സംവിധായകൻ മാരി സെൽവരാജ് തന്റെ ജീവിതത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘വാഴൈ’ ഒരുക്കിയത്. സിനിമയിലുണ്ടാകുന്ന അപകടം മാരി സെൽവരാജിന്റെ ജീവിതത്തിൽ ഉണ്ടായതാണ്. ആ അപകടം തന്റെ സഹോദരിയുടെയടക്കം 20 പേരുടെ ജീവനെടുത്തു. തോട്ടത്തിൽനിന്ന് വാഴക്കുല ഏറ്റി കാതങ്ങൾ താണ്ടി ലോറിയിലെത്തിക്കുന്ന തൊഴിൽ കുട്ടിയായിരിക്കുമ്പോൾ മാരി സെൽവരാജിനും ചെയ്യേണ്ടി വന്നിട്ടുണ്ട്.
വിശപ്പ്, അധ്വാനം, അധികാരം, ഭൂമി എന്നിവയിൽ ഊന്നിയുള്ള രാഷ്ട്രീയക്കാഴ്ചകളാണ് മാരി സെൽവരാജ് ചിത്രങ്ങൾ. ആദ്യ സിനിമയായ പരിയേറും പെരുമാൾ ബിഎ ബിഎൽ മേലേ ഒരു കോട്, കർണൻ, മാമന്നൻ എന്നിവയുടെ തുടർച്ചയാണ് വാഴൈ. ആ സിനിമകളുടെ രാഷ്‌ട്രീയ കാഴ്‌ചാ തുടർച്ച വാഴൈയിലുമുണ്ട്. വാഴൈയിലെ കുട്ടികൾ നിയമ കലാലയത്തിൽ പോയാൽ അത് ‘പരിയേറും പെരുമാളാ’കും. വിദ്യാഭ്യാസത്തിനായി പൊരുതിയാൽ ‘കർണനാ’കും എന്നാണ് മാരി സെൽവരാജ് പറഞ്ഞത്. സൂക്ഷ്‌മമായി സൃഷ്ടിച്ചിട്ടുള്ള അടയാളങ്ങളിലൂടെ കാലവും ദേശവും ജീവിതവുമെല്ലാം ഒരുപോലെയാണെന്ന് പറഞ്ഞുവയ്ക്കുന്നു.
പൊളിറ്റിക്കൽ സിനിമ
വിദ്യാഭ്യാസത്തിന്റെയും പ്രതിരോധത്തിന്റെയും ആവശ്യകതയിൽ ഊന്നുന്ന കഥപറച്ചിൽ മുഖ്യധാര സൃഷ്ടിച്ചിട്ടുള്ള സാംസ്‌കാരിക മേധാവിത്വത്തിന് പ്രതിസംസ്‌കാരം സൃഷ്ടിക്കുന്നു. താരകേന്ദ്രീകൃത വമ്പൻ കെട്ടുകാഴ്‌ചയിൽ അധിഷ്‌ഠിതമായ സിനിമകൾ പടച്ചുവിടുന്ന സിനിമാഭൂമികയിൽത്തന്നെയാണ് അത് സാധ്യമാക്കുന്നത്. സിനിമയിലൂടെയുള്ള ഈ ഇടപെടൽ തമിഴിലെ പൊളിറ്റിക്കൽ ഫിലിം മേക്കർമാരിൽ ഏറ്റവും മിടുക്കുള്ളയാളായി മാരി സെൽവരാജിനെ ഉയർത്തുന്നുണ്ട്. സിനിമയിൽ റാപ്പ് അടക്കം ഉപയോഗിച്ചുള്ള പാട്ടുകളുടെ ഉപയോഗം എടുത്തു പറയേണ്ടതാണ്.
കഥാഘടനയിലേക്ക് സിനിമാറ്റിക് മൂലകങ്ങൾ കൃത്യമായി സന്നിവേശിപ്പിച്ചുള്ള പരിചരണം. എന്നാൽ, ഉള്ളടക്കത്തിന് ഇളക്കം തട്ടാതെ, ശക്തമായി പറയുകയും ചെയ്യും. വൈകാരികമായ അടിത്തറയിൽനിന്ന് സിനിമയുടെ രസച്ചരട് മുറുക്കുന്ന സിഗ്നേച്ചർ മേക്കിങ് ശൈലിയാണ് മറ്റുള്ളവരിൽനിന്ന് മാരി സെൽവരാജിനെ വേറിട്ട് നിർത്തുന്നത്.
പ്രാരബ്‌ധ ജീവിതത്തുടിപ്പ്
സിനിമയിലെ പാട്ടിലെ ‘പസി മറക്കും നാൾ പിറക്കും... അതൈ നിനൈത്തേ നീ കൂത്താട്’ എന്ന വരി പോലെ, വീട്ടിലെ ദാരിദ്ര്യത്തെ മറികടക്കാൻ സ്‌കൂളില്ലാത്ത ദിവസങ്ങളിൽ ശിവനേന്ദൻ, ശേഖർ എന്നീ കുട്ടികൾ വാഴക്കുല ചുമക്കാനായി പോകുന്നു. അവരുടെ സ്‌കൂൾ, സ്‌കൂളിന് പുറത്തുള്ള ജീവിതം ഇങ്ങനെയാണ് സിനിമയുടെ സഞ്ചാരം. എന്നാൽ, ഇതിനൊപ്പംതന്നെ തൊഴിൽ, തൊഴിലാളി, അവർക്ക് നേരെയുള്ള ചൂഷണം, ഇതിനെതിരായ തൊഴിലാളിയുടെ സംഘടിത ഐക്യം എന്നിവയെക്കുറിച്ചും കൃത്യമായി ചർച്ച ചെയ്യുന്നുണ്ട്.
കുട്ടികളുടെ സിനിമ എന്നതിനുപരി കുട്ടികളിലൂടെ പറയുന്ന സിനിമ എന്നതായിരിക്കും വാഴൈയെക്കുറിച്ച് കൂടുതൽ അനുയോജ്യം. ഇതിലൂടെ തൊഴിലാളികൾക്കെതിരെയുള്ള ഉടമയുടെ ക്രൂരതയും മനുഷ്യാവകാശ ലംഘനങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടുപോകുകയാണ് മാരി സെൽവരാജ്. വാഴക്കുല ചുമന്ന് കയറ്റുന്നതിന് കുല ഒന്നിന് ഒരു രൂപയാണ് കൂലി. ഇത് രണ്ടാക്കാൻ തൊഴിലാളികൾ സംഘടിക്കുന്നുണ്ട്. സമരപ്രഖ്യാപനത്തിന് മുന്നിൽ പരാജയപ്പെടുന്ന ഉടമ രണ്ട് രൂപയാക്കി ഉയർത്തുന്നുണ്ട്. എന്നാൽ, അതിലെ ‘നഷ്ടം’ നികത്തുന്നത് തൊഴിലാളിയുടെ സുരക്ഷിത യാത്രയെന്ന അവകാശം ഇല്ലാതാക്കിയാണ്.
അരിവാൾ ചുറ്റിക നക്ഷത്രം
മാരിയുടെ മുൻസിനിമകളുടെ രാഷ്‌ട്രീയ അടിത്തറ അംബേദ്‌കറാണ്. എന്നാൽ, വാഴൈയിലത് കമ്യൂണിസത്തിലേക്ക് വളരുന്നു. തന്റെ അച്ഛന്റെ സഹോദരൻ കമ്യൂണിസ്റ്റായിരുന്നെന്നും അതിൽനിന്ന് ലഭിച്ച ബോധ്യങ്ങളുംകൂടിയാണ് രാഷ്‌ട്രീയ അടിത്തറ സൃഷ്ടിച്ചതെന്നുമുള്ള മാരി സെൽവരാജിന്റെ വാക്കുകൾ സിനിമയിലും പ്രതിഫലിക്കുന്നുണ്ട്. ‘കമ്യൂണിസ്റ്റുകാർ നമുക്കുവേണ്ടി പോരാടുമെന്ന് ഉറപ്പുണ്ട്. വാഴൈയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതാണ്. അച്ഛന്റെ അമൂല്യമായ സമ്പത്തായതിനാൽ ശിവനേന്ദൻ ആ കൊടിയെ സ്‌നേഹിക്കുന്നു. ആ കൊടിയെ അവനുമായി ചേർത്തുവയ്ക്കുന്നു.
തന്റെ ജനങ്ങൾക്കുവേണ്ടി കനി (കലൈയരശൻ) സംസാരിക്കുമെന്ന് ശിവനേന്ദൻ വിശ്വസിക്കുന്നതിനാലാണ് അവൻ സൂക്ഷിക്കുന്ന അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്‌ത ബാഡ്‌ജ് കനിക്ക് നൽകുന്നത്. ഈ ചിഹ്നത്തെ വിശ്വസിക്കാം എന്നതാണ് അധഃസ്ഥിതരുടെ പ്രതീക്ഷ. പ്രേക്ഷകർക്കും അങ്ങനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളിവർഗത്തിന് തങ്ങളോട് എത്രമാത്രം സ്‌നേഹമുണ്ടെന്ന് സിനിമ കാണുന്ന കമ്യൂണിസ്റ്റുകാർക്കും മനസ്സിലാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അവരിലുള്ള ആ പ്രതീക്ഷ അത്ര വലിയ കാര്യമാണ്, അത് അത്ര എളുപ്പം ഉണ്ടാകുന്നതല്ല’, സിനിമയിലെ കമ്യൂണിസ്റ്റ് ചിഹ്നങ്ങളും ആശയങ്ങളും കടന്നുവന്നതിനെക്കുറിച്ച് സംവിധയാകൻ മാരിസെൽവരാജ് ഒരു അഭിമുഖത്തിൽ ഇങ്ങനെയാണ് പ്രതികരിച്ചത്.
കാഴ്‌ചകളുടെ തുറന്നുകാട്ടൽ
വിശന്ന് വലഞ്ഞുവരുന്ന ശിവനേന്ദൻ വാഴത്തോട്ടത്തിൽനിന്ന് പഴം എടുത്ത് കഴിക്കുന്നുണ്ട്. സ്ഥലം ഉടമയെന്ന് തോന്നിപ്പിക്കുന്ന ഒരാൾ വന്ന് ശിവനേന്ദനെ മർദിക്കുന്നത് ‘നീ എവിടെ നിന്നാണ്’ എന്ന് ചോദിച്ചാണ്. പുളിയംകുളം എന്ന മറുപടി അയാളുടെ ദേഷ്യത്തെ ഇരട്ടിപ്പിക്കുന്നുണ്ട്. പരിയേറും പെരുമാളിലും സമാനമായ ഒരു രംഗമുണ്ട്. ബസിൽ യാത്ര ചെയ്യവെ നായകനായ പരിയനോട് (കതിർ) നീ എവിടെ നിന്നാണെന്ന് തൊട്ടടുത്ത സീറ്റിലിരുന്ന ആൾ ചോദിക്കുന്നുണ്ട്. പുളിയംകുളം എന്ന മറുപടിയിൽ അയാൾ എഴുന്നേറ്റ് മാറുകയാണ്. ഇത്തരത്തിലുള്ള വിവേചന കാഴ്‌ചകളുടെ തുറന്നുകാട്ടൽകൂടിയാണ് മാരി സെൽവരാജ് ചിത്രങ്ങൾ. ബ്ലാക്ക് ആൻഡ് വൈറ്റിൽ മ്മ്‌പേ എന്ന് കരഞ്ഞോടുന്ന ‘കുട്ടിക്കാലത്തിന്റെ കരച്ചിലി'ലാണ് വാഴൈ ആരംഭിക്കുന്നത്.
തങ്ങളിൽ നിന്നൊരുവൻ
Caste And Religion are Against Humanity- (ജാതിയും മതവും മാനവികതയ്ക്ക് എതിരാണ്) എന്ന ടൈറ്റിലോടെയാണ് പരിയേറും പെരുമാൾ ആരംഭിക്കുന്നത്. കുതിരപ്പുറത്ത് ഏറിവരുന്ന ദൈവം എന്നതാണ് ‘പരിയേറും പെരുമാളി’നെക്കുറിച്ചുള്ള വിശ്വാസം. നൈരാശ്യം നിറഞ്ഞ വാഴൈയിലെ ആദ്യ ഫ്രെയിമിന് സമാനമായി ‘നീങ്ക നീങ്കളാ ഇറുക്കിറ വരൈക്കും നാൻ നായാതാൻ ഇറുക്കണംന്ന് നീങ്ക എതിർപ്പാക്കുറ വറൈക്കും ഇങ്കെ എതുവുമേ മാറാത്, ഇപ്പടിയേ താൻ ഇറുക്കും’ എന്ന് പറഞ്ഞാണ് പരിയേറും പെരുമാൾ അവസാനിച്ചത്.
ജാതി മേൽക്കോയ്‌മ നിലനിൽക്കുന്ന നാട്ടിൽ ഒന്നും മാറില്ലെന്ന നിരാശ പ്രതിഫലിച്ചാണ് ആദ്യ ചിത്രം അവസാനിച്ചതെങ്കിൽ സംവിധായകൻ ആഗ്രഹിച്ച സാമൂഹ്യമാറ്റങ്ങൾക്ക് പിന്നീട് സിനിമാറ്റിക് രൂപം നൽകുകകൂടി ചെയ്യുന്നുണ്ട്. തങ്ങൾ നേരിടുന്ന അനീതിയെ നേരിടാൻ തങ്ങളിൽ നിന്നൊരുവൻ വരുമെന്ന പ്രതീക്ഷയാണ് കർണൻ. അടിച്ചമർത്താൻ ശ്രമിക്കുന്നവരിൽനിന്ന് രക്ഷിക്കാൻ തങ്ങളുടെ കുലദേവതയുടെ വാളുമേന്തി കുതിരപ്പുറത്ത് നായകനായ കർണൻ (ധനുഷ്) വരുന്നുണ്ട്. തലകുനിച്ച് പിൻമാറാതെ തലനിവർത്തിനിന്ന് പൊരുതാനുള്ള ആഹ്വാനമാകുന്നുണ്ട് കർണൻ. അടിച്ചമർത്തപ്പെടുന്ന ജനത അതിനെ പ്രതിരോധിക്കാൻ തിരിച്ചടിക്കണമെന്ന് പ്രഖ്യാപിക്കുന്നുണ്ട് ചിത്രം.
ജനാധിപത്യം മുറുകെ പിടിച്ച്
മാമന്നൻ ഭരണഘടനയിലും ജനാധിപത്യത്തിലും ഊന്നിയാണ് നിലക്കൊള്ളുന്നത്. അവഗണനയെയും അധിക്ഷേപത്തെയും ജനാധിപത്യം മുറുകെ പിടിച്ച് തോൽപ്പിക്കാമെന്നാണ് മാമന്നൻ പറഞ്ഞുവയ്‌ക്കുന്നത്. ദളിത് എംഎൽഎയായ മാമന്നൻ (വടിവേലു) സ്വന്തം പാർടിയിൽ നേരിടുന്ന വിവേചനങ്ങളാണ് ഇതിവൃത്തം. അതിനെ ജനാധിപത്യ പാതയിൽ ചെറുത്തുതോൽപ്പിക്കുന്നു. അവകാശങ്ങൾ നേടിയെടുക്കണമെന്ന അംബേദ്‌കറേറ്റ് ചിന്തയും പങ്കിടുന്നു.
അതേസമയം തമിഴ് സിനിമ സൃഷ്ടിച്ച വിവേചനത്തെയും ചിത്രം ചെറുക്കുന്നുണ്ട്. തമിഴിലെ ഏക്കാലത്തെയും ഹിറ്റുകളിലൊന്നായ തേവർ മകൻ സൃഷ്ടിച്ച ജാതീയതയ്‌ക്കുള്ള തിരുത്തുകൂടിയാണിത്. തേവർ മകൻമാർ സൃഷ്ടിച്ച ഇസകിമാരുടെ ഭൂമികയിലാണ് മാമന്നൻ തല ഉയർത്തി നിൽക്കുന്നത്. പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള വടിവേലുവിനെ നായക ഹീറോയിക് നിർമിതികളിൽ പരിഹാസ കഥാപാത്രമായി സൃഷ്ടിക്കുന്ന സിനിമാ വ്യവസായത്തിനു മുന്നിൽക്കൂടിയാണ് നായകനായ മാമന്നനായി അവതരിപ്പിച്ചത്.
കലഹം അവസാനിപ്പിക്കുന്നില്ല
സിനിമ കേവലം ആസ്വാദനം മാത്രമാണെന്ന ചിന്താധാരയോടാണ് പരിയേറും പെരുമാൾമുതൽ വാഴൈ വരെയുള്ള സിനിമകളിലൂടെ മാരി സെൽവരാജ് കലഹിക്കുന്നത്. സിനിമ സൃഷ്ടിച്ചെടുത്ത ജാതി, തൊഴിലാളിവിരുദ്ധ നായകത്വ ബിംബങ്ങളെ തച്ചുതകർക്കുന്ന സിനിമാറ്റിക് മറുപടി നിറയുന്ന രാഷ്‌ട്രീയ പ്രസ്‌താവനയായിക്കൂടി തന്റെ സിനിമകളെ മാരി സെൽവരാജ് മാറ്റുന്നു. രാഷ്ട്രീയ സാംസ്കാരിക പ്രതീകങ്ങളുടെ ചലച്ചിത്രഭാഷ സൃഷ്ടിച്ചെടുക്കുന്നതിൽ മാരി സെൽവരാജിന്റെ ക്രാഫ്‌റ്റ്‌സ്‌മാൻഷിപ്പാണ് ഇതിന് കരുത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..