വിജിലേഷ് കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നാടകം പഠിക്കുമ്പോൾ ദിലീഷ് പോത്തൻ അവിടെ ജൂനിയർ. പോത്തൻ നേരെ സിനിമയിലെത്തി. ഒപ്പം വിജിലേഷും
പെങ്ങളെ കമന്റടിച്ച ഓട്ടോക്കാരനെ കുങ‌് ഫു പഠിച്ചിട്ട് വന്ന് ഇടിച്ച‌് നിലമ്പരിശാക്കി ഓടിക്കളയുന്ന അഭ്യുദയകാംക്ഷി അങ്ങനെ മിന്നിമറയാൻവേണ്ടി വന്നയാളല്ല. മഹേഷിന്റെ പ്രതികാരം ആയിരുന്നു വിജിലേഷിന്റെ തുടക്കമെങ്കിലും അതിനുംമുമ്പേ നാടകവേദിയിൽ സാന്നിധ്യമുറപ്പിച്ചിരുന്നു. ജയപ്രകാശ് കുളൂരിന്റെ കണ്ണാടി, ജിലേബി എന്നീ നാടകങ്ങളിൽ ആയിരത്തോളം വേദികളിൽ വേഷമിട്ടു. വിജിലേഷ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ തിയറ്റർ സ്റ്റഡീസിൽ പഠിക്കുമ്പോൾ സാക്ഷാൽ ദിലീഷ് പോത്തൻ അവിടെ ജൂനിയർ. പോത്തൻ നേരെ സിനിമാസംവിധാനത്തിലെത്തി. പോത്തനൊപ്പം നാടകം കളിച്ചുനടന്നിരുന്ന കോഴിക്കാട് പേരാമ്പറക്കാരനായ വിജിലേഷ് കാരയാട് പോത്തൻ സിനിമയെടുക്കുന്നതറിഞ്ഞ് ഓഡിഷനു പോയി. അഭിനയമോഹികളുടെ തിരക്കു കാരണം ഓഡിഷനുപോലും കയറാനായില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ദിലീഷിന്റെ ഫോൺ. കൊച്ചിയിൽ വരണം. പപ്പായ മീഡിയയുടെ സ്റ്റുഡിയോയിലായിരുന്നു ഓഡിഷൻ. ശ്യാം പുഷ‌്കരനും ഒപ്പമുണ്ടായിരുന്നു. സ്റ്റുഡിയോയുടെ വാതിൽ തുറന്ന് സ്പീഡിൽ പുറത്തേക്കിറങ്ങി നടന്നോളാൻ പറഞ്ഞു. ആ നടത്തമായിരുന്നു വഴിത്തിരിവ്. വിജിലേഷ് നേരെ ചെന്നുകയറിയത് മലയാള സിനിമയുടെ നടുമുറ്റത്തേക്കായിരുന്നു. വരത്തനിലെ സദാചാരഗുണ്ടയായ ജിതിനിൽ എത്തിയപ്പോഴേക്കും വിജിലേഷിന്റെ നടത്തത്തിന് സ്‌പീഡ് കൂടിയിട്ടേയുള്ളൂ.
എന്താ അല്ലേ...
സത്യത്തിൽ "എന്താ അല്ലേ' എന്ന് അവസാനിക്കുന്ന സംഭാഷണമാണ് മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രം അടയാളപ്പെട്ടതിനു പിന്നിലെ പ്രധന ഘടകം. അത് ചെയ്യുമ്പോൾ ആ വാക്ക് ഇത്രയോറെ പ്രചാരത്തിലാകും എന്ന് കരുതിയില്ല. സിനിമ പുറത്തിറങ്ങിയതോടെ "എന്താ അല്ലേ' എന്നപേരിൽ നിരവധി ട്രോളുകൾ വന്നുതുടങ്ങി. ഇപ്പോഴും കാണാറുണ്ട് ആ രംഗംവച്ചുള്ള ട്രോളുകൾ. എനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരമായാണ് ആ വാക്കിനെ കണുന്നത്.
വരത്തനിലെ സദാചാരഗുണ്ട
അമൽ നീരദിന്റെ സിനിമയിൽ നെഗറ്റീവ് റോൾ എന്നത് അതുവരെ സ്വപ്‌നത്തിൽപ്പോലും ഇല്ലായിരുന്നു. സിനിമ കണ്ടശേഷം ഫോണിലൂടെയും ഫെയ‌്സ്‌ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയെല്ലാം എന്നെ ചീത്തവിളിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. തിയറ്ററിൽ എന്റെ കഥാപാത്രത്തെ കത്തിച്ചുകൊല്ലുമ്പോൾ ആളുകൾ കൈയടിക്കുന്നത് കണ്ടപ്പോൾ ആ ക്യാരക്ടറിന്റെ പ്രത്യേകത മനസ്സിലായി.
നാടകപഠനം
വീടിനടുത്ത് ഒരു അമ്പലം ഉണ്ട്. എല്ലാ വർഷവും അവിടെ ഉത്സവത്തിന് നാടകം ഉണ്ടാകും. നാടകങ്ങൾ കണ്ടാണ് അഭിനയമോഹം മനസ്സിൽ വരുന്നത്. നാട്ടിൽത്തന്നെ ഞങ്ങൾ ജൂനിയർ ബോയ്‌സ് എന്ന ട്രൂപ്പ് ഉണ്ടാക്കി, കോമഡി സ്‌കിറ്റുകൾ ചെയ്യാൻ തുടങ്ങി. കോളേജിൽ എത്തിയപ്പോൾ എം കെ സുരേഷ് ബാബു സാറാണ് നാടകത്തിന്റെ ലോകത്തേക്ക് വാതിൽ തുറന്നത്. പിന്നീട് കാലടി യൂണിവേഴ്‌സിറ്റിയിൽ നാടകം പഠിക്കാൻ പോകാൻ അത് പ്രേരണയായി. കാലടി യൂണിവേഴ്‌സിറ്റിയിൽ നാടകത്തിൽ എംഎ ചെയ്‌തു. പിന്നീട് എംജി യൂണിവേഴ്‌സിറ്റിയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നാടകത്തിൽ എംഫിൽ ചെയ്‌തു.
കുടുംബം
നാടകത്തിൽ തുടരാൻ പ്രോത്സാഹനവും ധൈര്യവും വീട്ടുകാരാണ്. ഈ കാലത്ത് നാടകം പഠിക്കാൻ പോയിട്ട് എന്ത് ഗുണമാണ് ഉള്ളതെന്ന് പലരും ചോദിച്ചിട്ടുണ്ട്. നിനക്ക് ഇഷ്ടമുള്ളത് നീ പഠിച്ചോളൂ എന്നുപറഞ്ഞ് എനിക്ക് ആത്മവിശ്വാസം തന്നത് അച്ഛനും അമ്മയുമാണ്. ഒരു ചേട്ടനുമുണ്ട്.
പുതിയ സിനിമകൾ
ആഗ്രഹിക്കുന്ന വേഷം അങ്ങനെയൊന്നില്ല. എല്ലാത്തരം വേഷവും ചെയ്യണമെന്നുണ്ട്. നിത്യജീവിതത്തിൽ നമ്മൾ പലതരം ആളുകളെ കാണുന്നുണ്ട്. അതിൽ പാവപ്പെട്ടവരുണ്ട്, പണക്കാരുണ്ട്, കണ്ണുകാണാത്തവരുണ്ട്, രോഗികളുണ്ട്. പലരുടെയും പല ജീവിതാവസ്ഥകളിലൂടെയും കടന്നുപോകുന്ന വേഷങ്ങൾ ചെയ്യണം. ലാൽജോസ് സാറിന്റെ പുതിയ സിനിമ, വിനീത് ശ്രീനിവാസൻ നായകനാകുന്ന സിനിമ, ലവ് എഫ്.എം, നട്ടുച്ചനേരം കുറ്റാക്കൂരിരുട്ട്. അങ്ങനെ അങ്ങനെ...
നായകനാകേണ്ട
വേണ്ട. എനിക്ക് ഇങ്ങനെയൊക്കെ അഭിനയിച്ചാൽ മതി. ശങ്കരാടി, ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ, കുതിരവട്ടം പപ്പു എന്നിവരൊക്കെയാണ് ഏറ്റവും ഇഷ്ടമുള്ള നടന്മാർ. അവർ അഭിനയിക്കുകയല്ലല്ലോ. ജീവിക്കുകയല്ലേ. എനിക്കും അതുപോലെ ജീവിച്ച് അഭിനയിച്ചാൽ മതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..