പട്ടാമ്പി > ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ പട്ടാമ്പിക്കാരൻ ഫാസിൽ റസാഖിന്റെ ‘തടവും’. പട്ടാമ്പി കൊടലൂർ സ്വദേശി ഫാസിൽ സംവിധാനം ചെയ്‌ത തടവ് (The Sentence) ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഷോർട്ട് ഫിലിമിലൂടെയാണ് ഫാസിൽ സിനിമാ മേഖലയിലേക്ക് ചുവടുവച്ചത്. 2021ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ ഫാസിൽ റസാഖിന്റെ ഷോർട്ട്ഫിലിമുകൾ ഏഴ് അവാർഡ് നേടിയിരുന്നു. 20 മിനിറ്റിൽ കൂടുതൽവരുന്ന വിഭാഗത്തിൽ മികച്ചചിത്രമായി തെരഞ്ഞെടുത്തത് ഫാസിലിന്റെ ആദ്യചിത്രമായ ‘അതിര്’ ആണ്. അതിരിന് മികച്ച ബാലതാരം, മികച്ച ക്യാമറാമാൻ, മികച്ചശബ്ദലേഖനം എന്നിവയ്‌ക്കും, 19 മിനിറ്റിന് അകത്തുള്ള ഷോട്ട് ഫിലിമിനുള്ള പുരസ്കാരം ഇദ്ദേഹത്തിന്റെ തന്നെ ‘പിറ’ക്കുമാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഇടംപിടിച്ച 14 സിനിമകളിൽ ഏകമലയാള ചിത്രമാണ് ‘തടവ്’. 27 മുതൽ നവംബർ അഞ്ചുവരെയാണ് മേള. മേളയിൽ 70 ഭാഷകളിൽനിന്നായി 250 ലധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
എഫ്ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ ചേർന്നാണ് തടവ് നിർമിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ ബീന ആർ ചന്ദ്രൻ, പി പി സുബ്രഹ്മണ്യൻ, എം എൻ അനിത, വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് പ്രധാനകഥാപാത്രളെ അവതരിപ്പിച്ചിരിക്കുന്നത്. നാൽപ്പതിലധികം പുതുമുഖങ്ങളുള്ള സിനിമ പട്ടാമ്പിയിലും പരിസരത്തുമായാണ് ചിത്രീകരിച്ചത്. അഭിനേതാക്കൾ പൂർണമായും പട്ടാമ്പിക്കാരാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
എസ് മൃദുൽ (ഛായാഗ്രഹണം), വിനായക് സുതൻ (എഡിറ്റിങ്), ഹരികുമാർ മാധവൻ നായർ (ഓഡിയോഗ്രഫി), വൈശാഖ് സോമനാഥ് (സംഗീതം) തുടങ്ങിയവാണ് മറ്റ് അണിയറ പ്രവർത്തകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..