22 November Friday

സിനിമ കാണാൻ ഓടണം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019


ഇന്ത്യയുടെ അമ്പതാം രാജ്യാന്തരചലച്ചിത്രോത്സവത്തിന് ഗോവയിൽ തുടക്കമായപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഡെലിഗേറ്റുകൾ നെട്ടോട്ടത്തിൽ. ആഘോഷങ്ങൾ പൊടിപൊടിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർക്ക് സിനിമകാണാനുള്ള അവസരം കുറഞ്ഞെന്ന പരാതി ആദ്യദിനത്തിൽത്തന്നെ ഉയർന്നു. അധികമായി മൂന്ന് പ്രദർശനകേന്ദ്രം ഒരുക്കിയെങ്കിലും അവ മേളയുടെ പ്രധാനവേദിയിൽനിന്ന്‌ എട്ടുകിലോമീറ്റർ അകലെ. അവിടേക്ക് പ്രത്യേകവാഹനം സംഘാടകർ ഒരുക്കിയിട്ടില്ല.

പ്രദർശനത്തിൽ കഴിഞ്ഞതവണത്തെ നിരവധി സേവനങ്ങള്‍ ഇപ്പോൾ വെട്ടിക്കുറച്ചു. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാതെ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അവസാന മിനിറ്റുകളിൽ ക്യൂനിന്ന് കയറാനുള്ള റഷ് ക്യൂ സംവിധാനം ഇത്തവണ ഇല്ല. പകരം അധികമുള്ള ടിക്കറ്റിനായി അവസാനനിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാൻ ഓടണം. പ്രദർശന വേദികളിൽനിന്ന്‌ അകലെയാണ് ടിക്കറ്റ് എടുക്കാനുള്ള കൗണ്ടർ. പ്രേക്ഷകരുടെ സംശയങ്ങൾ തീർക്കാനുള്ള കൗണ്ടറുകളുടെ പ്രവർത്തനവും സജീവമല്ലെന്ന് മേളയ്ക്ക് എത്തിയ മലയാളി ഡെലിഗേറ്റുകൾ പറയുന്നു. ബോളിവുഡ് നടീനടന്മാർ ആഘോഷപൂർവം സ്വീകരിക്കപ്പെടുമ്പോൾ  മറ്റ് ഭാഷാചിത്രങ്ങളിലെ പ്രമുഖ സംവിധായകൻ പോലും അവഗണിക്കപ്പെടുന്നതായി പരാതി ഉയരുന്നു.

ഗുജറാത്തി ചിത്രം ഹെല്ലാരോയുടെ പ്രദർശനത്തോടെ മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിന് തുടക്കമായി. മനോജ് കാനയുടെ കെഞ്ചിര ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. പണിയ ഭാഷയിൽ ചിത്രീകരിച്ച സിനിമയിൽ ആദിവാസികളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ജല്ലിക്കട്ട്, ഉയരെ, കോളാമ്പി തുടങ്ങിയ മലയാളചിത്രങ്ങളും പനോരമയിൽ പ്രദർശിപ്പിക്കും. ജല്ലിക്കട്ട് മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളിയായ അനന്ത് നാരായൺ മഹാദേവന്റെ മറാത്തി ചിത്രം ‘മായി ഘട്ടും' പനോരമയിലുണ്ട്‌. ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ, നൊവിൻ വാസുദേവന്റെ ഇരുളിലും പകലിലും ഒടിയൻ എന്നിവ പനോരമയിലെ കഥേതരവിഭാഗത്തിൽ പ്രദർശിപ്പിക്കും. നവാഗത ചിത്രങ്ങളുടെ മത്സരവിഭാഗത്തിൽ 7 ചിത്രങ്ങൾ മത്സരിക്കുന്നു. മനു അശോകൻ സംവിധാനംചെയ്ത ഉയരെ ഈ വിഭാഗത്തിലുണ്ട്‌.

അടുത്തിടെ അന്തരിച്ച ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന് മേള ആദരവർപ്പിക്കും. അനുസ്മരണത്തിന്റെഭാഗമായി  ഡോ. ബിജു സംവിധാനംചെയ്ത് എം ജെ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച വെയിൽമരങ്ങൾ പ്രദർശിപ്പിക്കും. മൃണാൾ സെൻ, ബർണാർഡോ ബർട്ടലൂച്ചി, ഗിരീഷ് കർണാട് എന്നിവർക്കും മേള ആദരവർപ്പിക്കും. സംഗീതകാരൻ ഇളയരാജ, സംവിധായകൻ മധൂർ ഭണ്ഡാർകർ എന്നിവരുടെ മാസ്റ്റർ ക്ലാസുകളും ഉണ്ടാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top