14 November Thursday

ത്യാഗം, അതാണ് മൂലധനം -'ചുവന്ന' സിനിമകളിലൂടെ തുടരുന്നു

സാജു ഗംഗാധരന്‍Updated: Sunday Aug 15, 2021

"ശൂരനാട്ടു കേസില്‍ തോപ്പില്‍ ഭാസിയോടൊപ്പം പ്രതിയായ ചേലക്കോട്ടെത്ത് കുഞ്ഞുരാമന്‍ ഭാര്യയേയും ആറു കുട്ടികളെയും കൊണ്ടാണ് ഒളിവില്‍ പോയത്. എങ്ങോട്ടെന്നില്ലാത്ത അലച്ചിലിനിടയില്‍ അഞ്ചു കുഞ്ഞുകളും കൈവിട്ടു പോയി. കൊച്ചനുജന്റെ കൈയും പിടിച്ച് തെണ്ടിത്തിരിഞ്ഞ ഭാര്‍ഗ്ഗവി എന്ന പത്തു വയസ്സുകാരിയായ മൂത്ത മകള്‍ സന്നിപാത ജ്വരം പിടിപെട്ടു വഴിയില്‍ കിടന്നു മരിച്ചു! തോപ്പില്‍ ഭാസിയെ ഒരുപാട് വേദനിപ്പിച്ച ആ സംഭവമാണ് 'മൂലധന'മെഴുതാന്‍ പ്രേരിപ്പിച്ചത്." (കെപിഎസി സുലോചനയുടെ ജീവിതകഥ-ബൈജു ചന്ദ്രന്‍)

1969 ലെ സ്വാതന്ത്ര്യ ദിനത്തില്‍ തീയറ്ററില്‍ എത്തിയ 'മൂലധന'ത്തെപ്പറ്റി ..

ന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ജീവിതവും നിരവധി സാഹിത്യ കൃതികള്‍ക്കും നാടകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പ്രചോദനമായത് എന്നതിന്‍റെ ഉത്തരമാണ് മൂലധനത്തിന്റെ രചനയ്ക്ക് പിന്നിലെ ഈ കഥ. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും പുന്നപ്രയും വയലാറും പോലെ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇതിഹാസ തുല്യമായ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഏടാണ് ശൂരനാട് സമരം. ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് സ്വതന്ത്രരാക്കപ്പെട്ട ശൂരനാട് സഖാക്കള്‍ സെന്‍ട്രല്‍ ജയിലിന്റെ കവാടത്തിലൂടെ പുറത്തേക്കിറങ്ങി വരുന്നതു കണ്ട ആ നിമിഷം നിരപരാധി ആണെന്ന് കണ്ടെത്തി കോടതി വെറുതെവിട്ട ശൂരനാട് കേസിലെ പ്രതി കൂടിയായ തോപ്പില്‍ ഭാസിയുടെ മനസില്‍ മുളപൊട്ടിയതാണ് 'മൂലധന'ത്തിന്റെ വിത്ത്. തന്റെ ആത്മകഥാ സ്പര്‍ശമുള്ള 'മൂലധനം' എന്ന നാടകം തോപ്പില്‍ ഭാസി എഴുതിയത് ശങ്കരാടി സെക്രട്ടറിയായ കരുനാഗപ്പിള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന  പ്രതിഭാ ആര്‍ട്ട്സ് ക്ലബിന് വേണ്ടിയായിരുന്നു.

1958ല്‍ 'മൂലധനം' അരങ്ങിലെത്തി. ഒരു ദശാബ്ദത്തിന് ശേഷം, 'നീലക്കുയിലി' (1954)ലൂടെ മലയാളത്തിലേക്കു രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ എത്തിച്ച പി. ഭാസ്ക്കരനാണ് 'മൂലധന'ത്തിനെ അഭ്രപാളിയില്‍ എത്തിച്ചത്. തിരക്കഥ തോപ്പില്‍ ഭാസിയുടേത് തന്നെ. നാടകം എഴുതാനുണ്ടായ പ്രേരണ ശൂരനാട് സംഭവം ആണെങ്കിലും 1944-46 കാലത്ത് തിരുവിതാംകൂറില്‍ അരങ്ങേറിയ ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരായ സ്വാതന്ത്ര്യ സമര പോരാട്ടമാണ് ചരിത്ര പശ്ചാത്തലം എന്നു എഴുതിക്കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. സ്വാതന്ത്ര്യത്തിനും അന്തസോടെ ജീവിക്കാനും ഉള്ള അവകാശത്തിനും വേണ്ടി ഒരു ജനത നടത്തിയ ധീരമായ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും കഥ പറഞ്ഞ ചലച്ചിത്രം 1969 ആഗസ്റ്റ് 15നാണ് റിലീസ് ചെയ്തത്. അസീം കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്.

ശൂരനാട് കലാപം

ബൈജു ചന്ദ്രന്റെ ശേഖരത്തില്‍ നിന്ന്

ബൈജു ചന്ദ്രന്റെ ശേഖരത്തില്‍ നിന്ന്

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ശൂരനാട്ടെ ഗ്രാമീണര്‍ ജന്മിമാരായ തെന്നലക്കാര്‍ ലേലത്തിന് പിടിച്ച ഉള്ളന്നൂര്‍ കുളത്തില്‍ നിന്നും മീന്‍ പിടിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അഞ്ചു പേരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ശൂരനാട് സംഭവത്തിലേക്ക് നയിച്ചത്. 1949 ഡിസംബര്‍ 31നു അര്‍ധരാത്രി ഒരു സംഘം പോലീസുകാര്‍ ശൂരനാട് വളയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. തുടര്‍ന്നവിടെ നടന്ന സംഘട്ടനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ കൊല്ലപ്പെട്ടു. പിറ്റേന്ന് സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണ പിള്ള തെന്നല വീട്ടില്‍ വെച്ചു 'ശൂരനാടെന്നൊരു നാടിനി വേണ്ട!' എന്നു പ്രഖ്യാപിച്ചു. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. പോലീസ് അഴിഞ്ഞാടി. കസ്റ്റഡിയിലെടുത്ത തണ്ടാശ്ശേരി രാഘവന്‍, കളയ്ക്കാട്ടുതറ പരമേശ്വരന്‍ നായര്‍, മഠത്തില്‍ ഭാസ്‌കരന്‍ നായര്‍, പുരുഷോത്തമ കുറുപ്പ്, പായിക്കാട്ട് ഗോപാലപിള്ള എന്നിവര്‍ ലോക്കപ്പില്‍ വെച്ച് മരിച്ചു. തോപ്പില്‍ ഭാസി ഉള്‍പ്പെടെ 26 പേരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു.

"ത്യാഗം മാത്രമാണ് മൂലധനം"

"മൂലധനം എന്തിനും ആവശ്യമാണ്. നമുക്ക് സ്വാതന്ത്ര്യം വേണം, ജനാധിപത്യ ഭരണം വേണം, കൃഷിഭൂമി വേണം, തൊഴില്‍ വേണം, സുഖമായ ജീവിതം വേണം. അതിനു വേണ്ടി നമുക്ക് മുടക്കാനുള്ള മൂലധനം നമ്മുടെ എല്ലാവരുടെയും ആബാലവൃദ്ധം ജനങ്ങളുടെയും ത്യാഗമാണ്. ത്യാഗം മാത്രമാണ്.." തൊഴിലാളികളുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്തു രവി (സത്യന്‍) നടത്തുന്ന ഒരു പ്രസംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. കൂടെ സഖാവ് മമ്മൂട്ടിയും (പ്രേംനസീര്‍) ഉണ്ട്. കേശവന്‍ ഉണ്ണിത്താന്‍ എന്ന ജന്‍മിക്ക് ദിവാന്‍ പതിച്ചു കൊടുത്ത പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഭൂമി പതിച്ചുകിട്ടാന്‍ വേണ്ടി സമരം ചെയ്യണമെന്നും ഇതും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് എന്നും മമ്മൂട്ടി പറയുന്നു. അന്ന് രാത്രി ജന്മിമാരുടെ ഗുണ്ടകളും പോലീസും ചേര്‍ന്ന് പുറമ്പോക്കില്‍ താമസിക്കുന്നവരുടെ കുടിലുകള്‍ക്ക് തീ വെച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നു. തുടര്‍ന്ന് രവിയും മമ്മൂട്ടിയും ഒളിവില്‍ പോകുന്നു.

സത്യനും ശാരദയും

സത്യനും ശാരദയും


ഭാര്യ ശാരദയും (ശാരദ) രണ്ടു കുട്ടികളുമടങ്ങുന്നതാണ് രവിയുടെ കുടുംബം. നബീസയുമായുള്ള (ജയഭാരതി) മമ്മൂട്ടിയുടെ  വിവാഹം നടന്നിട്ട് ദിവസങ്ങള്‍ ആയതേ ഉണ്ടായിരുന്നുള്ളൂ. ഒളിവിടത്തില്‍ നിന്നും ഭാര്യയെ കാണാന്‍ പോയ മമ്മൂട്ടി പോലീസിന്റെ പിടിയിലാകുന്നു. രവിയെ കിട്ടാന്‍ വേണ്ടി പോലീസ് പല തരത്തില്‍ ശാരദയെയും മക്കളെയും പീഡിപ്പിക്കുന്നു. ഇതിനിടയില്‍ രവിയുടെ സുഹൃത്തായ 'വികാര ജീവി' മധുവിന്റെ ശല്യവും ശാരദയ്ക്ക് അസഹനീയമാക്കുന്നു. രവിയെ ഒളിവിടത്തില്‍ നിന്നും പുറത്തു ചാടിക്കാനുള്ള അടവിന്റെ ഭാഗമായി ശാരദയെ പോലീസ് ലോക്കപ്പില്‍ അടയ്ക്കുന്നു. ശാരദയുടെ മക്കള്‍ ആരോരുമില്ലാതെ തെരുവില്‍ ആകുന്നു. ഈ സമയത്ത് പ്രഭ എന്ന പേരില്‍ നഗരത്തിലെ ഒരു റിട്ടയേര്‍ഡ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ട്യൂഷന്‍ മാസ്റ്ററായി രവി ഒളിവില്‍ പാര്‍ക്കുകയായിരുന്നു. വിശപ്പ് സഹിക്കാനാവാതെ അവിടെ എത്തിയ രവിയുടെ മകള്‍ അമ്മിണിയെ മജിസ്ട്രേറ്റിന്റെ മകള്‍ മാലതി വീട്ടുജോലിയില്‍ സഹായിക്കാന്‍ നിര്‍ത്തുന്നു.  രവി 'സോമന്‍' എന്ന തൂലികാ നാമത്തില്‍ എഴുതിയ 'പളുങ്ക്' എന്ന നോവല്‍ താന്‍ എഴുതിയതാണ് എന്ന അവകാശപ്പെട്ട് അതിനു ലഭിച്ച പുരസ്കാരം മധു കൈക്കലാക്കുന്നു. നഗരത്തില്‍ കപ്പലണ്ടി വില്‍ക്കുന്ന രവിയുടെ മകന്‍ രഹസ്യക്കത്ത് കൈമാറുന്നതിനിടെ പോലീസ് പിടിയിലാകുന്നു. തന്റെ ഇംഗീതത്തിന് വഴങ്ങുമെന്ന പ്രതീക്ഷയില്‍ ശാരദയെ മധു ജാമ്യത്തിലിറങ്ങാന്‍ സഹായിക്കുന്നു. മക്കളെയും നബീസയെയും രക്ഷിക്കാന്‍ വേണ്ടി ശാരദ മധുവിന്റെ ആഗ്രഹത്തിന് വഴങ്ങുന്നു. ഒടുവില്‍ നിരപരാധികള്‍ എന്നുകണ്ടു രവിയെയും മമ്മൂട്ടിയെയും കോടതി വെറുതെ വിടുന്നു.

'മെലോഡ്രാമ' എന്ന വിമര്‍ശനം

ജയഭാരതി,ശങ്കരാടി

ജയഭാരതി,ശങ്കരാടി


ഇടതുപക്ഷ നാടക പ്രവര്‍ത്തകനും സിനിമാ അഭിനേതാവുമായ ബല്‍രാജ് സാഹ്നി കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അതിഥിയായി 1958ല്‍ കേരളത്തിലെത്തിയപ്പോള്‍ കൊല്ലത്തുവെച്ച് 'മൂലധനം' നാടകം കാണുകയുണ്ടായി. എന്നാല്‍ ബല്‍രാജ് സാഹ്നിക്ക് നാടകം ഇഷ്ടമായില്ല. "അത് നാടകമല്ല, വെറും മെലോഡ്രാമയാണെന്നും 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'യില്‍ നിന്ന് ഭാസി ബഹുദൂരം പുറകോട്ടു പോയെന്നും" ബല്‍രാജ് വിമര്‍ശിച്ചു. (കെ. പി. എ. സി സുലോചനയുടെ ജീവിതകഥ-ബൈജു ചന്ദ്രന്‍) എന്നാല്‍  'മൂലധനം' സിനിമയാക്കിയപ്പോഴും 'മെലോഡ്രാമ' കൂടിയതല്ലാതെ യാതൊരു കുറവും വരുത്താന്‍ തോപ്പില്‍ ഭാസിയും പി. ഭാസ്ക്കരനും തയ്യാറായില്ല.

ദേശാഭിമാനിയിലെ പരസ്യം

ദേശാഭിമാനിയിലെ പരസ്യം

1940കളിലും 50കളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കടന്നുപോയ തീഷ്ണമായ ജീവിതാ നുഭവങ്ങളുടെ ആവിഷ്ക്കാര മാണ് 'മൂലധനം'. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതം അവിശ്വസനീയവും അതിശയോക്തിപരവും എന്നു തോന്നിപ്പിക്കുമെങ്കിലും വക്കില്‍ നിന്നും ചോരയൊഴുകുന്ന പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളായിരുന്നു അവയെല്ലാം. തോപ്പില്‍ ഭാസിയുമായുള്ള വിവാഹത്തെ കുറിച്ച് ഭാര്യ അമ്മിണിയമ്മ ഒരു അഭിമുഖത്തില്‍ ഇങ്ങനെയാണ് വിശദീകരിച്ചത്. "അവിശ്വസനീയമായൊരു കഥ പോലെയായിരുന്നു ഞങ്ങളുടെ വിവാഹം. സഖാവിന്റെ തലയ്ക്ക് സര്‍ക്കാര്‍ വില പറഞ്ഞിരുന്ന കാലം. ഒളിവിലായിരുന്ന അദ്ദേഹം ഒരു ബോട്ടില്‍ കയറി തൃക്കുന്നപ്പുഴ ജെട്ടിയിലിറങ്ങി മൈലുകള്‍ നടന്നു പാണ്ഡവത്ത് വീട്ടിലെത്തി താലി കെട്ടിയ ശേഷം അപ്പോള്‍ത്തന്നെ ഒളിവില്‍ പോവുകയും ചെയ്തു. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുകൂടിയില്ല." (ദേശാഭിമാനി വാരിക-"ഒരു കയ്യില്‍ ചോരക്കുഞ്ഞും മറു കയ്യില്‍ ചെങ്കൊടിയും'/അഭിമുഖം)

"ഓരോ തുള്ളി ചോരയില്‍ നിന്നും..."

വയലാറും-ദേവരാജനും കൂടി സൃഷ്ടിച്ച കമ്യൂണിസ്റ്റ് വിപ്ലവ ഗാന സരണിയിലേക്ക് പി ഭാസ്ക്കരന്‍റെ സംഭാവനയാണ് "ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു" എന്ന ഗാനം. മൈനറായ രവിയുടെ മകനെ  ലോക്കപ്പില്‍ അടച്ചു ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ മറ്റ് ലോക്കപ്പുകളില്‍ കിടക്കുന്ന സഖാക്കള്‍ മമ്മൂട്ടി (പ്രേം നസീറിന്റെയുടെ) നേതൃത്വത്തില്‍ പാടുന്ന പാട്ടാണ് ഇത്.

' സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ' (യേശുദാസ്) 'എന്റെ വീണക്കമ്പിയെല്ലാം' (യേശുദാസ്) 'പുലരാറായപ്പോൾ പൂങ്കോഴി കൂവിയപ്പോൾ' (സുശീല) എന്നിവയാണ് ചിത്രത്തിലെ മറ്റ് പാട്ടുകള്‍.

പി. ഭാസ്ക്കരന്‍

1950 ല്‍ പുറത്തുവന്ന 'ചന്ദ്രിക'യിലൂടെ  ഗാനരചയിതാവായി മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച പി. ഭാസ്ക്കരന്‍ മലയാള സിനിമാ ചരിത്രത്തിലെ ദീപസ്തംഭങ്ങളില്‍ ഒരാളാണ്. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം പറഞ്ഞ പൊന്‍കുന്നം വര്‍ക്കി എഴുതിയ 'നവലോക'ത്തിലെ (1951) എല്ലാ പാട്ടുകളും രചിച്ചത് പി. ഭാസ്ക്കരനാണ്. തിരമാലയുടെ (1953) ചിത്രീകരണ കാലത്ത് പരിചയപ്പെട്ട രാമു കാര്യാട്ടുമായുള്ള സൌഹൃദം മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു സിനിമയുടെ പിറവിയിലേക്ക് നയിച്ചു. മലയാളത്തിലേക്കു ആദ്യത്തെ ദേശീയ പുരസ്കാരം എത്തിച്ച 'നീലക്കുയിലി'ന്റെ (1954). പ്രമേയത്തിലും ഗ്രാമീണ അന്തരീക്ഷത്തിലും മാത്രമല്ല അക്ഷരാര്‍ത്ഥത്തില്‍ കേരളമെന്ന മലയാളിയുടെ മാതൃഭൂമിയുടെ സത്ത പ്രസരിപ്പിച്ച സിനിമ കൂടിയാണ് 'നീലക്കുയില്‍'. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച രാമു കാര്യാട്ട്, പി. ഭാസ്ക്കരന്‍, നിര്‍മ്മാതാവ് ടി. കെ. പരീക്കുട്ടി  തിരക്കഥ എഴുതിയ ഉറൂബ്, അഭിനേതാക്കളായ സത്യനും മീസ് കുമാരിയും, സംഗീത സംവിധാനം നിര്‍വഹിച്ച കെ. രാഘവന്‍ മാസ്റ്റര്‍ അങ്ങനെ ഓരോരുത്തരും പ്രതിനിധീകരിച്ചത് കേരളത്തിന്റെ വ്യത്യസ്ത ഭൂപ്രദേശങ്ങളെ ആയിരുന്നു. 'നീലക്കുയിലി'ന് ശേഷം ചന്ദ്രതാരയുടെ തന്നെ 'രാരിച്ചന്‍ എന്ന പൌരന്‍' (1956) സംവിധാനം ചെയ്തുകൊണ്ട് പി. ഭാസ്ക്കരന്‍ തന്റെ സംവിധാന മികവ് തെളിയിച്ചു. പാറപ്പുറത്തിന്റെ കഥയെ അടിസ്ഥാനമാക്കി 'ആദ്യ കിരണങ്ങള്‍' (1964), എം ടിയുടെ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായ 'ഇരുട്ടിന്റെ ആത്മാവ്' (1967) പാറപ്പുറത്തിന്റെ തന്നെ 'അന്വേഷിച്ചു കണ്ടെത്തിയില്ല' (1967),  തുടങ്ങി നിരവധി മികച്ച സിനിമകള്‍ സംവിധാനം ചെയ്തതിന് ശേഷമാണ് 'മൂലധന'വുമായി പി. ഭാസ്ക്കരന്‍ എത്തുന്നത്. 1969ല്‍ പുറത്തിറങ്ങിയ  കെ. സുരേന്ദ്രന്റെ 'കാട്ടുകുരങ്ങും' ജി. വിവേകാനന്ദന്‍റെ 'കള്ളിച്ചെല്ലമ്മ'യും 1971ല്‍ പുറത്തിറങ്ങിയ ഉറൂബിന്റെ 'ഉമ്മാച്ചു'വുമാണ് പി. ഭാസ്കരന്റെ മറ്റ് മികച്ച സിനിമകള്‍.

തോപ്പില്‍ ഭാസി

ശൂരനാട് കേസില്‍ പെട്ട് ഒളിവില്‍ കഴിയുമ്പോള്‍ എഴുതിയ 'മുന്നേറ്റം' എന്ന ഏകാങ്ക നാടകമാണ് പിന്നീട് കെ. പി. എ. സിയുടെയും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നാടക ചരിത്രത്തിലെയും ഇതിഹാസമായി മാറിയ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യായി മാറിയത്. യഥാര്‍ത്ഥത്തില്‍  ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' വഹിച്ച പങ്ക് ചെറുതല്ല. ശൂരനാട് കേസ് നടത്തിപ്പിനുള്ള ഫണ്ട് പിരിവായാണ് ഈ നാടകം വേദികളില്‍ നിന്നും വേദികളിലേക്ക് സഞ്ചരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തിയതിന് ശേഷമാണ് 'മൂലധനം' അരങ്ങില്‍ എത്തുന്നത്. 1962ല്‍ കെ. പി. എ. സിയുടെ തന്നെ 'മുടിയനായ പുത്രന്' തിരക്കഥ രചിച്ചുകൊണ്ടാണ് തോപ്പില്‍ ഭാസി സിനിമയില്‍ ചുവടുവെയ്ക്കുന്നത്. രാമു കാര്യാട്ടായിരുന്നു സംവിധായകന്‍. സര്‍വ്വീസില്‍ ഇരുക്കുമ്പോള്‍ 'ഇടിയന്‍' പോലീസുകാരനായിരുന്ന സത്യനെ നായകനായി അഭിനയിപ്പിക്കാന്‍ തോപ്പില്‍ ഭാസിയ്ക്ക് താല്പ്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ഒടുവില്‍ കാര്യാട്ടിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.  തുടര്‍ന്ന് പി. ഭാസ്ക്കരന്റെ 'ആദ്യകിരണങ്ങള്‍', കെ. എസ്. സേതുമാധവന്റെ 'അടിമകള്‍', എ. വിന്‍സന്‍റ് സംവിധാനം ചെയ്ത 'തുലാഭാരം' എന്നീ സിനിമകള്‍ക്ക് ഭാസി തിരക്കഥ രചിച്ചു. 1969ല്‍ ആദ്യ സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച കഥയ്ക്കുള്ള പുരസ്കാരം 'മൂലധന'ത്തിലൂടെ തോപ്പില്‍ ഭാസിയെ തേടിവന്നു. സത്യന്റെ അവസാന ചിത്രങ്ങളില്‍ ഒന്നായ 'അനുഭവങ്ങള്‍ പാളിച്ചകളു'ടെ തിരക്കഥയും തോപ്പില്‍ ഭാസിയുടേതായിരുന്നു. കുഞ്ചാക്കോയുടെ 'പുന്നപ്ര വയലാറിന്' (1968) പിന്നാലെ അഭ്രപാളിയില്‍ എത്തിയ കമ്യൂണിസ്റ്റ് രാഷ്ട്രീയം പ്രമേയമായ സിനിമയായി 'മൂലധനം'. 1970ല്‍ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' സംവിധാനം ചെയ്തുകൊണ്ടാണ് തോപ്പില്‍ ഭാസി സംവിധാന രംഗത്തേക്ക് കടന്നത്. 1971ല്‍ സത്യനെ നായകനാക്കി സംവിധാനം ചെയ്ത 'ശരശയ്യ'യിലൂടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം തോപ്പില്‍ ഭാസി നേടി. 1970ല്‍ തുടങ്ങി 79 വരെയുള്ള കാലത്ത് 12 സിനിമകളാണ് തോപ്പില്‍ ഭാസി സംവിധാനം ചെയ്തത്. 1979ല്‍ പുറത്തിറങ്ങിയ 'എന്‍റെ നീലാകാശ'മാണ് സംവിധാനം ചെയ്ത അവസാന ചിത്രം.

ചില കൌതുകങ്ങള്‍

സോമന്‍ എന്ന തൂലികാ നാമത്തിലാണ് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' തോപ്പില്‍ ഭാസി രചിച്ചത്. 'മൂലധനം' സിനിമയില്‍ സോമന്‍ എന്ന പേരിലാണ് സഖാവ് രവി പളുങ്ക് എന്ന നോവല്‍ രചിക്കുന്നത്. തോപ്പില്‍ ഭാസിയുടെ മകന്റെ പേരും സോമന്‍ എന്നാണ് .

കുഞ്ചാക്കോയുടെ 'പുന്നപ്ര വയലാറി'ല്‍ നിന്നും മാറി നിന്ന സത്യന്‍ ആദ്യമായി അഭിനയിച്ച കമ്യൂണിസ്റ്റ് കഥാപാത്രമാണ് മൂലധനത്തിലെ രവിയുടേത്.

പ്രേംനസീറും ജയഭാരതിയും

പ്രേംനസീറും ജയഭാരതിയും


പ്രേംനസീറിന്റെ മമ്മൂട്ടി, അടൂര്‍ ഭാസിയുടെ കമ്യൂണിസ്റ്റ് ആയി മാറുന്ന കുറുപ്പ് എന്നീ കഥാപാത്രങ്ങള്‍ സിനിമയില്‍ കൂട്ടിച്ചേര്‍ത്തതാണ്. അക്കാലത്ത് പ്രേക്ഷകരുടെ ഏറെ പ്രിയങ്കരരായിരുന്ന നസീറിന്റെയും ഭാസിയുടെയും സാന്നിധ്യം സിനിമയുടെ ബോക്സോഫീസ് വിജയത്തിനു സഹായിക്കും എന്ന കണക്കുകൂട്ടലിലാണ് ഈ മാറ്റം.

ആദ്യഭാഗം: കുഞ്ചാക്കോയുടെ 'പുന്നപ്ര വയലാര്‍': ഇവിടെ വായിക്കാം

രണ്ടാം ഭാഗം: ധീര പരീക്ഷണമായി ‘കബനീനദി ചുവന്നപ്പോള്‍’

മൂന്നാം ഭാഗം: അനുഭവങ്ങള്‍ പാളിച്ചകള്‍: സഖാവ് ചെല്ലപ്പനെ അനശ്വരമാക്കിയ സത്യന്‍ മാജിക്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top