‘‘ചലച്ചിത്ര സപര്യയിൽ ഞാൻ സംതൃപ്തനാണ്. എൺപതുകളിലെ മലയാള സിനിമയെ നവീകരിക്കുന്നതിൽ ഭരതനും പത്മരാജനുമൊപ്പം ചെറുതല്ലാത്ത പങ്ക് വഹിക്കാനായി.'' മലയാള സിനിമയിൽ നവഭാവുകത്വത്തിന് വഴികാട്ടിയ സംവിധായകരിൽ പ്രധാനിയായ മോഹൻ കൊച്ചി കാക്കനാട്ടെ വസതിയിൽ ഇരുന്ന് പറഞ്ഞു,
16വർഷമായി സിനിമയിൽ സജീവമല്ലെങ്കിലും എഴുപതുകളുടെ അവസാനവും എൺപതുകളിലും മലയാളസിനിമയിൽ മോഹന്റെ സ്ഥാനം ഒന്നാം നിരയിലായിരുന്നു. വാടകവീട് (1978)ആണ് ആദ്യ സിനിമ. തുടർന്ന് ‘രണ്ട് പെൺകുട്ടികൾ'. ‘ശാലിനി എന്റെ കൂട്ടുകാരി 'സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി. ശോഭ എന്ന നടിയുടെ അഭിനയ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തിയ ചിത്രം. സാമ്പത്തികമായും വലിയ വിജയമായിരുന്നു. പിന്നീട് നല്ല ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ മോഹൻ സൃഷ്ടിച്ചു. നെടുമുടി വേണുവിനെ നായകനായി അവതരിപ്പിച്ച വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ ഇസബെല്ല , പക്ഷെ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി 23 ചിത്രം. ജോ ൺപോളും പത്മരാജനും ഉൾപ്പെടെയുള്ള മികച്ച തിരക്കഥാകൃത്തുക്കളുമായി ചേർന്ന് മോഹൻ സൃഷ്ടിച്ച നല്ല സിനിമകളുടെ പൂക്കാലമായിരുന്നു അത്.
16 വർഷം സിനിമാ രംഗത്തുനിന്ന് മാറിനിന്നത്
‘‘ബോധപൂർവമായിരുന്നില്ല. 23ചിത്രം ചെയ്തു. ഭേദപ്പെട്ട സംവിധായകൻ എന്ന ഖ്യാതി നേടി. സിനിമയ്ക്ക് വേണ്ടി ആരെയും അങ്ങോട്ട് പോയി സമീപിച്ചിട്ടില്ല. ഇടക്കാലത്ത് ചില ചർച്ചകൾ നടന്നു. എന്റെ സിനിമ എന്റേതു മാത്രമായിരിക്കും. ആർക്കും വേണ്ടി അതിൽ വെള്ളം ചേർക്കാൻ തയ്യാറല്ല. അതായിരിക്കാം പ്രോജക്‌റ്റുകളിൽ ചിലത് നടക്കാതെ പോയത്. ഏതായാലും പുതിയ കാലത്ത് പ്രസക്തമായ നല്ലൊരു കഥ മനസ്സിലുണ്ട്. വളരെ വെെകാതെ ഒരു സിനിമ ചെയ്യും.''
സിനിമാ രംഗത്ത് എത്തിപ്പെട്ടത്
ഇരിങ്ങാലക്കുട ക്രെെസ്റ്റ് കോളേജിലായിരുന്നു പ്രീഡിഗ്രി പഠിച്ചത്. ബികോം അന്ന് മദ്രാസിലെ ജെയ്ൻ കോളേജിൽ ചെയ്യാൻ തീരുമാനിച്ചു. ഫോട്ടോഗ്രഫിയിൽ തൽപ്പരനായിരുന്നു. ക്രെെസ്റ്റിലെ ലോനപ്പൻ എന്ന അധ്യാപകൻ സിനിമാ പ്രവർത്തകരുമായി നല്ല ബന്ധമുള്ളയാളായിരുന്നു. കൃഷ്ണൻകുട്ടി (ഉദയ ) എന്ന ഫോട്ടോഗ്രാഫറെ അദ്ദേഹം വിളിച്ചു പറഞ്ഞു എന്റെ ഒരു വിദ്യാർഥി വരുന്നുണ്ട്. സഹായിക്കണം. അന്നുതന്നെ പ്രസിദ്ധനായിരുന്ന പി ഡേവിഡ് എന്ന സ്റ്റിൽ ഫോട്ടോഗ്രാഫറെയും അദ്ദേഹം വിളിച്ചു. അച്ഛന്റെ സുഹൃത്തായ പീതാംബരന്റെ അനുജൻ ശേഖർ തമിഴ് സിനിമാ നിർമാണ മേഖലയിൽ പ്രമുഖനായിരുന്നു. ശേഖർ വഴിയാണ് എം കൃഷ്ണൻ നായരെ പരിചയപ്പെടുന്നത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയി. സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ, എബി രാജ് , മധു, പി വേണു എന്നിവരുടെയെല്ലാം അസിസ്റ്റന്റായി. ഹരിഹരൻ ‘രാജഹംസം ’സംവിധാനം ചെയ്തപ്പോൾ ഞാൻ ഫസ്റ്റ് അസിസ്റ്റന്റ് ആയി.
ഇന്നസെന്റ് ഉൾപ്പെടെ പലരെയും ശ്രദ്ധേയരാക്കി
അയ്യോ അങ്ങനെ അവകാശവാദം ഉന്നയിക്കാനൊന്നും ഞാനില്ല. ‘നൃത്തശാല ' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഒരു ദിവസം രാവിലെ ഏഴുമണിക്ക് ഒരു നീല തകരപ്പെട്ടിയും തൂക്കി ഇന്നസെന്റ് ഞാൻ താമസിക്കുന്ന സ്ഥലത്തെത്തി. അയാൾ എന്റെ നാട്ടുകാരനും സുഹൃത്തുമാണ്. മറ്റൊന്നും പറയാതെ ഞാൻ ഇന്നസെന്റിനെ കാറിൽ കയറ്റി ലൊക്കേഷനിലേക്ക് കൊണ്ടു പോയി. നൃത്തശാലയുടെ പ്രൊഡക്ഷൻ മാനേജർ ലത്തീഫ് ആയിരുന്നു. അന്ന് ഇന്നസെന്റിനെ ഞാൻ ലത്തീഫിനെ ഏൽപ്പിച്ചു. കഠിനമായ പരിശ്രമം തന്നെയാണ് ഇന്നസെന്റിന്റെയൊക്കെ വിജയത്തിനടിസ്ഥാനം. ഒട്ടേറെ അപമാനം ചാൻസ് ചോ ദിച്ച് നടക്കുന്ന കാലത്ത് ഇന്നസെന്റ് നേരിട്ടിട്ടുണ്ട്. പിന്നീട് എന്റെ സിനിമാ സംവിധാന ചരിത്രത്തിൽ ഞങ്ങളൊന്നിച്ച് ചില ചിത്രങ്ങൾ നിർമിച്ചു. ‘ഇളക്കങ്ങൾ’ എന്ന സിനിമയിലെ കറവക്കാരൻ ആണ് ഇന്നസെന്റിനെ ശ്രദ്ധേയനാക്കിയത്. ഇരിങ്ങാലക്കുടക്കാരൻ ബാബുവിനെ ‘ഇടവേള'ബാബുവാക്കിയത് ഞാനായിരുന്നു.
ഇരിങ്ങാലക്കുട വിട്ട് കാക്കനാട്ട്
ശിവൻ എന്ന സുഹൃത്ത് ഞാൻ സിനിമയിൽ സജീവമായ കാലത്ത് ‘ജിസിഡിഎ'യിൽ എന്റെയും അമ്മയുടെയും ഭാര്യയുടെയും പേരിൽ മൂന്നു പ്ലോട്ടുകൾക്ക് അപേക്ഷിച്ചു. അമ്മയുടെയും ഭാര്യയുടെയും പേരിൽ പാസായി. എന്നാൽ പണമടവിൽ വീഴ്ചവന്നു. വർഷങ്ങൾക്കുശേഷം അടച്ച കാശ് തിരികെ വാങ്ങാൻ കേരളത്തിലെത്തി. അന്നത്തെ ചീഫ് എൻജിനിയറുടെ സഹായത്തോടെ അടച്ചപണം ഉപയോ ഗിച്ച് എന്റെ പേരിൽ ഒരു ചെറിയ പ്ലോട്ട് വാങ്ങി. ഈ വീട് അങ്ങനെ ഉണ്ടായി. ഇന്ന് എറണാകുളം എന്റെ ഇഷ്ടനഗരമാണ്. ‘രണ്ടു പെൺകുട്ടികൾ’ എന്ന മോഹന്റെ ആദ്യകാല സിനിമയിലെ നായികയായ അനുപമയാണ് ജീവിതസഖി. ഇവർ സത്യാഞ്ജലി എന്നപേരിൽ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. ഗുരുവായൂർ ക്ഷേത്ര കലാപുരസ്‌കാരം ഉൾപ്പെടെയുള്ള ബഹുമതികൾ അനുപമ നേടിയിട്ടുണ്ട്. പുരന്ദർ, ഉപേന്ദർ എന്നിവർ മക്കളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..