22 December Sunday

അറക്കൽ മാധവനുണ്ണി വീണ്ടും ബിഗ് സ്ക്രീനിലേക്ക്: റീ-റിലീസിനൊരുങ്ങി വല്ല്യേട്ടൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

കൊച്ചി > മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ റീ-റിലീസിന് ഒരുങ്ങുന്നു. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയായാണ് മമ്മൂട്ടി വേഷമിട്ടത്. ഷാജി കൈലാസ് -രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണിത്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ 24 വർഷത്തിനു ശേഷം മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും  വെള്ളിത്തിരയിലേക്ക്  റീ-റിലീസിനെത്തുന്നത്.

2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. കാഴ്ചക്കാരിൽ ആവേശം നിറയ്ക്കുന്ന കഥയും, ശ്രദ്ധേയമായ പ്രകടനങ്ങൾക്കുമൊപ്പം ആരാധകർ ഏറ്റുപാടിയ ഗാനങ്ങളുമായിരുന്നു ചിത്രത്തിന്റെ സക്സസ് ഫോർമുല. ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി നെടുനീളൻ താരനിര തന്നെ ചിത്രത്തിൻ്റെ ഭാഗമായിരുന്നു. പൊന്നിയിൻ സെൽവൻ, ബർഫി, തമാശ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ  രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിച്ചത്. പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത് രാജാമണിയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. ചിത്രസംയോജനം എൽ ഭൂമിനാഥനും കലാസംവിധാനം നിർവഹിച്ചത് ബോബനുമാണ്.

മികച്ച പ്രതികരണമാണ് വല്യേട്ടന്റെ റീ-റിലീസ് പോസ്റ്ററിന് സമൂഹമാധ്യങ്ങളിൽ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിങ് ചെയ്തത് എം ആർ രാജകൃഷ്ണൻ. ധനുഷ് നയനാരാണ് സൗണ്ട് ഡിസൈനിങ്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്.  ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ) മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top