22 December Sunday

തമിഴ് സിനിമയിലെ പുതുയുഗമുന്നേറ്റങ്ങൾ

ജി പി രാമചന്ദ്രന്‍Updated: Thursday Sep 12, 2024

‘തങ്കലാനി’ൽ പാർവതി തിരുവോത്ത്‌

മലയാള സിനിമയില്‍ ആണധീശത്വത്തിലൂടെ വേട്ടക്കാര്‍ വിലസുമ്പോള്‍ അതിനെതിരെ ധീരമായ സമരം നയിച്ച പാർവതി തിരുവോത്തിനെ തന്റെ സിനിമയുടെ നായികയാക്കി അവതരിപ്പിക്കുന്ന പാ രഞ്ജിത്ത് പഴയതും പുതിയതുമായ എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമുള്ള സമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുന്നു.

ജി പി രാമചന്ദ്രന്‍

ജി പി രാമചന്ദ്രന്‍

"അസമത്വത്തിന് എതിരെ പാ രഞ്ജിത് നയിക്കുന്ന പടയിൽ ഒരു പോരാളിയാകാൻ കഴിഞ്ഞതിന് നന്ദിയുണ്ട്. പാ രഞ്ജിത്തിനൊപ്പം ജോലി ചെയ്യണമെന്നുള്ളത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഗംഗമ്മ എന്ന കഥാപാത്രത്തെ മാത്രമല്ല അദ്ദേഹം നിർമിച്ചെടുക്കുന്ന ലോകത്തിനോടും കഥയോടും രാഷ്ട്രീയത്തോടും ഞാൻ യോജിക്കുന്നുണ്ട്. നമ്മൾ നമ്മുടെ ജീവിതത്തിൽ എന്തു ചെയ്താലും അത് പൊളിറ്റിക്കലായിരിക്കും. അരാഷ്ട്രീയം എന്നൊന്നില്ല. തങ്കലാൻ എന്ന സിനിമ ആഗസ്റ്റ് 15ന് റിലീസാവുക എന്നത് ഒരു യാദൃച്ഛികതയല്ല. എത്ര തന്നെ അസ്വസ്ഥത തോന്നിയാലും അസമത്വം നിലനിൽക്കുന്നുണ്ട് എന്നു നാം മനസ്സിലാക്കണം. അതിനെക്കുറിച്ച് പഠിക്കാൻ ശ്രമിക്കണം."
- പാർവതി തിരുവോത്ത്

പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാന്‍ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും മലയാളത്തിലും ഉള്ള വിവിധ ഭാഷാപതിപ്പുകള്‍ ആയി പ്രദര്‍ശനത്തിനെത്തി. ഈ സിനിമയില്‍, ജാത്യധീശത്വത്തിൽ നിന്നുള്ള വിമോചനത്തിനായി ഫ്യൂഡൽ രാജാധികാര ദൂഷിത വലയങ്ങളിൽ നിന്ന് കൊളോണിയൽ ശീതളഛായയിലേയ്ക്ക് കൂടു മാറുന്നുണ്ടെങ്കിലും അവിടെയും മർദനം ഏറ്റുവാങ്ങേണ്ടി വരുന്ന തങ്കലാൻ (വിക്രം) എന്ന നായകനും അയാളുടെ ഭാര്യ ഗംഗമ്മ (പാർവതി തിരുവോത്ത്) യും കുട്ടികളും മറ്റ് ഊരുവാസികളും കാലത്തെയും കാലങ്ങളെയും നിർവചിക്കുകയും പുനർനിർവചിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.

പാ രഞ്‌ജിത്തും പാർവതിയും ‘തങ്കലാന്റെ’ ലൊക്കേഷനിൽ

പാ രഞ്‌ജിത്തും പാർവതിയും ‘തങ്കലാന്റെ’ ലൊക്കേഷനിൽ

തങ്കലാന്‍ എന്നാല്‍ തങ്കത്തിന്റെ (സ്വര്‍ണം) പുത്രന്‍ എന്നാണർഥം. സംസ്‌കാരവും അവകാശബോധവും എല്ലാം നിറയുന്ന ആത്മാഭിമാന സ്വത്വത്തിന്റെ ഉറപ്പാണ് തങ്കലാന്‍ എന്ന കഥാപാത്രത്തിന്റെ കരുത്ത്. ഒരു നാളെങ്കില്‍ ഒരു നാള്‍ ആത്മാഭിമാനത്തോടെ ജീവിക്കുകയെന്നതാണ് നാം ലക്ഷ്യമിടേണ്ടത്. അല്ലാതെ ചാവുമോ എന്ന് പേടിച്ച് അടിമത്തവും അസ്‌പൃശ്യതയും പട്ടിണിയും സഹിച്ച് ജീവിച്ചിരിക്കാന്‍ വേണ്ടി പാടുപെടുകയല്ല എന്നാണ് തങ്കലാന്‍ വ്യക്തമായി പറയുന്നത്.

തമിഴ് സിനിമയിലെ ജനപ്രിയ താരമായ ചിയാന്‍ വിക്രത്തിന്റെ ജോഡിയായാണ് പാർവതി തിരുവോത്ത് തങ്കലാനില്‍ അഭിനയിച്ചിരിക്കുന്നത്. ഭാവാഭിനയത്തിന്റെ സങ്കീര്‍ണതകളിലേയ്ക്ക് പോകാനുള്ള വിക്രമിന്റെ കഴിവ് അന്യന്‍, പിതാമഹന്‍ തുടങ്ങിയ സിനിമകളിലൂടെ എല്ലാവര്‍ക്കും ബോധ്യമായിട്ടുള്ളതാണ്.

ആ വിക്രമിനെപ്പോലും പതറിക്കുന്ന രീതിയില്‍ തീ കോരിയിടുന്ന പോലെയാണ് പാർവതി ചില കോമ്പിനേഷന്‍ രംഗങ്ങളിലഭിനയിച്ചത് എന്നു പറയുന്നത് ഒട്ടും അതിശയോക്തിപരമല്ല.

പ്രശാന്ത് പ്രഭ ശാര്‍ങ്ഗധരന്‍ എഴുതുന്നു: ‘പാർവതി‐ വിക്രം കോംബോയില്‍ ചില ഘട്ടങ്ങളില്‍ പാർവതി അവതരിപ്പിച്ച ഗംഗമ്മയ്ക്ക് മുന്നില്‍ പതറിപ്പോകുന്നുണ്ട് തങ്കലാനെന്ന വിക്രമിന്റെ കഥാപാത്രം. ഒറ്റമുണ്ടില്‍ നിന്ന് ബ്ലൗസിലേക്കുള്ള മാറ്റസമയത്തുള്ള സ്ത്രീ സന്തോഷ രംഗങ്ങള്‍, ജനാധിപത്യപരമായ കുടുംബബന്ധങ്ങള്‍ പാലിക്കാന്‍ തങ്കലാനോട് ആവശ്യപ്പെടുന്ന ഗംഗമ്മയുടെ മൂര്‍ച്ചയുള്ള നോട്ടങ്ങള്‍, നര്‍മ്മരംഗങ്ങള്‍ തുടങ്ങി പാർവതി തിരുവോത്തില്‍ നിന്ന് ഇതുവരെ കാണാത്ത അഭിനയമുഹൂര്‍ത്തങ്ങള്‍ നിരവധിയുണ്ട് സിനിമയില്‍.അതുകൊണ്ടു തന്നെ ഉള്ളൊഴുക്കിലെ അഞ്ജുവിനേക്കാള്‍ തങ്കലാനിലെ ഗംഗമ്മയെന്ന നാലഞ്ച് കുട്ടികളുടെ അമ്മയായ നാല്പതുകള്‍ കഴിഞ്ഞ കഥാപാത്രം പാർവതിയുടെ കൈയില്‍ ഭദ്രമായിരുന്നു’. (ഇതുവരെ കാണാത്ത പാർവതി, പോരാട്ട വീര്യമുള്ള തങ്കലാന്‍ ‐ പ്രശാന്ത് പ്രഭ ശാര്‍ങ്ഗധരന്‍, ദ് ക്യൂ)

താന്‍ അമ്മയായിട്ടില്ലെങ്കിലും മാതൃത്വം എന്ന വൈകാരികവും ശാരീരികവുമായ അവസ്ഥയെക്കുറിച്ച് കൂടുതല്‍ ആഴത്തിലും വൈയക്തിക തലത്തിലും മനസ്സിലാക്കാന്‍ ഗംഗമ്മയുടെ കഥാപാത്രം തന്നെ പ്രേരിപ്പിച്ചു എന്ന് പാർവതി പറയുന്നു. തന്റെ കുട്ടികളായി അഭിനയിച്ചവര്‍ക്ക് ചിത്രീകരണകാലത്ത് താന്‍ യഥാർഥ അമ്മ തന്നെയായി മാറിയതുപോലെ അനുഭവപ്പെട്ടു.

അംബേദ്കര്‍

അംബേദ്കര്‍

ബ്രിട്ടീഷുകാരുടെ കൂടെ  കോളാറില്‍ പോയ തങ്കലാന്‍, ഗ്രാമത്തിലുള്ള എല്ലാവരെയും കൂട്ടി അവിടെ പണിക്കായി പോകുന്നതിന് ഗ്രാമത്തിലേക്ക്  തിരിച്ചെത്തുന്നതും അവിടെ നടക്കുന്നതുമായ രംഗങ്ങള്‍ വളരെ ശ്രദ്ധേയമാണ്.

ഫുള്‍സ്ലീവ് ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്ത് പാന്റ്‌സും ഷൂസുമെല്ലാമണിഞ്ഞ് ധ്വരയുടെ ശൈലിയിലാണ് തങ്കലാന്‍ കുതിരപ്പുറത്ത് തോക്കുമേന്തി വേപ്പൂരിലെത്തുന്നത്. കബാലിയിലെ നായകനായ കബാലി മലേഷ്യയില്‍ ഇരുപത്തഞ്ച് വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് പുറത്തു വരുന്നത് നീല നിറത്തിലുള്ള ഫുള്‍ സ്യൂട്ട് അണിഞ്ഞാണ്.

ഗാന്ധി വസ്ത്രം ഉപേക്ഷിക്കുന്നതില്‍ വലിയ വിപ്ലവമൊന്നുമില്ലെന്നും, അംബേദ്കര്‍ ത്രീപീസ് സ്യൂട്ടണിയുകയും ഭരണഘടന കൈയിലേന്തുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്യുന്നതിലാണ് വിപ്ലവം എന്നാണ് സ്റ്റാലിന്‍ രാജാങ്കം പറയുന്നത്. ‌തങ്കലാന്‍ ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും ഷൂസുമണിഞ്ഞെത്തുന്നതും സമാനമായ ഊർജമാണ് ദളിതരുടെ വിമോചനവാഞ്ഛയ്ക്ക് പകര്‍ന്നു നല്‍കുന്നത്.

ബ്ലൗസ് ധരിക്കാന്‍ സ്ത്രീകള്‍ക്കാര്‍ക്കും പ്രത്യേകിച്ച് ദളിത് സ്ത്രീകള്‍ക്ക്  അവകാശവും ലഭ്യതയും പ്രാപ്തിയും ഇല്ലാതിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലാണ് തങ്കലാന്റെ കഥ നടക്കുന്നത്.

ബ്ലൗസ് ധരിക്കാന്‍ സ്ത്രീകള്‍ക്കാര്‍ക്കും പ്രത്യേകിച്ച് ദളിത് സ്ത്രീകള്‍ക്ക്  അവകാശവും ലഭ്യതയും പ്രാപ്തിയും ഇല്ലാതിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലാണ് തങ്കലാന്റെ കഥ നടക്കുന്നത്. ഒറ്റമുണ്ട് കൊണ്ട് മാറിടവും മറച്ച് അതുതന്നെ താഴെയും കെട്ടി നടക്കുകയാണ് എല്ലാ പെണ്ണുങ്ങളും. ധ്വര (സായിപ്പ്) യെപ്പോലെ വേഷം ധരിച്ചെത്തുന്ന തങ്കലാന്‍, ഊരിലെ സ്ത്രീകള്‍ക്കെല്ലാമുള്ള ബ്ലൗസുകളും വാങ്ങിയാണ് വരുന്നത്.

ആ ബ്ലൗസുകള്‍, ഗംഗമ്മയടക്കമുള്ളവര്‍ അണിയുന്നതും "മിനിക്കി മിനിക്കി" എന്ന പാട്ടു പാടുന്നതുമെല്ലാം അവർ ശരീരായാസപരമായ സ്വാതന്ത്ര്യബോധമാർജിക്കുന്നതിന്റെ പ്രതിഫലനമാണ്.

ബ്ലൗസ് ധരിക്കാന്‍ അവകാശമില്ലാതിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ പെണ്ണുങ്ങളുടെ കാഴ്ചപ്പാട് എപ്രകാരമായിരുന്നുവെന്ന് ഊഹിക്കാനേ നിവൃത്തിയുള്ളൂവെന്നതിനാല്‍, ചരിത്രപരമായ ആ ഊഹത്തെ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ പാർവതി പ്രകടിപ്പിക്കുന്ന സൂക്ഷ്മത എടുത്തുപറയേണ്ടതാണ്.

കരുത്ത്, പ്രസാദാത്മകത്വം, ഉൽപതിഷ്ണുത്വം എന്നീ മനോഭാവങ്ങളുടെയെല്ലാം ഒരു സംലയനമാണ് പാർവതി അവതരിപ്പിക്കുന്ന ഗംഗമ്മയുടെ കഥാപാത്രം. താന്‍ കൊണ്ടുവന്ന പലഹാരങ്ങള്‍ എല്ലാവര്‍ക്കും കൊടുക്ക് എന്ന് കുടുംബനാഥന്‍ ശൈലിയില്‍ തങ്കലാന്‍ പറയുമ്പോള്‍, നിങ്ങള്‍ക്കെന്താ കൈയില്ലേ എടുത്തു കൊടുത്തൂടേ എന്നാണ് ഗംഗമ്മ ചോദിക്കുന്നത്.

കരുത്ത്, പ്രസാദാത്മകത്വം, ഉൽപതിഷ്ണുത്വം എന്നീ മനോഭാവങ്ങളുടെയെല്ലാം ഒരു സംലയനമാണ് പാർവതി അവതരിപ്പിക്കുന്ന ഗംഗമ്മയുടെ കഥാപാത്രം. താന്‍ കൊണ്ടുവന്ന പലഹാരങ്ങള്‍ എല്ലാവര്‍ക്കും കൊടുക്ക് എന്ന് കുടുംബനാഥന്‍ ശൈലിയില്‍ തങ്കലാന്‍ പറയുമ്പോള്‍, നിങ്ങള്‍ക്കെന്താ കൈയില്ലേ എടുത്തു കൊടുത്തൂടേ എന്നാണ് ഗംഗമ്മ ചോദിക്കുന്നത്. ഇതു കേട്ടതിന്റെ കൊച്ചു ചമ്മലോടെ, തങ്കലാന്‍ പലഹാരപ്പൊതി അഴിച്ച് എല്ലാവര്‍ക്കും വിതരണം  ചെയ്യുന്നു.

തലമുറകളായി നാം നമ്മുടെ മാന്യതയ്ക്കും ആത്മാഭിമാനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടിക്കൊണ്ടേ ഇരിക്കുകയാണ്. ജാത്യധീശത്വം നിലനിര്‍ത്തുന്നവര്‍ നമ്മളെ കൊന്നൊടുക്കുകയാണ്. അതിനു പകരം ആ വ്യവസ്ഥ മാറ്റുന്നതിനു

‘തങ്കലാനി’ലെ ഒരു രംഗം

‘തങ്കലാനി’ലെ ഒരു രംഗം

വേണ്ടി പ്രയത്‌നിച്ച് മരിക്കുകയാണ് നാം ചെയ്യേണ്ടത് എന്നാണ് തങ്കലാന്‍ പറയുന്നത്.

നോക്കുക, മലയാള സിനിമയില്‍ ആണധീശത്വത്തിലൂടെ വേട്ടക്കാര്‍ വിലസുമ്പോള്‍ അതിനെതിരെ ധീരമായ സമരം നയിച്ച പാർവതി തിരുവോത്തിനെ തന്റെ സിനിമയുടെ നായികയാക്കി അവതരിപ്പിക്കുന്ന പാ രഞ്ജിത്ത് പഴയതും പുതിയതുമായ എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമുള്ള സമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുന്നു.

തങ്കലാന്റെ ഓഡിയോ ലോഞ്ചിങ്‌ സമയത്ത് പാർവതി തിരുവോത്ത് നടത്തിയ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ‘പാ രഞ്ജിത്തിനൊപ്പം വർക്ക് ചെയ്യണമെന്നുള്ളത് എന്റെ നീണ്ട നാളത്തെ ആഗ്രഹമാണ്. അത് നടക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയുമായിരുന്നില്ല, ഞാൻ ഗംഗമ്മയായി അദ്ദേഹത്തിന്റെ സിനിമയിലേക്ക് വരണം എന്നുള്ളത് എവിടെയോ എഴുതിയിട്ടുണ്ട്. അദ്ദേഹം എന്നെ വിളിച്ചപ്പോൾ എനിക്ക് അപ്പോൾത്തന്നെ സമ്മതം പറയണമെന്നുണ്ടായിരുന്നു, പക്ഷേ ഞാൻ അദ്ദേഹത്തോട് നരേഷൻ വേണമെന്നെല്ലാം പറഞ്ഞ് ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ടോർച്ചർ ചെയ്തു. എന്നാൽ അദ്ദേഹം വളരെ ക്ഷമയുള്ള ആളായിരുന്നു. അതും തുടക്കത്തിൽ മാത്രം. ഗംഗമ്മ എന്ന കഥാപാത്രം മാത്രമല്ല അദ്ദേഹം നിർമിച്ചെടുക്കുന്ന ലോകവും കഥയും രാഷ്ട്രീയവും തുടങ്ങി എല്ലാത്തിലും ഞാൻ യോജിക്കുന്നുണ്ട്. അതിനു വേണ്ടി ഗംഗമ്മയായി ജീവിക്കാൻ അവസരം ലഭിച്ചതിന് നന്ദി.’

‘സിനിമ എന്നത് ഒരു എന്റർടെയ്നർ ആയിരിക്കാം, അല്ലെങ്കിൽ ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കാം. എന്നിരുന്നാലും നമ്മൾ നമ്മുടെ ജീവിതത്തിൽ എന്ത് ചെയ്താലും അത് പൊളിറ്റിക്കലായിരിക്കും. അരാഷ്ട്രീയം എന്നൊന്നില്ല.നിങ്ങള്‍ അരാഷ്ട്രീയവാദിയാണെന്നു പറഞ്ഞാല്‍, നിങ്ങള്‍ ചൂഷണത്തെ അനുകൂലിക്കുന്നു എന്നാണ് അർഥം. നമ്മുടെ സിനിമ തങ്കലാൻ ആഗസ്ത്‌ 15ന് റിലീസാവുക എന്നത് ഒരു യാദൃച്ഛികതയല്ല. സ്വാതന്ത്ര്യം, അടിച്ചമർത്തലുകൾ, തുടങ്ങിയ വാക്കുകളെല്ലാം എപ്പോഴും നമ്മള്‍ ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്.

ആ അസമത്വം എന്തുകൊണ്ട് നിലനിൽക്കുന്നു എന്നതിനെക്കുറിച്ച് നമ്മൾ പഠിച്ചുകൊണ്ടേയിരിക്കണം. അതിൽ എത്രത്തോളം അസ്വസ്ഥത തോന്നിയാലും അത് നിങ്ങൾ അംഗീകരിച്ചേ മതിയാവൂ. വ്യക്തിപരമായതെല്ലാം രാഷ്ട്രീയപരവുമാണ്. കല രാഷ്ട്രീയമാണ്. അതിന് വേണ്ടി രഞ്ജിത്ത് ഒരു പടയെത്തന്നെ നയിക്കുന്നുണ്ട്. അതിൽ ഒരു പടയാളി ആകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്’‐ പാർവതി കൂട്ടിച്ചേർത്തു.

അവിടെ വച്ചു തന്നെ വിക്രം പറഞ്ഞതിപ്രകാരമാണ്: ‘പാ ര‍ഞ്ജിത് പറഞ്ഞപോലെ പണ്ടത്തെകാലം ഇപ്പോഴത്തെ പോലെയല്ലായിരുന്നു. ആ കാലത്ത് സ്ത്രീകളും ജോലിക്കു പോകുമായിരുന്നു. സ്ത്രീകളും യുദ്ധത്തിനു പോകുമായിരുന്നു. അവരുടെ കൈകളും പുരുഷന്മാരുടെ കൈകൾക്ക് സമാനമായിരിക്കും. അത്തരത്തിൽ സമത്വമുണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

അതുകൊണ്ട് ആ കഥാപാത്രവും അങ്ങനെ തന്നെയാണ്. പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും ശക്തരായവരായിരിക്കും. ഈ സിനിമയിലും അങ്ങനെ തന്നെയാണ്.  തമിഴ് സിനിമയില്‍ അടുത്തകാലത്തു കണ്ട ഏറ്റവും ശക്തയായ സ്ത്രീകഥാപാത്രമാണ് പാർവതി അവതരിപ്പിച്ച ഗംഗമ്മ.’

മിത്ത്, ചെറുത്തുനില്പ്, വിശ്വാസം, നായകത്വം, അതിനായകത്വം, പ്രണയം, ലൈംഗികാകർഷണം, നിലം, അധ്വാനം, സ്വപ്നം എന്നിങ്ങനെ പല തലങ്ങളിലൂടെയുള്ള തങ്കലാനിലെ ആഖ്യാന സഞ്ചാരങ്ങൾ വിസ്മയാവഹമാണ്. സമകാലിക ഇന്ത്യയെ സൂക്ഷ്മമായി വെളിപ്പെടുത്താനുള്ള രാഷ്ട്രീയ ജാഗ്രത എടുത്തുപറയേണ്ടതാണ്.

പല തലമുറകൾക്കു മുമ്പ്, രാജാവിനെ ചെങ്കോലേ എന്നു വിളിക്കുന്ന ദളിതൻ, ആരതി എന്ന മിത്തിലെ ദേവി‌യുടെ വാഹനമായി കരുതുന്ന പോത്തിനെ വെട്ടിനുറുക്കി ഭക്ഷണവും (ബീഫ്) നാളത്തെ അധ്വാനത്തിനുള്ള ഊർജം മാത്രവുമാക്കുന്ന തങ്കലാന്റെ ആഹ്വാനവും സംഘടിത വൃത്തിയും എല്ലാം ഇതിന്റെ ഉദാഹരണങ്ങൾ. മാജിക്കല്‍ റിയലിസത്തിന്റെ ആഖ്യാനരീതി തങ്കലാനില്‍ പലപ്പോഴും കാണാം.

‘തങ്കലാനി’ൽ വിക്രമും പാർവതിയും

‘തങ്കലാനി’ൽ വിക്രമും പാർവതിയും

മദ്രാസ് പ്രസിഡന്‍സിയിലെ  വടക്കേ ആര്‍ക്കാട് ജില്ലയിലെ വേപ്പൂര്‍ ഗ്രാമത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിലാണ് കഥ നടക്കുന്നത്. തങ്കലാനും  ഭാര്യ ഗംഗമ്മയും അവരുടെ കുട്ടികളും ആ ഗ്രാമത്തില്‍ കൃഷി ചെയ്തു ജീവിക്കുന്നു. ആ ഊരിലെ മിക്കവാറും പേരും ജമീന്ദാറുടെ അടിമകളാണെങ്കിലും തങ്കലാന് കുറച്ചു നിലം സ്വന്തമായുണ്ടായിരുന്നു.

എന്നാല്‍, അവിടെനിന്ന് കൊയ്‌തെടുത്ത ധാന്യക്കറ്റകള്‍ രാത്രിയില്‍ ജമീന്ദാറുടെ ഗുണ്ടകള്‍ കത്തിക്കുന്നു. അതോടെ, ബ്രിട്ടീഷ് ഭരണക്കാര്‍ക്കായി കരം പിരിച്ചെടുക്കാന്‍ അധികാരമുള്ള ജമീന്ദാര്‍ തങ്കലാനെയും കുടുംബത്തെയും അടിമകളാക്കി മാറ്റുന്നു.

രണ്ടു വയസ്സുള്ള കുട്ടി വരെ അടിമയായിരിക്കുമെന്ന് വ്യക്തമായി പറയുന്ന ഉത്തരവ് വായിക്കുമ്പോള്‍ എത്രമാത്രം ക്രൂരമായാണ് അക്കാലത്തെ സാമ്രാജ്യത്വത്തിന്റെ പിണിയാളുകള്‍ കൂടിയായ ജാതി ജന്മിത്വ നാടുവാഴിത്ത വ്യവസ്ഥ പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമാവും.

ഇവിടേയ്ക്കാണ് ക്ലെമന്റ് എന്ന ബ്രിട്ടീഷ് സായിപ്പ്, കോളാര്‍ മേഖലയില്‍ സ്വര്‍ണനിക്ഷേപങ്ങളുണ്ടെന്നും അതു ശേഖരിക്കുന്നതിന് വേപ്പൂരിലെ ഊരുവാസികളുടെ തൊഴില്‍ ആവശ്യമുണ്ടെന്നും പറഞ്ഞെത്തുന്നത്.

സ്വര്‍ണം ശേഖരിക്കാനായി നേരത്തെ പോയിട്ടുള്ളവരുടെ ദുരനുഭവങ്ങള്‍ അറിയാവുന്ന ഗംഗമ്മ അടക്കമുള്ള ഊരുകാരെല്ലാം ഇക്കാര്യത്തില്‍ നിന്നു പിന്തിരിയുകയും തുനിയുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്യുമ്പോള്‍, തങ്കലാന്‍ താന്‍ വരാമെന്ന് പറയുകയാണ് ചെയ്യുന്നത്.

സാഹസികമായ ജോലിയാണ്, ജീവനപകടവുമുണ്ട് എന്നാല്‍ അടിമത്തത്തിനു പകരം അഭിമാനമാണ് താന്‍ ആർജിക്കാന്‍ പോകുന്നതെന്ന നിശ്ചയമാണ് തങ്കലാനെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. മകന്‍ അശോകനെയും ഗംഗുപട്ടര്‍ (പശുപതി) അടക്കം ഏതാനും ഊരുവാസികളെയും അയാള്‍ കൂടെ കൂട്ടുന്നു.

പശുപതി അവതരിപ്പിക്കുന്ന ഗംഗുപട്ടര്‍ രാമാനുജന്റെ അനുയായിയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വൈഷ്ണവ മത പണ്ഡിതനായ രാമാനുജന്‍, ഭക്തിപ്രസ്ഥാനത്തിലൂടെ ബ്രാഹ്മണേതരരായവരെയും തന്റെ അനുയായികളാക്കിയിരുന്നു. ശ്രീ ആൾവാര്‍ ദിവ്യപ്രബന്ധം പഠിച്ചാല്‍ ആത്മീയോർജം ലഭിക്കുന്നവരാണെല്ലാവരും എന്നദ്ദേഹം പറഞ്ഞു.

തിരുക്കുലത്തര്‍ എന്നദ്ദേഹം വിളിക്കുന്ന കീഴാളരെ മേലുക്കോട്ടെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗംഗുപട്ടര്‍ അതനുസരിച്ച് പൂണൂല്‍ ധരിക്കുകയും ഊരിലെ കുട്ടികളെ തന്റെ കൂടെ കൂട്ടുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അയാള്‍ക്ക് പൂണൂല്‍ ധരിക്കാനോ ദൈവാരാധന നടത്താനോ അര്‍ഹതയില്ല എന്ന നിലപാടാണ് ബ്രിട്ടീഷുകാരന്റെ സഹായിയായെത്തുന്ന ബ്രാഹ്മണന്‍ സ്വീകരിക്കുന്നത്. 

അത്തരമൊരു ‘ഉദാര' ഭക്തിപ്രസ്ഥാനത്തിന് പരിഹരിക്കാവുന്നതല്ല ദളിതരുടെയും അധഃസ്ഥിതരുടെയും ജാതിപ്രതിസന്ധി എന്നാണ് ആത്യന്തികമായി തെളിയിക്കുന്നത്.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്റെ കുട്ടികള്‍ക്ക് തങ്കലാന്‍ പറഞ്ഞുകൊടുക്കുന്ന പഴങ്കഥകളിലാണ് സ്വര്‍ണം അരിച്ചെടുക്കുന്ന കാടയന്റെയും അയാളെ തടയുന്ന ആരതി (മാളവിക മോഹനന്‍) യുടെയും കഥയുള്ളത്. ഈ കഥകളെല്ലാം പറയുക മാത്രമല്ല, അതു വിശ്വസിക്കുകയും അതിന്റെ ബാധകളും പരകായപ്രവേശങ്ങളും സ്വയം ഏറ്റുവാങ്ങുകയും ചെയ്യുന്ന ഒരു കഥാപാത്രാ/ഖ്യാതാവാണ് (character cum narrator) തങ്കലാന്‍.

ആരതി, നാഗര്‍ എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവളാണ്. ഇവര്‍ കാടുകളിലാണ് ജീവിക്കുന്നത്. തങ്കലാനാകട്ടെ കാര്‍ഷികവൃത്തിയുമായി ഇടനാട്ടിലാണുള്ളത്. അയാളുടെ ജാതി, ആദിദ്രാവിഡ ജാതിയായ പറയന്‍ ആണെന്നത് വ്യക്തമാണ്‌. ആധുനിക കോളാര്‍ സ്വര്‍ണഖനിയില്‍ ഏറ്റവും ആദ്യഘട്ടത്തില്‍ തൊഴിലെടുത്തത് പറയ വിഭാഗത്തില്‍പ്പെട്ടവരാണെന്നത് ചിത്രത്തിന്റെ അന്ത്യഭാഗത്തുള്ള ക്രെഡിറ്റ് കാര്‍ഡുകളില്‍ രേഖപ്പെടുത്തുന്നുണ്ട്.

ഡോ. ബി ആര്‍ അംബേദ്‌കര്‍

ഡോ. ബി ആര്‍ അംബേദ്‌കര്‍

ചലച്ചിത്ര നിരൂപകനായ രാജേഷ് രാജാമണി എഴുതുന്നു: ‘അസ്‌പൃശ്യര്‍ അവര്‍ ആരായിരുന്നു എന്ന പുസ്തകത്തില്‍ ഡോ. ബി ആര്‍ അംബേദ്‌കര്‍ പറയുന്നതുപോലെ ദ്രാവിഡരും നാഗന്മാരും ഒന്നു തന്നെയാണ്. അംബേദ്‌കര്‍ എഴുതുന്നത് ഇപ്രകാരമാണ്: ദ്രാവിഡര്‍ ആരാണ്? അവര്‍ നാഗന്മാരില്‍ നിന്ന് വ്യത്യസ്തരാണോ? അതല്ല, ഇതു രണ്ടും ഒരേ വംശക്കാരായ ജനതയെ കുറിക്കുന്ന വ്യത്യസ്ത പേരുകളാണോ? ജനസാമാന്യത്തിന്റെ അഭിപ്രായം ദ്രാവിഡരെന്നും നാഗന്മാരെന്നും പറയുന്നത് രണ്ടു വ്യത്യസ്ത വംശങ്ങളുടെ പേരുകളാണെന്നത്രെ. ഈ പ്രസ്താവന അനേകമാളുകളെ ഞെട്ടിപ്പിക്കുമെന്ന് തീര്‍ച്ചയാണ്.

എന്നിരുന്നാലും ദ്രാവിഡരെന്നും നാഗന്മാരെന്നും പറയുന്നത്, ഒരേ ജനതയുടെ രണ്ടു വ്യത്യസ്ത പേരുകള്‍ മാത്രമാണെന്നത് വസ്തുതയാകുന്നു. ദ്രാവിഡരെന്നും നാഗന്മാരെന്നും പറയുന്നത് ഒരേ ജനതയുടെ രണ്ടു വ്യത്യസ്ത പേരുകള്‍ മാത്രമാണെന്ന പ്രമേയം അംഗീകരിക്കാന്‍ വളരെച്ചുരുക്കം പേര്‍ മാത്രമേ തയ്യാറാവുകയുള്ളൂവെന്നത് നിഷേധിക്കാനാവില്ല.

ദ്രാവിഡരും നാഗന്മാരും ദക്ഷിണേന്ത്യ മാത്രമല്ല അധിനിവേശിച്ചിരുന്നത്, പിന്നെയോ, അവര്‍ ഇന്ത്യ മുഴുവനും ദക്ഷിണേന്ത്യയും അതുപോലെ തന്നെ ഉത്തരേന്ത്യയും അധിനിവേശിച്ചിരുന്നുവെന്നത് അംഗീകരിക്കാന്‍ അതിലും കുറച്ചു പേര്‍ മാത്രമേ തയ്യാറാവുകയുള്ളൂ. എന്നിരുന്നാലും ഇവ ചരിത്രസത്യങ്ങളാകുന്നു.’ (ഡോ. അംബേദ്‌കര്‍ സമ്പൂര്‍ണ കൃതികള്‍ മലയാള പരിഭാഷ വാല്യം 14, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്. പരിഭാഷ: ഇഗ്നേഷ്യസ് കാക്കനാടന്‍).

പറയ ജാതിക്കാര്‍ അഥവാ ആദിദ്രാവിഡര്‍ തങ്ങളുടെ സ്വത്വവും സ്വാതന്ത്ര്യ ബോധവും അവരുടെ നായകനായി അവതരിപ്പിക്കപ്പെടുന്ന തങ്കലാനിലൂടെ തിരിച്ചറിയുന്നതും അതിനായി പൊരുതുന്നതുമാണ് ഈ സിനിമയുടെ മുഖ്യ പ്രമേയങ്ങളിലൊന്നായി വരുന്ന പഴങ്കഥകളിലെ കഥാപാത്രങ്ങളും അവരുമായി തങ്കലാന്‍ സ്ഥാപിക്കുന്ന ബന്ധങ്ങളും പാരസ്‌പര്യങ്ങളും കാണിച്ചുതരുന്നത്.

കാടയന്‍ എന്ന തങ്കലാന്റെ മുതുമുത്തച്ഛന്‍ (വിക്രം) തനിക്കായി സ്വര്‍ണം ശേഖരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന രാജാവിനോട് പകരം ആവശ്യപ്പെടുന്നത് നിലമാണ്. ജീവസ്ഥാനം, ബ്രഹ്മസ്ഥാനം, ദേവസ്ഥാനം (ജന്മം, ബ്രഹ്മസ്വം, ദേവസ്വം) എന്നീ പേരുകളിട്ട് ആദിമനിവാസികളുടെ നിലം മുഴുവനും രാജാവും നാടുവാഴികളും തട്ടിപ്പറിച്ചെടുത്തില്ലേ, അതാണ് ഞങ്ങള്‍ തിരിച്ചുചോദിക്കുന്നത് എന്നാണ് കാടയന്‍ പറയുന്നത്.

പഞ്ചമര്‍ നിലം ആവശ്യപ്പെടുകയോ എന്നാണ് രാജാവിനൊപ്പമുള്ള ബ്രാഹ്മണബാലന്‍ ഇതിനെ പരിഹസിക്കുന്നത്.

എല്ലാ സമുദായങ്ങള്‍ക്കും താഴെയുള്ളവര്‍ ശൂദ്രരിലും താഴെയുള്ള അധഃസ്ഥിതര്‍ എന്നാണ് പഞ്ചമര്‍ എന്ന വാക്കിന്റെ ഉദ്ദേശ്യം. തമിഴ്‌നാട്ടിലെ ദളിത് നവോത്ഥാന നായകനായ   അയോത്തിദാസ് പണ്ഡിതർ 1891ല്‍ റെട്ടൈമലൈ ശ്രീനിവാസനോടൊപ്പം ചേര്‍ന്ന് പഞ്ചമര്‍ മഹാസഭ എന്ന സംഘടന രൂപീകരിക്കുന്നുണ്ട്.

പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്ന വ്യാജ ആവരണത്തോടെ അടുത്തകാലത്ത് തെലുങ്കില്‍ നിന്നും കന്നടയില്‍ നിന്നും വിക്ഷേപണം ചെയ്യപ്പെട്ട ഏതാനും സിനിമകളുടെ സമഗ്രാധിപത്യപരവും സവര്‍ണവരേണ്യവും ആയ ഭാവുകത്വത്തെ തങ്കലാന്‍ നിഷേധിക്കുന്നു.

പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്ന വ്യാജ ആവരണത്തോടെ അടുത്തകാലത്ത് തെലുങ്കില്‍ നിന്നും കന്നടയില്‍ നിന്നും വിക്ഷേപണം ചെയ്യപ്പെട്ട ഏതാനും സിനിമകളുടെ സമഗ്രാധിപത്യപരവും സവര്‍ണവരേണ്യവും ആയ ഭാവുകത്വത്തെ തങ്കലാന്‍ നിഷേധിക്കുന്നു.

ഒന്നും രണ്ടും കെജിഎഫുകള്‍, ആര്‍ ആര്‍ ആര്‍ എന്നീ സിനിമകളില്‍ നിന്ന് തങ്കലാനിലേക്കുള്ള ദൂരം വ്യക്തമായാല്‍ ഇത് വെളിപ്പെടും. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിനെ മാഫിയാ കോർപറേറ്റ് കേന്ദ്ര ഭരണ പ്രതിഭാസമായും അതിന്റെ പ്രതികാര രഥയാത്രകളായും വിലോഭനീയവത്‌കരിക്കപ്പെടുന്ന ഒന്നും രണ്ടും കെജിഎഫുകള്‍, കോളാര്‍ തങ്കനിലം അഥവാ കോളാര്‍ സ്വര്‍ണഖനിയുടെ തൊഴിലാളി, അധഃസ്ഥിത, ദളിത്, മനുഷ്യാധ്വാന ഉള്ളടക്കത്തെ റദ്ദു ചെയ്യാനുദ്ദേശിക്കുന്ന സിനിമയാണ്.

അതേ തങ്കനിലം, ആദിദ്രാവിഡരായ പറയജനതയുടെ ത്യാഗോജ്വലമായ അധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലവും പ്രതിഫലവുമാണെന്ന ചരിത്രയാഥാർഥ്യമാണ് തങ്കലാനില്‍ വ്യാഖ്യാനിക്കപ്പെടുന്നത്.

ആരതിയുടെ വയര്‍ കീറുമ്പോള്‍ ചീറ്റുന്ന ചോര പടര്‍ന്നാണ് മണ്ണും പാറയും സ്വര്‍ണമായി മാറുന്നതെന്ന മിത്തും ദൃശ്യവത്ക്കരിക്കുന്നുണ്ട്. അലറലും ചോരയും സ്വര്‍ണവുമായി അഥവാ ഭൂമിയുടെ യഥാർഥ മൂല്യവുമായി ആദിമജനതയ്ക്കുള്ള അഭേദ്യബന്ധമാണ് ഇവിടെ പ്രതീകവത്‌കരിക്കപ്പെടുന്നത്.

ഈ നാടും അതിലെ ഭൂമിയും വെള്ളവും ധാന്യങ്ങളും മൂലകങ്ങളും ലോഹങ്ങളും എല്ലാം യഥാർഥത്തില്‍ ദളിതര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ദളിതരുടെ ചരിത്രവും പഴമ്പുരാണങ്ങളും എല്ലാം ഇതാണ് പറയുന്നത്.

ഇതിനെ എല്ലാവിധത്തിലും അട്ടിമറിച്ച ബ്രാഹ്മണാധീശത്വമാണ് പക്ഷെ പില്‍ക്കാലത്ത് പുരാണവും ഇതിഹാസങ്ങളും മതമേധാവിത്തവും, എന്തിന് ദൈവത്തെപ്പോലും കൈവശപ്പെടുത്തി പരമാധികാരം കൈയാളിയത്. ബുദ്ധമതാനുയായികളായിരുന്ന ദ്രാവിഡരെ ആര്യാധിനിവേശത്തിലൂടെ ബ്രാഹ്മണര്‍ കീഴ്‌പ്പെടുത്തിയ ചരിത്രമാണ് കെജിഎഫിനെയും നിര്‍ണയിച്ചത്.

സാമ്പത്തികവും മറ്റുമായ ഫലങ്ങളെടുക്കുന്നതിനു പുറമെ, സാംസ്‌കാരികച്ചരക്ക് എന്ന നിലയ്ക്കുള്ള സ്വര്‍ണത്തിന്റെ മൂല്യവും ബ്രാഹ്മണരും ഉപരിവര്‍ഗവും ആണ് കൈകാര്യം ചെയ്തത്. ഈ മൂല്യത്തെ തിരിച്ചെടുക്കുന്നതിനു വേണ്ടിയിട്ടുകൂടിയാണ് പാ രഞ്ജിത്ത്, ആരതി എന്ന നാഗദേവതയുടെ രക്തമാണ് സ്വര്‍ണത്തിന്റെ യഥാർഥ മൂല്യം എന്ന് സ്ഥാപിക്കുന്നത്.

രാജവാഴ്ചക്കാലത്താണ് നാഗ പാരമ്പര്യവും ബുദ്ധമതവും ഇവിടങ്ങളിലെല്ലാം തകര്‍ക്കപ്പെട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് കമ്യൂണിസ്റ്റുകാര്‍ തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നയിക്കുകയും അവര്‍ക്കെതിരെ പട്ടാളവും പൊലീസും വെടിവെയ്‌ക്കുകയും ആറു സഖാക്കള്‍ രക്തസാക്ഷികളാകുകയും ചെയ്തു.

‘തങ്കലാനി’ൽ നിന്ന്‌

‘തങ്കലാനി’ൽ നിന്ന്‌

വെടിവെയ്‌പില്‍ കൊല്ലപ്പെട്ടത്‌ രാമയ്യ, കണ്ണന്‍, ചിന്നപ്പന്‍, കാളിയപ്പന്‍, സുബ്രമണി, രാമസ്വാമി എന്നീ സഖാക്കളാണ് (1946 നവംബര്‍ 4). സര്‍ക്കാര്‍ കെജിഎഫ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍, ദളിതരായ ഖനിത്തൊഴിലാളികള്‍ അതേറ്റെടുക്കാന്‍ തയ്യാറാണെന്ന് സിപിഐ എം നേതാവ് സഖാവ് വി ജെ കെ നായര്‍ പ്രഖ്യാപിച്ചിരുന്നു.

കമ്യൂണിസ്റ്റുകാരും അംബേദ്കറിസ്റ്റുകളും പെരിയാറിസ്റ്റുകളും ചേര്‍ന്ന സംയുക്തസമരമാണ് ഇക്കാര്യത്തില്‍ അന്തിമഫലം നേടിയെടുക്കാന്‍ വേണ്ടതെന്ന ‘കാല’യിലെ മുദ്രാവാക്യം ഇവിടെയും ബാധകമാണ്. നമ്മുടെ നാടും അതിന്റെ വിഭവങ്ങളും സംരക്ഷിക്കാന്‍ നാം ഒന്നിക്കണം.

നമുക്കത് ഒരുമിച്ച് സംരക്ഷിക്കാം എന്നാണ് ആരതി തങ്കലാനോട് പറയുന്നത്.  ബ്രിട്ടീഷുകാര്‍ക്കൊപ്പമുണ്ടായിരുന്ന തങ്കലാനും നാഗദേവതയും സ്വര്‍ണത്തിന്റെ കാവല്‍ക്കാരിയായ ആരതിയും അവസാനം ഒന്നിക്കുന്നതും ഈ സന്ദേശം പ്രാവര്‍ത്തികമാക്കാനാണ്.

ജല്‍, ജംഗല്‍, ജമീന്‍ (ജലം, കാട്, ഭൂമി) എന്ന അടിസ്ഥാനപരവും ഗംഭീരവുമായ മുദ്രാവാക്യം ഉയര്‍ത്തി ബ്രിട്ടീഷുകാര്‍ക്കെതിരെയും നാട്ടുരാജാക്കന്മാര്‍ക്കെതിരെയും ജന്മിത്ത നാടുവാഴിത്ത ജാതിവ്യവസ്ഥയ്‌ക്കെതിരെയും സമരം നയിച്ച കൊമുറം ഭീം എന്ന ആദിവാസി നേതാവിനെ, അല്ലൂരി സീതാരാമരാജു എന്ന ബ്രാഹ്മണനായ സ്വാതന്ത്ര്യസമര നേതാവിനു മുമ്പില്‍ അറിവില്ലാത്തവനായി അവതരിപ്പിച്ച ആര്‍ ആര്‍ ആര്‍ ബോധപൂർവമുള്ള അസത്യത്തെ പുതുകാല ഡാറ്റയായി ഉറപ്പിച്ചെടുക്കാനുള്ള പരിശ്രമമായിരുന്നു.

വാസ്തവത്തില്‍ ഇവര്‍ രണ്ടുപേരും ഒരേ കാലത്ത് ജീവിച്ചവരല്ല. കണ്ടുമുട്ടിയിട്ടു തന്നെ ഉണ്ടാവില്ല.

ഭൂമി (നിലം) ക്കു വേണ്ടിയുള്ള അവകാശപ്പോരാട്ടമാണ് ദളിതര്‍ക്കും ആദിവാസി ജനതയ്ക്കും സുപ്രധാനമായി നിർവഹിക്കാനുള്ളത് എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തങ്കലാന്‍ ആര്‍ ആര്‍ ആറിന്റെ പ്രതിലോമപരതയെയും ചെറുക്കുന്നു.

ഭൂമി (നിലം) ക്കു വേണ്ടിയുള്ള അവകാശപ്പോരാട്ടമാണ് ദളിതര്‍ക്കും ആദിവാസി ജനതയ്ക്കും സുപ്രധാനമായി നിർവഹിക്കാനുള്ളത് എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തങ്കലാന്‍ ആര്‍ ആര്‍ ആറിന്റെ പ്രതിലോമപരതയെയും ചെറുക്കുന്നു.

സ്വര്‍ണം അരിച്ചെടുക്കുന്നതിനു പകരമായി നിങ്ങള്‍ക്കെന്താണ് വേണ്ടത് എന്ന രാജാവിന്റെ ചോദ്യത്തിനു മറുപടിയായി കാടയന്‍ പറയുന്നതിപ്രകാരമാണ്: ‘നെലം ചെങ്കോലേ നെലം.’ നിലമാണ് തങ്ങള്‍ക്കാവശ്യം എന്നതു മാത്രമല്ല, രാജാവിനെ കാടയന്‍ വിളിക്കുന്നത് ചെങ്കോലേ എന്നാണെന്നതാണ് ഏറ്റവും പ്രധാനം.

ചെങ്കോല്‍ അധികാരത്തിന്റെ പ്രകടനമായി അടുത്തിടെ ഇന്ത്യന്‍ പാർലമെന്റില്‍ സ്ഥാപിച്ചിരുന്നു.തമിഴ്‌നാട്ടില്‍ നിന്നാണ് അതു കൊണ്ടു പോയതും. അതുകൊണ്ട്, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആദിവാസിയായിരുന്ന മൂപ്പന്‍ രാജാവിനെ ചെങ്കോലേ എന്നു വിളിച്ചിരുന്നു എന്ന് പുതിയ തമിഴ് സിനിമയിലൂടെ തന്നെ നാം കേള്‍ക്കുമ്പോള്‍, പുതിയ കാലത്തെ ഇന്ത്യന്‍ ജനതയെ ചരിത്രത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് പാ രഞ്ജിത്ത് ചെയ്യുന്നത്.

ചെങ്കോല്‍ അധികാരത്തിന്റെ പ്രകടനമായി അടുത്തിടെ ഇന്ത്യന്‍ പാർലമെന്റില്‍ സ്ഥാപിച്ചിരുന്നു.തമിഴ്‌നാട്ടില്‍ നിന്നാണ് അതു കൊണ്ടു പോയതും. അതുകൊണ്ട്, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആദിവാസിയായിരുന്ന മൂപ്പന്‍ രാജാവിനെ ചെങ്കോലേ എന്നു വിളിച്ചിരുന്നു എന്ന് പുതിയ തമിഴ് സിനിമയിലൂടെ തന്നെ നാം കേള്‍ക്കുമ്പോള്‍, പുതിയ കാലത്തെ ഇന്ത്യന്‍ ജനതയെ ചരിത്രത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് പാ രഞ്ജിത്ത് ചെയ്യുന്നത്.

രാജാവിനെ, അയാളുടെ മര്‍ദനോപകരണവും അധികാരചിഹ്നവുമായ ചെങ്കോലേ എന്നു വിളിക്കുന്നതു പോലെ, മേല്‍ജാതിക്കാരനായ നാടുവാഴിയുടെ കണക്കപ്പിള്ളയായ ബ്രാഹ്മണനെ കണക്കേ എന്നാണ് തങ്കലാന്‍ വിളിക്കുന്നത്. അടിയാളരെ ചൂഷണം ചെയ്യാനും നിത്യാടിമകളാക്കി വെയ്ക്കാനുമുള്ള കണക്കുവിദ്യക്കാരനാണ് അയാള്‍ എന്നതിനാല്‍ അയാളുടെ മര്‍ദനമുറയെത്തന്നെ അയാളുടെ പേരാക്കി വിളിക്കുന്ന തങ്കലാന്റെ ധാര്‍ഷ്ട്യം എത്രമാത്രം ഉചിതമാണെന്നു നോക്കുക.

സ്വര്‍ണം തേടിയുള്ള അധ്വാനത്തിന്റെ ഒരു ഘട്ടത്തില്‍, ബ്രിട്ടീഷ് മേധാവി സായിപ്പായ ക്ലെമന്റിന്റെ പക്കലുള്ള പണവും ഭക്ഷ്യവസ്തുക്കളും എല്ലാം ശുഷ്‌കമാവുന്നു. അഥവാ അപ്രകാരമാണ് അയാളും പിണിയാളുകളും തൊഴിലാളികളോട് പറയുന്നത്. ഇനി സ്വര്‍ണം കണ്ടെത്തിയാലേ കൂലിയുള്ളൂ എന്നുതന്നെ കങ്കാണിയായ മേല്‍ജാതിക്കാരന്‍ പ്രഖ്യാപിക്കുന്നുമുണ്ട്. അപ്പോഴാണ് അവരുടെ കണ്‍മുന്നില്‍ ഒരു പോത്ത് പ്രത്യക്ഷപ്പെടുന്നത്.

‘തങ്കലാനി’ലെ ഒരു രംഗം

‘തങ്കലാനി’ലെ ഒരു രംഗം

ഇതാ നിങ്ങളുടെ ഭക്ഷണം തയ്യാര്‍ (യുവര്‍ ഫുഡ് ഈസ് റെഡി) എന്ന് ക്ലെമന്റ് സായിപ്പ് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. എല്ലാവരും പോത്തിനെ പിടികൂടാനായി മുന്നേറുമ്പോള്‍, സ്വപ്‌നങ്ങളിലും മിത്തുകഥകളിലും സദാ മുങ്ങിക്കിടക്കുന്ന തങ്കലാന്‍ ഒരു നിമിഷം അന്ധാളിപ്പില്‍ പോത്തിന്‍പുറത്ത് ആരതി വരുന്നതായി ഉള്‍ക്കണ്ണില്‍ തെളിയുമ്പോലെ കാണുന്നു. എന്നാല്‍, പെട്ടെന്നു തന്നെ മുമ്പൊരിക്കല്‍ ഭാര്യ ഗംഗമ്മ അയാളോട് പറയുന്നതു പോലെ, നിദാനത്തിലേയ്ക്ക് വരാന്‍ അയാള്‍ക്ക് സാധിക്കുന്നു.

അപ്പോള്‍, ഒരു നിമിഷം പോലും പാഴാക്കാതെ ആരതിയെന്ന സ്വപ്‌നവിശ്വാസ ആരാധനാ മൂര്‍ത്തി (ദേവിയുടെയും യക്ഷിയുടെയും സ്വര്‍ണം കാവല്‍ക്കാരിയുടെയും എല്ലാം നിയോഗം ഉള്ളവളാണ് ആരതി) യെ സ്വന്തം കാഴ്ചയില്‍ നിന്ന് എടുത്തുമാറ്റി പോത്തിന്റെ കഴുത്തില്‍ത്തന്നെ വെട്ടി തന്റെ സംഘാംഗങ്ങളായ തൊഴിലാളികള്‍ക്കുള്ള ഭക്ഷണമാംസം ശേഖരിക്കുന്നു.

ഇത് (ബീഫ്) കഴിച്ച് ശക്തി സംഭരിച്ച് നാളെ പണിയെടുത്ത് സ്വര്‍ണാന്വേഷണം തുടരണം എന്നും അയാള്‍ പറയുന്നുണ്ട്. സ്വപ്നം, വിശ്വാസം എന്നിവയില്‍ നിന്ന് യാഥാർഥ്യത്തിലേയ്ക്കും നേതൃത്വച്ചുമതലയിലേയ്ക്കുമുള്ള തങ്കലാന്റെ പെട്ടെന്നുള്ള പരിണാമങ്ങള്‍ മാന്ത്രികവേഗത്തിലാണ് സാധ്യമാവുന്നത്.

ശബ്ദമല്ല, അതിശബ്ദമാണ് പുതിയ കാലത്തെ മുഖ്യധാരാ സിനിമയുടെ പ്രതീക്ഷിത ക്രമം. എന്നാൽ നിങ്ങൾ കേൾക്കാത്ത ശബ്ദത്തിന്റെ ആധിക്യം കൂടിയാണ് തങ്കലാനിലുള്ളത്‌. ആരതി സ്വര്‍ണവേട്ടക്കാരെ പായിപ്പിക്കാനായി അലറുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുക.

ശബ്ദമല്ല, അതിശബ്ദമാണ് പുതിയ കാലത്തെ മുഖ്യധാരാ സിനിമയുടെ പ്രതീക്ഷിത ക്രമം. എന്നാൽ നിങ്ങൾ കേൾക്കാത്ത ശബ്ദത്തിന്റെ ആധിക്യം കൂടിയാണ് തങ്കലാനിലുള്ളത്‌. ആരതി സ്വര്‍ണവേട്ടക്കാരെ പായിപ്പിക്കാനായി അലറുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുക. ആ അലറലില്‍ മുമ്പിലുള്ളവരെല്ലാം വിറകൊള്ളുകയും നിൽക്കുന്നിടത്ത് ഉറച്ചുനിൽക്കാന്‍ പോലും പാടുപെടുകയുമാണ്. അതാണ് നാഗര്‍ എന്ന ആദിമനിവാസികളുടെ ശബ്ദത്തിന്റെ കരുത്ത്.

അയോത്തിദാസ്

അയോത്തിദാസ്

തങ്കലാന്റെ മകന്റെ പേര് അശോകന്‍ എന്നാണ്. പ്രാചീന ഇന്ത്യയുടെ ചരിത്രത്തില്‍ അശോകരാജാവിനുള്ള വിശേഷസ്ഥാനം ഇതോർമിപ്പിക്കുന്നു. മഹാനായ അശോകന്‍ ബുദ്ധമതാനുയായിയായിരുന്നു.

തങ്കലാനിലെ അശോകന്‍, തല വെട്ടി മാറ്റിയ ബുദ്ധപ്രതിമയെ കണ്ടെടുക്കുകയും അതിന്റെ ബാക്കി ശരീരത്തിനായുള്ള അന്വേഷണം തുടരുകയും അത് കണ്ടെത്തി യോജിപ്പിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട്.

ബ്രാഹ്മണാധീശത്വത്തിനെതിരെ ബുദ്ധമതം സ്വീകരിക്കാന്‍ ദളിതര്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അംബേദ്‌കര്‍ മാത്രമല്ല അയോത്തിദാസ് പണ്ഡിതരും ബുദ്ധമതത്തിലേക്കുള്ള മതംമാറ്റത്തെ പ്രോത്സാഹിപ്പിച്ചു. ബുദ്ധന്റെ പ്രതിമയെന്ന് അശോകനും അശോകന് കഥ പറഞ്ഞുകൊടുത്ത തങ്കലാനും വിശ്വസിക്കുന്ന പ്രതിമയെ ഭൂതം എന്നാണ് സിനിമയ്ക്കുള്ളിലെ ബ്രാഹ്മണര്‍ വിളിക്കുന്നത്. ബുദ്ധനോടുള്ള അവരുടെ അപ്രീതി എത്ര നിഷ്ഠുരമാണെന്നാണ്‌ ഈ സംബോധനയില്‍ നിന്ന് വെളിവാകുന്നത്.

ഐതിഹ്യങ്ങളും പുരാണ കഥകളും ചരിത്രങ്ങളും സവര്‍ണവരേണ്യ ആഖ്യാനങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ അതിലെല്ലാമുള്ള ഒരു മാറ്റിയെഴുത്താണ് പാ രഞ്ജിത്ത് നടത്തുന്നത്. തിരക്കഥാരചനയില്‍ പങ്കാളികളായ തമിഴ് പ്രഭയും അഴകിയ പെരിയവനും അദ്ദേഹത്തെ ഇതില്‍ സഹായിക്കുകയും ചെയ്തു.

ഐതിഹ്യങ്ങളും പുരാണ കഥകളും ചരിത്രങ്ങളും സവര്‍ണവരേണ്യ ആഖ്യാനങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ അതിലെല്ലാമുള്ള ഒരു മാറ്റിയെഴുത്താണ് പാ രഞ്ജിത്ത് നടത്തുന്നത്. തിരക്കഥാരചനയില്‍ പങ്കാളികളായ തമിഴ് പ്രഭയും അഴകിയ പെരിയവനും അദ്ദേഹത്തെ ഇതില്‍ സഹായിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാര്‍ക്ക് തങ്ങളുടെ കോളനിയായ ഇന്ത്യയിലുണ്ടായിരുന്ന അധീശത്വം ഏറെ വിപുലവും സങ്കീര്‍ണവുമായിരുന്നു എന്നെല്ലാവര്‍ക്കുമറിയാം. തൊട്ടുകൂടാത്തവരുടെ കൂട്ടാളികളായി ചിലപ്പോള്‍ നടിക്കുന്ന അവര്‍ ആത്യന്തികമായി മേലാള ജാതിക്കാരുടെ താല്പര്യങ്ങള്‍ തന്നെയാണ് സംരക്ഷിച്ചത്. തങ്കലാന്‍ സിനിമയിലെ ബ്രാഹ്മണ കഥാപാത്രങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ കൊടുക്കുന്ന ആനുകൂല്യങ്ങളും ദളിതരോടുള്ള അവരുടെ ഇരട്ട സമീപനങ്ങളും വ്യക്തമാണ്.

ഇന്ത്യയിലെ ജാതിവ്യവസ്ഥയെ തങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ പ്രയോജനപ്പെടുത്തിയവരാണ് ബ്രിട്ടീഷുകാര്‍. കെജിഎഫിലെ മൂല്‍ബഗല്‍ താലൂക്കില്‍ ദേവരായ സമുദ്ര എന്ന പേരില്‍ ബ്രാഹ്മണര്‍ക്കായി ഒരു ഗ്രാമം തന്നെ അക്കാലത്ത് സ്ഥാപിച്ചു. അവരായിരുന്നു തൊഴിലാളികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഈ ഗ്രാമത്തിലെ ബ്രാഹ്മണരുടെ മക്കള്‍ എഞ്ചിനീയര്‍മാരായി ഇതേ ഖനികളില്‍ ജോലി ചെയ്തു.

ദളിതരുടെ മക്കളാകട്ടെ സ്വര്‍ണ ഖനികളില്‍ സാധാരണ തൊഴിലാളികളായി തുടര്‍ന്നു. ബ്രിട്ടീഷ് അധികാരിയായ ക്ലെമന്റ് ഇംഗ്ലീഷില്‍ പറഞ്ഞ വാക്യങ്ങള്‍ തെറ്റായും വിരുദ്ധമായും മൊഴിമാറ്റി തമിഴില്‍ പറയുന്ന ബ്രാഹ്മണാധികാരിയെ തങ്കലാന്‍ തിരുത്തുന്ന രംഗം അതിഗംഭീരമാണ്.

ബ്രിട്ടീഷുകാരനായ മുതലാളിയുടെ നിർദേശമനുസരിച്ചുള്ള തൊഴിലാണ് നിർവഹിക്കുന്നതെങ്കിലും തങ്കലാന്റെ തങ്കം (സ്വര്‍ണം) തേടല്‍ അതിന്റെ രൂപകാത്മകമായ മാനത്തിലും വീക്ഷിക്കപ്പെടേണ്ടതുണ്ട്. താനടങ്ങുന്ന സമുദായത്തിന്റെ ചരിത്രവും പാരമ്പര്യവും തേടുകയും അതോടൊപ്പം തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയെ അതില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സാംസ്‌കാരിക രാഷ്ട്രീയ വസ്തുവായി തങ്കം ഇവിടെ പരിണമിക്കുന്നു.

സിനിമയില്‍ സ്വര്‍ണം കാക്കാനായി കുതിച്ചെത്തുന്ന കരിമ്പുലി (ബ്ലാക്ക് പാന്തര്‍), ദളിത് ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനത്തിന്റെ ദേശീയവും അന്തര്‍ദേശീയവുമായ പ്രത്യയശാസ്ത്രമാനങ്ങളെ പ്രതിനിധീകരിക്കുന്നു.
തന്റെ രാഷ്ട്രീയലക്ഷ്യത്തിനും പ്രയോഗത്തിനും വേണ്ടി ചലച്ചിത്ര മേഖലയിൽ അത്യുത്സാഹത്തോടെ പ്രവർത്തിക്കുന്ന കലാകാരനാണ് തോഴർ പാ രഞ്ജിത്ത്.

സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും ആയ മാനങ്ങളുള്ള ചലച്ചിത്രമൂലധനം (സിനിമാറ്റിക് കാപ്പിറ്റല്‍) ദളിത് പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കി നിർമിച്ചെടുക്കുകയാണ് പാ രഞ്ജിത്ത് ചെയ്യുന്നത്. ആധുനിക തമിഴ് മുഖ്യധാരാ സിനിമയുടെ ചരിത്രം കുറച്ചെങ്കിലും മനസ്സിലാകുമ്പോഴേ, പാ രഞ്ജിത്ത് അടക്കമുള്ള പുതുമുറക്കാര്‍ നടത്തുന്ന മുന്നേറ്റത്തിന്റെ പ്രസക്തി ബോധ്യപ്പെടൂ.

1952ല്‍ തിമുക നേതാവ് കരുണാനിധിയ്ക്ക് ഇരുപത്തെട്ട് വയസ്സായിരുന്നു പ്രായം. കരുണാനിധി തിരക്കഥയെഴുതി കൃഷ്ണന്‍ പഞ്ചു സംവിധാനം ചെയ്ത പരാശക്തി (സർവശക്തന്‍) ആ വർഷമാണ് പുറത്തിറങ്ങിയത്. തമിഴ്‌നാട് രാഷ്ട്രീയത്തിന്റെയും തമിഴ് സിനിമയുടെയും ദിശാബോധം മാറ്റിമറിച്ച സിനിമയായിരുന്നു പരാശക്തി.

ജാത്യധീശത്വത്തിനും ബ്രാഹ്മണാധികാരത്തിനും മതബോധത്തിനും സാമൂഹ്യ അസമത്വത്തിനുമെതിരെ ആഞ്ഞടിച്ച സിനിമയാണ് പരാശക്തി. തമിഴ്‌നാടിനെ ഇളക്കിമറിച്ച ഈ സിനിമയ്ക്ക് അന്ന് സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങളും നേരിടേണ്ടി വന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഏഴു വര്‍ഷമേ ആയിട്ടുള്ളൂ എന്നതും ഓര്‍ക്കണം.

‘പരാശക്തി’യിൽ ശിവാജി ഗണേശൻ

‘പരാശക്തി’യിൽ ശിവാജി ഗണേശൻ

ശിവാജി ഗണേശന്റെ ആദ്യ സിനിമയായിരുന്നു പരാശക്തി. ദ്രാവിഡ പ്രത്യയശാസ്ത്രത്തിന് ജനപ്രിയത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് പരാശക്തി വഹിച്ചത്. പരാശക്തി ഇറങ്ങുന്നതിന് തൊട്ടു മൂന്നു വര്‍ഷം മുമ്പാണ് പെരിയാറുടെ ദ്രാവിഡ കഴകം പ്രവര്‍ത്തകനായിരുന്ന സി എന്‍ അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിക്കുന്നത്. പരാശക്തി ഒറ്റപ്പെട്ട ഒരു സിനിമയായിരുന്നില്ല.

നല്ല തമ്പി (1949), വേലൈക്കാരി (1949), മന്ത്രി കുമരി (1950, കഥ കരുണാനിധി) എന്നിവയെല്ലാം രാഷ്ട്രീയ പ്രചാരണത്തിനായി നിർമിക്കപ്പെട്ട സിനിമകളായിരുന്നു. 1950ലിറങ്ങിയ മരുത നാട്ട് ഇളവരസിയിലും സംഭാഷണമെഴുതിയത് കരുണാനിധിയായിരുന്നുവെങ്കിലും പരാശക്തിയാണ് അദ്ദേഹത്തിന്റെ പ്രശസ്തി പതിന്മടങ്ങ് ഉയര്‍ത്തിയത്.

ഒരേസമയം കലാകാരനെന്ന നിലയിലും രാഷ്ട്രീയ വിശാരദന്‍, നേതാവ്, പ്രഭാഷകന്‍, സംഘാടകന്‍ എന്ന നിലകളിലും കരുണാനിധിയുടെ പ്രാമുഖ്യം പിന്നീടുള്ള പതിറ്റാണ്ടുകളുടെ തമിഴ്‌നാട് ചരിത്രം തന്നെയായി പരിണമിച്ചു.

അണ്ണാദുരൈ

അണ്ണാദുരൈ

കരുണാനിധി

കരുണാനിധി

മുന്‍കാല തമിഴ് സിനിമയിലെ ദ്രാവിഡധാരയ്ക്ക് സമാനമാണ്, പുതുകാലത്തെ ആദിദ്രാവിഡ/ദളിത് ധാര. ഈ നവധാരയ്ക്ക് നേതൃത്വം നല്‍കുന്ന പാ രഞ്ജിത്തിന്റെ സിനിമകളിലൂടെ ഒന്നു കണ്ണോടിക്കാം. തര്‍ക്കസ്വഭാവമുള്ള ഒരു വലിയ മതിലാണ് മദ്രാസ് (2014) എന്ന സിനിമയിലെ പ്രധാന പ്രമേയഘടകം. ഈ മതില്‍ മധ്യവര്‍ഗം ജീവിക്കുന്ന കോളനിക്കും ദളിതര്‍ ജീവിക്കുന്ന ഇടുങ്ങിയ വഴികളുള്ള കോളനിക്കും ഇടയിലാണ്.

ദൃശ്യതയുടെ പ്രതീകമായ ഈ മതിലിനായി രണ്ടു വിഭാഗവും തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുന്നു. വടചെന്നൈയില്‍ മുഴുവനും അധോലോക ഗുണ്ടകളും സമാനരുമാണുള്ളതെന്ന സ്ഥിരം പ്രതിനിധാനമാണിവിടെ പാ രഞ്ജിത്ത് അട്ടിമറിക്കുന്നത്. 2016ൽ ഇറങ്ങിയ അദ്ദേഹത്തിന്റെ കബാലിയില്‍, രജനികാന്ത് അവതരിപ്പിക്കുന്ന നായക കഥാപാത്രം അംബേദ്കറിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്ന ദളിത് ഹീറോയാണ്.

സാധാരണ ദളിതര്‍ക്കിടയില്‍ പ്രചാരമുള്ള കബാലി എന്ന പേര് രജനികാന്ത് അഭിനയിക്കുന്ന നായകനു കൊടുക്കുന്നതിലൂടെ ആ പേരിനു തന്നെ സവിശേഷ പ്രാധാന്യം കൈവരുകയാണ്.

ആരാണ് കബാലി എന്ന ചോദ്യത്തിന് ഈ സിനിമയിലെ കബാലി കൊടുക്കുന്ന മറുപടി ഇപ്രകാരമാണ്: ‘പേരേ കേട്ട ഉടനെ തമിഴ് പടത്തില്‍ കിടൈക്കും മീശയേ മുറുക്കിക്കിട്ട് ലുങ്കിയേ കെട്ടിക്കിട്ട്, നമ്പ്യാര് ഹേ കബാലി അപ്പടിയേ ചൊന്ന ഉടനെ കുനിഞ്ഞ് ശൊല്ലുത് എജമാ അപ്പടി വന്ത നിക്കാരേ. അന്ത മാതിരി കബാലിയാന്ന് നെനച്ചാടാ. കബാലി ടാ. നാന്‍ വന്ത്‌ട്ടേന്ന്‌ സൊല്ല്, തിരുമ്പി വന്ത്‌ട്ടേന്ന്‌.’ (ഞാന്‍ തമിഴ് സിനിമയില്‍ സാധാരണ കാണുന്ന കബാലിയാണെന്നു വിചാരിച്ചോ? ലുങ്കിയും ചുറ്റി മുഖത്തൊരു കാക്കപ്പുള്ളിയും കുനിച്ചു വെച്ച മീശയുമായി? നമ്പ്യാര്‍ വിളിക്കുമ്പോള്‍, എജമാനേ എന്ന് മുഖം താഴ്‌ത്തി വിളി കേള്‍ക്കുന്ന വിധേയനാണെന്നു വിചാരിച്ചോ? കബാലി ടാ). 

മാത്രമല്ല ലോ ആംഗിളില്‍, ശക്തിമാനാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് കബാലിയെ അവതരിപ്പിക്കുന്നത്. വണ്ണിയര്‍ സമുദായക്കാര്‍ ദളിതര്‍ക്കെതിരെ തിരിഞ്ഞ 2012ലെ ധര്‍മ്മപുരി കലാപത്തിനുള്ള മറുപടിയാണ് കബാലിയെന്ന് സ്റ്റാലിന്‍ രാജാങ്കം കരുതുന്നു.

കാല (2018) യില്‍, അംബേദ്‌കറിസവും പെരിയാറിസവും മാർക്‌സിസവും സംയോജിച്ചാല്‍ മാത്രമേ ഇന്ത്യയിലെ ദളിതരടക്കമുള്ള സാധാരണക്കാര്‍ക്ക് രക്ഷയുള്ളൂ എന്ന രാഷ്ട്രീയ പ്രസ്താവന മുഴക്കപ്പെടുന്നു. കാലയിലെ നാനാ പടേക്കറുടെ കഥാപാത്രം, ദളിതന്റെ വീട്ടില്‍ നിന്ന് വെള്ളം കുടിക്കാന്‍ മടിക്കുന്നു.  കാല എന്നാല്‍ കറുപ്പ്, ഇരുട്ട് എന്നെല്ലാമാണ് അർഥം.

‘കാലാ’യുടെ ലൊക്കേഷനിൽ രജനികാന്തും പാ രഞ്‌ജിത്തും

‘കാലാ’യുടെ ലൊക്കേഷനിൽ രജനികാന്തും പാ രഞ്‌ജിത്തും

ഇന്ത്യന്‍ ജനപ്രിയ ആലോചനകളിലും യൂറോപ്യന്‍ ആലോചനകളിലും വെള്ളയാണ് മേന്മയുള്ളതെന്നും കറുപ്പ് അഴുക്കാണെന്നും സൗന്ദര്യമില്ലാത്തതാണെന്നും ഉറപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ഉറപ്പുകളെയാണ് പാ രഞ്ജിത്തിന്റെ കാല പുഴക്കിയെറിയുന്നത്. ഹരിദാദ (പ്രതിനായകന്‍) ചോദിക്കുന്നു: ‘കാല, അതെന്തു തരം പേരാണ്?’ കാലയുടെ മറുപടി: ‘തൊഴിലിന്റെ നിറമാണ് കാല’.

കബാലിയെന്നതു പോലെ കാലയും ഇന്ത്യന്‍/തമിഴ് മുഖ്യധാരാ സിനിമകളുടെ നിരന്തരാഖ്യാന പരിസരങ്ങള്‍ക്കെതിരായ പടയോട്ടങ്ങളുമാണ്. മുമ്പിറങ്ങിയ സിനിമകളെ അത് തലകുത്തനെ നിര്‍ത്തുന്നു. മുത്തുവില്‍, ഒരുവന്‍ ഒരുവന്‍ മുതലാളി, എന്നു പാടുമ്പോള്‍, കബാലി ഉലകം ഒരുവനുക്കാ (ലോകം ഒരാള്‍ക്കു മാത്രമായാണോ?) എന്നു ചോദിക്കുന്നു.

നായകന്‍ എന്ന സിനിമയില്‍ ധാരാവിയെക്കുറിച്ച് സൃഷ്ടിച്ച സവര്‍ണബ്രാഹ്മണ കാഴ്ചയെയും വിലയിരുത്തലിനെയും മായ്ച്ചുകളയാനും മാറ്റിയെഴുതാനുമുള്ള ശ്രമമാണ് കാലയിലുള്ളതെന്ന് നിരൂപകനായ രാജേഷ് രാജാമണി നിരീക്ഷിക്കുന്നു. നായകനില്‍ കമലഹാസന്റെ കഥാപാത്രം വെള്ള വേഷങ്ങളാണ്‌ അണിയുന്നതെങ്കില്‍, കാലയില്‍ രജനിയുടെ കഥാപാത്രം കറുപ്പാണ്‌ അണിയുന്നത്. വില്ലനായ ഹരിദാദയാകട്ടെ വെളുപ്പാണ്‌ അണിയുന്നത്.

അട്ടക്കത്തി (2012) യിലെ നായകന് നീല ഷര്‍ട്ടാണുള്ളതെങ്കില്‍ മദ്രാസിലെ ഫുട്‌ബോള്‍ ടീമിന് നീല ജഴ്‌സിയാണുള്ളത്. കാലയിലും ഇതു കാണാം. സര്‍പ്പാട്ട പരമ്പരൈ (2021) യില്‍, ദളിത് പ്രതിനിധാനത്തിനു പുറമെ നീലക്കോളര്‍ തൊഴിലാളിയുടെ പ്രതിനിധാനം കൂടി നീല പ്രത്യക്ഷവത്ക്കരിക്കുന്നു.

പ്രണയത്തെ ആസ്‌പദമാക്കി ഒരുക്കുന്ന നാടകത്തിലൂടെ പ്രണയം കേവലം രണ്ടുപേര്‍ തമ്മിലുള്ള സ്നേഹബന്ധമല്ലെന്നും അത് ആത്യന്തികമായി രാഷ്ട്രീയമാണെന്നും വരച്ചിടുകയാണ് നച്ചത്തിരം നഗര്‍ഗിരത്  (2022). ഒന്നിനു വേണ്ടിയും സ്വയം വിട്ടുവീഴ്ച ചെയ്യാത്ത അംബേദ്കറൈറ്റായ റെനെ എന്ന ദളിത് സ്ത്രീ കഥാപാത്രത്തെ ഹീറോയായി അവതരിപ്പിച്ചുവെന്നത് തന്നെയാണ് സിനിമയുടെ രാഷ്ട്രീയ മേന്മകളില്‍ ഒന്ന് (നിഥിന്‍നാഥ്‌).

മാരി ശെൽവരാജ്‌

മാരി ശെൽവരാജ്‌

‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിൽ നിന്ന്‌

‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിൽ നിന്ന്‌

മാരി ശെൽവരാജും ടി ജെ ജ്ഞാനവേലുമാണ്, പാ രഞ്ജിത്തിന്‌ പുറമെ ദളിത് വിഷയങ്ങള്‍ കൃത്യമായ ദിശാബോധത്തോടെ മുഖ്യധാരാ തമിഴ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
കുതിരമേലേറിയ ദൈവം എന്നർഥം വരുന്ന പരിയേറും പെരുമാള്‍ (2018) എന്നത് മാരി ശെൽവരാജ് സംവിധാനം ചെയ്ത സിനിമയുടെയെന്നതുപോലെ അതിലെ മുഖ്യ പുരുഷ കഥാപാത്രത്തിന്റെയും പേരാണ്. 

പുളിയങ്കുളം എന്ന ഉള്‍ഗ്രാമത്തില്‍ നിന്ന് ലോ കോളേജില്‍ പ്രവേശനം കിട്ടിയാണ് പരി (കതിര്‍) നഗരത്തിലെത്തുന്നത്. നേരത്തെ, നിസ്സാരമായ കാരണത്തിന് പൊലീസ് പിടിച്ചു കൊണ്ടുപോയി, ദളിതരായതു കൊണ്ട് ലോക്കപ്പില്‍ പോലും കിടത്താതെ സ്റ്റേഷന്റെ മുറ്റത്താണ് അർധനഗ്നരാക്കി പരിയെയും സുഹൃത്തുക്കളെയും മണിക്കൂറുകള്‍ കുത്തിയിരുത്തുന്നത്.

ലോക്കപ്പ് എന്ന ശ്രീകോവിലില്‍, കുറ്റം ചാര്‍ത്തപ്പെട്ടിട്ടുള്ള ദളിതനു പോലും പ്രവേശനമില്ല എന്ന യാഥാർഥ്യം നടുക്കുന്നതാണ്. അവരെ ജാമ്യത്തിലെടുക്കാന്‍ എത്തുന്ന പികെആര്‍ രാജ എന്ന നാട്ടുമൂപ്പന് അവന്‍ കൊടുക്കുന്ന ഉറപ്പാണ് താന്‍ വക്കീല്‍ ഡിഗ്രി എടുത്തു വന്ന് നിയമ നീതിന്യായ വ്യവസ്ഥയുടെ സഹായം സ്വസമുദായാംഗങ്ങള്‍ക്ക് നൽകുമെന്നത്.

ദളിതരും അവരുടെ സാമുദായിക ഉണർവു പ്രസ്ഥാനങ്ങളും അവരെ പിന്തുണയ്‌ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ആത്മാർഥമായി ഏറ്റെടുക്കുകയും ചെയ്യുന്ന പുരോഗമന സംഘടനകളും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ള മുന്നേറ്റത്തിന്റെ അനുരണനങ്ങള്‍, പരിയേറും പെരുമാളില്‍ അങ്ങിങ്ങായും വിശേഷിച്ച് അവസാനത്തിലുള്ളതുമായ ശുഭാപ്തിവിശ്വാസത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്നുണ്ട്.

ദളിതന്‍ തന്നെയായ ലോ കോളേജ് പ്രിന്‍സിപ്പലിന്റെ ഇടപെടലുകളാണിക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത്. നീ ഇഷ്ടമുള്ളതു പോലെ പ്രതികരിക്ക്, ഇവിടെ തോറ്റുകൊടുത്താല്‍ നീ ഉദ്ദേശിച്ചതനുസരിച്ച് അംബേദ്‌കറെപ്പോലെ ഒരു ഡോക്ടറാകാന്‍ നിനക്കാവില്ലെന്ന് അദ്ദേഹം പറയുന്നു.

മാരി ശെൽവരാജ് തന്നെ സംവിധാനം ചെയ്ത കര്‍ണനില്‍ (2021) ഒരു ഗ്രാമത്തിലെ അന്തേവാസികളെ മുഴുവന്‍, അവരവിടെയാണ് താമസിക്കുന്നത് എന്നതിനാലും അവര്‍ ദളിതരാണെന്നതിനാലും, പൊലീസും ഭരണകൂടവും കുറ്റവാളിവത്ക്കരിക്കുന്നു. ദളിതരെ ഗ്രാമത്തോടൊപ്പം; ബഹിഷ്‌കരിക്കുകയും അദൃശ്യവത്ക്കരിക്കുകയും ചെയ്യുന്ന മേല്‍ജാത്യഹങ്കാരത്താല്‍ നിര്‍ണീതമായ ഭരണകൂട യുക്തിയെയാണ് കര്‍ണന്‍ പൊളിച്ചടുക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടുകള്‍ കൊണ്ട് തമിഴ് സാമാന്യ സംസ്‌കാരവും അതിന്റെ പ്രത്യക്ഷമായ തമിഴ് സിനിമയും നിർമിച്ചെടുത്ത ജാതിക്കോട്ടകളും ജാതിമതിലുകളും തകര്‍ത്തു തരിപ്പണമാക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം എന്ന പ്രഖ്യാപനമാണ് കര്‍ണനിലൂടെ മാരി ശെൽവരാജ് നടത്തിയത്. ജാതിവെറിയുടെ കൊലനിലമാണ് തമിഴ്‌നാട് എന്ന ചരിത്ര യാഥാർഥ്യം മാമന്ന (2023) നും ചര്‍ച്ച ചെയ്യുന്നു.

ജസ്റ്റിസ് കെ ചന്ദ്രു

ജസ്റ്റിസ് കെ ചന്ദ്രു

അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദന, നായകകഥാപാത്രമായ ശിവനൈന്ദന്‍ എന്ന കുട്ടിയുടെ കണ്ണിലൂടെ ആവിഷ്‌ക്കരിക്കുന്ന വാഴൈ (2024) ആണ് മാരി ശെൽവരാജിന്റെ പുതിയ സിനിമ. അധ്വാനം, വിശപ്പ്, ജാതി, കൂലി, കമ്യൂണിസ്റ്റാഭിമുഖ്യം എന്നിങ്ങനെ ഏറ്റവും അടിസ്ഥാനപരമായ ഘടകങ്ങള്‍കൊണ്ട് ഹൃദ്യമായ അവതരണമാണ് വാഴൈയെ വിജയത്തിലേയ്ക്ക് നയിച്ചത്.

തമിഴ്‌നാട്ടിലെ കോടതികളെ സ്ത്രീകള്‍ സമീപിക്കുമ്പോള്‍ (Listen to My Case! When Women Approach the Courts of Tamil Nadu) എന്ന ജസ്റ്റിസ് കെ ചന്ദ്രുവിന്റെ പുസ്തകത്തില്‍ വിവരിച്ച പാർവതി (സിനിമയില്‍ ശെങ്കിനി) യുടെ കേസിനെ പിന്തുടര്‍ന്നാണ് ജ്ഞാനവേല്‍ ജയ് ഭീം (2021) എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. തന്റെ മാര്‍ക്‌സിസ്റ്റ് പശ്ചാത്തലമാണ് തനിക്ക് അംബേദ്‌കറെ നല്ല തോതില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സഹായിച്ചതെന്നും ചന്ദ്രു പറയുന്നു.

‘ജയ്‌ ഭീമി’ൽ സൂര്യ

‘ജയ്‌ ഭീമി’ൽ സൂര്യ

ഹൈക്കോടതി പോലെ ഒരു വ്യവസ്ഥയില്‍, നിരവധി കാലം പോരാടിയ ആദിവാസി വനിത, തളരാതെ നിന്നതിന്റെയും കൈക്കൂലിക്കും ഭീഷണികള്‍ക്കും വഴങ്ങാത്തതിന്റെയും കൂടി ഗാംഭീര്യം ജയ് ഭീമിനുണ്ട്.

യൂറോ കേന്ദ്രിതമായ ലാവണ്യബോധത്തോടെ മിനുസപ്പെടുത്തപ്പെട്ടിട്ടുള്ള എഴുപതുകളിലെ മലയാള സിനിമയുടെ അനാഥവും അവ്യക്തവും ദുരൂഹവുമായ ഫ്രെയിമുകളെ പുതിയ തമിഴ് സിനിമയില്‍ ആരോപിച്ച് നിങ്ങള്‍ നടത്താന്‍ പോകുന്ന വിലയിരുത്തലുകളായിരിക്കില്ല കാലത്തിന് ആവശ്യം എന്ന സന്ദേശമാണ് കാലയും മേര്‍ക്കു തൊടര്‍ച്ചിമലൈയും പരിയേറും പെരുമാളും കബാലിയും ജയ് ഭീമും സര്‍പ്പാട്ട പരമ്പരൈയും കര്‍ണനും ഉയര്‍ത്തിപ്പിടിക്കുന്നത്.

മുഖ്യധാരാ സിനിമയായ തങ്കലാന്റെ സ്വാധീനം സിനിമാശാലകളിലോ ഒടിടി പ്ലാറ്റ്‌ഫോമിലോ ആയി അവസാനിക്കാന്‍ പോകുന്നില്ല. ഇന്ത്യയിലെ ചരിത്രകാരര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും കൊളോണിയല്‍, കൊളോണിയല്‍ പൂർവകാലഘട്ടങ്ങളിലെ ദളിത് ജീവിതങ്ങളെയും മുന്നേറ്റങ്ങളെയും പുനരന്വേഷിക്കേണ്ടിവരും .

  References:
 1. നിലം അധികാരം ആത്മാഭിമാനം- തങ്കലാന്റെ രാഷ്ട്രീയ  മുന്നേറ്റങ്ങള്‍- ജി പി രാമചന്ദ്രൻ, ദ് ക്യൂ (https://www.thecue.in/videos/entertainment/film-review/thagalan-movie-review-and-analysis-gp-ramachandran)
 2. ഇതുവരെ കാണാത്ത പാർവതി, പോരാട്ട വീര്യമുള്ള തങ്കലാന്‍- പ്രശാന്ത് പ്രഭ ശാര്‍ങ്ഗധരന്‍, ദ് ക്യൂ (https://www.thecue.in/videos/entertainment/movie-review/thangalaan-movie-review)
3. Thangalaan and its unparalleled ambition -Rajesh Rajamani (https://maktoobmedia.com/more/film-and-tv/thangalaan-and-its-unparalleled-ambition/)
 4. Pa. Ranjith’s ‘Thangalaan’ is another compelling portrayal of the struggles of the Bahujan- Neeraj Bunkar (https://www.forwardpress.in/2024/08/pa-ranjiths-thangalaan-is-another-compelling-portrayal-of-the-struggles-of-the-bahujan/)
 5. Thangalaan A Cinematic Exploration of Social Struggle and Empoverment - Ibin nayakam (https://www.roundtableindia.co.in/thangalaan-a-cinematic-exploration-of-social-struggle-and-empowerment/)
6.  Decoding ‘Thangalaan’: A cinematic exploration of caste and colonialism Sivaramakrishnan S. (https://www.forwardpress.in/2024/08/decoding-thangalaan-a-cinematic-exploration-of-caste-and-colonialism/)
 7. ‘കല രാഷ്ടീയമാണ്, അരാഷ്ട്രീയം എന്നൊന്നില്ല, അസമത്വത്തിനെതിര പാ രഞ്ജിത് നയിക്കുന്ന പടയിൽ ഭാഗമാകാൻ ആകാൻ കഴിഞ്ഞതിൽ സന്തോഷം': പാർവതി (https://www.thecue.in/videos/entertainment/film-news/actor-parvathy-on-art-being-political-pa-ranjith-is-leading-an-army)
 8. How Thangalaan reckons with Brahminism and reclaims the Dalit cultural identity - Naveen Soorinje (https://www.thenewsminute.com/flix/how-thangalaan-reckons-with-brahminism-and-reclaims-the-dalit-cultural-identity)
9.  ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ആദിവാസികളും -കെ സഹദേവന്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top