ഒരൊറ്റ കഥാപാത്രംകൊണ്ട് അനശ്വരയായി മാറുക എന്ന അപൂർവതയായിരുന്നു ഉമ ദാസ് ഗുപ്തയുടെ അഭിനയജീവിതം. പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗയെന്ന കഥാപാത്രവും ഉമ ദാസ് ഗുപ്തയും തമ്മില്‍ വ്യത്യാസങ്ങളില്ലാതെ ലയിച്ചുചേര്‍ന്നു എന്നതാണ് വാസ്‌തവം. പ്രശസ്ത ചലച്ചിത്ര നിരൂപകൻ ജി പി രാമചന്ദ്രൻ എഴുതുന്നു.
സത്യജിത് റായിയുടെ ക്ലാസിക് സിനിമ
പഥേര്‍ പാഞ്ചാലിയിലെ കേന്ദ്ര കഥാപാത്രമായ ദുര്‍ഗയെ അനശ്വരയാക്കിയ ഉമ ദാസ് ഗുപ്ത വിടപറഞ്ഞു. പതിനാല് വയസ്സ് പ്രായമുള്ളപ്പോഴാണ് അവര്‍ ദുര്‍ഗയായി അഭിനയിച്ചത്. ദശകങ്ങളോളം സിനിമയില്‍നിന്നു മാറിനിന്ന അവര്‍ 2015ല്‍ കൗശിക് ഗാംഗുലിയുടെ
അപുര്‍ പാഞ്ചാലി, 2022ല്‍
ലോക്കി ചേലേ എന്നീ സിനിമകളില്‍ മാത്രമാണ് പിന്നീട് അഭിനയിച്ചത്.
ഇതില്‍ അപുര്‍ പാഞ്ചാലി, സത്യജിത് റായിയുടെ അപുത്രയത്തിനുള്ള ഒരു ആദരചിത്രമായിരുന്നു. അധ്യാപികയായി സാധാരണ മട്ടില്‍ ജീവിച്ചുവരികയായിരുന്ന ഉമ ദാസ് ഗുപ്ത എണ്‍പത്തിനാലാം വയസ്സിലാണ് മരിക്കുന്നത്.
തികച്ചും നൈസര്‍ഗികമായ അഭിനയമായിരുന്നു ഉമയുടേതെന്ന് സത്യജിത് റായ് പറയാറുണ്ടെന്ന് അദ്ദേഹത്തിന്റെ മകന്‍ സന്ദീപ് റായ് പറഞ്ഞു.
ലോകാവസാനം വരെ നിലനിൽക്കുന്ന തരത്തിലുള്ള സിനിമയും കഥാപാത്രവുമാണ്
പഥേര്‍ പാഞ്ചാലിയും ദുര്‍ഗയും. ഒരൊറ്റ കഥാപാത്രംകൊണ്ട് അനശ്വരയായി മാറുക എന്ന അപൂർവതയായിരുന്നു ഉമ ദാസ് ഗുപ്തയുടെ അഭിനയജീവിതം.
പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗയെന്ന കഥാപാത്രവും ഉമ ദാസ് ഗുപ്തയും തമ്മില്‍ വ്യത്യാസങ്ങളില്ലാതെ ലയിച്ചുചേര്‍ന്നു എന്നതാണ് വാസ്‌തവം. സിനിമയില്‍ ദുര്‍ഗ മരിക്കുന്നുണ്ട്.
എന്നാല്‍, ആ കഥാപാത്രത്തിലൂടെ സങ്കൽപ്പിക്കപ്പെട്ട ചരിത്രപരവും സ്ഥലപരവും മാനുഷികവും ആത്മീയവുമായ വ്യക്തിത്വം ഗ്രാമീണ ബംഗാളിനെ എന്നതുപോലെ, ഇന്ത്യയെയും നിര്‍ണയിക്കുകയും നിർവചിക്കുകയുമായിരുന്നു.
സാമ്രാജ്യത്വം നോക്കിക്കണ്ടതു പോലെയല്ല; മറിച്ച് ഇന്ത്യ മനുഷ്യരുടേതാണെന്ന രാഷ്‌ട്രത്തിന്റെയും സംസ്‌കാര ചരിത്രത്തിന്റെയും അടയാളരേഖയായിരുന്നു പഥേര്‍ പാഞ്ചാലി.
ആ സിനിമയിലൂടെ ലോകം ഇന്ത്യയെ കണ്ടെത്തുകയും ചെയ്‌തു. ഇന്ത്യന്‍ സിനിമയാകട്ടെ ലോകത്തിന്റെ നെറുകയിലെത്തുകയും ചെയ്‌തു. അപമാനത്തിന്റെ ചിഹ്നങ്ങളായി ചിലര്‍ വ്യാഖ്യാനിച്ച പഥേര്‍ പാഞ്ചാലിയിലെ ദാരിദ്ര്യചിത്രണം; വാസ്‌തവത്തില്‍, ഞങ്ങള്‍ മനുഷ്യസമുദായമാണെന്ന ഇന്ത്യയുടെ കലാഭിമാന പ്രസ്‌താവനയായിരുന്നു.
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ ആഖ്യായികയില്‍ ലഭ്യമായിരുന്ന ആശയമണ്ഡലവും ഗ്രാമജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും തന്റെ ചലച്ചിത്ര രചനയില്‍ (അപുത്രയം) ഇടര്‍ച്ചകളില്ലാതെ പ്രയോജനപ്പെടുത്താന്‍ സത്യജിത്
റായിക്ക് സാധ്യമായി. സമ്പന്നവും പ്രൗഢവുമായ സാഹിത്യത്തിന്റെ ഗരിമകളെ ദൃശ്യഭാഷയിലേക്ക് ഫലപ്രദമായി സന്നിവേശിപ്പിക്കുന്നതിലൂടെയാണ് റായ് സാംസ്‌കാരിക നവോത്ഥാനത്തിന്റെ പതാകവാഹകനാകുന്നത്.
ബൈസിക്കിള്‍ തീവ്സിലൂടെ പരിചയപ്പെട്ട സിനിമ എന്ന ആവിഷ്‌കാരരൂപവും തനിക്കുതന്നെ പരിചയമുണ്ടായിരുന്നതും എന്നാല്‍ പെട്ടെന്ന് ഓര്‍മയിലെത്തിയതുമായ ഇന്ത്യയിലെ യാഥാർഥ്യത്തെക്കുറിച്ചുള്ള അവബോധവും മാത്രമല്ല തീര്‍ച്ചയായും പഥേര്‍ പാഞ്ചാലിയുടെ പ്രചോദനം.
ദാരിദ്ര്യത്തിലും അടഞ്ഞ ഗ്രാമീണ വ്യവസ്ഥയിലും ആകുലപ്പെടുന്ന ഉദാര മാനവികവാദത്തിലധിഷ്ഠിതമായ ഈ സിനിമയുടെ ഭാവുകത്വം ആത്യന്തികമായ മനുഷ്യനന്മയെക്കുറിച്ചും നിഷ്‌കളങ്കതയെക്കുറിച്ചും ഉള്ള ശുഭാപ്തിവിശ്വാസം തന്നെയാണ്. അത് അടിസ്ഥാന കൃതിയിലുള്ള ഊന്നലുകളുടെ അനുബന്ധമല്ലാതെ മറ്റൊന്നുമല്ലതാനും.
ഭൂവുടമകളുടെ ആര്‍ത്തിയാല്‍ ദരിദ്രരും നിരാലംബരുമാകുന്ന കര്‍ഷകരുടെ കഥയാണ് പഥേര്‍ പാഞ്ചാലി അവതരിപ്പിക്കുന്നത് എന്ന അനുമാനത്തില്‍ നിരൂപകനായ ടി ജി വൈദ്യനാഥന്‍ എത്തിച്ചേരുന്നുണ്ട്. നാല് ദുരിതയാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ദാരിദ്ര്യം, രോഗം, വാർധക്യം, മരണം.
പത്തൊമ്പതാം നൂറ്റാണ്ടിലാരംഭിച്ച ബംഗാളി നവോത്ഥാനത്തിന്റേതായ ബോധരൂപീകരണത്തിലാണ് റായിയുടെ
അപുത്രയം അടക്കമുള്ള ആദ്യകാല സിനിമകള്‍ ഉറച്ചുനിന്നത്. പാശ്ചാത്യ വിദ്യാഭ്യാസവും പുരോഗമന യുക്തിചിന്തയും സാർവദേശീയതയിലൂന്നിയ പരിഷ്‌കരണവാദവും സമന്വയിക്കുന്ന ആദര്‍ശമണ്ഡലമാണ് ടാഗോറിനെയെന്നതുപോലെ റായിയുടെയും രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളെ നിര്‍ണയിച്ചത്.
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെയും (അപുത്രയം, അശനി സങ്കേത്), താരാശങ്കര്‍ ബന്ദോപാധ്യായയുടെയും (ജല്‍സാ ഘര്‍), രബീന്ദ്രനാഥ് ടാഗോറിന്റെയും (തീന്‍ കന്യ, ചാരുലത, ഘരെ ബായ്‌രെ), നരേന്ദ്രനാഥ് മിത്രയുടെയും (മഹാനഗര്‍), മുന്‍ഷി പ്രേംചന്ദിന്റെയും (ശത്‌രഞ്ജ് കെ കിലാഡി, സദ്ഗതി) കഥകളെ അവലംബിച്ചുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനകളത്രയും.
ഇന്ത്യയെക്കുറിച്ച്, അതു മുഖേന ലോകത്തെക്കുറിച്ച് തന്റെ തന്നെ കാഴ്‌ചപ്പാടുകള്‍ പ്രതിഫലിക്കുന്ന ഈ കൃതികളുടെ ചലച്ചിത്ര പ്രതിബിംബങ്ങള്‍ ഒരർഥത്തില്‍ തനിക്ക് എളുപ്പത്തില്‍ പരിചരിക്കാവുന്ന ഇതിവൃത്തങ്ങള്‍ക്കപ്പുറം പരീക്ഷണങ്ങള്‍ക്ക് തുനിയാത്ത ഒരു വരേണ്യ രക്ഷാകര്‍തൃത്വത്തിന്റെ നിദര്‍ശനവുമാണെന്ന് പറയാം. കഥയില്‍നിന്നുള്ള വളര്‍ച്ചകള്‍ അതുകൊണ്ടുതന്നെ എപ്പോഴും സ്വാഭാവികം മാത്രമാണ്.
അപുത്രയത്തില്‍, ബിഭൂതിഭൂഷന്റെ നോവലില്‍ കാണാത്തവിധം പാശ്ചാത്യ ശാസ്‌ത്രത്തോടും പാശ്ചാത്യ‐ പൗരസ്‌ത്യ സാംസ്‌കാരിക സമന്വയത്തിന്റെ സൃഷ്ടിയായ ഒരു നവീന ഭാരതസംസ്‌കാരം എന്ന ആശയത്തോടും ആഭിമുഖ്യം പുലര്‍ത്തുന്ന നായകനെയാണ് അപുവിലൂടെ ചിത്രീകരിക്കപ്പെടുന്നതെന്ന് ഡേവിഡ് ഹനാന്‍ നിരീക്ഷിക്കുന്നുണ്ട്.
ബിഭൂതിഭൂഷന്റെയും മറ്റും നോവലുകളിലെ ഗ്രാമീണ/നാഗരിക ബംഗാളുകളെ പുനഃസൃഷ്ടിക്കുകയല്ലാതെ മറ്റൊന്നും റായ് ചെയ്‌തില്ല എന്നും വിമര്‍ശനമുന്നയിക്കുന്നവരുണ്ട്. രാജാറാം മോഹന്‍ റായ് ബ്രഹ്മസമാജ പ്രസ്ഥാനത്തിലൂടെ ആരംഭിച്ച നവോത്ഥാന ചിന്തയുടെ സ്വാതന്ത്ര്യാനന്തരകാലത്തെ പിന്തുടര്‍ച്ചക്കാരായ ബനിയാമുന്‍ഷി ദിവാന്‍ വിഭാഗത്തിന്റെ നാവും കണ്ണും ചെവിയും മാത്രമാണ് റായിയുടേതെന്ന് പ്രഞ്ജലി ബന്ധു അഭിപ്രായപ്പെടുന്നു.
‘പഥേർ പാഞ്ചാലി’യിൽ കരുണ ബാനർജി, ഉമ ദാസ് ഗുപ്‌ത, സുബീർ ബാനർജി
ഹരിഹര്‍, സര്‍ബജയ, ഇന്ദിര്‍ താക്ക്രുണ്‍, അപു എന്നീ നാല് കഥാപാത്രങ്ങളാണ് ദുര്‍ഗയ്‌ക്ക് പുറമെ
പഥേര്‍ പാഞ്ചാലിയില്‍ പ്രധാനമായുള്ളത്. അപുവിന്റെ കണ്ണിലൂടെയുള്ള സിനിമയാണ്
പഥേര്‍ പാഞ്ചാലിയെങ്കിലും അത് അപുവിനെക്കുറിച്ചെന്നതിനേക്കാള്‍ ദുര്‍ഗയെക്കുറിച്ചുള്ള സിനിമയാണെന്നതാണ് വാസ്‌തവം. ഹരിഹറിന്റെയും സര്‍ബജയയുടെയും മൂത്തമകളായ ദുര്‍ഗ, കാരുണ്യമുള്ളവളും മനസ്സിലും പ്രവൃത്തിയിലും സർഗചൈതന്യം ഉള്ളവളുമാണ്.
നിത്യജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധാലുവും അനിയനായ അപുവിനോട് ഏറെ അടുപ്പം പുലര്‍ത്തുന്നവളുമാണ്. ദാരിദ്ര്യത്തിന്റെ തീവ്രത സഹിക്കാതെ അവള്‍ ചില മോഷണങ്ങള്‍ നടത്തുന്നുണ്ട്. കുടുംബത്തിലെ എല്ലാവരെയും ബന്ധിപ്പിച്ച് നിര്‍ത്തിയിരുന്ന കണ്ണിയും അവളായിരുന്നു.
അവള്‍ മരിച്ചപ്പോള്‍, ഏറ്റവും പ്രിയമുള്ളതെല്ലാം ഉപേക്ഷിച്ച് അവര്‍ നാടുവിടുകയാണ് ചെയ്യുന്നത്. ദുര്‍ഗയില്ലാത്ത ആ വീടും ആ നാടും അവര്‍ക്ക് അത്രമാത്രം ശൂന്യതയാണ് പ്രദാനം ചെയ്യുന്നത്. അഥവാ ദുര്‍ഗ തന്നെയാണ് ആ വീട്.
ഹരിഹറിന്റെയും സര്‍ബജയയുടെയും മകളെന്നതിനേക്കാളും ദുര്‍ഗ അപുവിന്റെ ജ്യേഷ്ഠത്തിയായാണ് മിക്കവാറും ദൃശ്യവൽക്കരിക്കപ്പെടുന്നത്. അവള്‍ അവന്റെ നിത്യാശ്വാസമാണ്.
കാലത്ത് ഉണര്‍ന്നെണീക്കുമ്പോള്‍ അവന്‍ ആദ്യം തന്നെ കാണുന്നത് അവളുടെ മുഖമാണ്. അവളുടെ കളിപ്പെട്ടിയില്‍ നിന്ന് ചോദിക്കാതെ കളിപ്പാട്ടം എടുക്കുന്ന അവനെ അവള്‍ അടിക്കുന്നുണ്ട്. എന്നാല്‍, അവന്റെ ഇത്തിരി സന്തോഷമെല്ലാം പ്രദാനം ചെയ്യുന്നത് ദുര്‍ഗ തന്നെയാണ്.
‘പഥേർ പാഞ്ചാലി’യിൽ ഉമ ദാസ് ഗുപ്‌തയും സുബീർ ബാനർജിയും
സഹോദരങ്ങള്‍ തമ്മിലുള്ള ഗാഢബന്ധം എന്താണെന്ന് മനസ്സിലാക്കാന്‍ അപുവും ദുര്‍ഗയും തമ്മിലുള്ള ബന്ധത്തിന്റെ ആവിഷ്‌കാരത്തിനോളം പോന്ന ഒരു ഉദാഹരണം വേറെയുണ്ടാകില്ല. ദുര്‍ഗ എന്തിനും തയ്യാറാണ്.
ആന്തരികമായി അവള്‍ ശക്തയുമാണ്. ലോകമെന്താണെന്നും അതിന്റെ തുറവികളെന്താണെന്നുമെന്നും അപുവിന് കാണിച്ചുകൊടുക്കുന്നത് ദുര്‍ഗയാണ്. മഴയെന്താണെന്നും പുഴയെന്താണെന്നും തീവണ്ടിയെന്താണെന്നും അവള്‍ കാണിച്ചുകൊടുക്കുന്നു.
മഴയില്‍ നനയാമെന്നും വെള്ളം ശാന്തത വിനിമയം ചെയ്യുമെന്നും അവള്‍ പറയാതെ പറയുന്നു. തീവണ്ടിയുടെ വേഗത പങ്കിടുമ്പോള്‍; മനുഷ്യരുടെ ലോകം എത്ര വിശാലമാണെന്ന കാഴ്‌ചപ്പാടാണ് അറിയുന്നത്.
നിഷ്‌കളങ്കതയുടെയും ഉള്‍ക്കൊള്ളലിന്റെയും മാനസികവ്യാപാരങ്ങളാണ് ദുര്‍ഗയെ സൂക്ഷ്മമായി വെളിപ്പെടുത്തുന്നത്.
ദുര്‍ഗയും അപുവും എന്തെങ്കിലും ആസൂത്രണം ചെയ്യുകയായിരുന്നില്ല. അവര്‍ ജീവിക്കുകയായിരുന്നു. ലോകത്തെ കണ്‍തുറന്ന് കാണുകയായിരുന്നു. മുതിര്‍ന്നവര്‍ ഏറെ ജീവിച്ചുകഴിയുകയും പരിമിതികളും പ്രതിസന്ധികളും പരിചയപ്പെടുകയും അതിനോട് രാജിയാവുകയും ചെയ്‌തവരാണ്. എന്നാല്‍, കുട്ടികള്‍ക്ക് അങ്ങനെയല്ല. അവര്‍ക്കു മുമ്പില്‍ പുതിയ ലോകം, പുതിയ ജീവിതം തുറന്നു കിടക്കുകയാണ്.
അവരാണത് നിർമിച്ചെടുക്കുന്നതും. ദുര്‍ഗ ഇല്ലാതായപ്പോള്‍, പെട്ടെന്ന് മുതിര്‍ന്നവനായി മാറുന്ന അപുവിനെ സത്യജിത് റായ് അടയാളപ്പെടുത്തുന്നുണ്ട്. അസാന്നിധ്യത്തിലും സാന്നിധ്യമായി അപുവിനൊപ്പം ദുര്‍ഗ ഉണ്ടെന്ന സാക്ഷ്യം ഇതിലും മനോഹരമായി രേഖപ്പെടുത്താനാവില്ല.
തിരക്കഥയെഴുതി വെട്ടുകയും തിരുത്തുകയും ചെയ്യുക മാത്രമായിരുന്നില്ല സത്യജിത് റായ് വര്‍ഷങ്ങളോളം ചെയ്‌തത്. കൊല്‍ക്കത്തയിലെ പരസ്യ ഏജന്‍സിയിലെ ജോലിക്കിടയില്‍ ഒരു കലാസംവിധായകനെപ്പോലെ ഗ്രാഫിക് ഡിസൈനുകള്‍ വരച്ച് വരച്ചാണ് റായ്
പഥേര്‍ പാഞ്ചാലിയെക്കുറിച്ചുള്ള ഭാവന രേഖപ്പെടുത്തി വച്ചത്. കറുത്ത മഷികൊണ്ട് വരച്ച രേഖാചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനാ സവിശേഷത.
കടലാസിലെ കോറിവരകളായാണ് കഥാപാത്രങ്ങളുടെ ചലനങ്ങള്‍ തുടക്കത്തില്‍ രേഖപ്പെടുത്തി വച്ചത്. രണ്ട് വലിയ മരങ്ങള്‍ക്കിടയില്‍ അപുവും ദുര്‍ഗയും നില്‍ക്കുന്ന ചിത്രത്തില്‍ നിന്ന്; അവരുടെ ചെറുതായിരിക്കുന്ന അവസ്ഥ മാത്രമല്ല, പ്രകൃതിയുടെ മഹനീയമായ സുരക്ഷയും തണലും വിനിമയം ചെയ്യപ്പെടുന്നു.
സിനിമാശാലകളുടെയും ടെലിവിഷനുകളുടെയും ഫോണുകളുടെയും തിരശ്ശീലയില്‍ നിന്ന് പഥേര്‍ പാഞ്ചാലി കണ്ട് എത്രയോ കാലം കഴിഞ്ഞാലും അതിലെ ഇമേജുകള്‍ നിങ്ങളെ തേടിയെത്തും. തണലുകളും സന്തോഷങ്ങളും കരച്ചിലുകളും എല്ലാം നിങ്ങളെ പിന്തുടരും. വാക്കുകള്‍ നഷ്ടപ്പെട്ടാലും ദൃശ്യങ്ങള്‍ അവസാനിക്കില്ല. സിനിമ എന്താണെന്ന് നിർവചിക്കാന്‍ വാക്കുകള്‍ തേടിപ്പോകേണ്ടതില്ല, പഥേര്‍ പാഞ്ചാലി കാണിച്ചാല്‍ മതി.
ദുര്‍ഗ അതിന്റെ കേന്ദ്രത്തിലുണ്ട്. ദുര്‍ഗയെ അനശ്വരയാക്കിയ ഉമ ദാസ് ഗുപ്തയും.
ഉമ ദാസ് ഗുപ്തയുടെ പ്രകടനം കാണിയുടെ ഓർമയിലെന്നും തങ്ങിനില്‍ക്കും. ദുര്‍ഗ അനുഭവിക്കുന്ന മഹാദുരന്തങ്ങള്‍ കൊണ്ടു മാത്രമല്ല അത്.
അപുവിനോട് ദയാവായ്‌പോടെ, എന്നാല്‍ ചെറിയ പരിഹാസത്തോടെ അവള്‍ ചിരിക്കുന്ന ചിരിയും, അവന്റെ നനഞ്ഞ മുടി ചീകിയൊതുക്കുമ്പോള്‍ അവള്‍ അവന്റെ മുഖം തന്നോട് ചേര്‍ത്തുവയ്‌ക്കുന്നതും, മഴയത്ത് എല്ലാം മറന്ന് നൃത്തം വയ്‌ക്കുന്നതും... ഇതെല്ലാമാണ്
പഥേര്‍ പാഞ്ചാലി അഥവാ പാതയുടെ ഗീതം. അത് ദുര്‍ഗ തന്നെയാണ്. അവളുടെ കുസൃതികള്‍ക്കും വികൃതികള്‍ക്കും മനുഷ്യപ്രകൃതിയുടെ താളങ്ങളാണുള്ളത്.
മൃഗങ്ങളില്‍ നിന്ന് പരിണമിച്ച് വളര്‍ച്ചയെത്തിയ മനുഷ്യരുടെ താളങ്ങള്‍. പുതിയ നൂറ്റാണ്ടില്‍ യന്ത്രങ്ങള്‍ക്ക് മുമ്പില്‍ നിഷ്‌പ്രഭമായിപ്പോയേക്കാവുന്ന മനുഷ്യപ്രകൃതി എന്തായിരുന്നുവെന്ന് പരതി നോക്കുമ്പോള്‍ ദുര്‍ഗയെയായിരിക്കും വരുംകാലം കാണിച്ചുകൊടുക്കുക.
നിറഞ്ഞ ദുരിതങ്ങള്‍ക്കിടയിലും എന്തുമാത്രം ആഹ്ലാദകരമായിരുന്നു മനുഷ്യരുടെ ജീവിതം എന്ന് കാണിച്ചുകൊടുക്കാന്‍ ദുര്‍ഗയുടെ ആ ചേഷ്ടകളാണ് ഏറ്റവും അനുയോജ്യം. അവയെ കാലാതീതമാക്കിയതാവട്ടെ ഉമ ദാസ് ഗുപ്തയും.
ദുര്‍ഗ ഒരിയ്‌ക്കലും പിന്തിരിയുന്നവളായിരുന്നില്ല. തീര്‍ച്ചയായും അവള്‍ക്ക് അവളുടേതായ രഹസ്യങ്ങളും സംശയങ്ങളുമുണ്ടായിരുന്നു. മറ്റു പെണ്‍കുട്ടികളോട് അവള്‍ വല്ലാതെ കൂട്ടുകൂടുന്നുണ്ടായിരുന്നില്ല. ഇങ്ങനെ പഥേര്‍ പാഞ്ചാലിയിലെ പിരിമുറുക്കങ്ങളും ദുര്‍ഗയിലൂടെയാണ് നാം അനുഭവിക്കുന്നത്. കരിമ്പ് കടിച്ചൂറ്റിക്കുടിക്കുമ്പോഴും മറ്റും ദുര്‍ഗയുടെ മുഖഭാവം എല്ലാം വെട്ടിപ്പിടിക്കുന്നവളുടേതാണ്.
ഓഡിഷനില്‍ സത്യജിത് റായ് കണ്ട പെണ്‍കുട്ടിയില്‍ നിന്ന് ചിത്രീകരണവേളയില്‍ സമ്പൂര്‍ണമായി സമര്‍പ്പിതയായ, അല്ലെങ്കില്‍ ദുര്‍ഗ എന്ന കഥാപാത്രത്തിലേയ്‌ക്ക് പരകായപ്രവേശം പ്രാപിച്ച മഹതിയായ കലാകാരിയായി ഉമ ദാസ് ഗുപ്ത വളര്‍ന്നു.
ഓഡിഷനില്‍ സത്യജിത് റായ് കണ്ട പെണ്‍കുട്ടിയില്‍ നിന്ന് ചിത്രീകരണവേളയില്‍ സമ്പൂര്‍ണമായി സമര്‍പ്പിതയായ, അല്ലെങ്കില്‍ ദുര്‍ഗ എന്ന കഥാപാത്രത്തിലേയ്‌ക്ക് പരകായപ്രവേശം പ്രാപിച്ച മഹതിയായ കലാകാരിയായി ഉമ ദാസ് ഗുപ്ത വളര്‍ന്നു.
ചിലപ്പോള്‍ അവള്‍ക്കിത്തിരി ഭ്രാന്തില്ലേ എന്ന് നമുക്കു തോന്നാം. മുതിര്‍ന്നവരുടെ സങ്കൽപ്പങ്ങളും നിര്‍ബന്ധങ്ങളും നിർവചനങ്ങളും പ്രതീക്ഷകളും പൂര്‍ത്തീകരിക്കുന്ന ഏറ്റവും നല്ല കൗമാരക്കാരിയല്ല ദുര്‍ഗ. നാവ് പുറത്തേക്കിട്ട് നടക്കുന്ന, നിയമം തെറ്റിക്കുന്നവളാണവള്‍. കാണപ്പെടാതെ തന്നെ കാണിക്കുന്ന സൂക്ഷ്മദര്‍ശിനിയായി ഉമ ദാസ് ഗുപ്ത ദുര്‍ഗയെ അനശ്വരയാക്കി എന്ന് ദുര്‍ഗ ച്യു ബോസ് എന്ന മോണ്‍ട്രീലില്‍ നിന്നുള്ള എഴുത്തുകാരി സാക്ഷ്യപ്പെടുത്തുന്നു.
പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗയെ കണ്ട് മതിമറന്ന് ആ കഥാപാത്രത്തിന്റെ പേര് തന്റെ മകള്‍ക്കിട്ട പിതാവിന്റെ കുട്ടിയാണവര്‍.
പതുങ്ങി നടക്കുകയും മരം കയറുകയും മുങ്ങിനീന്തുകയും എല്ലാം ചെയ്യുന്ന പൊട്ടിക്കാളിയാണ് ദുര്‍ഗ. അവള്‍ ജിജ്ഞാസയോടെ പല കാര്യങ്ങളും ഒളിഞ്ഞു നോക്കുകയും മറ്റ് ചിലത് സൂക്ഷ്മമായി പരിശോധിക്കുകയും ചുറ്റുമുള്ളതെല്ലാം വീക്ഷിക്കുകയും ചെയ്യുന്നു. എല്ലാം ചെവി കൂര്‍പ്പിച്ച് കേള്‍ക്കുകയും ചെയ്യുന്നു.
ഒരു പന്തായി മാറി ഉരുളാനും കുതിരയെപ്പോലെ ഓടാനും പറവയെപ്പോലെ പറക്കാനും അവള്‍ക്ക് സാധിക്കും. സര്‍ബജയയ്‌ക്ക് ഉപേക്ഷിക്കാന്‍ തോന്നുന്ന വയസ്സിത്തള്ളയെ ചേര്‍ത്തു നിര്‍ത്തുന്നത് ദുര്‍ഗയാണ്. അവള്‍ അപ്രകാരം ജീവിതത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശമായി മാറുന്നു.
ദുര്‍ഗ എല്ലാവരുടേതുമാണ്. അവള്‍ കൽപ്പനയും യാഥാർഥ്യവുമാണ്. കണ്ണാടി നോക്കുമ്പോഴാണ് അവള്‍ക്ക് അവളെയും നിരീക്ഷിക്കാനാവുമെന്ന് നമുക്ക് മനസ്സിലാവുന്നത്. ഉമ ദാസ് ഗുപ്തയില്ലാത്ത പഥേര്‍ പാഞ്ചാലിയെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ല. അവളാണ് സിനിമയുടെ ചാലകശക്തി. അവള്‍ ഒരു രംഗത്തിലെ അഭിനയം പൂര്‍ത്തിയാക്കിക്കഴിഞ്ഞാലും, അല്ലെങ്കില്‍ അവളവിടെ ഇല്ലാതായിക്കഴിഞ്ഞാലും ദുര്‍ഗയുടെ സാന്നിധ്യം കാണിക്ക് അനുഭവപ്പെടും.
ഇത് ദുര്‍ഗ എന്ന കഥാപാത്രത്തെ നോവലിസ്‌റ്റും സംവിധായകനും സങ്കൽപ്പിച്ചതിന്റെ മികവ് മാത്രമല്ല, ഉമ ദാസ് ഗുപ്തയുടെ അവതരണത്തിന്റെ പൂര്‍ണതകൊണ്ടുമാണ് നിറവേറുന്നത്. സന്നദ്ധതയും കരുണയും പ്രകാശം ചിതറിപ്പിക്കുന്ന കവിളുകളും ദുര്‍ഗയെന്ന കഥാപാത്രവും അവളെ അവതരിപ്പിച്ച ഉമ ദാസ് ഗുപ്ത എന്ന അഭിനേത്രിയും പഥേര്‍ പാഞ്ചാലി എന്ന സിനിമയുടെ മാത്രമല്ല, പിന്നീടുള്ള മുഴുവന്‍ കാലത്തിന്റെയും ഭൂപ്രകൃതി തന്നെയായി മാറിത്തീര്‍ന്നു .
നന്ദി: Constant Compass: Uma Das Gupta in Pather Panchali By Durga Chew-Bose (https://www.criterion.com/current/posts/4535-constant-compass-uma-das-gupta-in-pather-panchali?srsltid=AfmBOoqTLFDNAWfRmVZGAAQwsmyr0LUdFx7NaOP72OwUnvqZ_ixTJBCa)
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..