17 September Tuesday

നാഗവല്ലിയുടെ ചിലങ്ക കിലുക്കം ഉണരുന്നു ! മണിച്ചിത്രത്താഴ് ട്രെയിലർ എത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024



കൊച്ചി : മാടമ്പള്ളിയുടെ തെക്കിനിയിൽ നിന്നും കള്ളത്താക്കോലിട്ട് ഗംഗ തുറന്നു വിട്ട നാഗവല്ലി മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്ന് നടക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓർമ്മകൾക്കും കാഴ്ചകൾക്കും പുതിയ തിളക്കം. മലയാളത്തിന്റെ എവർഗ്രീൻ ചിത്രം മണിച്ചിത്രത്താഴ് റീമാസ്റ്റർ വേർഷൻ തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് ഒരുങ്ങുകയാണ്. 

ട്രെയിലർ ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഫ്രെയിമുകൾ കൂടുതൽ തെളിമയോടെ ഫോർ കെ കോളിറ്റിയിലാണ്  എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 17ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിനുവേണ്ടി ഇതിനോടകം തന്നെ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്ന് മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും.
1993 ല്‍ റിലീസ് ചെയ്ത 'മണിച്ചിത്രത്താഴ്' 365 ദിവസമാണ് കേരളത്തിലെ തിയേറ്റുകളിൽ ഓടിയത്. വൻ സാമ്പത്തിക ലാഭവും ചിത്രം നേടി. ഫാസിൽ സംവിധാനം ചെയ്ത  ചിത്രത്തിന്റെ അണിയറയിൽ പ്രഗത്ഭരായ നിരവധി സംവിധായകരും പ്രവര്‍ത്തിച്ചിട്ടുണ്ട്.  പ്രിയദര്‍ശന്‍, സിദ്ദിഖ് – ലാല്‍, സിബി മലയില്‍ തുടങ്ങിയവർ ചിത്രത്തിൽ സെക്കന്റ് യൂണിറ്റിലെ സംവിധായകരായും പ്രവർത്തിച്ചിട്ടുണ്ട്.

ശോഭനയുടെ കരിയറിലെ​ ഏറ്റവും മികച്ച വേഷങ്ങൾ എന്നു വിശേഷിപ്പിക്കാവുന്നതാണ് 'മണിച്ചിത്രത്താഴി'ലെ ഗംഗ/നാഗവല്ലി ദ്വന്ദ്വങ്ങൾ. 1994-ൽ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും 'മണിച്ചിത്രത്താഴ്' നേടി കൊടുത്തു. ശോഭനയുടെ നാഗവല്ലിയോടൊപ്പം തന്നെ ഡോ. സണ്ണിയും നകുലനും ശങ്കരൻ തമ്പിയും മഹാദേവനും ശ്രീദേവിയും അല്ലിയും ചന്തുവും ഉണ്ണിത്താനും ഭാസുരയും ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ദാസപ്പൻകുട്ടിയും കാട്ടുപറമ്പനും എല്ലാം ശ്രദ്ധേയമായി. മോഹൻലാൽ, സുരേഷ് ഗോപി, ശ്രീധർ, വിനയപ്രസാദ്, കെ പി എസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു, തിലകൻ, ഗണേഷ് കുമാർ, മാള, സുധീഷ്, രുദ്ര തുടങ്ങിയവരുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയിൽ 'മണിച്ചിത്രത്താഴ്' എന്ന ചിത്രത്തിനും അതിലെ കഥാപാത്രങ്ങളും ഏറെ പ്രാധാന്യമുണ്ട്.

വേണുവായിരുന്നു സിനിമയുടെ മുഖ്യ ഛായാഗ്രാഹകൻ. ആനന്ദകുട്ടനും സണ്ണി ജോസഫും സെക്കൻഡ് യൂണിറ്റിന്റെ ക്യാമറ കൈകാര്യം ചെയ്തു. ബിച്ചു തിരുമലയും മധു മുട്ടവും കവിഞ്ജർ വാലിയും എഴുതിയ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് എം.ജി. രാധകൃഷ്ണനായിരുന്നു. ജോൺസന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടി.

സംഗീതം : എം.ജി. രാധാകൃഷ്ണൻ, പശ്ചാത്തലസംഗീതം: ജോൺസൺ, ഗാനരചന :ബിച്ചു തിരുമല,മധു മുട്ടം,വാലി, ഛായാഗ്രഹണം : വേണു, ചിത്രസംയോജനം : ടി.ആർ. ശേഖർ,  സ്റ്റുഡിയോ :  സ്വർഗ്ഗചിത്ര, ബെന്നി ജോൺസൺ, ധനുഷ് നായനാർ, സോമൻ പിള്ള, അജിത്ത് രാജൻ, ശങ്കർ പി എൻ, മണി സൂര്യ, ജോൺ മണി, സുചിത്ര, വേലായുധൻ കീഴില്ലം, ജിനേഷ് ശശിധരൻ, ബാബു സാഹിർ, എം ആർ രാജാകൃഷ്ണൻ,പി ആർ ഒ : വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് : അരുൺ പൂക്കാടൻ ( 1000 ആരോസ്) എന്നിവരാണ് അണിയറയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top