കോട്ടയം> ഓണക്കാലം മലയാള സിനിമാലോകത്തിനും പൂക്കാലമാകുകയാണ്. ഓണം റിലീസുകളായി ഇറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച കലക്ഷൻനേടി മുന്നേറുന്നു. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്ന വിഭവങ്ങളുമായിട്ടായിരുന്നു ചിത്രങ്ങൾ ഇറങ്ങിയത്. മലയാള ചലച്ചിത്രലോകത്ത് ഇത് വിവാദക്കാലമാണെങ്കിലും അതിനെല്ലാം തൽക്കാലം ഇടവേളനൽകി തിയറ്ററുകളിൽ ആളെത്തുകയാണ്.
ആസിഫലി നായകനായ കിഷ്‌കിന്ധാകാണ്ഡം, ആന്റണി വർഗീസിന്റെ (പെപ്പേ) കൊണ്ടൽ, ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം(എആർഎം) എന്നിവയാണ് പ്രധാനമായും തിയറ്ററുകളിൽ ആളെ നിറയ്‌ക്കുന്നത്. ഒപ്പം വിജയ്‌യുടെ ദ ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈമും റഹ്‌മാൻ നായകനായ ബാഡ് ബോയ്‌സുമുണ്ട്. സസ്‌പെൻസും ആക്ഷനും കോമഡിയുമടക്കം പ്രേക്ഷകന് വേണ്ടതെല്ലാം ഓണച്ചിത്രങ്ങളായി എത്തി. മിക്ക ചിത്രങ്ങൾക്കും ആദ്യദിനം മുതൽ അനുകൂല പ്രതികരണങ്ങളാണ് വരുന്നത്. ഇതോടെ വിവാദങ്ങൾ മങ്ങലേൽപ്പിച്ച മലയാള സിനിമാ മേഖല വീണ്ടും ഉണർവിലായി.
കടൽ പശ്‌ചാത്തലമായ കൊണ്ടലിൽ ആന്റണി വർഗീസിന്റെ ഇടി തന്നെയാകും പ്രേക്ഷകരെ ഹരം കൊള്ളിക്കുക.
മുഴുനീള "മിസ്‌റ്ററി റൈഡാ'ണ് കിഷ്‌കിന്ധാകാണ്ഡം. ചിത്രത്തിൽ വിജയരാഘവന്റെ പ്രകടനം വലിയ പ്രശംസ നേടിക്കഴിഞ്ഞു. ടൊവിനോ മൂന്ന് വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എആർഎം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..