കൊച്ചി > മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് റീ റിലീസിനൊരുങ്ങുമ്പോൾ ശ്രദ്ധ നേടി ചിത്രത്തിലെ കാട്ടുപറമ്പന്റെ ക്യാരക്‌ടർ പോസ്റ്റർ. ആഗസ്ത് 17ന് 4K ദൃശ്യമികവോടെ പുറത്തിറക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്‌ടർ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ കുതിരവട്ടം പപ്പു അഭിനയിച്ച് ശ്രദ്ധേയമായ കഥാപാത്രം കാട്ടുപറമ്പന്റെ ക്യാരക്‌ടർ പോസ്റ്ററാണ് മകനും നടനുമായ ബിനു പപ്പു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അച്ഛൻ മരിച്ച് 24 വർഷങ്ങൾക്കു ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ അതിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്യാൻ പറ്റുന്നു എന്നത് ഒരുപാട് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്ന് ബിനു പപ്പു ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. ഇതാണ് സിനിമയുടെ മാന്ത്രികതയെന്നും ബിനു പപ്പു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘അച്ഛൻ മരിച്ച് 24 വർഷങ്ങൾക്കു ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ അതിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്യാൻ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നൽകുന്ന കാര്യമാണ്...
സിനിമയുടെ സൗന്ദര്യവും, ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങൾക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അഛ്ചനേപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാർ എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നിൽ വന്നു കൊണ്ടേയിരിക്കും...
കലാകാരൻമാർക്ക് മരണമില്ല... ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും സിനിമ അവരെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കും.....’
ആഗസ്ത് 17നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ 1993ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെന്റ്, വിനയ പ്രസാദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഹ്യൂമർ, ഹൊറർ, ത്രില്ലർ ജോണറിലുള്ള ചിത്രം സ്വർഗ്ഗ ഫിലിംസിൻ്റെ ബാനറിൽ സ്വർഗ ചിത്ര അപ്പച്ചനാണ് നിർമിച്ചത്. സ്വർഗ ചിത്രയും മാറ്റിനി നൗ കമ്പനിയും ചേർന്നാണ് മണിച്ചിത്രത്താഴ് 4Kയിൽ പുറത്തിറക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..