23 December Monday

മറക്കുമോ മയ്യഴിയിലെ അച്ചുവിനെ

ജയകൃഷ്‌ണൻ നരിക്കുട്ടി jknarikutty@gmail.comUpdated: Sunday Sep 1, 2024

എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിലെ നിരവധി കഥാപാത്രങ്ങളിൽ ഒന്നാണ്‌ അച്ചു. മയ്യഴി കൈയടക്കിയ ഫ്രഞ്ചുകാർ ഒഴികെ എല്ലാവരും മയ്യഴിയിൽ ജനിച്ചുവളർന്നവർ. അവർക്കിടയിലേക്ക്‌ എവിടെ നിന്നോ വന്ന നിഷേധി. എന്തിനെയും വെല്ലുവിളിക്കാനുള്ള ചങ്കൂറ്റമായിരുന്നു അച്ചുവിന്റെ സവിശേഷത. തുടർന്ന്‌, അവിടത്തെ മണ്ണിൽ ജീവിക്കുകയും പ്രധാന കഥാപാത്രമായ ദാസന്റെ സഹോദരിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുകയും  ചെയ്‌ത കരുത്തൻ. ശരീരംകൊണ്ടും മനസ്സുകൊണ്ടും കരുത്തനായ അച്ചുവിന്റെ കാമനകൾ മയ്യഴി പുഴയുടെ തീരങ്ങളിൽ വായിച്ചവരുടെ ഉള്ളിൽ  ഉരുകാത്ത മഞ്ഞുപോലെ കനത്തുകിടക്കുന്നുണ്ട്‌.

അങ്ങനെയൊരു കഥാപാത്രത്തെ നാടകത്തിൽ അവതരിപ്പിക്കാൻ വേഷപ്പകർച്ചമാത്രം മതിയാകില്ല. പരകായ പ്രവേശംതന്നെ വേണം. മുകുന്ദന്റെ  ദൈവത്തിന്റെ വികൃതികൾ എന്ന നോവൽ ലെനിൻ രാജേന്ദ്രൻ സിനിമയാക്കിയപ്പോൾ അതിലെ അൽഫോൺസച്ചൻ എന്ന കഥാപാത്രത്തെ രഘുവരൻ എന്ന അഭിനയപ്രതിഭ തന്റെ മാനറിസംകൊണ്ട്‌ അട്ടിമറിച്ചത്‌ ആർട്ടിസ്റ്റ്‌ നമ്പൂതിരിയുടെ വരകളെയായിരുന്നു.

ദേശാഭിമാനിയുടെ എം മുകുന്ദൻ സാഹിത്യോത്സവത്തിനോടനുബന്ധിച്ച്‌ ഒരുക്കിയ ‘മയ്യഴി പുഴയുടെ തീരങ്ങളിൽ’ നാടകത്തിലെ അച്ചുവെന്ന  മുകുന്ദകഥാപാത്രത്തെ പ്രദീപ്‌കുമാർ എന്ന നടൻ എങ്ങനെ അനുവാചകനെ വിസ്‌മയിപ്പിച്ചെന്ന്‌ പറയാനാണ്‌ ഈ കാര്യങ്ങൾ ഓർമിപ്പിച്ചത്‌.  മലയാള നാടകവേദി മണ്ണിൽ ചവുട്ടിനിന്ന്‌ ചുവട്‌ മാറുകയാണെന്ന്‌ അടയാളപ്പെടുത്തുന്നതാണ്‌ എമിൽ മാധവി എന്ന നാടകപ്രതിഭ സംവിധാനം ചെയ്‌ത മയ്യഴി പുഴയുടെ തീരങ്ങളിൽ എന്ന നാടകം. ആൾക്കൂട്ടത്തിനു മുന്നിൽ മയ്യഴിയെ പറിച്ചുനട്ടു. നാട്ടുവെളിച്ചത്തിൽ ജീവിക്കുന്നവരായിരുന്നു കഥാപാത്രങ്ങൾ. അതിനാൽ  നാടകാസ്വാദനം വേറിട്ട അനുഭവമായി.

അതിൽ അച്ചു ചെറിയ കഥാപാത്രമാണെങ്കിലും അതിനെ ആസ്വാദകഹൃദയത്തിലേക്ക്‌ മറക്കാൻ കഴിയാത്ത വിധം നിക്ഷേപിച്ചത്‌ ബിഎസ്‌എൻഎൽ ജീവനക്കാരനായ പ്രദീപ്‌കുമാറാണ്‌. സുന്ദരനായ ഗുണ്ടയോ എന്ന്‌ ഒരുവേള പുച്ഛസ്വരത്തിൽ ചിന്തിച്ചുപോകുന്ന ആസ്വാദകൻ അധികം താമസിയാതെ അച്ചുവിന്റെ ഫാനായി മാറുന്നത്‌ കാണാം. മയ്യഴിയെന്ന ഭൂമിയെ ബലാത്സംഗം ചെയ്യാൻ കെൽപ്പുള്ള അച്ചു, പ്രധാന കഥാപാത്രമായ ദാസന്റെ സഹോദരിയെ മങ്ങലം (വിവാഹം) കഴിക്കാനുള്ള ആഗ്രഹത്താൽ  ഉത്തരവാദിത്വമുള്ളവനായി മാറുന്നത്‌ തന്മയത്വത്തോടെ അവതരിപ്പിക്കാൻ പ്രദീപ്‌കുമാറിന്‌ കഴിഞ്ഞത്‌  40 വർഷം പിന്നിട്ട കലാജീവിത അനുഭവത്തിൽ നിന്നാണ്‌. പഴയകാല സിനിമ, നാടകക്കാരുടെ ചുവടുപിടിച്ച്‌ അതിനാടകീയതയിലേക്ക്‌ വഴുതിപ്പോകാവുന്ന കഥാപാത്രം ഉള്ളിലേറ്റി മണ്ണിൽ കാലുറപ്പിച്ച പ്രദീപ്‌കുമാർ ആ ദൗത്യം അതിലളിതമായാണ്‌ ഏറ്റെടുത്തത്‌. ഒരു ഘട്ടത്തിൽ തന്റെ വില്ലത്വം മയ്യഴി പോരാളികളുടെ മുന്നിൽ തകർന്നടിയുമ്പോൾ ഒട്ടും ചാഞ്ചല്യമില്ലെന്ന്‌ തോന്നിക്കുംവിധം സ്വാഭാവികതയുടെ വരമ്പിൽക്കൂടി അച്ചുവിനെ നടത്തുന്ന രംഗംമാത്രം മതി പ്രദീപ്‌കുമാർ എന്ന നടനെ വിലയിരുത്താൻ.
അഭിനേതാവായി മാത്രമല്ല, വടക്കേ മലബാറിലെ നാടകപ്രവർത്തനങ്ങളുടെ പിന്നണിയിൽ സംവിധായകനായും ഗായകനായും സംഗീത സംവിധായകനായുമൊക്കെയുണ്ട്‌. കണ്ണൂർ സംഘചേതന ഒരുക്കിയ, കയ്യൂർ സമരപോരാട്ടങ്ങളുടെ കഥപറയുന്ന പി വി കെ പനയലിന്റെ  സുര്യാ പേട്ടിൽ ദൊങ്കറ റാമുഡുവും പൊലീസുകാരനുമൊക്കെയായി പ്രദീപ്‌കുമാർ തകർത്തു. തുടർന്ന്‌, സംഘചേതനയുടെ പഴശ്ശിരാജയിലും സഖാവിലും അഭിനയിച്ചു. സംഘചേതനയുടെ പുതിയ നാടകമായ, മനോജ്‌ നാരായൺ സംവിധാനംചെയ്‌ത  ‘ചരടി’ൽ എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീറായും വില്ലനായ  മന്ത്രവാദിയായും  നിറഞ്ഞു.  ദേശാഭിമാനി സംഘടിപ്പിച്ച ടി പത്മനാഭൻ സാംസ്കാരികോത്സവത്തിൽ അവതരിപ്പിച്ച ‘കഥകളുടെ ഹിമവാൻ’ നാടകത്തിൽ പ്രകാശം പരത്തുന്ന പെൺകുട്ടിയിലെ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന ചെറുപ്പക്കാരൻ എന്ന നായക വേഷവും പ്രദീപാണ്‌ ചെയ്‌തത്‌.

2020ൽ രണ്ട് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ കണ്ണൂർ നാടക സംഘത്തിന്റെ ‘കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും' നാടകത്തിൽ ശ്രീ നാരായണ ഗുരുവായി വേഷമിട്ടു.പൊതുമേഖലാസ്ഥാപനമായ ബിഎസ്‌എൻഎല്ലിലെ തൊഴിലാളി യൂണിയൻ സംസ്ഥാനത്തുടനീളം പ്രദർശിപ്പിച്ച മൂന്ന്‌ നാടകങ്ങളുടെ സംവിധാനം നിർവഹിച്ചത്‌ പ്രദീപ്‌കുമാറായിരുന്നു. സംഗീതവും നൃത്തവും സമന്വയിപ്പിച്ച ഡോക്യുഫിക്‌ഷനായി സെറ്റ്‌ ചെയ്‌താണ്‌ തെരുവുകളിൽ ഈ നാടകങ്ങൾക്ക്‌ രംഗവേദിയൊരുക്കിയത്‌.  


കലിക്കറ്റ് യൂണിവേഴ്സിറ്റി കലാജാഥയിലൂടെ, രാമചന്ദ്രൻ മൊകേരിയുടെ ശിക്ഷണത്തിൽ സഫ്‌ദർ ഹാഷ്മിയുടെ ‘രാജാവിന്റെ ചെണ്ട’യിലെ രാമേശ്വർ എന്ന കഥാപാത്രമാണ്‌ പ്രദീപ്‌കുമാറിനെ നാടകത്തിൽ നിലയുറപ്പിക്കാൻ പ്രേരിപ്പിച്ചത്‌. സ്വാമിഅയ്യപ്പൻ എന്ന ചരിത്ര നാടകത്തിൽ സ്വാമിഅയ്യപ്പനായി 15 വയസ്സിൽ വേഷമിട്ടായിരുന്നു തുടക്കം. പി ടി കുത്തു മുഹമ്മദിന്റെ ‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്‌.  ചലച്ചിത്രനടൻ
സന്തോഷ് കീഴാറ്റൂരിന്റെ ജ്യേഷ്‌ഠ സഹോദരൻകൂടിയായ പ്രദീപ്‌കുമാർ ഇന്ത്യയിലെ മികച്ച ബിഎസ്‌എൻഎൽ ജീവനക്കാരനുള്ള സേവാ പഥക്‌ അവാർഡും നേടിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top