു സ്വപ്‌നമായിരുന്നു. എന്നാൽ ഭദ്രൻ–-മോഹൻലാൽ ടീമിന്റെ സ്‌ഫടികം കഴിഞ്ഞ വർഷം തിയറ്ററിലെത്തിയതിനു പിന്നാലെ കൂടുതൽ സിനിമകൾ ഈ സാധ്യത ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. 23 വർഷത്തിനുശേഷം ആടുതോമയുടെ ഇരമ്പിയാർക്കുന്ന ബുള്ളറ്റ് ശബ്ദം തിയറ്ററിൽ അലയടിച്ചപ്പോൾ ബോക്‌സോഫീസിലും വലിയ നേട്ടമുണ്ടാക്കി. വിവിധ ട്രാക്കിങ് സൈറ്റുകളുടെ കണക്ക് പ്രകാരം 4.85 കോടി രൂപയാണ് നേടിയത്. 2023ൽ സാമ്പത്തിക നേട്ടമുണ്ടാക്കിയ മലയാള സിനിമകളിൽ മുൻ നിരയിൽ സ്‌ഫടികവും എത്തി.
പല സിനിമകളും പുതിയ റിലീസിങ്ങാണ് പ്ലാൻ ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും വലിയ റീ റിലീസായി മണിച്ചിത്രത്താഴ് ആഗസ്ത് 17ന് എത്തും. ഒരു വടക്കൻ വീരഗാഥ, ആറാംതമ്പുരാൻ, വല്യേട്ടൻ തുടങ്ങി പത്തോളം സിനിമകളാണ് ഇത്തരത്തിൽ ഒരുങ്ങുന്നത്. കിരീടം, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളും വീണ്ടും പ്രേക്ഷകരിലേക്ക് എത്തും.
തമിഴിൽ റീ റിലീസ് തരംഗം
പ്രതിസന്ധിയിലായ തമിഴിൽ റീ റിലീസിലൂടെ വിജയ് ചിത്രം ഗില്ലി വലിയ നേട്ടമുണ്ടാക്കി. റീമാസ്റ്റർ ചെയ്‌ത പതിപ്പ് രണ്ടാഴ്‌ചകൊണ്ട് 30 കോടി നേടി. ബില്ല, മങ്കാത്ത, 3, ആളവന്ദൻ, മുത്തു, ബാബ, ശിവ മനസ്സുല ശക്തി, വല്ലവൻ, മിന്നലെ, വിണ്ണൈത്താണ്ടി വരുവായ, വാരണം ആയിരം, വേട്ടയാട് വിളയാട് തുടങ്ങിയ സിനിമകളും വീണ്ടും തിയറ്ററിലെത്തി. 2012ലാണ് തമിഴിൽ റീ റിലീസ് രീതിക്ക് തുടക്കമിട്ടത്. ചെന്നൈയിലെ തിയറ്റർ ശൃംഖലയായ കമലം തിയറ്ററിലായിരുന്നു ഇത്. മറ്റു സിനിമകളില്ലാത്തതിനെ തുടർന്ന് ധനുഷ് ചിത്രം 3 വീണ്ടും പ്രദർശിപ്പിച്ചു. താരങ്ങളുടെ പിറന്നാളിനോടനുബന്ധിച്ച് ചിത്രങ്ങൾ വീണ്ടും തിയറ്ററിൽ എത്തിക്കുന്നത് സ്ഥിരം കാഴ്‌ചയായി. പല ബോളിവുഡ് ചിത്രങ്ങളും സമാനമായി ഇപ്പോൾ റിലീസ് ചെയ്യുന്നുണ്ട്.
മാർട്ടിൻ സ്‌കോർസെസിയുടെ ഫിലിം ഫൗണ്ടേഷൻ
റീ മാസ്റ്ററിങ്ങും റീ റിലീസും മലയാള സിനിമയ്‌ക്ക് പുതുമയാണെങ്കിലും ഇത് കാലങ്ങളായുള്ള പ്രക്രിയയാണ്. വിഖ്യാത സംവിധായകൻ മാർട്ടിൻ സ്‌കോർസെസിയുടെ ‘ദ ഫിലിം ഫൗണ്ടേഷൻ’ സിനിമകൾ സംരക്ഷിക്കുന്നതിനായി 1990 മുതൽ രംഗത്തുണ്ട്. പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 2007ൽ വേൾഡ് സിനിമ ഫൗണ്ടേഷൻ എന്ന സംഘടനയും സ്ഥാപിച്ചു. ആർക്കൈവുകൾ, സ്റ്റുഡിയോകൾ എന്നിവയുമായി സഹകരിച്ച് 1000-ലധികം സിനിമകൾ റീ സ്‌റ്റോർ ചെയ്‌തിട്ടുണ്ട്. സിനിമകൾ നഷ്ടമാകാതിരിക്കാൻ മുൻഗണന നൽകിയാണ് പ്രവർത്തനം. ഹോളിവുഡ് നവതരംഗ സിനിമയുടെ ഭാഗമായ സ്‌കോർസെസി പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളാണ്. അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഫിലിം ഫൗണ്ടേഷന്റെ ‘വേൾഡ് സിനിമാ പ്രോജക്റ്റ്’ലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും റീ മാസ്റ്റർ ചെയ്‌തു. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായ ജി അരവിന്ദന്റെ കുമ്മാട്ടി (1979), തമ്പ് (1978) എന്നിവ റീസ്റ്റോർ ചെയ്‌തു. 4കെ പതിപ്പാക്കി മാറ്റിയ ചിത്രങ്ങൾ കാൻ ചലച്ചിത്രമേളയിലും പിന്നീട് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ) യിലും പ്രദർശിപ്പിച്ചു. സംരക്ഷിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കാനും സംഘടന സൗകര്യം ഒരുക്കുന്നുണ്ട്. ഫൗണ്ടേഷന്റെ ‘സ്‌ക്രീനിങ് റൂമിൽ’ ഓൺലൈനായും സിനിമകൾ കാണാം.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ
ശിവേന്ദ്ര സിങ് ദുംഗർപുർ നേതൃത്വം നൽകുന്ന ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് മാർട്ടിൻ സ്‌കോർസെസിയുടെ ദ ഫിലിം ഫൗണ്ടേഷൻ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. തമ്പ്, കുമ്മാട്ടി സിനിമകളുടെ റീ സ്‌റ്റോറേഷൻ ഇങ്ങനെയാണ് സാധ്യമായത്. ചലച്ചിത്ര സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും 2014ലാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. ഇന്ത്യയിൽ ചലച്ചിത്ര സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഏക സർക്കാരിതര സംഘടനയാണിത്. സിനിമകളുടെ നെഗറ്റീവുകൾ സംരക്ഷിക്കുന്നതിലും ഇവർ പ്രവർത്തനം ഏറ്റെടുത്തിട്ടുണ്ട്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന് 8 എംഎം, 16 എംഎം, 35 എംഎം ഫിലിം റീലുകളുടെ വലിയ ശേഖരമുണ്ട്. ഇത്തരത്തിലുള്ള 500 സിനിമ ഇവരുടെ കൈവശമുണ്ട്. സിനിമയ്‌ക്ക് പുറമെ 1930– -40കളിലെ സ്വാതന്ത്ര്യസമരത്തിന്റെ ദൃശ്യങ്ങളും സൂക്ഷിച്ചിട്ടുണ്ട്. സിനിമ സംബന്ധിയായ പോസ്റ്റർ, ഫോട്ടോ, തിരക്കഥ തുടങ്ങിയവയും ഫൗണ്ടേഷൻ സൂക്ഷിച്ചിട്ടുണ്ട്.
ബിജെപി ഇല്ലാതാക്കിയ ദേശീയ ചലച്ചിത്ര ആർക്കേവ്
മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സാംസ്‌കാരിക രംഗത്ത് നടത്തിയ പ്രതികാര നടപടിയുടെ ഭാഗമായി ദേശീയ ചലച്ചിത്ര ആർക്കേവ് ഇല്ലാതാക്കി. അന്താരാഷ്‌ട്ര ചലച്ചിത്ര ആർക്കേവ് സംഘടനയിൽ അംഗമായിരുന്ന സ്ഥാപനത്തെ 2022 മാർച്ചിൽ ദേശീയ ചലച്ചിത്ര വികസന കോർപറേഷനിൽ ലയിപ്പിച്ചു. ഇതിനു മുമ്പുതന്നെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ ആവശ്യമായ ഫണ്ട് അനുവദിച്ചില്ല. 2019ലെ സിഎജി റിപ്പോർട്ട് പ്രകാരം 31,263 റീലുകളോ ക്യാനുകളോ നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. 1964ൽ സ്ഥാപിതമായതുമുതൽ സർക്കാർ ഫണ്ടിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം നിലവിൽ എൻഎഫ്‌ഡിസിയുടെ ഭാഗമായ ശേഷം സംഭാവന സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്.
സിനിമകൾ സംരക്ഷിക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമി
സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായി സിനിമകൾ സംരക്ഷിക്കാനുള്ള പ്രവർത്തനം ഏറ്റെടുത്തിട്ടുണ്ട്. മലയാള സിനിമയിലെ നവതരംഗത്തിന് അടിത്തറ പാകിയ ചിത്രം എന്നനിലയിൽ വലിയ പ്രാധാന്യമുള്ള പി എൻ മേനോന്റെ ‘ഓളവും തീര’വുമാണ് (1969) അക്കാദമിയുടെ ഡിജിറ്റൽ റീ സ്‌റ്റോറേഷൻ പദ്ധതിയിലെ ആദ്യസംരംഭം. യവനിക (കെ ജി ജോർജ്, 1982), വാസ്തുഹാര (ജി അരവിന്ദൻ, 1991), കാവ്യമേള (എം കൃഷ്ണൻ നായർ, 1965), ഭൂതക്കണ്ണാടി (ലോഹിതദാസ്, 1997), ഓർമകളുണ്ടായിരിക്കണം (ടി വി ചന്ദ്രൻ, 1995) എന്നിങ്ങനെ ആറു ചിത്രം ഇതുവരെ റീ സ്‌റ്റോറേഷൻ പൂർത്തിയാക്കി. 15 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഓരോ സിനിമയും വീണ്ടെടുത്ത് സംരക്ഷിക്കുന്നത്.
ജീവനോടെ നിലനിർത്തണം: മാർട്ടിൻ സ്‌കോർസെസി
പഴയത് സംരക്ഷിക്കുന്നതിനെക്കുറിച്ച് ആളുകൾ ചിന്തിക്കാറില്ല. എന്നാൽ, അത് അടിസ്ഥാനപരമായ കാര്യമാണ്. സിനിമകൾ നമ്മുടെ ഹൃദയത്തെ സ്‌പർശിക്കുന്നവയാണ്. നമ്മുടെ കാഴ്ചയ്‌ക്ക് പുതിയ വീക്ഷണം നൽകുന്നു, നമ്മൾ കാണുന്ന രീതി മാറ്റുന്നു. സിനിമ നമ്മളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകും. സിനിമ നമ്മുടെ ജീവിതത്തിലെ ഓർമകളാണ്. നമുക്ക് അവയെ ജീവനോടെ നിലനിർത്തണം.
എത്തുന്നത് റീഎഡിറ്റഡ് ദേവദൂതൻ: സിബി മലയിൽ
തിയറ്ററിൽ ദേവദൂതൻ കണ്ടവർ ചുരുക്കമാണ്. തിയറ്ററിൽ സിനിമ സ്വീകരിക്കപ്പെട്ടില്ല. പിന്നീട് സിനിമ എന്തുകൊണ്ട് പരാജയമായെന്ന് പ്രേക്ഷകർ ചർച്ച ചെയ്‌തു. അതിനാലാണ് റീ മാസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. സിനിമയുടെ നെഗറ്റീവും സൗണ്ട് ട്രാക്കും ലഭിച്ചു. ആറു മാസമെടുത്താണ് പണി പൂർത്തിയാക്കിയത്. കളർ കറക്‌ഷൻ ചെയ്‌തു. വീണ്ടും എഡിറ്റ് ചെയ്‌തു. അന്നത്തെ കാലഘട്ടത്തിൽ കൊമേഴ്‌ഷ്യൽ സാധ്യത നോക്കി ചില സീനുകൾ ചെയ്‌തിരുന്നു. അതെല്ലാം ഇപ്പോൾ ഒഴിവാക്കി.
സിനിമ ഡിജിറ്റലായി മാറിയതോടെ മദ്രാസിൽ ലാബുകൾ പൂട്ടിപ്പോയി. പഴയ സിനിമകളുടെ നെഗറ്റീവുകൾ കുറെയൊക്കെ നിർമാതാക്കൾ കൊണ്ടുപോയി, കുറേ നഷ്ടമായി. സിനിമകൾ ഡിജിറ്റലാക്കുന്നതിലൂടെ സിനിമ എല്ലാ കാലത്തും ലഭ്യമാകും എന്നത് നേട്ടമാണ്. ദേവദൂതന് ലഭിക്കുന്ന പ്രതികരണം നോക്കി കൂടുതൽ സിനിമകൾ വീണ്ടും റിലീസ് ചെയ്യുന്ന കാര്യം ആലോചിക്കും.
റീമാസ്റ്ററിങ് അല്ല, സംരക്ഷണമാണ് അവശ്യം:
മധു ജനാർദനൻ (നിരൂപകൻ)
കാലത്തിനനുസരിച്ച് സിനിമയുടെ സ്വഭാവം മാറും. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള സിനിമ കളറാക്കുമ്പോൾ അതിന്റെ ആത്മാവ് തന്നെ നഷ്ടമാകും. അന്നവർ ഉദ്ദേശിക്കുന്ന കളർ, ശബ്ദ രീതി അതെല്ലാം മാറ്റാൻ പാടില്ല. വാൻ ഗോഗിന്റെ പെയിന്റിങ് ഡിജിറ്റലാക്കിയാൽ അത് പോയില്ലേ. അതുപോലെയാണ് സിനിമയും. സിനിമയുടെ കാലം, രാഷ്‌ട്രീയം, അന്തരീക്ഷം, വെളിച്ചം അതെല്ലാം മാറും. റീമാസ്റ്റർ ചെയ്യുമ്പോൾ അവർ മനസ്സിൽ ആലോചിച്ചതാകില്ല വരുന്നത്. സിംഗിൾ ട്രാക്കിലുള്ള സംഗീതം ഡിജിറ്റലാക്കുമ്പോൾ ഡിജെ പാർടി പോലെയാകും. റീമാസ്റ്ററിങ് സിനിമയുടെ അസ്‌തിത്വത്തെ തന്നെ നിഷേധിക്കുകയാണ്. പഴയ സിനിമകളെ റീസ്‌റ്റോർ ചെയ്‌ത് അതുപോലെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..