കേരളത്തില്‍ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റം മറ്റ് കലാരൂപങ്ങളില്‍ എന്നതുപോലെ മലയാള സിനിമയിലും ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ രാഷ്ട്രീയം പറഞ്ഞ ഒരു പിടി ചിത്രങ്ങള്‍ അങ്ങനെ പിറന്നു. അവയില്‍ കമ്പോള സിനിമയുടെ പതിവ് ചേരുവകള്‍ ഉപേക്ഷിയ്ക്കാതെ നിര്‍മ്മിയ്ക്കപ്പെട്ടവയും രാഷ്ട്രീയം പുതിയ ഭാവുകത്വത്തോടെ പറഞ്ഞ ചിത്രങ്ങളും ഉണ്ടായി. ആദ്യകാല 'രാഷ്ട്രീയ സിനിമ'കളിലെ ഗാനങ്ങള്‍ പലതും ഇന്നും ഇടതുപക്ഷ സമ്മേളന വേദികളില്‍ ആവേശം ജ്വലിപ്പിക്കുന്നു. അറുപതുകള്‍ മുതല്‍ തുടക്കമായ ഈ ധാരയിലെ ചിത്രങ്ങളെ പരിചയപ്പെടുത്തി സാജു ഗംഗാധരന്‍ എഴുതുന്നു... 'ചുവന്ന' സിനിമകളിലൂടെ
"സഖാക്കളേ മുന്നോട്ട്
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
തൊഴിലാളികളെ തൊഴിലാളികളെ
മനസ്സിൽ വിപ്ലവ തിരകളിരമ്പിടും
അലയാഴികളെ – അലയാഴികളെ
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്"
ഈ വിപ്ലവ ഗാനം ഒരുതവണയെങ്കിലും മൂളാത്ത ഇടതുപക്ഷപ്രവര്‍ത്തകരും അനുഭാവികളും ചലച്ചിത്ര ഗാനശ്രോതാക്കളും ഉണ്ടാകുമോ? സംശയമാണ്. 1968 ജൂലൈ 12നു പ്രദര്‍ശനത്തിനെത്തിയ 'പുന്നപ്ര വയലാര്‍' എന്ന ചലച്ചിത്രത്തിന് വേണ്ടി വിപ്ലവ കവി വയലാര്‍ രാമവര്‍മ്മ എഴുതി കെ. രാഘവന്‍ മാഷ് ഈണം നല്‍കിയ ഗാനമാണിത്. പാടിയത് യേശുദാസും സംഘവും. പ്രേംനസീറും, ഷീലയും, ഖദീജയും,
കൊട്ടാരക്കര ശ്രീധരന്‍നായരും എസ്. പി. പിള്ളയും ഉഷാകുമാരിയുമൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി പൊതുയോഗ വേദിയില്‍ നിരന്നു നിന്ന് മുഷ്ടി ചുരുട്ടി പാടുന്ന ഈ പാട്ട് അഞ്ച് പതിറ്റാണ്ടായി ഒരു ജനതയെ ആവേശം കൊള്ളിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ എം. കുഞ്ചാക്കോയ്ക്ക് കൂടി ഉള്ളതാണ്.
മലയാള സിനിമയില്‍ ആദ്യമായി പ്രത്യക്ഷത്തില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയം പറഞ്ഞ സിനിമയാണ് എക്സ് എല്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത 'പുന്നപ്ര വയലാര്‍'. 1951ല്‍ ഇറങ്ങിയ പൊന്‍കുന്നം വര്‍ക്കി എഴുതി പി. വി. കൃഷ്ണയ്യര്‍ സംവിധാനം ചെയ്ത 'നവലോകം' ഇടതുപക്ഷ ആശയങ്ങളും തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയവും പറഞ്ഞ സിനിമയാണ്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് പല രംഗങ്ങളും വെട്ടിമാറ്റിയതോടെ അത് ദുര്‍ബലമായ സൃഷ്ടി ആയി മാറുകയായിരുന്നു.
1961ല്‍ രാമു കാര്യാട്ട് തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത 'മുടിയനായ പുത്രന്‍' കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാടക വേദിയായ കെ. പി. എ. സിയുടെ നാടകമെന്ന നിലയില്‍ നിറയെ രാഷ്ട്രീയ ധ്വനികളുള്ള സിനിമയാണ്. “ഉള്ളടക്കത്തിന്റേയും ശില്‍പ്പഭദ്രതയുടെയും കാര്യത്തില്‍ മുന്‍ നാടകങ്ങളെക്കാള്‍ മികവും മിഴിവും പുലര്‍ത്തുന്ന 'മുടിയനായ പുത്രന്‍' രാഷ്ട്രീയ മുദ്രാവാക്യവും വിപ്ലവസന്ദേശവുമൊന്നും ഉച്ചത്തില്‍ വിളിച്ചുപറയുന്നില്ല. സര്‍വനിഷേധിയും ധിക്കാരിയുമായ ഒരു ചെറുപ്പക്കാരന്‍, അധഃസ്ഥിതവര്‍ഗ്ഗം പകര്‍ന്നു കൊടുത്ത സ്‌നേഹസൗമനസ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു 'മനുഷ്യനാ'യി തീരുന്ന കഥ, അതിനു പശ്ചാത്തലമാകുന്നതാകട്ടെ തൊഴിലാളി - മുതലാളി വര്‍ഗസംഘര്‍ഷങ്ങളരങ്ങേറുന്ന രാഷ്ട്രീയ ഭൂമികയും.” കെ.പി.എ.സി സുലോചനയുടെ ജീവിതകഥയില്‍ മാധ്യമ പ്രവര്‍ത്തകനും ഡോക്യുമെന്‍ററി സംവിധായകനുമായ ബൈജു ചന്ദ്രന്‍ എഴുതുന്നു.
ദേശാഭിമാനിയില്‍ 1968 ജൂലൈ 12നു വന്ന പരസ്യം
തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണത്തിനും സി. പി. രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനുമെതിരെ നടന്ന ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തെ അധികരിച്ചാണ് ആലപ്പുഴക്കാരന്‍ കൂടിയായ കുഞ്ചാക്കോ 'പുന്നപ്ര വയലാര്‍' എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചരിത്ര സിനിമ എന്നതിലുപരി ചരിത്ര സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ തികച്ചും ഭാവനാത്മകമായ കഥ പറയാനാണ് കുഞ്ചാക്കോ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഏറെ വിമര്‍ശനങ്ങളും ‘പുന്നപ്ര വയലാറി’ന് ഏറ്റുവാങ്ങേണ്ടി വന്നു. ചരിത്രത്തോട് നീതി പുലര്‍ത്തിയില്ല, പൈങ്കിളിവത്ക്കരിച്ചു എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ പല കോണില്‍ നിന്നും ഉയരുകയുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി, പ്രത്യേകിച്ചും ഇ.എം.എസ് മുഖ്യമന്ത്രിയായ സപ്തകക്ഷി മുന്നണി മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായ ടി. വി. തോമസുമായുള്ള അടുത്ത സൌഹൃദമാണ് ഇത്തരമൊരു ഉദ്യമത്തിലേക്ക് കുഞ്ചാക്കോയെ നയിച്ചത്.
"സാമൂഹ്യമാറ്റങ്ങള്‍ക്ക് മനസിലാക്കി സമകാലീനമായ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കാനും ആ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ ഇണങ്ങുന്ന കലാകാരന്‍മാരെയും സാങ്കേതിക വിദഗ്ധന്‍മാരെയും കണ്ടെത്താനുള്ള ഒരു കഴിവ് കുഞ്ചായ്ക്കോയ്ക്കുണ്ട്. അതെല്ലാം വിജയകരമായി തീര്‍ന്നു എന്നതിന് തെളിവാണ് അദ്ദേഹം നിര്‍മ്മിച്ചതും സംവിധാനം ചെയ്തതുമായ സിനിമകള്‍. സിനിമയുടെ സൌന്ദര്യശാസ്ത്രം വെച്ചു വിലയിരുത്തുമ്പോള്‍ ഒരു മികച്ച സിനിമയാണ് ‘പുന്നപ്ര വയലാര്‍’ എന്നു പറയാന്‍ കഴിയില്ലെങ്കിലും സാമാന്യജനങ്ങളിലേക്ക് പുന്നപ്ര വയലാര്‍ സമര ചരിത്രം എത്തിക്കാന്‍ സിനിമയിലൂടെ കഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ല." പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകനും അദ്ധ്യാപകനുമായ പ്രൊഫ. ജോസി ജോസഫ് പറഞ്ഞു. "എന്നാല്‍ അതിനാടകീയത ഉപയോഗിച്ചു, വിപ്ലവ പ്രസംഗം നടത്തി എന്ന തരത്തിലുള്ള വിമര്‍ശനം ചിത്രത്തിനെതിരെ നിരൂപകരുടെ ഭാഗത്ത് നിന്നും അക്കാലത്തുണ്ടായിട്ടുണ്ട്. ചരിത്രത്തോട് നീതി പുലര്‍ത്തിയില്ല എന്ന പരാതിയും പ്രബലമായിട്ടുണ്ടായിരുന്നു", ജോസി ജോസഫ് കൂട്ടിച്ചേര്‍ത്തു.
പുന്നപ്ര വയലാര്‍ സമരം
1922 മാര്‍ച്ച് 31നു ആലപ്പുഴ എമ്പയര്‍ കയര്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ യോഗം ചേര്‍ന്ന് തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ എന്ന തൊഴിലാളി യൂണിയന്‍ രൂപീകരിച്ചത് മുതല്‍ രണ്ട് വ്യാഴവട്ടക്കാലം തിരുവിതാംകൂറിലും ആലപ്പുഴയിലും നടന്ന തൊഴിലാളി സമരങ്ങളുടെ പൊട്ടിത്തെറിയാണ് 1946 ഒക്ടോബര്‍ 24 നു പുന്നപ്രയിലും 25നു കാട്ടൂരും 26നു മാരാരിക്കുളത്തും 27നു വയലാറിലും വാരിക്കുന്തമെന്തിയ തൊഴിലാളികളുടെ ഐതിഹാസിക മുന്നേറ്റമായും പോലീസിന്‍റെയും പട്ടാളത്തിന്‍റെയും നരനായാട്ടായും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്.
"ദിവാന്‍ ഭരണം വേണ്ടെവേണ്ട
രാജവാഴ്ച അവസാനിപ്പിക്കും
അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍
പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തുക
ഉത്തരവാദഭരണം ഏര്‍പ്പെടുത്തുക" എന്നതായിരുന്നു സമര സഖാക്കള്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെചരിത്രത്തിലെ ത്രസിപ്പിക്കുന്ന അദ്ധ്യായമാണ് പുന്നപ്ര വയലാര്‍ സമരം.
സിനിമാക്കഥ
ഉന്നത വിദ്യാഭ്യാസം നേടിയ പ്രഭാകരന്‍ (പ്രേംനസീര്‍) തൊഴിലാളി നേതാവാണ്. മകന്‍ കമ്യൂണിസ്റ്റാണോ എന്ന നായര്‍ ജന്മി മാളികവീടന്‍റെ (തിക്കുറിശ്ശി സുകുമാരന്‍ നായരുടെ) ചോദ്യത്തിന് മുന്നില്‍ പ്രഭാകരന്‍റെ അച്ഛന്‍ കൊച്ചുനാണു (പി. ജെ ആന്‍റണി) നിന്നു വിറച്ചു.
കൊച്ചു നാണു ജന്മി ഗൃഹത്തിലേക്ക് വരുമ്പോള്‍ കാണുന്ന കാഴ്ച കുടിയാന്‍മാരായ രണ്ടു തൊഴിലാളികളെ മാളികവീടന്‍റെ ഗുണ്ടകള്‍ തെങ്ങില്‍ക്കെട്ടി മര്‍ദ്ദിക്കുന്നതാണ്. കൊച്ചുനാണു കണ്ടുകാഴ്ചയായി കൊണ്ടുവന്ന വാഴക്കുല മുഴുവനായും മുറ്റത്ത് തളച്ച കൊമ്പനാനയ്ക്ക് തിന്നാന്‍ കൊടുക്കുന്ന കാഴ്ച ജന്മിത്വത്തിന്‍റെ ധാര്‍ഷ്ട്യത്തിന്‍റെ അടയാളമായി കാണാം. ഗോവിന്ദന്‍കുട്ടി അവതരിപ്പിക്കുന്ന അച്യുതന്‍ കയര്‍ ഫാക്ടറി മുതലാളിയായ ഈഴവ പ്രമാണിയാണ്. ഇയാളുടെ ഫാക്ടറിയിലെ തൊഴിലാളിയാണ് ഷീല അവതരിപ്പിക്കുന്ന ചെല്ലമ്മ. അവള്‍ അവിടത്തെ യൂണിയന്‍ കണ്‍വീനറാണ്. ആദ്യമായി വൈകീട്ട് ആറ് മണിക്ക് പണി കയറുന്ന ചെല്ലമ്മയെയും സംഘത്തെയും മൂപ്പന്‍ (ബഹദൂര്‍) തടയുന്നു. ഇത് തങ്ങളുടെ യൂണിയന്‍റെ തീരുമാനമാണ് എന്നാണ് ചെല്ലമ്മ പറയുന്നത്.
തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ ജന്‍മിയും മുതലാളിയും അസ്വസ്ഥരാകുന്നു. തന്‍റെ സ്കൂളില്‍ ടീച്ചറായി ജോലി ചെയ്യുന്ന മാലതിയെ (ശാരദ) ഉപയോഗിച്ച് പ്രഭാകരനെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അച്യുതന്‍ മുതലാളി ശ്രമിക്കുന്നു. എന്നാല്‍ സഹോദരിയെ ഉപയോഗിച്ചുള്ള ആ ശ്രമം വിജയിച്ചില്ല എന്നു മാത്രമല്ല തൊഴിലാളി പ്രവര്‍ത്തനം നാള്‍ക്കുനാള്‍ ശക്തിപ്പെടുകയും ചെയ്യുന്നു. താഴ്ന്ന ജാതിക്കാരിയായ ചെല്ലമ്മയ്ക്ക് പ്രഭാകരനോട് പ്രണയം തോന്നുന്നു. വീട്ടില്‍ നിന്നും അച്ഛന്‍ ഇറക്കിവിട്ടതോടെ പാര്‍ട്ടി ഓഫീസില്‍ താമസിക്കാന്‍ ആരംഭിച്ച പ്രഭാകരനെ ചെല്ലമ്മയുടെ പിതാവ് തെങ്ങുകയറ്റക്കാരന്‍ നീലാണ്ടന്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകുന്നു. സുഹൃത്തായ എസ് ഐ (ജി കെ പിള്ള)വഞ്ചനയിലൂടെ പ്രഭാകരനെ ജയിലഴിക്കുള്ളില്‍ ആക്കുന്നു. ചെല്ലമ്മയെ ജന്മിയുടെ ഗുണ്ടകളും മാലതിയെ മുതലാളിയും പോലീസ് ഉദ്യോഗസ്ഥരും ബലാത്സംഗം ചെയ്യുന്നു. നീലാണ്ടന്‍റെ വീട് അഗ്നിക്കിരയാക്കുന്നു. ഇത് തൊഴിലാളികളില്‍ പ്രതികാരാവേശം ജ്വലിപ്പിക്കുന്നു. ഇതിനിടയില്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ക്കെതിരായി ഉത്തരവാദ ഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന്‍റെ തീക്കാറ്റ് വയലാറിലും ആഞ്ഞടിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
“എല്ലാവര്‍ക്കും യൂണിയനായി”
ആദ്യ അര മണിക്കൂറില്‍ അധികം സമയം വിവിധ യൂണിയനുകളുടെ രൂപീകരണം തൊഴിലാളികളുടെ ഇടയില്‍ ഉണ്ടാക്കിയ നവോന്മേഷത്തിന്‍റെയും അവകാശ ബോധത്തിന്‍റെയും ചരിത്ര സന്ദര്‍ഭത്തെ വളരെ കൃത്യമായി സിനിമ അവതരിപ്പിക്കുന്നുണ്ട്.
“ഇനി ഞങ്ങള്‍ 6 മണി കഴിഞ്ഞാല്‍ ജോലി ചെയ്യില്ല. അത് ഞങ്ങളുടെ യൂണിയന്‍റെ തീരുമാനമാ...” എന്ന് ചെല്ലമ്മ മൂപ്പനോട് പറയുന്നതും “നീലാണ്ടന്‍ തെങ്ങ് കയറാനെന്ന് പറഞ്ഞു പോയാല്‍ തെങ്ങ് കയറുകയല്ല തെങ്ങീ കയറുന്നവരെ സംഘടിപ്പിക്കലാ ജോലി.” എന്ന് ചെല്ലമ്മയുടെ അമ്മ കാളിക്കുട്ടി പറയുന്നതും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായ വയലാറിലെ സാമൂഹ്യ രാഷ്ട്രീയ അവസ്ഥയുടെ ചിത്രീകരണമാണ്.
“ആലപ്പുഴയിലെ യൂറോപ്യന്‍ കമ്പനിയില്‍ കിട്ടുന്ന കൂലിയുടെ പകുതി പോലും ഇവിടെ കിട്ടുന്നില്ല. കൂലി കൂട്ടിക്കൊടുക്കണം.” എന്ന് കയര്‍ ഫാക്ടറി യൂണിയന്‍ സെക്രട്ടറിയായ പ്രഭാകരന്‍ പറയുന്നുണ്ട്. എന്നാല്‍ അധികം കളിച്ചാല്‍ ഫാക്ടറി അടച്ചുപൂട്ടും എന്ന ഭീഷണിയാണ് മുതലാളി മുഴക്കുന്നത്.
1940കളോടെ ശക്തിപ്പെട്ട തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന്‍റെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെയും കേരളീയ യാഥാര്‍ഥ്യത്തെ അവതരിപ്പിക്കാന്‍ കുഞ്ചാക്കോയ്ക്കും കഥയും തിരക്കഥയും എഴുതിയ എസ്. എല്‍. പുരം സദാനന്ദനും കഴിഞ്ഞിട്ടുണ്ട്.
പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത എസ്. എല്‍. പുരം
പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തയാളും നാടകകൃത്തുമായ എസ്. എല്‍. പുരം സദാനന്ദനെയാണ് കുഞ്ചാക്കോ തിരക്കഥയും സംഭാഷണവും എഴുതാന്‍ ഏല്‍പ്പിച്ചത്. 1964ല്‍ പ്രസിഡന്റിന്‍റെ സ്വര്‍ണ്ണ മെഡല്‍ നേടിയ 'ചെമ്മീനി'ന്‍റെ സംഭാഷണ രചയിതാവ് എന്ന നിലയിലും 1967ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'അഗ്നിപുത്രി'യുടെ തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് നേടിയതും എസ്. എല്‍. പുരത്തിന്‍റെ പ്രതിഭ തെളിയിച്ചിരുന്നു. പുന്നപ്ര വയലാറിന് തൊട്ട് മുന്‍പ് ഉദയ നിര്‍മ്മിച്ച 'തിരിച്ചടി'യുടെ തിരക്കഥ എഴുതിയതും എസ്. എല്‍. പുരമായിരുന്നു. തൊഴിലാളികളുടെ ജീവിതവും വയലാറിന്‍റെ സാമൂഹ്യ പശ്ചാത്തലവും തൊഴിലാളി പ്രവര്‍ത്തനത്തിന്‍റെ ചൂടും ചൂരും ജാതീയമായ വേര്‍തിരിവുകളുമൊക്കെ പുന്നപ്ര വയലാറില്‍ കൊണ്ടുവരാന്‍ എസ്. എല്‍. പുരത്തിന് കഴിഞ്ഞിട്ടുണ്ട്. മുതലാളിയാണെങ്കിലും ഈഴവനായ അച്യുതന്‍ വരുന്നത് കാണുമ്പോള്‍ കസേര മുറ്റത്തേക്ക് ഇടാന്‍ പറയുന്ന നായര്‍ ജന്മിയായ മാളികവീടന്‍, വേലന്‍ (അലക്കുകാര്‍) വിഭാഗത്തില്‍ പെട്ട ചെല്ലമ്മയെ തന്‍റെ മകന്‍ പ്രേമിക്കുന്നു എന്നറിഞ്ഞതോടെ പ്രഭാകരനെ വീട്ടില്‍ നിന്നും പുറത്താക്കുന്ന ഈഴവ ജാതിയില്‍പ്പെട്ട കൊച്ചു നാണു എന്നിവര്‍ പല തട്ടുകളില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ ഉദാഹരണങ്ങളാണ്.
“അടിയനും തമ്പ്രാനും പറഞ്ഞു നടന്ന നീയൊക്കെ ഇപ്പോ ഞാനും നീയുമായി..അല്ലേടാ?” എന്ന് കൊച്ചുനാണു നീലാണ്ടനോട് ചോദിക്കുന്നുണ്ട്.
“ഞാന്‍ നിങ്ങളെ തമ്പുരാനേ എന്നു വിളിക്കും. നിങ്ങള്‍ മാളികവീടനെ തമ്പുരാനേന്ന് വിളിക്കും... സത്യത്തില്‍ ആരാണ് തമ്പുരാന്‍?” എന്ന ഉരുളയ്ക്ക്പ്പേരി കണക്കെയുള്ള മറുപടി കൊടുക്കാന്‍ നീലാണ്ടനെ പ്രാപ്തനാക്കിയത് തന്‍റെ മകന്‍ പ്രഭാകരന്‍ തന്നെയാണ് എന്ന് കൊച്ചുനാണു പരിതപിക്കുന്നുണ്ട്.
പ്രക്ഷുബ്ധമായ ചരിത്ര ഘട്ടത്തോട് ചേര്‍ന്നുപോകുന്ന ശക്തമായ കഥ പറയാന്‍ സാധിച്ചില്ല എന്നതാണ് 'പുന്നപ്ര വയലാറി'ന്‍റെ പരാജയം. ബലാത്സംഗവും പ്രണയവും ഒക്കെ ഉണ്ടാക്കിയ മെലോഡ്രാമയുടെ ആധിക്യം സിനിമയുടെ വിഷയത്തിന്‍റെ ഗൌരവം ചോര്‍ത്തിക്കളഞ്ഞു. അടൂര്‍ ഭാസിയുടെ ഗോപാല്‍ജിയും അടൂര്‍ പങ്കജത്തിന്‍റെ വിലാസിനി അമ്മയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തമാശകള്‍ അരോചകമാണ്.
സത്യന്‍റെ അസാന്നിധ്യം
ഉദയായുടെ സ്ഥിരം നായകനായ സത്യന്‍ അഭിനയിച്ചില്ല എന്നതാണ് 'പുന്നപ്ര വയാലാറി'നെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകമെന്ന് ഡോക്യുമെന്ററി സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ ബൈജു ചന്ദ്രന്‍ പറഞ്ഞു. പോലീസ് ഓഫീസര്‍ ആയിരിക്കെ കമ്യൂണിസ്റ്റുകാരായ തൊഴിലാളികളെ വേട്ടയാടിയ ആളാണ് സത്യന്‍. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉദയായുടെ 'പുന്നപ്ര വയലാര്‍' പ്രൊജക്ടില്‍ സത്യന്‍ നായകനാകുമോ എന്ന ആകാംക്ഷ നിലനിന്നിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ സത്യന്‍ തീരുമാനിക്കുകയായിരുന്നു.
. “തിരക്കഥാകാരനായ എസ്. എല്‍. പുരത്തെയും ശാരംഗപാണിയെയും സത്യന്‍ ഭീകരമായി മര്‍ദ്ദിച്ചിട്ടുണ്ട്” ബൈജു ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 'മുടിയനായ പുത്രനി'ല്‍ സത്യനെ നായകനാക്കാന്‍ രാമു കാര്യാട്ട് തീരുമാനിച്ചപ്പോള്‍ തോപ്പില്‍ ഭാസി എതിര്‍ത്തിരുന്നു. 1968ല്‍ പുറത്തിറങ്ങിയ ഉദയായുടെ 'കസവുതട്ടം', 'തിരിച്ചടി' എന്നീ സിനിമകളിലും പ്രേംനസീര്‍ ആയിരുന്നു നായകന്‍, എന്നാല്‍ 1970 ലെ കുഞ്ചാക്കോ നിര്‍മ്മിച്ചു തോപ്പില്‍ ഭാസി സംവിധാനം ചെയ്ത 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യില്‍ സത്യന്‍ നായകനായി രംഗത്തെത്തി.
ചരിത്രമായ പാട്ടുകള്‍
ആകാശവാണിയില്‍ ഉദ്യോഗസ്ഥന്‍ ആയതുകൊണ്ട് രഘുനാഥ് എന്ന പേരിലാണ് കെ. രാഘവന്‍ മാഷ് പുന്നപ്ര വയലാറിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. നേരത്തെ മോളി എന്ന പേരിലും രാഘവന്‍ മാഷ് ഉദയായ്ക്ക് വേണ്ടി സംഗീതം ചെയ്തിരുന്നു. വയലാര്‍ രാമവര്‍മ്മയും പി. ഭാസ്കരനും എഴുതിയ എട്ട് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഇതില്‍ പി. ഭാസ്കരന്‍ എഴുതിയ "വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ, വിലകാണാനാവാത്ത കാവ്യമത്രേ" എന്ന ഗാനം ഒരു അവതരണ ഗാനം പോലെ സിനിമയുടെ തുടക്കത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ഡോ. എം ബാലമുരളീ കൃഷ്ണയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 1967 ല്‍ പുറത്തിറങ്ങിയ ഡോ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത തളിരുകള്‍ എന്ന സിനിമയിലെ എ. ടി. ഉമ്മര്‍ സംഗീത സംവിധാനം നിര്‍വഹിച്ച “പകരൂ ഗാന രസം മനമേ...” എന്ന പാട്ടാണ് ബാലമുരളീകൃഷ്ണ മലയാള സിനിമയ്ക്കായി ആദ്യമായി പാടിയത്.
1946ല്‍ സി. പി. രാമസ്വാമി അയ്യര്‍ നിരോധിച്ച പി. ഭാസ്കരന്‍റെ 'വയലാര്‍ ഗര്‍ജ്ജിക്കുന്നു'വിലെ "ഉയരും ഞാൻ നാടാകെ, പടരും ഞാനൊരു പുത്തനുയിർ-നാട്ടിനേകിക്കൊണ്ടുയരും വീണ്ടും" എന്ന ഗാനം സിനിമയിലെ ക്ലൈമാക്സില്‍ വെടിയേറ്റ് മരിച്ചുവീണവരുടെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത് വേറിട്ട അനുഭവമാണ്. അതില്‍ നിന്നും ദൃശ്യം കട്ട് ചെയ്യുന്നത് ഇ.എം.എസും എകെജിയും സി അച്ചുതമേനോനും ടിവി തോമസുമൊക്കെ വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ദൃശ്യത്തിലാണ് എന്നതിന് ഒരു പ്രതീകാത്മകമായ സൌന്ദര്യം ഉണ്ട്.
"സഖാക്കളെ മുന്നോട്ട്" (യേശുദാസ്),"കന്നിയിളംകിളി കതിരുകാണാക്കിളി, കോലോത്തും പാടത്തു കൊയ്യാന്‍" (പി.സുശീല), "എന്തിനാണീ കൈവിലങ്ങുകൾ, എന്തിനാണീ മതിലുകൾ"(പി.സുശീല), "അങ്ങേക്കരെ ഇങ്ങേക്കരെ അത്തപ്പൂം തോണി തുഴഞ്ഞവൻ ഇന്നലെ വന്നു, ഒരു പൂ തന്നു - അവനൊരു ചുവന്ന പൂ തന്നു", "അങ്ങൊരുനാട്ടില് പൊന്നുകൊണ്ട് പൂത്തളിക, ഇങ്ങൊരുനാട്ടില് മണ്ണ് കൊണ്ട് പൂത്തളിക" (രേണുക) എന്നീ പാട്ടുകളുടെ രചന വയലാറിന്‍റെ ആണ്. ഇതില്‍ ഏറെ ജനപ്രിയമായ ഗാനം "സഖാക്കളെ മുന്നോട്ട്.." തന്നെയാണ്. എല്ലാ പാട്ടുകളും കമ്യൂണിസ്റ്റ് ബിംബങ്ങള്‍ക്കൊണ്ടും ആശയങ്ങള്‍ക്കൊണ്ടും സമൃദ്ധമാണ് എന്നതാണു മറ്റൊരു പ്രത്യേകത.
ചില കൌതുകങ്ങള്‍
1966ല്‍ എറണാകുളത്ത് നടന്ന എ ഐ സി സി സമ്മേളന റാലിയുടെ ഒറിജിനല്‍ ഫൂട്ടേജ് ആണ് സിനിമയുടെ തുടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സിനിമ അവസാനിക്കുന്നത് 1967ല്‍ ഇ. എം. എസ് മുഖ്യമന്ത്രിയായി സപ്തകക്ഷി മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തുന്ന നേതാക്കളുടെ ദൃശ്യത്തിലാണ്. ഇ. എം. എസ്, ടി. വി. തോമസ്, എകെജി, സി. അച്യുതമേനോന്‍, കെ. ആര്‍. ഗൌരിയമ്മ, സുശീല ഗോപാലന്‍, വി. എസ്. അച്യുതാനന്ദന്‍ എന്നിവരെയൊക്കെ ദൃശ്യത്തില്‍ കാണാം. സിനിമയ്ക്കായി പോലീസ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സഹായിച്ചത് കേരളാ പോലീസിന്‍റെ സായുധ പോലീസ് വിഭാഗമാണ്.
30 വര്‍ഷങ്ങള്‍ക്കിപ്പുറം 1998ല്‍ മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും മുരളിയെയും നായകരാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത ‘രക്തസാക്ഷികള്‍ സിന്ദാബാദ്’ ആണ് പുന്നപ്ര വയലാര്‍ പ്രമേയമായി ഇറങ്ങിയ മറ്റൊരു സിനിമ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..