18 December Wednesday
സിനിമലയാളം

നിണമണിഞ്ഞ കാല്പാടുകൾ: പട്ടാള ജീവിതത്തിന്റെ ആദ്യ ദൃശ്യസ്മാരകം

സി എസ്‌ വെങ്കിടേശ്വരൻUpdated: Thursday Sep 5, 2024

പ്രേംനസീർ,അംബിക,മധു


മലയാളത്തിലെ ആദ്യത്തെ ‘പട്ടാളസിനിമ'യാണ് നിണമണിഞ്ഞ കാല്പാടുകൾ. ആർക്കൈവുകളിൽ നിന്നും മറ്റുമുള്ള യഥാർഥ യുദ്ധദൃശ്യങ്ങൾക്കൊപ്പം സൈനിക ബാരക്കുകളിലെ ജീവിതവും പരിശീലനരംഗങ്ങളും ആദ്യമായി മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ടത് ഈ ചിത്രത്തിലൂടെയാണ്.

സി എസ്‌ വെങ്കിടേശ്വരൻ

സി എസ്‌ വെങ്കിടേശ്വരൻ

1963ൽ പുറത്തിറങ്ങിയ നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രം പ്രശസ്ത കഥാകൃത്ത് പാറപ്പുറത്തിന്റെ നോവലിനെ (യഥാർഥ പേര്‌: കെ ഈ മത്തായി; പ്രസിദ്ധീകരിക്കപ്പെട്ടത്: 1955) ആസ്പദമാക്കിയുള്ളതാണ്. പാറപ്പുറത്തിന്റെ ഈ ആദ്യനോവൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾത്തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

1950കൾ മുതൽ തന്നെ കോവിലൻ, നന്തനാർ, ഏകലവ്യൻ തുടങ്ങിയവരുടെ കൃതികളിലൂടെ പട്ടാളക്കാരുടെ ജീവിതാനുഭവങ്ങളും ആഖ്യാനങ്ങളും മലയാളത്തിൽ വന്നു തുടങ്ങിയിരുന്നു. പാറപ്പുറത്തിന്റെ രചനാലോകം ആ ജനുസിൽ മാത്രം ഒതുങ്ങിനിന്ന ഒന്നല്ല.

അരനാഴികനേരം, പണിതീരാത്ത വീട്, അന്വേഷിച്ചു കണ്ടെത്തിയില്ല തുടങ്ങി നിരവധി  വിഖ്യാത കൃതികളിലൂടെ തെക്കൻ തിരുവിതാംകൂർ പ്രദേശത്തെ വിവിധങ്ങളായ സാമൂഹ്യജീവിതസംഘർഷങ്ങളെ അദ്ദേഹം സൂക്ഷ്മമായി അവതരിപ്പിച്ചു. ഈ കൃതികളെല്ലാം തന്നെ വളരെ ജനപ്രീതി നേടിയ സിനിമകളായി രൂപമെടുക്കുകയും ചെയ്തിട്ടുണ്ട്. പാറപ്പുറത്ത് എഴുതിയ നോവലുകളിൽ ആദ്യമായി സിനിമയായത് നിണമണിഞ്ഞ കാല്പാടുകളാണ്.

തന്റെ ആദ്യനോവലിന്റെ ആശയം രൂപം കൊണ്ടതിനെക്കുറിച്ച് പാറപ്പുറത്ത് പറയുന്നത് ഇങ്ങനെയാണ്: “അതിൽ ആത്മകഥാപരമായ അംശം ധാരാളമുണ്ട്. കഥയും നോവലും ആത്മകഥാപരമാവുമ്പോൾ പ്രത്യേകിച്ചൊരു ചൈതന്യമാർജിക്കും എന്ന് ഞാൻ മനസിലാക്കിയിരുന്നു. കാരണം അത് അനന്യലഭ്യമാണ്, ഒരെഴുത്തുകാരന്റെ കൈമുതലാണ്. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അയാളുടെ കഴിവു കണക്കാക്കുന്നത്. എന്റെ ആത്മകഥയും പട്ടാളത്തിലെ അനുഭവങ്ങളും എന്നെക്കാൾ ധാരാളം അനുഭവങ്ങളുള്ള എന്റെ പട്ടാളസുഹൃത്തുക്കളുടെ അനുഭവങ്ങളും കൂട്ടിച്ചേർത്ത് ഒരു വലിയ നോവലാക്കണമെന്നായിരുന്നു ആഗ്രഹം.”

പാറപ്പുറത്ത്‌

പാറപ്പുറത്ത്‌

നിണമണിഞ്ഞ കാല്പാടുകൾ തീർച്ചയായും മലയാളത്തിലിറങ്ങിയ ശ്രദ്ധേയമായ പട്ടാളനോവലാണ് എന്നതിൽ സംശയമില്ല. നോവലിൽ പ്രതിപാദിക്കുന്ന കാലഘട്ടം 1942 മുതൽ 1954 വരെയുള്ള പന്ത്രണ്ടു വർഷങ്ങളാണ്. അതിന്റെ ആഖ്യാനപശ്ചാത്തലം രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭാഗമായി ആഫ്രിക്ക, ഇറ്റലി, ബർമ്മ, കാശ്മീർ തുടങ്ങി ലോകത്തിന്റെ പലഭാഗത്തും ഇന്ത്യൻ സൈനികർ പങ്കെടുത്ത യുദ്ധങ്ങളുമാണ്.

അങ്ങിനെ വിസ്തൃതമായ ഒരു ക്യാൻവാസിലാണ് ആ നോവൽ രചിക്കപ്പെട്ടിട്ടുള്ളത് എങ്കിൽ സിനിമയിലെ കാലഘട്ടം 1960കളാണ്. സിനിമയിലെ സംഭവങ്ങൾ നടക്കുന്നത് നാട്ടിലും പട്ടാളത്തിലുമായിട്ടാണ്. നോവലിന്റെ ആഖ്യാനം മുഖ്യകഥാപാത്രമായ തങ്കച്ചൻ സൈന്യത്തിൽ നിന്നു പിരിയുന്ന സമയത്തുള്ള ഓർമകളുടെ രൂപത്തിലും പിന്നീടുള്ള ജീവിതത്തെയും കുറിച്ചാണ് എങ്കിൽ, സിനിമ തങ്കച്ചന്റെ നാട്ടിലും പട്ടാളത്തിലും ഉള്ള ജീവിതത്തെ രേഖീയമായി പിന്തുടരുകയാണ് ചെയ്യുന്നത്. പട്ടാളജീവിതവും യുദ്ധാനുഭവങ്ങളുമാണ് നോവലിന്റെ സിംഹഭാഗവും എങ്കിൽ സിനിമയിൽ തങ്കച്ചന്റെ പട്ടാളജീവിതത്തിനും നാട്ടിലെ ജീവിതത്തിനും തുല്യപ്രാധാന്യമാണുള്ളത്.

*********

ശോഭന  പരമേശ്വരൻ നായർ

ശോഭന പരമേശ്വരൻ നായർ

നിരവധി പേരുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനമായിരുന്നു നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രം. പാറപ്പുറത്തിന്റെ ആദ്യനോവലും, ചലച്ചിത്ര രൂപമെടുക്കുന്ന അദ്ദേഹത്തിന്റെ ആദ്യകഥയും മാത്രമല്ല, പിന്നീട് ഒട്ടേറെ പ്രശസ്തചിത്രങ്ങൾ നിർമിച്ച  ശോഭന പരമേശ്വരൻ നായരുടെയും സംവിധാനകനായ എൻ എൻ പിഷാരടിയുടെയും ആദ്യചിത്രമാണ് ഇത്.

മലയാളത്തിലെ  എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ മധുവിന്റെ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണിത് (ആദ്യമഭിനയിച്ച ചിത്രം മൂടുപടം). അക്കൊല്ലത്തെ ഏറ്റവും മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു എന്ന ബഹുമതിയും ഈ സിനിമയ്ക്കുണ്ട്.

 *********

അയൽക്കാരായ തങ്കച്ചൻ എന്ന യുവാവിന്റെയും തങ്കമ്മ എന്ന യുവതിയുടെയും ദുരന്തപ്രണയകഥയാണ് നിണമണിഞ്ഞ കാല്പാടുകൾ. അന്നത്തെ താരജോഡികളായ പ്രേംനസീറും അംബികയുമാണ് തങ്കച്ചനും തങ്കമ്മയുമായി പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ആദ്യഭാഗം അവർ രണ്ടു പേർ തമ്മിലും അവരുടെ കുടുംബങ്ങൾ തമ്മിലുമുള്ള സ്നേഹബന്ധത്തെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്.

സ്വത്തുതർക്കങ്ങൾ തീർക്കാനായുള്ള കോടതിവ്യവഹാരങ്ങൾക്ക് തങ്കച്ചന്റെ പിതാവ് വാങ്ങിയ കടങ്ങൾ ആ കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നു.  തങ്കച്ചന്റെ അപ്പൻ പെട്ടെന്ന് മരിക്കുന്നതോടെ, തങ്കച്ചനും അമ്മയും അയാളുടെ അനിയത്തിയും അടങ്ങിയ ആ കുടുംബം നിരാലംബരായിത്തീരുന്നു. എല്ലാം നഷ്ടപ്പെട്ട് ജീവിക്കാൻ ഒരു ഗതിയുമില്ലാതെ കുഴങ്ങുന്ന സന്ദർഭത്തിലാണ് തങ്കച്ചൻ പട്ടാളത്തിൽ ചേരാൻ നിർബന്ധിതനാകുന്നത്.

എൻ എൻ പിഷാരടി

എൻ എൻ പിഷാരടി

പട്ടാളത്തിൽ ചേർന്ന തങ്കച്ചന്റെ സ്വപ്നം തന്റെ കുടുംബത്തെ പോറ്റുകയും തിരിച്ചുവന്ന് തന്റെ കാമുകിയെ വിവാഹം ചെയ്യുക എന്നുള്ളതുമാണ്. എന്നാൽ അതിനിടെ തങ്കമ്മയുടെ അച്ഛൻ മരിക്കുകയും ആ കുടുംബം മറ്റു പോംവഴികളില്ലാതെ പിലിപ്പോസ് എന്ന ഒരു പണക്കാരന്റെ കടക്കെണിയിലുമായിത്തിരുന്നു.

ലീവിൽ നാട്ടിൽ തിരിച്ചെത്തുന്ന തങ്കച്ചൻ അയാളും തങ്കമ്മയുമായുള്ള ബന്ധത്തെ തെറ്റിദ്ധരിക്കുകയും തങ്കമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചുകൊണ്ട് പട്ടാളത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഗതികെട്ട തങ്കമ്മ തങ്കച്ചനെ സത്യം ബോധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും അയാൾ അത് കേൾക്കാൻ തയ്യാറാകുന്നില്ല.

യുദ്ധത്തിൽ മുറിവേറ്റ് ആശുപത്രിയിൽ കിടക്കുന്ന സമയത്ത് അയാളെ ശുശ്രൂഷിക്കുന്ന നഴ്‌സുമായുള്ള സംഭാഷണങ്ങളാണ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സമചിത്തതയോടെ ആലോചിക്കാൻ തങ്കച്ചനെ പ്രേരിപ്പിക്കുന്നത്. എന്നാൽ കുറ്റബോധത്തോടെ തങ്കമ്മയെത്തേടി തിരികെയെത്തുന്ന തങ്കച്ചനെ എതിരേൽക്കുന്നത് തികച്ചും പ്രതീക്ഷാരഹിതമായ ഒരു സാഹചര്യമാണ്. അയാൾ കണ്ടുമുട്ടുന്ന തങ്കമ്മ ഇന്ന് ഒരു മദ്യപന്റെ ഭാര്യയും അയാളുടെ കുട്ടിയുടെ അമ്മയുമാണ്.

‘നിണമണിഞ്ഞ കാല്‌പാടുകൾ’ എന്ന ചിത്രത്തിൽ അംബികയും ഷീലയും

‘നിണമണിഞ്ഞ കാല്‌പാടുകൾ’ എന്ന ചിത്രത്തിൽ അംബികയും ഷീലയും

ഹതാശനായി പട്ടാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന തങ്കച്ചൻ മദ്യത്തിൽ തന്റെ ദുഃഖത്തെ മുക്കിക്കളയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്റ്റീഫൻ എന്ന സുഹൃത്ത് അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. പിന്നീട് സ്റ്റീഫൻ യുദ്ധത്തിൽ കൊല്ലപ്പെടുമ്പോൾ അയാളുടെ വീട്ടിലെത്തി അമ്മയെയും സഹോദരി അമ്മിണിയെയും ആശ്വസിപ്പിക്കുന്ന തങ്കച്ചൻ അമ്മിണിയെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നു. വിവാഹിതരാകുന്ന അവരെ അനുഗ്രഹിക്കാൻ തങ്കമ്മയും എത്തുന്നുണ്ട്.

വിവാഹത്തിനു കുറച്ചുദിവസങ്ങൾക്കകം യുദ്ധരംഗത്തേക്ക് തിരിച്ചുപോകാനുള്ള നിർദേശം ലഭിക്കുന്ന തങ്കച്ചൻ അതനുസരിച്ച് വീടുവിട്ട് പുറപ്പെടുന്ന സന്ദർഭത്തിലാണ് ചിത്രം അവസാനിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ ‘പട്ടാളസിനിമ'യാണ് നിണമണിഞ്ഞ കാല്പാടുകൾ.

ആർക്കൈവുകളിൽ നിന്നും മറ്റുമുള്ള യഥാർഥ യുദ്ധദൃശ്യങ്ങൾക്കൊപ്പം സൈനിക ബാരക്കുകളിലെ ജീവിതവും പരിശീലന രംഗങ്ങളും ആദ്യമായി മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ടത് ഈ ചിത്രത്തിലൂടെയാണ്. അക്കാലത്ത് കേരളീയപരിസരങ്ങൾക്കപ്പുറം രാഷ്ട്രത്തിന്റെ ബൃഹദ് പശ്ചാത്തലത്തിൽ ഭാവന ചെയ്യപ്പെട്ടതും ചിത്രീകരിക്കപ്പെട്ടതുമായ അപൂർവം ചിത്രങ്ങളിലൊന്നാണിത്.

ചൈനയുമായുള്ള യുദ്ധം നൽകിയ തിക്താനുഭവങ്ങളുടെ ദേശീയപശ്ചാത്തലത്തിൽ ഈ ചിത്രത്തിന് സവിശേഷമായ ഒരു ചരിത്രപ്രാധാന്യവും ഉണ്ട്. അക്കൊല്ലത്തെ ഏറ്റവും മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചതിനുള്ള പല കാരണങ്ങളിലൊന്ന് അതുകൂടി ആയിരിക്കാം.

ചിത്രം ആരംഭിക്കുന്നതുതന്നെ ‘ഭാരതത്തിന്റെ അതിർത്തി സംരക്ഷിക്കാൻ രണാങ്കണത്തിൽ അടരാടി വീരമൃത്യു വരിച്ച ധീരജവാന്മാരുടെ പാവനസ്മരണയ്ക്ക്’ എന്ന സമർപ്പണത്തോടെയാണ്.

ആദ്യപകുതി മുഴുവൻ നിറഞ്ഞുനിൽക്കുന്നത്‌ രണ്ടു കുടുംബങ്ങൾ തമ്മിലും തങ്കച്ചനും തങ്കമ്മയും തമ്മിലുമുള്ള ബന്ധവും  തങ്കച്ചന്റെ കുടുംബം നേരിടുന്ന ദുരന്തങ്ങളും അതിനെച്ചൊല്ലി തങ്കച്ചന്‌ അനുഭവിക്കേണ്ടി വരുന്ന വേദനകളും അപമാനവും രോഷവും ഒക്കെയാണ്.

‘നിണമണിഞ്ഞ കാല്‌പാടുകളി’ൽ മധു

‘നിണമണിഞ്ഞ കാല്‌പാടുകളി’ൽ മധു

ഈ രംഗങ്ങൾക്ക് ഗ്രാമീണജീവിതത്തിന്റെ ലാളിത്യവും അവരുടെ ബന്ധത്തിന് നാടൻ പ്രണയത്തിന്റെ നൈർമല്യവും ഉണ്ട്. അത്തരം ജീവിതപരിസരത്തു നിന്ന് തികച്ചും വ്യത്യസ്തമായ പട്ടാളക്യാമ്പിൽ എത്തിച്ചേരുന്ന തങ്കച്ചന്റെ ജീവിതാനുഭവങ്ങളും സംഘർഷങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്: രണ്ടു വ്യത്യസ്ത ലോകങ്ങളാണവ: കുടുംബബദ്ധവും ദാരിദ്ര്യം നിറഞ്ഞതുമാണ് ഗ്രാമജീവിതം എങ്കിൽ പട്ടാളക്യാമ്പിൽ എല്ലാം കണിശമായ സമയക്രമത്തിനും ചിട്ടവട്ടങ്ങൾക്കും അനുസരിച്ചാണ് നീങ്ങുന്നത്.

അവിടെ മാനുഷികപരിഗണനകളില്ല; പട്ടാളം എന്ന അധികാരവ്യവസ്ഥയും അതിന്റെ ഭാഗമായ സൈനികരുടെ ഉത്തരവാദിത്തങ്ങൾക്കും കഠിനമായ പരിശീലനങ്ങൾക്കുമാണ് ഇവിടെ പ്രാമുഖ്യം. നാടും രാഷ്ട്രവും തമ്മിലുള്ള ഒരു മുഖാമുഖം കൂടി ഇവിടെയുണ്ട്:

കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്ന് വടക്കേ ഇന്ത്യയിലുള്ള ഒരു പട്ടാളക്യാമ്പിൽ എത്തിപ്പെടുന്ന തങ്കച്ചന്റെ കൂടെയുള്ളത് രാജ്യത്തിന്റെ  പല ദേശങ്ങളിൽ നിന്നുള്ള അപരിചിതരായ കുറേ മനുഷ്യരാണ്. ഒപ്പം നാട്ടിൽ നിന്നുള്ളവരാണ് സുബ്രഹ്മണ്യൻ പോറ്റി, സ്റ്റീഫൻ, മുത്തയ്യ തുടങ്ങിവർ.

കേരളത്തിലെ ഒരു കുഗ്രാമത്തിൽനിന്ന് വടക്കേ ഇന്ത്യയിലുള്ള ഒരു പട്ടാളക്യാമ്പിൽ എത്തിപ്പെടുന്ന തങ്കച്ചന്റെ കൂടെയുള്ളത് രാജ്യത്തിന്റെ  പല ദേശങ്ങളിൽ നിന്നുള്ള അപരിചിതരായ കുറേ മനുഷ്യരാണ്.ഒപ്പം നാട്ടിൽ നിന്നുള്ളവരാണ് സുബ്രഹ്മണ്യൻ പോറ്റി, സ്റ്റീഫൻ, മുത്തയ്യ തുടങ്ങിവർ. ജീവിതായോധനത്തിനായി ഈ പുതിയ രാഷ്ട്രലോകത്തിൽ എത്തിപ്പെടുന്ന തങ്കച്ചന് നാട്ടിലുണ്ടായിരുന്ന കെട്ടുപാടുകളോ സ്വത്വബന്ധനങ്ങളോ ഇല്ല; പട്ടാളക്യാമ്പിൽ തങ്കച്ചൻ പുതിയ ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നു; വ്യക്തിപരവും കുടുംബപരവുമായ ദുരന്തങ്ങളെ മറികടന്നുകൊണ്ട് ഒരു ധീരഭടനായി മാറുക എന്നതാണ് അയാൾക്കു മുന്നിലുള്ള ലക്ഷ്യം.

അയാൾ പട്ടാളത്തിലേക്ക് എത്തിപ്പെടുന്നത് വയറ്റുപ്പിഴപ്പിനായിട്ടാണെങ്കിൽ ഒടുവിൽ നമ്മൾ കാണുന്ന തങ്കച്ചൻ ഉത്തരവാദിത്തബോധവും ആത്മാഭിമാനവുമുള്ള ഒരു സൈനികനാണ്; നോവലിൽനിന്ന് വ്യത്യസ്തമായി മധുവിധുവിനിടയിൽ നിന്ന് യുദ്ധരംഗത്തേക്ക് അയാൾ ഒരു മടിയും കൂടാതെ പുറപ്പെടുന്ന സന്ദർഭത്തിലാണ് സിനിമ അവസാനിക്കുന്നത്.

നോവൽ അതിനുശേഷമുള്ള തങ്കച്ചന്റെ യുദ്ധാനുഭവങ്ങളിലേക്കും സൈന്യത്തിൽനിന്നു പിരിഞ്ഞതിനു ശേഷമുള്ള അയാളുടെ ജീവിതത്തിലേക്കും നീളുന്നുണ്ട്. എന്നാൽ സിനിമ നിർണായകമായ ആ മുഹൂർത്തത്തെയാണ് ആഖ്യാനത്തിന്റെ അന്ത്യമായി തിരഞ്ഞെടുക്കുന്നത്.

പ്രേംനസീർ, അംബിക, മധു, എസ് പി പിള്ള, അടൂർ ഭാസി, ബഹദൂർ, കാമ്പിശേരി കരുണാകരൻ, അടൂർ ഭവാനി തുടങ്ങിയവർ മുഖ്യവേഷങ്ങളണിയുന്ന ഈ ചിത്രത്തിന്റെ അവസാനഭാഗത്തിൽ അമ്മിണിയായി ഷീലയും തങ്കമ്മയുടെ ഭർത്താവായി പി ജെ ആന്റണിയും പ്രത്യക്ഷപ്പെടുന്നുണ്ട്. കണിശക്കാരനായ, എന്നാൽ സ്നേഹവും സഹതാപവുമുള്ള പട്ടാളക്കാരനായി അഭിനയിക്കുന്ന മധു (സ്റ്റീഫൻ) വളരെ ശ്രദ്ധേയമായ അഭിനയമാണ് കാഴ്‌ചവെക്കുന്നത്.

അങ്ങേയറ്റം വെല്ലുവിളികളുള്ള ഒരു കഥാപാത്രമാണ് പ്രേംനസീർ അവതരിപ്പിക്കുന്ന തങ്കച്ചന്റെ റോൾ: തുടക്കത്തിൽ യുവകാമുകനായും നിഷ്‌കളങ്കനായ മകനായും, പിന്നീട് കാമുകനായും സൈനികനായും കാമുകിയെ തെറ്റിദ്ധരിക്കുകയും വേദന മാറ്റാനായി മദ്യപിക്കുകയും ചെയ്യുന്ന ചപലനായും, ഒടുവിൽ ധീരനായ പോരാളിയായും, ദുരന്തപ്രണയനായകനായും ഭർത്താവായും എല്ലാം പകർന്നാടുന്ന വേഷമാണ് നസീറിന്റേത്.

അംബിക അവതരിപ്പിക്കുന്നത് തങ്കമ്മ എന്ന ദുരന്തകഥാപാത്രത്തെയാണ്: എല്ലാമർപ്പിച്ച് പ്രണയിച്ച തങ്കച്ചൻ അവളെ ഒരു കാരണവുമില്ലാതെ ഉപേക്ഷിക്കുമ്പോഴും സ്വന്തം ജീവിതം ദുരന്തത്തിലേക്ക് നീങ്ങുമ്പോഴും വളരെ തന്റേടത്തോടെയാണ് തങ്കമ്മ അതിനെയെല്ലാം  നേരിടുന്നത്.

കുറ്റബോധത്തോടെ തന്നെ കാണാൻ വരുന്ന തങ്കച്ചനോട് പൊറുക്കുക മാത്രമല്ല, അയാളുടെ നവവധുവിനെ സർവാത്മനാ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട്, തങ്കമ്മ. ഒരേസമയം പ്രണയത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് തങ്കമ്മ.

നായകന്റെ ജീവിതം നാട്ടിൻപുറത്തു നിന്ന് രാഷ്ട്രാതിർത്തിയിലേക്കും, ദാരിദ്ര്യത്തിൽ നിന്ന് അന്തസ്സുള്ള സർക്കാർ ഉദ്യോഗസ്ഥ പദവിയിലേക്കും മറ്റും പുരോഗമിക്കുമ്പോൾ, തങ്കമ്മയുടെ ജീവിതം നാട്ടിലും വീട്ടിലും കുടുംബത്തിലുമായി തളം കെട്ടിക്കിടക്കുന്നു.

********

കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. തങ്കച്ചന്റെയും തങ്കമ്മയുടെയും വൃദ്ധരായ അച്ഛനമ്മമാർ, പെട്ടിക്കടയും ചായക്കടയും നടത്തുന്ന ഗ്രാമീണ കച്ചവടക്കാർ, പട്ടാളക്കഥകൾ പറഞ്ഞ് നാട്ടുകാരെ കബളിപ്പിക്കുന്ന ബോംബ് കുഞ്ഞൂഞ്ഞ്, ആദ്യം തനിനാടനും പിന്നീട് പട്ടാളക്കാരനുമായി മാറുന്ന പോറ്റി, തന്റെ പട്ടാളമോഹം ഉപേക്ഷിച്ച് വിവാഹിതനായി കട നടത്താൻ തീരുമാനിക്കുന്ന മമ്മൂഞ്ഞ്, ആദ്യം വില്ലനായും പിന്നീട് കുറ്റബോധത്തിൽ തെറ്റ് ഏറ്റുപറയുകയും ചെയ്യുന്ന പിലിപ്പോസ്, പട്ടാളത്തിലെ കൂട്ടുകാരായ മുത്തയ്യ, സൈനിക ആശുപത്രിയിലെ നഴ്സ് ലിസി തുടങ്ങി ഒട്ടനവധി ഉപകഥാപാത്രങ്ങൾ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ലോകവിവരമില്ലാത്ത ഒരു തനിഗ്രാമീണനിൽ നിന്ന് ഉത്തരവാദിത്തമുള്ള ഒരു പട്ടാളക്കാരനായി പകർന്നാടുന്ന അടൂർ ഭാസിയുടെ അഭിനയവും ഇവിടെ എടുത്തുപറയേണ്ടതാണ്.

സാഹിത്യത്തിൽനിന്ന് സിനിമ എന്ന വിനോദമാധ്യമത്തിലേക്കുള്ള പരിണാമത്തിൽ സംഭവിക്കുന്ന രണ്ടു പ്രധാന കൂട്ടിച്ചേർക്കലുകൾ ഗാനങ്ങളും ഹാസ്യവുമാണ്. നോവലിൽ നിന്നു വിട്ടുമാറി സിനിമയിൽ ചേർക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളും രംഗങ്ങളും ഏറെയും ഹാസ്യത്തിനുവേണ്ടിയുള്ളവയാണ്.

സാഹിത്യത്തിൽനിന്ന് സിനിമ എന്ന വിനോദമാധ്യമത്തിലേക്കുള്ള പരിണാമത്തിൽ സംഭവിക്കുന്ന രണ്ടു പ്രധാന കൂട്ടിച്ചേർക്കലുകൾ ഗാനങ്ങളും ഹാസ്യവുമാണ്. നോവലിൽ നിന്നു വിട്ടുമാറി സിനിമയിൽ ചേർക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളും രംഗങ്ങളും ഏറെയും ഹാസ്യത്തിനു വേണ്ടിയുള്ളവയാണ്. എസ് പി പിള്ള അവതരിപ്പിക്കുന്ന ബോംബ് കുഞ്ഞൂഞ്ഞ്, ബഹദൂർ അവതരിപ്പിക്കുന്ന മമ്മൂഞ്ഞ്, അടൂർ ഭാസിയുടെ സുബ്രഹ്മണ്യൻ പോറ്റി തുടങ്ങിയ കഥാപാത്രങ്ങൾ ചിത്രത്തിന്റെ കേന്ദ്രത്തിലുള്ള പ്രണയദുരന്തത്തിന്റെയും സൈനികജീവിതത്തിന്റെയും ആഖ്യാനത്തിന്‌ സമാന്തരമായി നീളുന്ന ഹാസ്യധാരയാണ്. 

ഇടയ്ക്കിടെ ‘സ്റ്റൈൽ...’ എന്ന  പഞ്ച് ഡയലോഗ് ആവർത്തിക്കുന്ന, കോട്ടും പാന്റുമിട്ട എസ് പി പിള്ള അവതരിപ്പിക്കുന്ന കഥാപാത്രം അക്കാലത്ത് കാണികളിൽ ചിരിയുണർത്തിയിരുന്നു.

ഇന്ത്യൻ സിനിമയുടെ ആഖ്യാനഗതിയിൽ ഇടവേളയ്ക്കും ഗാനങ്ങൾക്കുമുള്ള പങ്കിനെക്കുറിച്ച് പഠനങ്ങളുണ്ടായിട്ടുണ്ട്: ഇടവേളയെ മുന്നിൽ കണ്ടുകൊണ്ടാണ് സിനിമയുടെ ആഖ്യാനഘടന ചിട്ടപ്പെടുത്തുക: ആഖ്യാനം ഒരു ഘട്ടത്തിലെത്തി നിൽക്കുന്ന സന്ദർഭമാണ് ഇടവേള എങ്കിൽ ഗാനങ്ങൾ പല രീതിയിൽ ആഖ്യാനത്തിന്റെ ഒഴുക്ക്, മനുഷ്യബന്ധത്തിലെ (പ്രത്യേകിച്ചും പ്രണയത്തിന്റെ) നിലകൾ, കാലഗതി എന്നിവയെ അടയാളപ്പെടുത്താനും അവയ്ക്കിടയിലെ ഇരുഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന നിലയിൽ വർത്തിക്കാനും മറ്റുമാണ് കടന്നുവരുന്നത്.

(ഗാനങ്ങൾ ആഖ്യാനവുമായി എന്തെങ്കിലും രീതിയിൽ ബന്ധപ്പെട്ടു നിന്നിരുന്ന കാലമാണിത്: കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ശുദ്ധ കെട്ടുകാഴ്‌ചകളായ ‘ഐറ്റം ഡാൻസുകൾ’ വളരെ പിന്നീടാണ് സിനിമയിലേക്ക് കടന്നുവന്നത്). പലപ്പോഴും സിനിമയുടെ കഥ, അഭിനയമുഹൂർത്തങ്ങൾ എന്നിവയെക്കാൾ സിനിമാനന്തരജീവിതവും ഓർമമൂല്യവുമുണ്ടായിരുന്നതും ഗാനങ്ങൾക്കായിരുന്നു, പ്രത്യേകിച്ചും ആ ടെലിവിഷൻപൂർവ, റേഡിയോ കാലത്ത്.

പി ഭാസ്‌കരൻ

പി ഭാസ്‌കരൻ

ബാബുരാജ്‌

ബാബുരാജ്‌

പി ഭാസ്‌കരൻ‐ബാബുരാജ് കൂട്ടുകെട്ട് ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ അവയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. വിവിധ ജനുസുകളിൽ പെടുന്നവയാണവ: ദേശസ്നേഹഗാനങ്ങളും  പ്രണയഗീതങ്ങളും ദുഃഖഗാനങ്ങളും മീരാഭജനും ഭക്തിഗാനങ്ങളും വിരഹഗാനങ്ങളും എല്ലാം ഇവിടെയുണ്ട്.

ബാബുരാജും പി ബി ശ്രീനിവാസനും ചേർന്നുപാടുന്ന ‘ഭാരതമേദിനി പോറ്റി വളർത്തിയ...’ സൈനികക്യാമ്പിലിരുന്ന് നാടിനെക്കുറിച്ചോർത്ത് ഗൃഹാതുരത്വത്തോടെ പി ബി ശ്രീനിവാസ് പാടുന്ന ‘മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...’ എന്ന ഗാനം; പി ലീല ആലപിക്കുന്ന ‘ഇനിയാരെ തിരയുന്നു, ഇതുമാത്രമിതുമാത്രമോർമ്മവേണമെൻ’  എന്ന ശോകഗാനം,

പി ബി ശ്രീനിവാസ്‌

പി ബി ശ്രീനിവാസ്‌

പി ലീല

പി ലീല

പി ലീല പുനിതയോടൊത്തു പാടുന്ന ‘കന്യാതനയാ കരുണാനിലയാ' എന്ന ഭക്തിഗാനം, പി ബി ശ്രീനിവാസോടൊത്തുള്ള ‘പടിഞ്ഞാറെ മാനത്തുള്ള’ എന്നീ പാട്ടുകൾ അന്നും ഇന്നും കേൾവിക്കാരെ ആഴത്തിൽ സ്പർശിക്കുന്ന സംഗീതാവിഷ്‌കാരങ്ങളാണ്. കെ പി ഉദയഭാനു പാടിയ ‘അനുരാഗനാടകത്തിൻ അന്ത്യമാം രംഗം തീർന്നു...’ എന്ന പാട്ട് ആർക്കാണ് മറക്കാൻ കഴിയുക? കാമുകന്മാരുടെ എത്രയോ തലമുറകൾ പാടിയ പാട്ടാണത്.

********

ചിത്രീകരണത്തിന്റെ കാര്യത്തിലും ഒട്ടേറെ പുതുമകളുള്ള ചിത്രമാണ് നിണമണിഞ്ഞ കാല്പാടുകൾ. ആദ്യപകുതിയിലെ രംഗങ്ങൾ ആ കാലഘട്ടത്തിലെ മിക്കവാറും ചിത്രങ്ങളിലെന്നപോലെ മൂന്ന് ഇടങ്ങളിലായിട്ടാണ് അരങ്ങേറുന്നത്: ഒന്ന്, വീടകങ്ങൾ, രണ്ട് ഗ്രാമചത്വരം/ചായക്കട തുടങ്ങിയവ, മൂന്നാമത്, വിജനവും വിശാലവുമായ ഭൂപ്രദേശങ്ങൾ. മൂന്നുതരം ആഖ്യാന അരങ്ങുകളോ ഭാവനാസ്ഥലികളോ ആണവ.

ആദ്യത്തേതിൽ മാതാപിതാക്കൾ, കാരണവന്മാർ, സഹോദരർ, മറ്റു ബന്ധുക്കൾ, വേലക്കാർ തുടങ്ങിയവർ പ്രത്യക്ഷപ്പെടുന്നു. ഈ ഇടത്തിൽ ഗാർഹികവും കുടുംബപരവുമായ വിഷയങ്ങൾക്കാണ് മേൽക്കൈ. മുറ്റം, പൂമുഖം, വരാന്ത, അകത്തളം, അടുക്കള, കിടപ്പുമുറി എന്നിങ്ങനെയുള്ള ഇടങ്ങളിൽ പ്രായത്തിനും അധികാരത്തിനുമനുസരിച്ചായിരിക്കും സ്ത്രീപുരുഷ കഥാപാത്രങ്ങൾക്കുള്ള അധികാരം, സ്ഥാനം, നില: എവിടം വരെ ആർക്കൊക്കെ പ്രവേശനമുണ്ട്, അവയുടെ അതിർത്തികളെവിടെ എന്നതൊക്കെ ഇവിടെ ജാതി/ലിംഗ അധികാരബന്ധങ്ങളാണ് വരച്ചിട്ടുള്ളത്.

രണ്ടാമത്തെ ഇടം പല ജാതിമതസ്ഥരും, വിവിധ വർഗങ്ങളിൽ പെട്ടവരുമെല്ലാം പരസ്പരം ഇടപെടുന്ന മതേതരവും പൊതുവുമായ ഇടമാണ്. കൂടുതലും പുരുഷന്മാരുടേതാണ് ഈ സ്ഥലങ്ങൾ, അവർക്കാണ് ഇവിടെ ആധിപത്യം: ചായക്കടയിലെ പാചകം, അങ്ങാടിയിലെ വഴിവാണിഭം, എന്നീ തൊഴിലുകളൊഴിച്ചാൽ ഇവിടെ നടക്കുന്ന പരസ്പരസംഭാഷണങ്ങളിലും ക്രയവിക്രയങ്ങളിലും വ്യവഹാരങ്ങളിലും സ്ത്രീകൾക്കുള്ള പങ്ക് പരിമിതമാണ്.

മൂന്നാമത്തെ ഇടം തുറസ്സായ ഭൂപ്രദേശങ്ങൾ, കുന്നിൻചെരിവുകൾ, പുഴയോരങ്ങൾ, ഉദ്യാനങ്ങൾ തുടങ്ങിയവ കാല്പനികമായ ഇടങ്ങളാണ്: ഇവിടെയാണ് കാമുകീകാമുകന്മാർ കണ്ടുമുട്ടുന്നതും പാട്ടുകളും മറ്റും അരങ്ങേറുന്നതും. പ്രണയികളുടെ രഹസ്യസംഗമങ്ങൾ, പ്രേമഭാഷണങ്ങൾ തുടങ്ങിയവയ്ക്കുള്ള സ്വകാര്യഹർഷങ്ങളും ദുഃഖങ്ങളും പങ്കിടുന്ന ഇടമാണിത്.

ആഖ്യാനജനുസ്സിനെ കുടുംബകഥ, സാമൂഹ്യനാടകം, പ്രണയകഥ, കുറ്റാന്വേഷണം തുടങ്ങിയവയെ ആശ്രയിച്ചിരിക്കും ഓരോ ആഖ്യാനത്തിലും ഈ ഓരോ ഇടങ്ങൾക്കുമുള്ള പ്രാധാന്യം. കുടുംബപരം, സാമൂഹികം, വൈയക്തികം അല്ലെങ്കിൽ ഗാർഹികം, വ്യാവഹാരികം, കാല്പനികം എന്ന രീതിയിലൊക്കെ ഈ ഇടങ്ങളെ വേർതിരിക്കാവുന്നതാണ്.

രക്തബന്ധങ്ങൾ, പൊതുമണ്ഡലത്തിലെ തൊഴിൽപരവും വ്യാവഹാരികവുമായ ഇടപെടലുകൾ, കാമനയും രതിയും പ്രണയവുമായി കെട്ടുപിണഞ്ഞ ബന്ധങ്ങൾ എന്നിങ്ങനെ വ്യക്തിയെ ചൂഴ്‌ന്നുനിൽക്കുന്ന വിവിധതരം അനുഭവ/ജീവന വലയങ്ങളെക്കൂടി ഈ ഇടങ്ങൾ ആവാഹിക്കുന്നുണ്ട്.

‘നിണമണിഞ്ഞ കാല്‌പാടുകളി’ലെ രംഗം

‘നിണമണിഞ്ഞ കാല്‌പാടുകളി’ലെ രംഗം

നിണമണിഞ്ഞ കാല്പാടുകളിൽ ആദ്യഭാഗത്ത് സംഭവങ്ങൾ അരങ്ങേറുന്നത്, തങ്കച്ചന്റെയും തങ്കമ്മയുടെയും വീടുകൾ, ചായക്കടയും പെട്ടിക്കടയുമൊക്കെയുള്ള ഗ്രാമച്ചന്ത, കാമുകീകാമുകന്മാർ കണ്ടുമുട്ടുന്ന തുറന്ന ഗ്രാമപ്രദേശങ്ങൾ, ചക്രവാളം വരെ നീളുന്ന പാടനിരകൾ, വരമ്പുകൾ, തുടങ്ങിയ അകം പുറങ്ങളിലാണെങ്കിൽ രണ്ടാം പകുതിയിലെ രംഗവേദി കൂടുതലും പുറം പ്രദേശങ്ങളാണ്.

സൈനിക ബാരക്കുകൾ, യുദ്ധക്കളങ്ങൾ, നിശാക്ലബ്ബുകൾ, തുടങ്ങിയവയാണവ. നോവൽ അവസാനിക്കുന്നത് ഒരു ഭൂദൃശ്യത്തിലാണ്;  ഏറെക്കാലത്തിനു ശേഷം തങ്കമ്മയെ കണ്ടുമുട്ടി മടങ്ങുന്ന തങ്കച്ചനെയാണ് അവിടെ നമ്മൾ കാണുന്നത്: ‘നീണ്ടു പോകുന്ന ചെമ്മണ്ണുനിറഞ്ഞ, നിരത്തിലൂടെ അയാൾ നടന്നു’ എന്നതാണ് നോവലിന്റെ അവസാനവാചകം. ചിത്രം അവസാനിക്കുന്നത് മറ്റൊരു വിടപറച്ചിൽ രംഗത്തിലാണ്.

യുദ്ധരംഗത്തേക്ക് വിളിക്കപ്പെട്ട തങ്കച്ചൻ മധുവിധുവിനിടയിൽ ഭാര്യയോട് യാത്രപറഞ്ഞിറങ്ങുന്നതാണ് ഇവിടെ അവസാനരംഗം. ഇവിടെയും വിടപറച്ചിലും യാത്രയും ഉണ്ടെങ്കിലും ഒരു ജീവിതം മുഴുവൻ തങ്കച്ചന്റെ മുന്നിലുണ്ട്. നെഹ്രുവിയൻ ദേശീയഭാവനയ്ക്ക് മുൻകൈയുണ്ടായിരുന്ന അന്നത്തെ യുദ്ധാനന്തര രാഷ്ട്രീയസാഹചര്യത്തിൽ ഈ യാത്രയ്ക്കുള്ള അധികധ്വനികൾ വ്യക്തമാണ്.

വീട്/കുടുംബം, നാട്/അയല്പക്കം, രാജ്യം/ലോകം തുടങ്ങിയ സാമൂഹികഘടനകൾ മനുഷ്യജീവിതങ്ങളിലും ആഖ്യാനങ്ങളിലും നിലകൊള്ളുന്നത് വിവിധ വലയങ്ങൾ പോലെയാണ്. ഇവ തമ്മിലുള്ള പാരസ്പര്യവും (അത് അകലമാകാം സാകല്യവുമാകാം) സ്പർധയുമാണ് ആഖ്യനഗതിയെ നിർണയിക്കുന്നത്:

ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള നീക്കങ്ങളും സഞ്ചാരങ്ങളുമാണ് മനുഷ്യരുടെ ജീവിതത്തിലെ മാറ്റങ്ങളുടെയും (പുരോഗതികൾക്കും അധോഗതികൾക്കും) കാര്യവും കാരണവും, ഗതിയും ദിശയും ആയിത്തീരുന്നത്. ചിലരുടെ ജീവിതം (പ്രത്യേകിച്ചും സ്ത്രീകളുടേത്) വീട്/കുടുംബം എന്ന വലയത്തിൽ മാത്രമായി ഒതുങ്ങുമ്പോൾ മറ്റു ചിലരുടേത് നാട്ടിലേക്കും ലോകത്തിലേക്കും സംക്രമിക്കുന്നു.

‘നിണമണിഞ്ഞ കാല്‌പാടുകളി’ൽ പ്രേംനസീർ

‘നിണമണിഞ്ഞ കാല്‌പാടുകളി’ൽ പ്രേംനസീർ

നായകൻ (ചിലപ്പോൾ നായികയും) എത്തിപ്പെടുന്ന ഈ ‘മഹാപ്രസ്ഥാനം' ആഖ്യാനലോകത്തിനകത്തെ മനുഷ്യബന്ധങ്ങളെ പുനഃക്രമീകരിക്കുന്നു. ചിലപ്പോൾ അത് സംയോഗത്തിലോ കുടുംബത്തിന്റെ പുനഃസമാഗമം, കാമുകീകാമുകസംഗമം തുടങ്ങിയവയിൽ, അല്ലെങ്കിൽ വിജയത്തിലോ (തിന്മക്കുമുകളിൽ നന്മയുടേത്, വില്ലന്മാരെ നിഗ്രഹിച്ചുകൊണ്ട് നായകന്റേത്) എത്തിച്ചേരുന്നു.

മറ്റു ചില ആഖ്യാനങ്ങൾ അവസാനിക്കുന്നത് അത്തരം ശുഭപര്യവസാനങ്ങളിലല്ല. അവ മരണത്തിലും നിരാശയിലും ദുരന്തത്തിലുമൊക്കെ അവസാനിക്കുന്നു; അപൂർവം ചിലവ മറ്റൊരു സംഘർഷമുഖത്തിലെത്തി നിൽക്കുന്നു.

പക്ഷെ അപ്പോഴും നായകകഥാപാത്രത്തിന് ആന്തരികമോ ബാഹ്യമോ ആയ ചില പരിണാമങ്ങൾ സംഭവിക്കുന്നുണ്ട്: അയാൾക്ക്/അവൾക്ക് മാനസികവും ആന്തരികവുമായ ചില തിരിച്ചറിവുകൾ/ബോധോദയങ്ങൾ ലഭിക്കുന്നു; അല്ലെങ്കിൽ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കുന്നു.

**********

നിണമണിഞ്ഞ കാല്പാടുകളിൽ തങ്കച്ചന് പ്രണയനഷ്ടവും പ്രണയലാഭവും സംഭവിക്കുന്നുണ്ട്: അയാൾക്ക് തന്റെ ബാല്യകാല പ്രണയിനിയെ നഷ്ടപ്പെടുന്നു; ജീവനത്തിനായി സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടിവരുന്നു. തെറ്റിദ്ധാരണ മൂലം കാമുകിയിൽനിന്ന് അകലുന്ന അയാൾക്ക് തിരിച്ചറിവുണ്ടാകുന്നത് യുദ്ധാനുഭവത്തിലൂടെ കടന്നുപോയതിനു ശേഷമാണ്. പക്ഷെ അപ്പോഴേക്കും തിരുത്താനാവത്തവണ്ണം കാര്യങ്ങൾ പിടിവിട്ടുപോകുന്നു.

പിന്നീട് സ്റ്റീഫന്റെ സഹോദരിയുമായുള്ള വിവാഹമാണ് അയാളിൽ പ്രതീക്ഷകളുണർത്തുന്നത്; പട്ടാളത്തിൽനിന്ന് വിളിവരുന്നതോടെ അതും പൊടുന്നനെ മുറിഞ്ഞുപോകുന്നു. നവവധുവിനെ വീട്ടിൽ തനിച്ചാക്കി തങ്കച്ചൻ പട്ടാളത്തിലേക്ക് പോകുന്നിടത്താണ് സന്ദിഗ്‌ധമായ മറ്റൊരു ജീവിതഘട്ടത്തിന്റെ വിളുമ്പിലാണ് ചിത്രം അവസാനിക്കുന്നത്.

തങ്കമ്മയുടെ ജീവിതം തങ്കച്ചന്റേതിനെക്കാൾ ദുരന്തമയമാണ്; ആദ്യം കാമുകനും പിന്നീട് ഭർത്താവും അവളെ തിരസ്‌കരിക്കുന്നു: അവൾ ഇരുവരെയും നിരുപാധികം സ്നേഹിക്കുമ്പോഴും അവർ രണ്ടുപേരും അവളെ അവിശ്വസിക്കുന്നു. ഒടുവിൽ ഇരുവരെയും പൊറുത്തുകൊണ്ട് തങ്കമ്മയ്ക്ക് ജീവിതം പുലർത്തേണ്ടിവരുന്നു.

‘നിണമണിഞ്ഞ കാല്‌പാടുകളി’ൽ പ്രേംനസീർ

‘നിണമണിഞ്ഞ കാല്‌പാടുകളി’ൽ പ്രേംനസീർ

തങ്കച്ചന്റെ ജീവിതവും ലോകവും വീട്ടിൽനിന്നും നാട്ടിൽനിന്നും ലോകത്തിലെക്കും ദേശത്തിലേക്കുമുള്ള സഞ്ചാരമായി വികസിക്കുമ്പോൾ തങ്കമ്മയ്ക്ക് വീടിനും കുടുംബത്തിനും സമുദായമര്യാദകൾക്കും കീഴടങ്ങേണ്ടിവരുന്നു. നായകന് ലഭിക്കുന്നത് കാമുകിയുടെയും പിന്നീട് ഭാര്യയുടെയും സ്നേഹവും കരുതലുമാണെങ്കിൽ തങ്കമ്മയ്ക്ക് രണ്ടും നിഷേധിക്കപ്പെടുന്നു.

‘ക്ലാസിക്കൽ' എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ വിവിധ ഘട്ടങ്ങളുള്ള ഒരു ആഖ്യാനഘടനയാണ് നിണമണിഞ്ഞ കാല്പാടുകളുടേത്: നായകന്റെ സുസ്ഥിതി, അവിടെയുണ്ടാകുന്ന അസ്വസ്ഥതകൾ, സംഘർഷങ്ങൾ, പരിഹാരം തേടിയുള്ള നായകന്റെ യാത്ര/നാടുവിടൽ (പട്ടാളത്തിലേക്ക്), അവിടെ നിന്നുള്ള അനുഭവങ്ങൾ (പട്ടാള പരിശീലനം, യുദ്ധം), അവയിലൂടെയൊക്കെ നേടുന്ന തിരിച്ചറിവ്, നാട്ടിലേക്കുള്ള തിരിച്ചുവരവ്, മറ്റൊരു സുസ്ഥിതിയിലേക്കുള്ള മടക്കം (വിവാഹം) എന്നിങ്ങനെ പുരോഗമിച്ച് അടുത്ത സംഘർഷസന്ദർഭത്തിന്റെ തുടക്കത്തിൽ (പട്ടാളത്തിൽ നിന്നുള്ള വിളി) ചിത്രം അവസാനിക്കുന്നു.

ഇവിടെ നായകന്റെയും നായികയുടെയും ജീവിതയാത്രകൾ തമ്മിലുള്ള വൈജാത്യം പ്രകടവുമാണ്. നായകൻ ദുരന്തങ്ങളിൽനിന്നും സംഘർഷങ്ങളിൽനിന്നും മുക്തി നേടുകയോ അവയെ അതിജീവിക്കുകയോ ചെയ്യുന്നു എങ്കിൽ നായികയ്ക്ക് അവയ്ക്ക് കീഴടങ്ങേണ്ടിവരുന്നു.

നാടുവിട്ടു പട്ടാളത്തിൽ ചേരുന്ന നായകൻ രണ്ടുവട്ടം നാട്ടിലേക്കു തിരിച്ചുവരുന്നുണ്ട്: രണ്ടു വരവുകളും അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നവയാണ്: ആദ്യത്തെ വരവിൽ അയാൾ തന്റെ കാമുകിയെ തെറ്റിദ്ധരിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. രണ്ടാമത്തെ വരവിൽ അയാൾക്ക് മറ്റൊരു ഭാര്യയെ ലഭിക്കുന്നു.

******* 

ഈ ചിത്രത്തിന്റെ ആഖ്യാനതലങ്ങളിലൊന്ന് പട്ടാളജീവിതവും യുദ്ധവുമാണെങ്കിൽ ഒരർഥത്തിൽ അതേ അവസ്ഥയുടെ സൂക്ഷ്മരൂപമാണ് നാട്ടിലെ പട്ടിണിയും കടവും മൂലമുള്ള ദുരിതങ്ങളും, വസ്തുതർക്കങ്ങളും സൗഹൃദത്തിൽ കഴിഞ്ഞിരുന്ന വീടുകൾ തമ്മിലും കാമുകീകാമുകന്മാർ തമ്മിലും ഉണ്ടാവുന്ന അകൽച്ചകളും മറ്റും. നായകന്റെ നാടുവിട്ടുള്ള യാത്രയും പട്ടാളജീവിതവും അയാളെ അകമേയും പുറമേയും മാറ്റിത്തീർക്കുന്നുണ്ട്.

ലോകത്തെയും ജീവിതത്തെയും വിപുലവും കൂടുതൽ രൂക്ഷവുമായ മറ്റൊരു തലത്തിൽ നിന്ന് അനുഭവിക്കുന്നതോടെ അയാളിൽ മാനസാന്തരമുണ്ടാകുന്നു, ലോകവീക്ഷണത്തിൽ മാറ്റം വരുന്നു. മൂന്നുവട്ടം തങ്കച്ചൻ പട്ടാളത്തിൽനിന്ന് നാട്ടിലേക്കു തിരിച്ചുവരുന്നുണ്ട്: ആദ്യത്തെ തവണ അയാൾ പട്ടാളത്തിൽ ചേർന്ന്, പരിശീലനത്തിന്റെ ക്ലേശങ്ങളെയൊക്കെ മറികടന്ന് വിജയിയായിട്ടാണ് തിരിച്ചുവരുന്നത്: അന്നേരമാണ് അയാൾ തങ്കമ്മയെ സംശയിക്കുന്നതും തന്നിൽ നിന്ന് അകറ്റുന്നതും.

രണ്ടാം വട്ടമുള്ള വരവ് യുദ്ധാനുഭവങ്ങൾക്കു ശേഷമാണ്: മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്താണ് അയാൾ തങ്കമ്മയെക്കുറിച്ച് ഓർക്കുന്നതും തന്റെ തെറ്റ് തിരിച്ചറിയുന്നതും. തങ്കമ്മയെ വീണ്ടെടുക്കാനായി നാട്ടിലേക്കു വരുമ്പോഴേക്കും അവർ വിവാഹിതയായിക്കഴിഞ്ഞിരിക്കുന്നു.

നിരാശനായി അയാൾ പട്ടാളത്തിലേക്കു തിരിച്ചുപോകുന്നു. പിന്നീട് ഒരു സൈനികദൗത്യത്തിനിടെ പ്രിയസുഹൃത്ത് സ്റ്റീഫൻ അയാളുടെ മടിയിൽ കിടന്ന് മരിക്കുന്നതിനു ശേഷമാണ് മൂന്നാമത്തെ നാട്ടിലേക്കുള്ള യാത്ര.

നിരാശനായി അയാൾ പട്ടാളത്തിലേക്കു തിരിച്ചുപോകുന്നു. പിന്നീട് ഒരു സൈനികദൗത്യത്തിനിടെ പ്രിയസുഹൃത്ത് സ്റ്റീഫൻ അയാളുടെ മടിയിൽ കിടന്ന് മരിക്കുന്നതിനു ശേഷമാണ് മൂന്നാമത്തെ നാട്ടിലേക്കുള്ള യാത്ര. അത് അയാളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുന്നു: കാമുകിയായ  തങ്കമ്മയെ തിരിച്ചുകിട്ടുന്നില്ലെങ്കിലും മറ്റൊരു പ്രണയബന്ധത്തിൽ അഭയം കണ്ടെത്താനും സ്റ്റീഫന്റെ കുടുംബത്തിന് അഭയം നൽകാനും അയാൾക്കു കഴിയുന്നുണ്ട്.

ഈ രീതിയിൽ പട്ടാളക്യാമ്പിനും നാട്ടിനുമിടയിലെ അയാളുടെ യാത്രകൾ, അതിനിടയിൽ  പ്രണയബന്ധത്തിനു സംഭവിക്കുന്ന ശൈഥില്യം, നൈരാശ്യം, ഒടുവിലെ വീണ്ടെടുപ്പ് തുടങ്ങിയ സംഭവമുഹൂർത്തങ്ങളിലൂടെയാണ് ആഖ്യാനം വികസിക്കുന്നത്.

നിണമണിഞ്ഞ കാല്പാടുകളെ ഒരു ‘യുദ്ധചിത്രം' അല്ലെങ്കിൽ ‘പട്ടാളചിത്രം' എന്നു വിശേഷിപ്പിക്കാനാവുമോ? സംശയമാണ്. യുദ്ധം ഇതിലെ മുഖ്യകഥാപാത്രങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നുണ്ടെങ്കിലും യുദ്ധമല്ല ഈ ചിത്രത്തിന്റെ ആഖ്യാനകേന്ദ്രം; ചിത്രത്തിന്റെ ജീവിതഭൂമിക പട്ടാളജീവിതം മാത്രമായി ഒതുങ്ങുന്നതുമല്ല.

നാടാണ് ആഖ്യാനകേന്ദ്രം, കഥാഹൃദയം; പട്ടാളവും യുദ്ധമുഖവും ദൂരെയെവിടെയോ ഉള്ളതും നായികാനായകന്മാരുടെ ജീവിതത്തിൽ യാദൃഛ്ഛികമായി കടന്നുവരുന്നതുമായ കാര്യങ്ങളാണ്. ‘നാട്ടി'ൽനിന്ന് എത്രയോ അകലെയാണ് ‘രാജ്യ'വും അതിന്റെ അതിർത്തികളും. നാട്ടിലെ ദാരിദ്ര്യമാണ് ഗ്രാമീണരായ മനുഷ്യരെ നഗരത്തിലേക്കും പട്ടാളത്തിലേക്കുമൊക്കെ എത്തിക്കുന്നത്; ഉൽക്കർഷേച്ഛയോ പൗരുഷവീര്യമോ ദേശാഭിമാനമോ അല്ല, നിലനില്പിന്റെയും കുടുംബം പോറ്റലിന്റെയും സമ്മർദ്ദങ്ങളാണ്, അല്ലെങ്കിൽ അവ മൂലം അവർക്ക് നാട്ടിലനുഭവിക്കേണ്ടിവരുന്ന അവമതികളാണ് അവരെ അപായകരമായ അകലങ്ങളിലേക്ക് പായിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്ത്‌  അപ്പൻ വാങ്ങിയ കടം വീട്ടാനാകാതെ വീട്‌ നഷ്ടപ്പെടുന്ന തങ്കച്ചനാണ് നാടിന്റെ അതിർത്തി കാക്കാനായി യുദ്ധത്തിലേർപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.

അയാൾ നാടുവിടുന്നതും പട്ടാളത്തിൽ ചേരുന്നതുമെല്ലാം നിലനില്പിനായുള്ള സമരത്തിന്റെ ഭാഗമായാണ്. അങ്ങിനെ നോക്കുമ്പോൾ വയറ്റുപിഴപ്പിനായി പട്ടാളത്തിൽ ചേർന്നു യുദ്ധം ചെയ്യുകയും പോർക്കളത്തിൽ മരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥ കൂടിയാണിത്. അത് ഒരർഥത്തിൽ ഈ ചിത്രത്തിന് യുദ്ധവിരുദ്ധ മാനങ്ങൾ നൽകുന്നുണ്ട്.

നിണമണിഞ്ഞ കാല്പാടുകൾ 1963ലാണ് പ്രദർശനത്തിനെത്തുന്നത്; അതായത് 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനു ശേഷമുള്ള വർഷത്തിൽ. അതുകൊണ്ടുതന്നെ ചലച്ചിത്രം പുറത്തിറങ്ങുന്ന സമയത്ത് പ്രേക്ഷകമനസുകളിൽ ആ യുദ്ധത്തിന്റെ തിക്തമായ ഓർമകൾ സജീവമായുണ്ടായിരുന്നു. സിനിമയ്ക്കു ലഭിച്ച ജനപ്രീതിയ്ക്കും ദേശീയബഹുമതികൾക്കും അതുകൂടി കാരണമായിരിക്കണം.

യുദ്ധരംഗങ്ങളും (ആർക്കൈവൽ ദൃശ്യങ്ങളടക്കമുള്ളവ) പട്ടാളക്യാമ്പിലെ ജീവിതവും മറ്റും പകർത്തിയ ആദ്യ മലയാള സിനിമ കൂടിയായിരിക്കണം ഈ ചിത്രം.

അതുവരെയുള്ള മലയാള സിനിമകൾ ആഖ്യാനപരമായി കേരളത്തിന്റെയും മദിരാശിയുടെയും ഭൂപ്രദേശങ്ങൾക്കും സാംസ്‌കാരിക/ഭാഷാപശ്ചാത്തലങ്ങൾക്കും അകത്തുനിന്നാണ് ഭാവന ചെയ്യപ്പെട്ടിരുന്നത് എങ്കിൽ അത്തരം അതിർത്തികളെ ലംഘിച്ചുകൊണ്ട് വടക്കേ ഇന്ത്യൻ യുദ്ധരംഗത്തിലേക്ക് ആഖ്യാനത്തെയും ദൃശ്യഭൂമികയെയും ആനയിച്ച ചിത്രം കൂടിയാണിത്.

ഒന്നാം ലോകയുദ്ധകാലം മുതൽ ബ്രിട്ടീഷുകാരുടെ കൂലിപ്പട്ടാളമായി ലോകത്തിന്റെ പല യുദ്ധമുഖങ്ങളിലേക്കും മലയാളികൾ സഞ്ചരിച്ചിട്ടുണ്ട്; ആർക്കൊക്കെയോ വേണ്ടി ജീവിതം ബലി കൊടുത്ത ഈ രക്തസാക്ഷികളെ ചരിത്രം രേഖപ്പെടുത്തുകയോ സമൂഹം ഓർമിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ നിന്ന് നാടും വിടും വിട്ട് കുടുംബം പുലർത്താനായി പട്ടാളത്തിൽ ചേർന്ന ആ മനുഷ്യപരമ്പരയ്ക്കുള്ള ആദ്യ ദൃശ്യസ്മാരകവും ആദരാഞ്ജലിയുമാണ് ഈ ചിത്രം.

കേരളത്തിൽ നിന്ന് നാടും വിടും വിട്ട് കുടുംബം പുലർത്താൻ പട്ടാളത്തിൽ ചേർന്ന ആ മനുഷ്യപരമ്പരയ്ക്കുള്ള ആദ്യ ദൃശ്യസ്മാരകവും ആദരാഞ്ജലിയുമാണ് ഈ ചിത്രം.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top