27 December Friday

ഹെവി വയലൻസ്; രവി ബസ്രൂർ - ഡബ്‌സീ- വിനായക് കൂട്ടുകെട്ടിൽ 'മാർക്കോ'യിലെ ആദ്യ സിംഗിൾ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

കൊച്ചി > മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ വരവിന് മുന്നോടിയായി ആദ്യ സിംഗിളായ 'ബ്ലഡ്' പുറത്ത്. ഡബ്‌സീ പാടി, കെജിഎഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകർന്ന ഗാനമാണ് പുറത്തിറങ്ങിയത്.. വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. ഡിസംബർ 20നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

ആദ്യം റിലീസ് ചെയ്ത വീഡിയോ സോങ് വയലൻസിന്റെ അതിപ്രസരമെന്ന പേരിൽ യൂട്യൂബ് നീക്കം ചെയ്തിരുന്നു. തുടർന്നാണ് ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയത്. ചിത്രത്തിന്‍റെ  മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിന്‍റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ 'മാർക്കോ' ടീസർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം, ഹിന്ദി ടീസറുകള്‍ക്ക് പുറമെ കഴിഞ്ഞ ദിവസം തെലുങ്ക് ടീസറും പുറത്തുവിട്ടിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സാണ്. സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്നു. 'മിഖായേൽ' സിനിമയുടെ സ്പിൻഓഫായാണ് 'മാർക്കോ' എത്തുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top