19 September Thursday

മണിച്ചിത്രത്താഴ് @ 31

ഷംസുദ്ദീൻ കുട്ടോത്ത്Updated: Sunday Aug 11, 2024

"‘വർഷങ്ങൾ മുമ്പാണത്. ഇവിടെ മൂപ്പ് ഭരിച്ചിരുന്ന പ്രതാപശാലിയായ ഒരു കാർന്നോരുണ്ടായിരുന്നു. മൂപ്പര് തഞ്ചാവൂരു നിന്നെങ്ങാണ്ടോ ഒരു നൃത്തക്കാരിയെ മേടമേൽ കൊണ്ടു വന്നു താമസിപ്പിച്ചു. മോളിലെ നെലേല്, തെക്കിനീല്. അവൾ നാഗവല്ലി, തമിഴത്തി രാമനാഥനെന്നു പറയുന്ന ഒരു നൃത്തക്കാരനുമായി ലോഹ്യമായി. രണ്ടുപേരും കൂടി ഒളിച്ചോടാൻ ശ്രമിച്ചപ്പോൾ കാർന്നോര് അവളെ നമ്മുടെ തെക്കിനീലിട്ടു വെട്ടിക്കൊന്നു. ദുർഗാഷ്ടമി ദിവസം നാഗവല്ലിയുടെ പ്രേതം ഒരു രക്തസാക്ഷിയായി മാറി, കാരണവരെ കുത്തിക്കൊലപ്പെടുത്താൻവേണ്ടി തീരാപ്പകയോടെ അവൾ ആ തറവാട്ടിൽ അലഞ്ഞു നടക്കാൻ തുടങ്ങി. ആലപ്പാറ പോറ്റിമാര് വന്ന് അറുപത്തിയൊന്ന് ദിവസം മാന്ത്രികക്രിയകൾ നടത്തീട്ടാ തമിഴത്തിയുടെ ആത്മാവിനെ തെക്കിനിയിൽ ബന്ധിച്ചത്. മോള് കണ്ട ചിത്രപ്പൂട്ട് പോറ്റിമാര് പൂട്ടീതാ’’.


മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു ഭാസുരക്കുഞ്ഞമ്മ (കെ പി എ സി ലളിത) ഗംഗയോട് (ശോഭന) പറഞ്ഞ ഈ കഥയിൽ മലയാളികൾ വീണു പോയിട്ട്.  ഇക്കാലമത്രയും ‘മണിച്ചിത്രത്താഴ്’ കണ്ട്‌  എല്ലാ ദിവസവും ഒരാളെങ്കിലും സംവിധായകൻ ഫാസിലിനെ വിളിച്ചിട്ടുണ്ട്‌. പലതരത്തിലുള്ള കാഴ്‌ചാനുഭവങ്ങളാണ്‌ അവരെല്ലാം പങ്കുവെച്ചത്‌.  ഇതിനകം നിരവധി പഠനങ്ങൾ സിനിമയെ കുറിച്ച് വന്നു. 'മലയാളി സ്ത്രീകളുടെ പാതിവ്രത്യത്തിന്റെ വീർപ്പുമുട്ടലുകളെ പ്രച്ഛന്നമായൊരു ദൃശ്യഭാഷയിലൂടെ ആവിഷ്കരിക്കുന്നു,' എന്നിങ്ങനെയുള്ള നിരീക്ഷണങ്ങൾ 'മണിച്ചിത്രത്താഴി'നെ കുരുക്കഴിച്ച് നിരൂപകർ കണ്ടെത്തിയിട്ടുണ്ട്.

മധു മുട്ടം

മധു മുട്ടം

ഗംഗയുടെ ലൈംഗിക തൃഷ്ണകളെ പുറത്തു നിന്നുള്ള ഒരു തരം ബാധയകറ്റലായാണ് സിനിമ നോക്കി കാണുന്നത് എന്നും ഉദാരനായി സദാ അവതരിപ്പിക്കുന്ന അണുകുടുംബ ഭർത്തൃബിംബത്തെ ഞെട്ടിച്ചു കൊണ്ട് ഗംഗ നാഗവല്ലിയായി മാറുന്നു എന്നിങ്ങനെയുള്ള സൂക്ഷമ പഠനങ്ങളും ഈ സിനിമയെ കുറിച്ച് വന്നിട്ടുണ്ട്. ചലച്ചിത്ര വിദ്യാർഥികളുടെ പ്രിയപ്പെട്ട തിരക്കഥ കൂടിയാണ് മണിച്ചിത്രത്താഴിന്റേത്. മധു മുട്ടം എന്ന എഴുത്തുകാരന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന രചന. ജനപ്രിയ, മുഖ്യധാര സിനിമയുടെ ചരിത്രത്തെ രണ്ടായി വിഭജിച്ച ഈ സിനിമ അതുവരെയുണ്ടായിരുന്ന ചലച്ചിത്രങ്ങളുടെ ഭാഷയെ പുതുക്കിപ്പണിതു.

മുപ്പത്തിയൊന്നു വർഷത്തിനു ശേഷം ഓഗസ്‌ത്‌ 17ന്‌ സിനിമ വീണ്ടും ലോകം മുഴുവൻ റിലീസാകുകയാണ്. ഫോർ കെ യിൽ ആധുനിക ശബ്ദ സംവിധാനങ്ങളോടെ... സംവിധായകൻ ഫാസിലും മണിച്ചിത്രത്താഴ്‌ ആരാധകരും സംസാരിക്കുന്നു.

ഫാസിൽ

ഫാസിൽ

ചാത്തനേറിൽ പിറന്ന സിനിമ: ഫാസിൽ
 
മൂന്ന് വർഷമെടുത്ത്‌ ചെയ്‌ത സിനിമയാണ്‌. മനഃശാസ്ത്രജ്ഞർക്കുപോലും ഇതിനെ ക്രിട്ടിസൈസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഭ്രാന്ത് എന്നുപറഞ്ഞാൽ ആളുകൾക്ക് മനസ്സിലാവും. എന്നാൽ സ്പ്ലിറ്റ് പേഴ്സ‌ണാലിറ്റി എന്നുപറഞ്ഞാൽ  മനസ്സിലാകണമെന്നില്ല. അത്തരത്തിൽ ഒരു സിനിമ എടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. 

‘ചാത്തനേറ്' എന്ന സംഭവത്തെക്കുറിച്ച് ഒരു സിനിമ എടുത്താലോ എന്ന ചോദ്യവുമായാണ് തിരക്കഥാകൃത്ത് മധു മുട്ടം വന്നത്.  പണ്ടൊക്കെ ചാത്തനേറ് വലിയ സംഭവമായിരുന്നു. വൈദ്യുതി വരുംമുമ്പായിരുന്നു ചാത്തനേറ് കൂടുതലുണ്ടായിരുന്നത്. തൃശൂർ ഭാഗത്തൊക്കെയായിരുന്നു കൂടുതലും. ഓല വീടും ഓടിട്ട വീടുകളുമായിരുന്നു അന്ന് കൂടുതലും. വീടിനുമുകളിൽ ശബ്ദത്തിൽ കല്ലുകൾ വന്ന് വീഴുന്നതും അടുപ്പത്തുവച്ച അരിയിൽ മാലിന്യം വന്ന് വീഴലുമൊക്കെ ചാത്തനേറിന്റെ ഭാഗമായി കണക്കാക്കിയിരുന്നു.  ഇത് ഒരുതരം മനോരോഗമാണെന്ന്  പിന്നീട് തെളിഞ്ഞു.  ഇതിനെ  വികസിച്ചാണ്‌  മണിച്ചിത്രത്താഴിലെത്തുന്നത്.    



വേണ്ടായിരുന്നു ആ സീനുകൾ

മണിച്ചിത്രത്താഴിൽ രണ്ടു രംഗങ്ങൾ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ശോഭന തെക്കിനിയിൽ നിന്നിറങ്ങുമ്പോൾ കുതിരവട്ടം പപ്പു കോണിപ്പടിയുടെ അടിയിൽ നിന്നും ഗംഗയുടെ വിരലുകൾ കാണുന്നുണ്ട്. അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ജീവത്തായ ഒന്നും കാണിക്കാതെ പകരം മറ്റെന്തെങ്കിലും കാണിക്കാമായിരുന്നു. മറ്റൊന്ന്  മഹാദേവൻ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഗേറ്റിന്റെ പടിക്കൽ വെള്ളസാരിയും ബ്ലൗസുമുടുത്ത് ശോഭന വരുന്നുണ്ട്. അതു വേണ്ടായിരുന്നു. ഭരതനാട്യം വേഷത്തിൽ വന്നാൽ മതിയായിരുന്നു.

ഷൂട്ടിങ് സ്ഥലങ്ങള്‍

സിനിമ ചിത്രീകരിച്ച പലസ്ഥലങ്ങളും ഇന്നും അതിന്റെ പേരിൽ അറിയപ്പെടുന്നുണ്ട്. ഹിൽ പാലസ്, പത്മനാഭപുരം പാലസിലൊക്കെ ഗൈഡ്, മണിച്ചിത്രത്താഴ് ഷൂട്ട് ചെയ്ത വിശേഷങ്ങളാണ് പറഞ്ഞുകൊടുക്കുന്നത്.  റിലീസായി 31 വർഷം കഴിഞ്ഞിട്ടും സന്ദർശകരോട് ഗൈഡുകൾ ഒരു സിനിമയുടെ കാര്യം ആവർത്തിച്ചു പറയുന്നത് അപൂർവ അംഗീകാരം തന്നെയല്ലേ.  

വിമര്‍ശനം

ആളുകൾ ഇത്രയും വിമർശന ബുദ്ധിയോടെ സമീപിച്ച സിനിമ വേറെയുണ്ടോ എന്ന് സംശയമാണ്. പലതവണ മണിച്ചിത്രത്താഴ് കണ്ട് ഒരു മിസ്റ്റേക്ക് കണ്ടുപിടിക്കാൻ ശ്രമിക്കുന്നവരുണ്ട്.  എല്ലാം തികഞ്ഞ സിനിമയൊന്നുമല്ല മണിച്ചിത്രത്താഴ്. ഒരു മനഃശാസ്ത്ര വിഷയം കൈകാര്യം ചെയ്യാൻ ശ്രമിച്ചു. സിനിമ കൈകാര്യംചെയ്ത രീതിയും മികവും കാരണം വന്ന പിഴവുകൾ ആളുകൾ കണ്ടില്ലെന്നേയുള്ളൂ. കലാമേന്മക്കും ജനപ്രീതിക്കുമുള്ള അവാർഡ് സിനിമയ്ക്ക് കിട്ടി. ശോഭന നല്ല നടിയായി.  സംവിധായകനുള്ള രാമു കാര്യാട്ട് അവാർഡ് കിട്ടി.

മന്ത്രവാദം

മന്ത്രവാദിയെ കൊണ്ടുവരുന്നത് അന്ധവിശ്വാസത്തിന്റെ ഭാഗമായല്ല. രോഗിയുടെ മനസ്സിനെ പഠിച്ചിട്ടാണ് ഡോ. സണ്ണി മന്ത്രവാദിയുടെ സഹായം തേടുന്നത്. അമേരിക്കയിൽ പോയി ആസ്ട്രോഫിസിക്സിൽ ഗവേഷണം നടത്തിയ ഒരു മന്ത്രവാദിയെയാണ് നമ്മൾ കാണിക്കുന്നത്. 'താങ്കളുടെ ഉപകരണങ്ങൾ എനിക്ക് വേണം' എന്നാണ് ആധുനിക സൈക്യാട്രിസ്റ്റ് മന്ത്രവാദിയോട് പറയുന്നത്. എല്ലാ കാലത്തും ഇത്തരത്തിലുള്ള ഇടപെടലുകൾ മനഃശാസ്ത്രത്തിലും മറ്റും നടത്തേണ്ടി വരാറുണ്ട്.



സംഗീതം

എം ജി രാധാകൃഷ്ണനായിരുന്നു സംഗീതം.  ആഹിരി രാഹി രാഗത്തിലാണ് 'പഴംതമിഴ് പാട്ടിഴയും' ശ്രുതിയിൽ ചെയ്തത്. ബിച്ചു തിരുമലയും എം ജി രാധാകൃഷ്ണനും ചെയ്തുവച്ച പാട്ട് സന്ദർഭത്തിനനുസരിച്ച് ഉപയോഗിക്കുകയായിരുന്നു. ബിച്ചുവിന്റെ വരികളിൽ നിന്നാണ് മണിച്ചിത്രത്താഴ് എന്ന പേരുകിട്ടിയത്.  വാലിയും ബിച്ചുവും ചേർന്നാണ് 'ഒരു മുറൈ വന്ത് പാർത്തായ' എഴുതിയത്.  മധു മുട്ടം പണ്ടെങ്ങോ  എഴുതിയ കവിതയാണ് 'വരുവാനില്ലാരും..' റീ റിക്കോഡിങ് നടത്തിയത് ജോൺസണാണ്. മാടമ്പള്ളിയുടെ മൊത്തത്തിലുള്ള ദുരൂഹതയും സസ്പെൻസുമെല്ലാം അവതരിപ്പിക്കുന്നതിൽ ജോൺസന്റെ പങ്ക് ഏറെ വലുതാണ്. വീണകൊണ്ടാണ് തെക്കിനിയിലെ ഭീകരാന്തരീക്ഷ പശ്ചാത്തലമൊരുക്കിയത്.

ഡോ. ജെമി കുര്യാക്കോസ്‌

ഡോ. ജെമി കുര്യാക്കോസ്‌

ഡോ. ജെമി കുര്യാക്കോസ്‌ (സൈക്യാട്രിസ്‌റ്റ്‌, ജർമനി)


ഇരുന്നൂറിലധികം  തവണ   മണിച്ചിത്രത്താഴ്‌  കണ്ടു. ഇപ്പോഴും കാണുന്നു. 1994ൽ ചിങ്ങവനത്തുള്ള  ഞങ്ങളുടെ  സെന്റ്‌ ജോർജ്‌  തിയേറ്ററിൽ നിന്നാണ്‌  ആദ്യം   കണ്ടത്‌.  ആദ്യം ദിവസം തന്നെ മൂന്ന്‌ ഷോ കണ്ടു.   ഞാൻ ജർമനിയിലായിരുന്നു. പ്രീഡിഗ്രി ഒരു വർഷം നാട്ടിലായിരുന്നു പഠിച്ചത്‌.  തിരിച്ച്‌ ജർമനിയിൽ പോപ്പോഴേക്കും വീഡിയോ കാസറ്റ്‌ ഇറങ്ങിയിരുന്നു. പിന്നീട്‌  വിസിഡിയിലും യൂടൂബിലും ഒടിടിയിലും വന്നതോടെ സമയം കിട്ടുമ്പോളെല്ലാം കാണാൻ തുടങ്ങി. ഇത്തവണ ജർമനിയിൽ നിന്നും നാട്ടിലേക്ക്‌ വരുമ്പോൾ കുടുംബവുമായി ഇരുന്ന്‌ കണ്ടു. കൊച്ചിയിൽ പ്രിവ്യൂ ഷോയ്‌ക്കും പോയി.  ഈ സിനിമ കാരണമാണ്‌ ഞാൻ സൈക്യാട്രിസ്‌റ്റ്‌ ആയത്‌.

ഡോ. സണ്ണി അത്രമേൽ ഉള്ളിൽ കയറിക്കൂടിയിരുന്നു. ഇപ്പോൾ ജർമനിയിലെ ഗുമ്മർ ബാഷിലുള്ള  ഗവൺമെന്റ്‌ ആശുപത്രിയിൽ സൈക്യാട്രി വിഭാഗം ഹെഡാണ്‌. വർഷങ്ങൾക്കുമുമ്പ് എന്റെ  ആശുപത്രിയിൽ വെക്കാൻ മണിച്ചിത്രത്താഴിന്റെ ഒരു പോസ്‌റ്റർ വേണമെന്ന ആഗ്രഹമുണ്ടായി. അതിനായി സിനിമയുടെ പോസ്‌റ്റർ ഡിസൈൻ ചെയ്‌ത സാബു കൊളോണിയയെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‌ പഴയ പോസ്‌റ്ററുകളൊന്നും കിട്ടിയില്ല. നിരാശയോടെ ഞങ്ങൾ പദ്ധതി ഉപേക്ഷിച്ചു. ആ സമയത്താണ്‌ ചിത്രം റീ–റിലീസാകുന്ന കാര്യം അദ്ദേഹം അറിഞ്ഞത്‌. ഇപ്പോൾ നാട്ടിലെത്തി, ഇനി  പേസ്‌റ്റർ സംഘടിപ്പിക്കണം.

ബിനുപപ്പു

ബിനുപപ്പു

ബിനുപപ്പു (നടൻ, കുതിരവട്ടം പപ്പുവിന്റെ മകൻ)


അച്ഛൻ മരിച്ച്‌ 24 വർഷത്തിനു ശേഷമാണ്‌ ഇപ്പോൾ സിനിമ റീ– റിലീസ്‌ ചെയ്യുന്നത്‌. അച്ഛന്റെ  കാട്ടുപറമ്പന്റെ  ക്യാരക്ടർ    പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും അഭിമാനവുമൊക്കെയുണ്ട്‌. പുതിയ സിനിമ ഇറങ്ങുന്നത്‌ പോലെയാണ്‌ കാത്തിരിക്കുന്നത്‌. 

പുതിയ ശബ്ദ സംവിധാനത്തിൽ ഫോർകെയിൽ അച്ഛനേയും മറ്റും കാണാൻ കഴിയുന്നതിന്റെ ആവേശമുണ്ട്‌.  ചിത്രത്തിൽ അഭിനയിച്ച മോഹൻ ലാൽ, ശോഭന, ഗണേശ്‌ കുമാർ എന്നിവരോടൊക്കെ വർക്ക്‌ ചെയ്യാൻ എനിക്കും ഭാഗ്യമുണ്ടായി. അവരെല്ലാം അച്ഛനോട്‌ കാണിക്കുന്ന സ്‌നേഹത്തിന്റെ പങ്ക്‌ എനിക്കും തരുന്നുണ്ട്‌.

സുഹാനി എ ഖാദർ

സുഹാനി എ ഖാദർ

സുഹാനി എ ഖാദർ (ഫാഷൻ സ്‌റ്റോറി റൈറ്റർ ആൻഡ്‌ കണ്ടന്റ്‌ റൈറ്റർ , കൊച്ചി)


നൂറു തവണയിൽ കൂടുതൽ കണ്ടിട്ടുണ്ട്‌. ആറു വയസ്സുള്ളപ്പോൾ കൊച്ചി മൈമൂൺ തിയേറ്ററിൽ നിന്നാണ്‌ ആദ്യം കണ്ടത്‌. കുറേ കാലം ഗംഗയെ പൊലെ പുറകിൽ കൈകെട്ടിയായിരുന്നു നടന്നിരുന്നത്‌.  പാദസരം, ചിലങ്ക എന്നിവയോടൊക്കെ വലിയ ഇഷ്ടം തോന്നിത്തുടങ്ങിയത്‌ മണിച്ചിത്രത്താഴ്‌ കണ്ട ശേഷമാണ്‌. ചിലങ്ക കെട്ടി സ്‌കൂളിൽ പോകാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. വീട്ടുകാർ സമ്മതിച്ചില്ല.  ഞങ്ങളുടെ വീട്ടിലും ഉണ്ടായി ഒരിക്കൽ നാഗവല്ലിയെന്ന ബാധ. മാമയുടെ കുഞ്ഞിനെ നോക്കാൻ വന്ന പെൺകുട്ടിക്ക്‌  ഞങ്ങളുടെ വീട്ടിൽ നിന്നും ഈ സിനിമ കണ്ട്‌ ‘ചാത്തൻ സേവ’ കൂടി. കാസറ്റ് ഇട്ട് എല്ലാവരുടേയും കൂടെ ആ പെൺകുട്ടിയും  സിനിമ കണ്ടു. പിന്നെ പലപ്പോഴും അവൾ നാഗവല്ലിയായി.  

ആരുമറിയാതെ  പമ്മിയിരുന്ന്‌ വീടിന്റെ ജനലിലേക്കും തൊട്ടടുത്ത വീട്ടിലേക്കും ചരൽ കല്ലുകൾ വാരി എറിഞ്ഞു. ഇത്‌ വലിയ ശല്ല്യമായതോടെ  മാമയും ഒരു സുഹൃത്തും രാത്രി വീടിന്റെ ടെറസ്സിൽ ഒളിച്ചിരുന്ന്‌ ചാത്തനെ പിടികൂടി. പിന്നെ അവരെ വീട്ടിൽ നിന്നും പറഞ്ഞയച്ചു. എനിക്ക് തോന്നിയിട്ടുള്ളത് ഗംഗയും നാഗവല്ലിയും രണ്ടല്ല എന്നാണ്. ഗംഗയുടെ മനസിലെ ഇന്നർ ചൈൽഡ് ആണ് നാഗവല്ലി. എല്ലാ മനുഷ്യരിലുമുണ്ട് ഇങ്ങനെ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞ്. ഈ കുഞ്ഞ് ഹാപ്പി അല്ലെങ്കിൽ എല്ലാവർക്കും സംഘർഷങ്ങളുണ്ടാകും.
ഫാഷൻ രംഗത്ത്‌ പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ തോന്നിയിട്ടുള്ളത്‌ സിനിമ റീ–-റിലീസാകുന്നതോടെ ശോഭനയുടേയും മോഹൻ ലാലിന്റേയുമൊക്കെ വസ്‌ത്രങ്ങളെല്ലാം വീണ്ടും ട്രന്റ്‌ ആയി മാറും എന്നാണ്‌. സത്യത്തിൽ   ത്രീ ഫോർത്ത്‌ ബ്ലൗസ്‌ , കോട്ടൻ സാരി ട്രന്റിന്‌ തുടക്കമിട്ടത്‌  മണിച്ചിത്രത്താഴിലൂടെ ശോഭനയാണ്‌.
 

ഡോ. നീലിമ നിർമ്മൽ കുമാർ

ഡോ. നീലിമ നിർമ്മൽ കുമാർ

 നീലിമ നിർമ്മൽ കുമാർ (സൈകോളജിസ്‌റ്റ്‌, ന്യൂ ജെഴ്‌സി)

മണിച്ചിത്രത്താഴ്‌ കണ്ട ദിവസം മുതൽ  തുടങ്ങിയ ആഗ്രഹമാണ്‌ സൈക്കോളജിസ്‌റ്റ്‌ ആകണമെന്നത്‌. പന്ത്രണ്ടാം വയസ്സിലാണ് ആദ്യമായി ഈ സിനിമ കണ്ടത്. പലരും പറയും പോലെ എനിക്ക് സിനിമ കാണാൻ അന്ന് പേടിയൊന്നും തോന്നിയിരുന്നില്ല. അമ്പതിൽ കൂടുതൽ തവണ ഈ സിനിമ കണ്ടിട്ടുണ്ട്‌. പ്രേത ബാധയിൽ വിശ്വാസമുള്ളവരേയും ശാസ്‌ത്രീയമായി ഈ മേഖലയെ കാണുന്നവരേയും ഒരുപോലെ തൃപ്‌തിപ്പെടുത്തിയ സിനിമയാണിത്‌. ഒരാളുടെ ജീവിതത്തിലേക്ക്‌ ഡോ. സണ്ണിയെ പോലെ തിരിഞ്ഞു നടന്ന്‌ പ്രശ്‌നങ്ങൾ മനസിലാക്കി അവരെ ജീവിതത്തിലേക്ക്‌ കൊണ്ടുവരാൻ കഴിയുമെന്ന ചിന്ത വല്ലാതെ ആകർഷിച്ചു. കുട്ടിക്കാലത്ത്‌ ഈ സിനിമയെ റീ - ക്രിയേറ്റ് ചെയ്ത് ഞങ്ങൾ നാടകരൂപത്തിൽ അവതരിപ്പിച്ചിരുന്നു. ഞാനായിരുന്നു സ്ഥിരമായി ഡോ.സണ്ണിയായിരുന്നത്.  ഞങ്ങളുടെ വീട്ടിലെ അടച്ചിട്ട മുറിയെ മണിച്ചിത്രത്താഴായാണ്‌ കണ്ടത്‌.

ജിജോ തങ്കച്ചൻ

ജിജോ തങ്കച്ചൻ

ജിജോ തങ്കച്ചൻ (മണിച്ചിത്രത്താഴ്‌ പേജ്‌ അഡ്‌മിൻ)


2016 മുതൽ ‘മണിച്ചിത്രത്താഴ്‌’ സിനിമയെ കുറിച്ച്‌  സോഷ്യൽ മീഡിയയിൽ എഴുതുന്നു. പലതവണ സിനിമ കണ്ടു. ഇപ്പോഴും സമയം കിട്ടുമ്പോഴെല്ലാം കാണുന്നു. വിശ്വജിത്ത്‌ വിശ്വനാഥൻ എന്ന സുഹൃത്ത്‌ തുടങ്ങിയ ഫേസ്‌ബുക്ക്‌ പേജിൽ 2017 മുതൽ നാൽപ്പതിലധികം കുറിപ്പുകളെഴുതി.   ഇപ്പോൾ പേജ്‌ അഡ്‌മിനാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനൊന്നായിരം ഫോളോവേഴ്‌സ്‌ പേജിനുണ്ട്‌.   ഈ സിനിമയോടുള്ള ഭ്രാന്ത്‌ മൂത്ത്‌ തിരക്കഥാകൃത്ത്‌ മധു മുട്ടത്തിനെ പല തവണ പോയി കണ്ടു.  ഫാസിൽ സാറിനെ ഫോണിൽ വിളിച്ചു. ‘മണിച്ചിത്രത്താഴിലെ രഹസ്യങ്ങൾ’ എന്ന പേരിൽ  എഴുതിയ സീരീസും പ്രമുഖരുടെ പഠനങ്ങളും ഉൾപ്പെടുത്തി പുസ്‌തകമിറക്കാനുള്ള ശ്രമത്തിലാണ്‌. ‘അശുഭകര’  രാഗമായ ആഹിരിയോട്‌ തോന്നിയ ഇഷ്ടം കാരണം ഈ സിനിമയിലെ ഗാനങ്ങളെ കുറിച്ച്‌ എഴുതിയ കുറിപ്പുകൾക്ക്‌ നിരവധി വായനക്കാരുണ്ടായി.  

വളരെ പഴക്കമേറിയ രാഗമാണ് ആഹിരി. ഇന്നും ഇതിന്റെ പൂർണരൂപം സംഗീതജ്ഞർ ആർക്കും പഠിപ്പിച്ചു കൊടുക്കാറില്ല. ഇങ്ങനെ ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചെറിയ കാര്യത്തിൽ പോലും  നിരവധി വലിയ വിശേഷങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് കണ്ടെത്തി. ഞാനെഴുതിയ ആഹിരി രാഗവിശേഷങ്ങൾ വായിച്ച് എൻ്റെ ഒരു സുഹൃത്ത് മകൾക്ക് ആഹിരി എന്ന് പേരിട്ടു. സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത് കൊണ്ടും മണിച്ചിത്രത്താഴിനെ കുറിച്ച് നിരന്തരം എഴുതുന്നതും കാരണം ഒരു പാട് പേർ പല സംശയങ്ങളും ചോദിച്ച് വിളിക്കാറുണ്ട്.

മാടമ്പിള്ളിയിലെ തെക്കിനിയിലെ ചിത്രപ്പൂട്ടിട്ട് പൂട്ടിയ മുറിയിലെ ചുമരിൽ, രവിവർമ്മ ചിത്രങ്ങളിലെ കുലീന സുന്ദരിയെ പോലെ നിൽക്കുന്ന നാഗവല്ലിയുടെ കൂറ്റൻ എണ്ണച്ചായാച്ചിത്രം വരച്ചത് ആർട്ടിസ്റ്റ്  ആർ മാധവൻ സർ ആയിരുന്നു എന്നൊക്കെയുള്ള വിശേഷങ്ങൾ പങ്കുവെച്ചതോടെ കൂടുതൽ ആളുകൾ പേജ് ശ്രദ്ധിക്കാൻ തുടങ്ങി.

മണിച്ചിത്രത്താഴിന്റെ ആർട്ട് ഡയറക്ടർ  സുചിത്രാ മണിയുടെ  അമ്മാവനാണ്  മാധവൻ സർ. മണിച്ചിത്രത്താഴിനെ കുറിച്ച് ഇങ്ങനെയുള്ള സൂക്ഷമമായ കാര്യങ്ങൾ അറിയാനും പങ്കുവെക്കാനുമുള്ള പലരുടേയും താൽപര്യം എന്നും കൗതുകമുണ്ടാക്കിയിട്ടുണ്ട്. മറ്റ് സിനിമകൾക്ക് പിന്നിൽ ഇത്തരത്തിലുള്ള അന്വേഷങ്ങൾ നടന്നിട്ടുണ്ടാകുമോ എന്നറിയില്ല. മനശാസ്തത്തെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ സിനിമകളിലെ മികച്ച പത്തു തിരക്കഥകളിൽ ഒന്ന്‌ മണിച്ചിത്രത്താഴിന്റേതാണെന്ന്‌ വിശ്വസിക്കുന്നു.   

കഴിഞ്ഞ ഐഎഫ്എഫ്കെയിൽ തിരുവനന്തപുരം നിശാഗന്ധിയിൽ മൂന്ന് തവണ മണിച്ചിത്രത്താഴ് കാണിച്ചിരുന്നു.  പുതിയ തലമുറയ്ക്ക് ഈ സിനിമയോടുള്ള ഇഷ്ടവും ആവേശവും എത്രത്തോളമാണെന്ന് മനസിലാക്കാൻ അന്ന് കഴിഞ്ഞു. വലിയ ഹർഷാരവത്തോടെയാണ് ഓരോ ഡയലോഗും സീനുമെല്ലാം അന്ന് സ്വീകരിച്ചത്.


സുമൻ ബിച്ചുതിരുമല

സുമൻ ബിച്ചുതിരുമല

സുമൻ ബിച്ചുതിരുമല (സംഗീത സംവിധായകൻ, ബിച്ചുതിരുമലയുടെ മകൻ)

അച്ഛൻ എഴുതിയ  മികച്ച പട്ടുകളിൽപെട്ടവയാണ്‌  മണിച്ചിത്രത്താഴിലേത്‌. സിനിമ ഇറങ്ങി തൊട്ടടുത്ത വർഷം അച്ഛൻ ക്രിസ്‌തുമസ്‌ സ്‌റ്റാർ കെട്ടുന്നതിനിടെ വീടിന്റെ ടെറസിൽ നിന്നും വീണ്‌ പതിനഞ്ച്‌ ദിവസം ഐസിയുവിലായിരുന്നു. ആ ദിവസങ്ങളിൽ  ഓർമയൊക്കെ നഷ്ടപ്പെട്ടിരുന്നു.  അതിനു ശേഷം എം ജി രാധാകൃഷ്‌ണൻ ചേട്ടനും അപകടം പറ്റി കുറേ ദിവസം ഐസിയുവിൽ കിടന്നു. അന്നം മുടക്കുന്ന രാഗമായാണ്‌ ആഹിരി അറിയപ്പെടുന്നത്‌.  യാദൃശ്ചികമാണെങ്കിലും ആഹിരിയിൽ പാട്ടുചെയ്‌ത രണ്ടുപേരുടേയും കുറേ ദിവസത്തെ അന്നം മുടങ്ങി.   

അച്ഛന്റെ ‘ പഴം തമിഴ്‌ പാട്ടിഴയും...’ എന്ന പാട്ടിലെ വരിയിൽ നിന്നാണ്‌ ഫാസിൽ സാറിന്‌ ‘മണിച്ചിത്രത്താഴ്‌’ എന്ന പേര്‌ കിട്ടിയത്‌. ഒരിക്കൽ തമിഴ്‌നാട്ടിൽ പോയപ്പോൾ  ‘പഴന്തമിഴ്‌’ എന്ന പേരിൽ ഒരു ഹോട്ടൽ കണ്ടു. അച്ഛന്‌ ആ പേര്‌ വല്ലാതെ ഇഷ്ടമായി. അന്നുമുതൽ മനസിൽ കിടന്ന ആ വാക്ക്‌ അവസരം ഒത്തുവന്നപ്പോൾ പാട്ടിൽ ചേർക്കുകയായിരുന്നു. ഒരു ‘‘മുറൈ വന്ത്‌ പാർത്തായാ.. എന്ന പാട്ടിലെ  ‘ അംഗനമാർ മൗലീമണീ, തിങ്കളാസ്യേ ചാരുശീലേ...’’ എന്ന ഭാഗം ശ്രീചിത്തിര തിരു നാളിനെ പ്രകീർത്തിച്ച്‌കൊണ്ട്‌ വിദ്യാലയങ്ങളിലും മറ്റും പാടിയിരുന്ന വഞ്ചീശ മംഗളം പാട്ടിലെ  ‘‘ വഞ്ചിഭൂമിപതേ ചിരം സഞ്ചിതാഭം ജയിക്കേണം...’’ എന്നു തുടങ്ങുന്ന പ്രാർഥനാഗീതത്തിൽ നിന്നും രാധാകൃഷ്‌ണൻ ചേട്ടൻ കണ്ടെടുത്ത ഈണമാണ്‌.



സീൻ 26 എ

മാടമ്പിള്ളിൽ തെക്കിനി-അർദ്ധരാത്രി തെക്കിനിയിലെ ഭീതിദമായ ഏകാന്തത കൈയിൽ ജ്വലിക്കുന്ന പന്തവുമായി ചെമ്പട്ടുടുത്ത കാട്ടുപറമ്പൻ മന്ത്രവാദിയും, താന്ത്രികക്രിയകൾ നടത്തി ചെമ്പട്ടിൽപ്പൊതിഞ്ഞ കുംഭവുമായി അനു ഷ്ഠാനവേഷത്തിൽ തമ്പിയും, ധൂമ ത്തൂക്കുമായി ദാസപ്പൻകുട്ടിയും മറ്റാരുമറി യാതെ തെക്കിനിയുടെ മുകൾനിലയിലേക്കുള്ള ഗോവേണിയുടെ അടുത്തേക്ക്. നേർത്ത ഭീതിയും കരുതലും ഗൂഢഭാവവുമായി ഗോവേണിപ്പടികൾ കയറുന്ന അവർ '

മുകളിലത്തെ നില-

അങ്ങോട്ടെത്തുന്ന കാട്ടുപറമ്പനും തമ്പിയും ദാസപ്പൻകുട്ടിയും... ഉൾഭയം പ്രകടമാകുന്ന മുഖങ്ങളോടെ ഏകാന്തവിസ്‌തൃതമായ തളങ്ങളിലൂടെ... ഹാളുകളിലൂടെ ഇടനാഴികളിലൂടെ വരുന്ന അവർ.
വഴികാട്ടുന്ന തമ്പിയുടെ ആംഗ്യനിർദ്ദേശങ്ങൾക്കനുസരിച്ച് അവർ ചിത്രപ്പട്ടുള്ള മുറിവാതിലിനു മുന്നിലേക്ക്.

മുറിവാതിൽ തുറന്ന് ആദ്യത്തെ മുറിയായ കാരണവരുടെ മുറിയിലേക്ക് കയറുന്ന അവർ ഭയപ്പെടുത്തുന്ന നിശ്ശബ്ദത...

ഭീതി നിഴലിക്കുന്ന മുഖങ്ങളോടെ അവർ ചുറ്റും നോക്കി. ചടങ്ങുകൾ നടത്താനായി മന്ത്രവാദിയുടെ ഗൗരവം വരുത്താൻ ശ്രമിക്കുന്ന കാട്ടുപറമ്പൻ.

ഒരു നിമിഷം...

അടഞ്ഞുകിടക്കുന്ന, നാഗവല്ലിയുടെ ചിത്രമുള്ള മുറിക്കുള്ളിൽനിന്നു കേൾക്കുന്ന ചിലങ്കയിട്ട് കാലുകളുമായി ആരോ രണ്ടടി നടക്കുന്നതിന്റെ കിലുക്കം...

അതുകേട്ട് അവിശ്വസനീയതയുടെ അമ്പരപ്പോടെ ആ മുറിവാതിലിലേക്കു തിരിഞ്ഞു ശ്രദ്ധിക്കുന്ന അവർ.
അടഞ്ഞുകിടക്കുന്ന മുറിവാതിൽ... കനത്ത  ഒരു മാത്ര. വാതിലിനപ്പുറത്തുനിന്നു തമിഴിൽ താഴ്ന്ന സ്ഥായിയിലുള്ള ഒരു സ്ത്രീശബ്ദം.

 "ആഹരിയിലെ കീർത്തനമൊന്നു
പാടുവിങ്കളാ..?.""

അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് പകച്ചരണ്ടു നോക്കുന്ന മൂവർസംഘം.
തമ്പി (ഭയപ്പതർച്ചയോടെ):  ആരാ അത്...? വാതിലിനപ്പുറത്തുനിന്ന് താഴ്ന്ന‌ സ്ഥായിയിലുള്ള സ്ത്രീശബ്ദം വീണ്ടും

: നാൻ താൻ-നാഗവല്ലി...

ഭയന്നരണ്ടു നില്ക്കുന്ന സംഘം.

പൊടുന്നനേ അവരുടെ മുമ്പിൽ ശക്തമായി തുറക്കപ്പെടുന്ന നാഗവല്ലിയുടെ മുറിയുടെ അടഞ്ഞു കിടന്ന വാതിൽപ്പാളികൾ...
സതംഭിച്ചുനിന്നു പോകുന്ന സംഘക്കാർ. തുറന്ന വാതിൽ വഴി മുറിക്കുള്ളിൽനിന്ന് ആരോ വലിച്ചെറിയപ്പെടുന്ന നിലയിൽ അവർക്കു നേരേ പാഞ്ഞുവരുന്ന പിത്തളത്താമ്പാളം... അതു തട്ടിത്തെറിച്ചു വീഴുന്നതിൻ്റെ വല്ലാത്ത മുഴക്കം... അലർച്ചയോടെ പിൻതിരിഞ്ഞോടുന്ന ദാസപ്പൻകുട്ടി ഭയത്തിന്റെ പരമകാഷ്ഠയിലെത്തി പിന്നാക്കം വയ്ക്കുന്ന കാലുകളോടെ തുറക്കപ്പെട്ട വാതിലിലേക്ക് ഒരിക്കൽക്കൂടി നോക്കുന്ന തമ്പിയും കാട്ടുപറമ്പനും .

(മണിച്ചിത്രത്താഴ്- തിരക്കഥയിൽ നിന്നും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top