22 December Sunday

ഇനി ഒരു മകനും ഇങ്ങനെ സംഭവിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

‘‘ഇനി ഒരു മകനും ഇങ്ങനെ സംഭവിക്കരുത്‌.  എന്റെ മകന്റെ നീതിക്കു വേണ്ടിയാണ്‌ ഞാൻ പോരാടിയത്‌. കുറ്റവാളികൾക്ക്‌ കൊലക്കയർതന്നെ വാങ്ങിക്കൊടുക്കുകയായിരുന്നു ലക്ഷ്യം’’.  തിരുവനന്തപുരം ഫോർട്ട്‌ പൊലീസ്‌ സ്‌റ്റേഷനിൽ മോഷണക്കുറ്റമാരോപിച്ച്‌ പൊലീസുകാർ ഉരുട്ടിക്കൊലപ്പെടുത്തിയ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ പറഞ്ഞു.

മകന്റെ നീതിക്കായുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന മറാത്തി ചിത്രം "മായിഘട്ട്‌ ക്രൈം നമ്പർ 103/2005' കണ്ടിറങ്ങിയശേഷമായിരുന്നു പ്രഭാവതിയമ്മയുടെ പ്രതികരണം. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലായിരുന്നു ചിത്രത്തിന്റെ ആദ്യപ്രദർശനം.

സംവിധായകൻ ആനന്ദ്‌  മഹാദേവനൊപ്പമിരുന്നാണ്‌ പ്രഭാവതിയമ്മ തന്റെ കഥ അഭ്രപാളിയിൽ കണ്ടത്‌. നിറകണ്ണുകളോടെ തിയറ്ററിൽ  നിന്നിറങ്ങുമ്പോഴും 13 വർഷം നീണ്ട പോരാട്ടത്തിന്റെ കനലുകൾ വാക്കുകളിൽ ജ്വലിക്കുന്നുണ്ട്‌. ഒരമ്മയുടെ പോരാട്ടകഥയ്‌ക്കപ്പുറം നീതി നിഷേധത്തിന്‌ കൂട്ടുനിൽക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്‌ ചിത്രമെന്ന്‌ മായിഘട്ടിന്റെ സംവിധായകൻ  പറഞ്ഞു. പ്രത്യേകിച്ചും ഇന്നത്തെ സമൂഹത്തിൽ സമാനസംഭവങ്ങൾ വീണ്ടും ആവർത്തിക്കുമ്പോൾ. നിർമാതാവിനെ കിട്ടാത്തതുകൊണ്ടാണ്‌ മലയാളത്തിൽ ചിത്രീകരിക്കാതിരുന്നതെന്നും സംവിധായകൻ പറഞ്ഞു.

മോഷണക്കുറ്റം ചുമത്തി ഉദയകുമാറിനെ പൊലീസ്‌ പിടികൂടുന്നത്‌ 2005 സെപ്‌തംബർ 27ന്‌. തുടർന്നാണ്‌ ഉദയകുമാർ കൊല്ലപ്പെടുന്നത്‌. തുടർന്ന്‌ 13 വർഷം അമ്മ പ്രഭാവതിയമ്മ കൊലയാളികൾ ശിക്ഷിക്കപ്പെടുന്നതിനായി പോരാട്ടം തുടർന്നു. 2018ൽ പ്രതികൾക്ക്‌ കോടതി വധശിക്ഷ വിധിച്ചു. 
ഉഷാ ജാദവാണ്‌ മായിഘട്ടിൽ പ്രഭാ മായിയായി പ്രഭാവതിയമ്മയ്‌ക്ക് ജീവൻ നൽകിയത്‌. ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം ഈ കഥാപാത്രത്തിലൂടെ ഉഷാ ജാദവിന്‌ ലഭിച്ചു. മലയാളിയായ സി പി സുരേന്ദ്രനും തിരക്കഥാരചനയിൽ പങ്കാളിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top