03 December Tuesday

അഭ്രപാളിയിൽ അരങ്ങുവാണ അഞ്ഞൂറാൻ; എൻ എൻ പിള്ളയുടെ ഓർമദിനം

അമ്പിളി ചന്ദ്രമോഹനൻUpdated: Thursday Nov 14, 2024

അഞ്ഞൂറാനെ അറിയാത്ത മലയാളികളുണ്ടോ. മലയാളത്തിൽ എക്കാലത്തെയും ഹിറ്റ്‌ ചിത്രമായ ഗോഡ്ഫാദറിലെ അഞ്ഞൂറാൻ. അങ്ങേയറ്റം സ്ത്രീ വിരോധിയായ, ഒരു നോട്ടം കൊണ്ടോ മൂളലുകൾ കൊണ്ടോ പോലും സീൻ പൂർണമാക്കുന്ന കഥാപാത്രം. സ്ത്രീ വിരോധിയായി നിലകൊള്ളുമ്പോഴും അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന് വാക്കുകൾ ഇടറുന്നതും വികാരങ്ങളുടെ കെട്ടഴിയുന്നതും ഭാര്യ ലക്ഷ്മിയെക്കുറിച്ചും അവരുടെ മരണത്തെക്കുറിച്ചും സംസാരിക്കുമ്പോഴാണ്. സിനിമയുടെ അവസാനം അഞ്ഞൂറാനോട് കിടപിടിച്ചു നിന്നിരുന്ന ബദ്ധശത്രുവായ ആനപ്പാറ അച്ഛാമ്മയോട് ക്ഷമിക്കുന്ന അഞ്ഞൂറാനെയും നമ്മൾ കാണുന്നുണ്ട്.  ഒരു മാപ്പുപറച്ചിൽ പോലുമില്ലാതെ അച്ഛാമ്മയുടെ കണ്ണീരിനു മുന്നിൽ വർഷങ്ങൾ നീണ്ട വിരോധത്തിന് അറുതി വരുത്തുന്നു അയാൾ. ആ കഥാപാത്രത്തെ പൂർണനാക്കിയത് എൻ എൻ പിള്ള എന്ന അതുല്യ നടന്റെ വൈഭവമാണ്. അഭ്രപാളിയിൽ ആ കഥാപാത്രത്തിന് ജീവൻ നൽകിയ എൻ എൻ പിള്ള വിടപറഞ്ഞിട്ട് നവംബർ 14ന് 29 വർഷങ്ങൾ പൂർത്തിയാകുന്നു.

1918 ൽ കോട്ടയം വൈക്കത്ത് നാരായണ പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകനായി നാരായണൻ നാരായണ പിള്ള എന്ന എൻ എൻ പിള്ള ജനിച്ചു. കോട്ടയം സിഎംഎസ് കോളേജിലെ പൂർവ വിദ്യാർഥി. ഇന്റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടത്തോടെ ജോലി തേടി നാടുവിട്ടു. ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള കച്ചിത്തുരുമ്പായി എത്തിപ്പെട്ടത് മലയയിൽ. രണ്ടാം ലോകയുദ്ധകാലത്ത് ഐഎൻഎയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1945-ൽ നാട്ടിൽ  തിരിച്ചെത്തിയെങ്കിലും ഒരു വർഷം കഴിഞ്ഞ് കുടുംബസമേതം വീണ്ടും മലയയിലേക്കു പോയി. മൂന്നരവർഷം  കഴിഞ്ഞ് നാട്ടിലേക്കു തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ സ്ഥിരതാമസമാക്കി. എൻ എൻ പിള്ള ആരായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ കലാ ജീവിതം തന്നെ അടയാളമായിരുന്നു. തനി നാടൻ പ്രയോഗങ്ങളുടെ ഒഴുക്കായിരുന്നു എന്നും എൻ എൻ പിള്ളയുടെ സംസാരശൈലി. വാക്കുകളുടെ മൂർച്ചയും സംഭാഷണങ്ങളുടെ ചാടുലതയും കൊണ്ട് വിസ്മയിപ്പിച്ച ഒട്ടേറെ നാടകങ്ങൾ രചിച്ചു. മനുഷ്യനാണ് ആദ്യമായി എഴുതി അവതരിപ്പിച്ച നാടകം.

photo credit: facebook

photo credit: facebook

അന്നുവരെ കണ്ടുവന്ന രചന ശൈലികളും നാടക അവതരണ രീതികളും എല്ലാം പുതുതായി നിർവചിക്കുകയായിരുന്നു എൻ എൻ പിള്ള. മലയയിലെ ജീവിതാനുഭവങ്ങൾ ആ യാത്രയ്ക്ക് മുതൽക്കൂട്ടായി. നാടക കലയിലേക്ക് ആഴത്തിലിറങ്ങിയപ്പോൾ 1952-ൽ അദ്ദേഹം വിശ്വകേരള കലാസമിതി എന്ന നാടക ട്രൂപ്പ് സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലെ തന്റെ നാടകങ്ങളിലൂടെ സമൂഹത്തിലെ ആനാചാരങ്ങളെയും അസമത്വങ്ങളെയും ശക്തമായ ഭാഷയിൽ എതിർത്തു. ഭീരുവിനു ചാരാനുള്ള മതിലാണ് മതമെന്നു വിശ്വസിച്ചു. അധികാര കേന്ദ്രങ്ങളെയും സാമൂഹിക വ്യവസ്ഥിതിയെയും വിമർശിച്ചുകൊണ്ടുള്ള നാടകങ്ങൾ അരങ്ങിലെത്തിച്ചു. വിശ്വകേരള സമിതിയിലൂടെ നടന്നത് യഥാർത്ഥ നാടകത്തിന്റെ തുടക്കമായിരുന്നു. സ്ത്രീകളെ നാടക രംഗത്ത് സജീവമാക്കാൻ എൻ എൻ പിള്ള മുൻകൈ എടുത്തു. ആക്കാലത്ത് ധാരാളം സ്ത്രീകൾ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. നാടക മേഖലയിൽ പരിവർത്തനത്തിന് തുടക്കം കുറിച്ചുവെന്ന് മാത്രമല്ല ഒരു നാടക കുടുംബത്തിന് തന്നെ രൂപം നൽകി അദ്ദേഹം. ഭാര്യ ചിന്നമ്മയും മകൾ സുലോചനയും രേണുകയും മകൻ വിജയരാഘവനും അദ്ദേഹത്തിന്റെ നാടകങ്ങളിലെ സ്ഥിര സാന്നിധ്യങ്ങളായി.

1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിലൂടെ എൻ എൻ പിള്ള എക്കാലവും മലയാളികൾക്കും മലയാള സിനിമയ്ക്കും ഓർത്തിരിക്കാവുന്ന അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് തമ്പി കണ്ണന്താനത്തിന്റെ നാടോടി എന്ന ചിത്രത്തിലും വേഷമിട്ടു. സിനിമയ്ക്കും മുൻപേ നാടകങ്ങളിലൂടെ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയിരുന്നു എൻ എൻ പിള്ള. ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും എൻ എൻ പിള്ളയുടേതായുണ്ട്. കാപാലിക, ഈശ്വരൻ അറസ്റ്റിൽ, ക്രോസ്ബെൽറ്റ് തുടങ്ങിയ നാടകങ്ങൾ സമൂഹത്തിൽ ചർച്ചയാക്കപ്പെട്ടവയാണ്. ഞാൻ എന്ന ആത്മകഥയിലൂടെ തന്റെ നാടക വഴികളും ജീവിത മൂല്യങ്ങളും കുറിച്ചിട്ടു. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

സമൂഹത്തിലെ ദ്രവിച്ചു പഴകിയ ഓരോ തൂണിനിട്ടും ആഞ്ഞടിക്കാനുള്ള ശ്രമമായിരുന്നു എൻ എൻ പിള്ളയുടേത്. ആ ഇടികളിൽ തൂണിളകിയാൽ മതി അത് തള്ളി മറിച്ചിട്ട് മറ്റൊന്ന് പണിയാം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിമർശനങ്ങളെ ഭയക്കാതെ ധീരമായി നേരിട്ട നല്ല നാടകങ്ങളാണെങ്കിൽ വിവാദങ്ങളുണ്ടാകുമെന്നും അതിലൂടെ മാറ്റം സൃഷ്ടിക്കാമെന്നും വിശ്വസിച്ച കലാകാരൻ. മനുഷ്യൻ ചരിത്രം സൃഷ്ടിച്ചത് തോക്കുകൊണ്ടല്ല നാക്കുകൊണ്ടാണെന്നു വീണ്ടും വീണ്ടും തെളിയിച്ച പ്രതിഭ. കാണികളെ ഓരോ നോട്ടം കൊണ്ടും വാക്കുകൾക്കൊണ്ടും അത്ഭുതപ്പെടുത്തിയ ആ അതുല്യ കലാകാരൻ ലോകത്തോട് വിടപറയുന്നത് 1995 നവംബർ 14-നാണ്. കാലം കഴിയും തോറും എൻ എൻ പിള്ളയുടെ നാടകങ്ങൾക്കും ചിന്തകൾക്കും പ്രസക്തിയേറുന്നു. എൻ എൻ പിള്ള കുറിച്ച വാക്കുകൾ കടമെടുത്താൽ, എന്തൊരത്ഭുതം! എന്നെ പ്രപഞ്ചം സൃഷ്ടിച്ചതോ? അല്ല, ഞാൻ എന്നിൽകൂടി പ്രപഞ്ചം സൃഷ്ടിച്ചതോ? ഉത്തരം കാണാത്തൊരീ ചോദ്യങ്ങൾക്കവസാനമുത്തരമെഴുതുമെൻ മരണ പത്രത്തിൽ ഞാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top