24 November Sunday

വെളിപാട്: തിരിച്ചറിവിന്റെ സംഘർഷങ്ങൾ

എതിരൻ കതിരവൻUpdated: Friday Nov 1, 2024

‘വെളിപാട്‌’ എന്ന സിനിമയിൽ നിന്ന്‌

 

വിശാലമായ ഒരു സദാചാര/ധാർമിക പ്രശ്നം ഉൾക്കൊള്ളുന്നുണ്ട് വെളിപാട്‌ എന്ന ഷോർട് ഫിലിം. സദാചാരത്തെക്കുറിച്ചും സന്മാർഗത്തെക്കുറിച്ചുമുള്ള ക്രൈസ്‌തവ ധാരണകൾ സങ്കീർണമാണ്. വൈദികനാകാൻ തയ്യാറെടുക്കുന്ന ഒരാൾക്ക് സ്വന്തം ലൈംഗികതയെ നേരിടേണ്ടി വരുമ്പോൾ ഈ ധാരണകൾ ദുരിതദായകമായ സംഘർഷങ്ങൾക്ക് പശ്ചാത്തലമാകാനും സാധ്യതകളേറെ. 2023ൽ പോപ് ഫ്രാൻസിസ്‌ സ്വവർഗാനുരാഗികളെ ക്രിമിനലുകളായി കാണരുത് എന്ന്‌ അനുശാസിച്ച്‌ അവരോടുള്ള അനുഭാവം പ്രകടിപ്പിക്കുകയായിരുന്നു.


‘ഞാൻ അത്തരക്കാരനല്ല’ എന്ന് തെളിച്ചു പറയുന്നവനാണ് ജോണി. അയാൾ ഒരു സ്വവർഗാനുരാഗിയാണ് എന്ന സത്യം സ്വന്തം കമിതാവിനെ ഒറ്റിക്കൊടുത്തുകൊണ്ടു തന്നെ നിരാകരിക്കുകയാണ് അയാൾ. ജിജോ കുര്യാക്കോസിന്റെ വെളിപാട് എന്ന ചെറുസിനിമ അവനവനെ തിരിച്ചറിയുന്നതിലെ ആത്മസംഘർഷവും അതിനുള്ള ധൈര്യം സ്വരൂപിച്ചെടുക്കാനുള്ള വിഷമതയും ദൃശ്യപ്പെടുത്തുകയാണ്.

ജിജോ കുര്യാക്കോസ്‌

ജിജോ കുര്യാക്കോസ്‌

ഒരു വൈദികനാകാനുള്ള ശ്രമത്തിന്റെ  അവസാനഘട്ടത്തിലാണ് ജോണി. അതുകൊണ്ട് സമൂഹത്തിൽ ഉദാത്തമായ വ്യക്തിത്വത്തിന്റെ  ഉടമയാകാനുള്ള ഉത്തരവാദിത്വവും അയാൾക്കുണ്ട്. സംഘർഷങ്ങൾ ഏറ്റപ്പെടുന്ന ഈ ഘട്ടമാണ് സംവിധായകൻ സ്വവർഗാനുരാഗികളുടെ വെല്ലുവിളികൾ ദൃശ്യപ്പെടുത്താൻ തെരഞ്ഞെടുത്തിരിക്കുന്നത്.

സമൂഹം നിഷ്‌കർഷിക്കുന്ന വിവാഹജീവിതം ഏറ്റെടുക്കാൻ നിർബന്ധിക്കപ്പെട്ടവരുടെ സംഘർഷങ്ങൾ, പ്രത്യേകിച്ചും അതിൽ ഉൾപ്പെട്ടുപോകുന്ന ഭാര്യയുടെ ദയനീയത ഈയിടെ കാതൽ എന്ന സിനിമ വരച്ചുകാട്ടിയിട്ടുണ്ട്.

സ്വന്തം ശരീരത്തേയും മനസ്സിന്റെ ചായ്‌വുകളേയും മനസ്സിലാക്കുകയും അതുമായി സമരസപ്പെട്ട് പോകേണ്ടിവരുന്ന ദുർഘടസന്ധി തരണം ചെയ്യുന്നതെങ്ങനെയെന്നും ബോധിപ്പിക്കുന്ന ഒരു മാർഗരേഖ സൃഷ്ടിച്ചെടുക്കാനാണ് സംവിധായകൻ തുനിയുന്നത് എന്ന് കണക്കാക്കിയാൽ അതിൽ തെറ്റ് പറയാനില്ല.

ഗാഢപ്രേമം എന്ന ചക്കപ്പഴം


സ്വവർഗാനുരാഗം നാഗരികത  (urban) യുടെ സംഭാവനയാണെന്നും പരമവിശുദ്ധിയാർന്ന നാട്ടിൻപുറങ്ങളിൽ ഇത്തരം ‘ദുർവിചാരങ്ങൾ’ ഉള്ളവർ വിരളമാണെന്നും പൊതുവേയുള്ള തെറ്റിദ്ധാരണയെ പൊളിച്ചെഴുതാനാണ് കോട്ടയത്തിനടുത്തെങ്ങോ ഉള്ള ഗ്രാമത്തിൽ കഥ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

ചക്കപ്പഴത്തോടുള്ള ഇഷ്ടം രതികാമനയുടെ പ്രതീകമാണത്രെ. അത് വരട്ടുമ്പോഴുള്ള ഈർപ്പം കലർന്ന ഗന്ധങ്ങൾ രത്യോന്മുഖമാക്കാൻ പ്രാപ്തമാണത്രെ. ജോണിയുടെ യൗവനാരംഭത്തിലെ കമിതാവുമായുള്ള ശാരീരിക ഇടപഴകലിന്‌ പശ്ചാത്തലം ചമയ്‌ക്കുന്നത് ഈ വേളയാണ്.

ശർക്കരയിൽ ഉരുകിത്തിളച്ച് വേവുന്ന ചക്കപ്പഴം രതിമൂർച്ഛാ സൂചകമെന്ന് ദൃശ്യങ്ങൾ. അതിനോടുള്ള ഇഷ്ടം സ്വാഭാവികമാണ് എന്ന മട്ടിൽ ജോണിയ്‌ക്ക്‌ ജോയോട് ഉള്ള ആഭിമുഖ്യവും സ്വാഭാവികമാണത്രെ. നവരുചിവഴികൾ ആസ്വദിച്ച് കണ്ടുപിടിക്കപ്പെടുന്ന വേള. കേരളത്തിലെ എല്ലാ നാട്ടിൻപുറങ്ങളിലും ഇഷ്ടഭോജ്യമായ ചക്കപ്പഴത്തോടുള്ള ആഭിമുഖ്യം പോലെ സ്വാഭാവികമാണ് സ്വവർഗാനുരാഗവും എന്ന്‌ സംവിധായകന്‌ പറയേണ്ടതുണ്ട്.

റബർത്തോട്ടത്തിലെ നാടൻ അനുഭവങ്ങൾ ജോണിയുടെയും ജോയുടെയും നിഷ്‌കളങ്ക പ്രേമത്തിന്റെ നിദർശനങ്ങളാണ്. കേരള ഗ്രാമങ്ങളിൽ ഉരുത്തിരിഞ്ഞുവരുന്ന ലൈംഗികാഭിമുഖ്യങ്ങളിലെ വ്യത്യസ്‌തതകൾ കൃത്യമായി സൂചിപ്പിക്കാൻ വെളിപാട്  ശ്രമിക്കുന്നു.


ബൈബിൾ ആന്തരവൽക്കരിക്കപ്പെട്ട ജീവിതങ്ങൾ


ഒരു വൈദികനാകാനുള്ള തയ്യാറെടുപ്പിന്റെ വേളയാണ് സംവിധായകൻ സ്വവർഗാനുരാഗിയായ മലയാളിയുടെ ആന്തരസംഘർഷങ്ങളെ ദൃശ്യപ്പെടുത്താൻ തെരഞ്ഞെടുത്തിട്ടുള്ളത്. ക്രിസ്‌തുമതം ‐പൊതുവേ മറ്റ് സെമിറ്റിക് മതങ്ങളും‐ സ്വവർഗാനുരാഗത്തിന്‌ എതിരെ സംഘടിതമായി നിലനിന്നിട്ടുണ്ട് എന്നത് ചരിത്രം.

ബൈബിൾ പുതിയ നിയമത്തിൽ അരികുവൽക്കരിക്കപ്പെട്ട പല വിഭാഗങ്ങളെക്കുറിച്ച് അനുകൂലമായ നിലപാട് കാണപ്പെടുന്നുവെങ്കിലും സ്വവർഗാനുരാഗികളെക്കുറിച്ചോ ക്വീർ ജനതയെക്കുറിച്ചോ പരാമർശങ്ങളില്ല. പഴയ നിയമത്തിൽ സ്വവർഗാനുരാഗം വലിയ പാപമാണ്.

‘കാതലി’ൽ മമ്മൂട്ടിയും ജ്യോതികയും

‘കാതലി’ൽ മമ്മൂട്ടിയും ജ്യോതികയും

മരണമാണ് ശിക്ഷ. പുതിയ നിയമത്തിൽ ലൈംഗിക കാമനകളെ അതേപടി സ്വീകരിക്കുന്ന യേശുവിനെയാണ് കാണാൻ കഴിയുക. മഗ്ദലന മറിയത്തിന്‌ പശ്ചാത്താപം ചെയ്യുകയേ വേണ്ടൂ. അവളെ കല്ലെറിയാൻ വന്നവരോട് അവരുടെ കാമനാശമനരീതികളെപ്പറ്റി ഓർമിപ്പിക്കുകയാണ് യേശു. പാപമില്ലാത്തവർ ആരുമില്ല എന്ന് തെളിയിക്കുകയാണ്. വിവാഹേതരമായ ലൈംഗികബന്ധമാണ് ബൈബിളിലെ പാപം.

പഴയനിയമത്തിൽ ആകട്ടെ ദൈവം നേരിട്ട് തീ വർഷിച്ച് അവരെ കൊല്ലുന്ന സൊദോം–ഗൊമേറക്കാരുടെ കഥ പ്രധാനമാണ്, ആ നഗരങ്ങളിൽ കത്തിയമരുന്നവരെ തിരിഞ്ഞുനോക്കുന്നത് അവരോടുള്ള ചെറുതെങ്കിലും അനുഭാവമാണ് എന്ന മട്ടിൽ അതിനു പോലും ശിക്ഷയുണ്ട്. നിന്നനിൽപ്പിൽ ഉപ്പുതൂണായി മാറുകയാണ്.

യേശു നിന്ദിതരോടും പീഡിതരോടും ഒപ്പമായിരുന്നെങ്കിലും സ്വവർഗാനുരാഗികളെക്കുറിച്ച്  അറിവുണ്ടെന്ന് പോലും നടിക്കുന്നില്ല. സെക്‌സ്‌ തന്നെ പാപമെന്ന് സംഹിത വിളംബരം ചെയ്യുന്ന മതത്തിന്‌ അതിലെ ഉൾപ്പിരിവുകളും നിഷിദ്ധം തന്നെ.

യേശു നിന്ദിതരോടും പീഡിതരോടും ഒപ്പമായിരുന്നെങ്കിലും സ്വവർഗാനുരാഗികളെക്കുറിച്ച്  അറിവുണ്ടെന്ന് പോലും നടിക്കുന്നില്ല. സെക്‌സ്‌ തന്നെ പാപമെന്ന് സംഹിത വിളംബരം ചെയ്യുന്ന മതത്തിന്‌ അതിലെ ഉൾപ്പിരിവുകളും നിഷിദ്ധം തന്നെ. സഭ പൊതുവേ അയിത്തമുള്ളവരാൽ നിറഞ്ഞതാണ്, ഈയിടെ പോപ് ഒരു പ്രസ്‌താവന നടത്തുന്നതു വരെ. കേരളത്തിലെ ക്രിസ്‌ത്യാനികൾക്ക് പള്ളിയും അതുൾപ്പെട്ട സമൂഹവും ഉത്തരവാദിത്വങ്ങൾ നൽകുക മാത്രമല്ല, സ്വാധീനപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രങ്ങളുമുണ്ടെന്ന് ജോസഫ് പുലിക്കുന്നേൽ പ്രസ്‌താവിച്ചത് ഓർക്കേണ്ടതാണ്.

ബാധ്യതകൾ ധാരാളമാണ്. ഈ പശ്ചാത്തലത്തിലാണ് സെമിനാരിയിൽ ചേർന്ന് വൈദികനാകാൻ ശ്രമിക്കുന്ന ജോണിയുടെ മാനസികസംഘർഷങ്ങൾ എത്ര ദുരിതമയമായിരിക്കും എന്ന് ആലോചിക്കേണ്ടത്. ഒരു സ്വവർഗാനുരാഗിയുടെ വെല്ലുവിളികൾ ചിത്രീകരിക്കാൻ ഇങ്ങനെയൊരു ഘട്ടം സംവിധായകൻ തെരഞ്ഞെടുത്തത് നിശ്ചയദാർഢ്യത്തോടെ തന്നെ ആയിരിക്കണം.

കത്തിയെരിയുന്ന മെഴുകുതിരികളിൽ നിന്ന്‌ ജോണിയുടെ ചുമലിൽ കൊടും ചൂടുള്ള മെഴുക് ഉരുക്കിയൊഴിക്കപ്പെടുന്നത് പല തവണ ദൃശ്യമാക്കിയിട്ടുണ്ട്. വേണ്ടുവോളം തിരസ്‌കാരങ്ങളും അവഗണനകളും നേരിടേണ്ടിവരുന്ന സ്വവർഗാനുരാഗികൾ കല്യാണം കഴിച്ച് സമൂഹത്തിന്റെ ദുഷിപ്പുകളിൽ നിന്ന് രക്ഷ നേടാമെന്ന് കരുതുന്നത് എങ്ങനെ ആത്മവഞ്ചനയാണെന്ന് സുവിദിതമാക്കാനാണ് സംവിധായകന്റെ ഉദ്യമം.

പക്ഷേ ബൈബിൾ ദൃശ്യങ്ങൾ ധാരാളം ഉൾക്കൊണ്ടിട്ടുള്ള ജോണിക്ക് അവ പലതും ആണുങ്ങൾ തമ്മിലുള്ള അനുരാഗത്തിന്റെ മറുദൃശ്യങ്ങളാണെന്ന് തോന്നുന്നുണ്ട്. അത്താഴത്തിന് ഊൺമേശയ്‌ക്കരികിൽ ഇരിക്കുന്ന കൂട്ടുകാർ  അവസാനത്തെ അത്താഴത്തിന്‌ നിരന്നിരിക്കുന്ന യേശുവിനേയും ശിഷ്യന്മാരേയും പോലെയാണെന്ന മായക്കാഴ്‌ചയിലാണ് ജോണി ഉൾക്കൊള്ളുന്നത്.

ഡാവിഞ്ചിയുടെ ‘അവസാനത്തെ അത്താഴം’ പെയിന്റിങ്ങിലെ ലൈംഗികതയെക്കുറിച്ച് പഠനങ്ങൾ വന്നിട്ടുണ്ട്. അപ്പോസ്‌തലൻ ജോണിനെ ഒരു സ്ത്രീയെന്നപോലെ ചിത്രീകരിച്ചതും ഒക്കെ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇതറിവായതിനാലായിരിക്കാം ആ ചിത്രത്തിലേതു പോലെ നിരന്നിരിക്കുന്ന ജോണിന്റെ കൂട്ടുകാർ ഒരു നിമിഷത്തേയ്‌ക്ക്‌ അവർ പരസ്‌പരം ഉമ്മ വയ്‌ക്കകുന്നതായി തോന്നുന്നത്.

തന്റെ ബൈബിൾ പഠനങ്ങളിലെ മാനുഷികമായ ഉണ്മ തിരിച്ചറിയുന്ന നിമിഷമാണിത്. ഇനി ഒരു തിരിച്ചുപോക്കില്ല എന്ന ഓർമപ്പെടുത്തലും. ഇതൊരു വിഭ്രാന്തി ആണെങ്കിലും അതാണ് തന്റെ സ്വത്വത്തെ രൂപീകരിക്കുന്നതിൽ പങ്ക് വഹിക്കുന്നതെന്നും അതിൽനിന്നും മോചനം എളുപ്പമല്ല എന്ന് സ്വയം ഓർമിക്കേണ്ടിയിരിക്കുന്നു എന്നും ജോണിച്ചൻ ബോധ്യപ്പെട്ട് വരുന്ന വേള.


എന്തുകൊണ്ട് വെളിപാട്?


പല സ്വവർഗാനുരാഗികൾക്കും പാശ്ചാത്യരാജ്യങ്ങളിൽ ഒഴിച്ച് അഭിമുഖീകരിക്കേണ്ട പ്രശ്നമാണ് ഒരു വിവാഹബന്ധത്തിന്‌ സമൂഹത്താൽ നിർബന്ധിതമാക്കപ്പെടുന്ന വെല്ലുവിളി. ജോണി ഇതിനെ അഭിമുഖീകരിക്കുന്നതാണ് ആഖ്യാനത്തിന്റെ പ്രധാന ഭാഗം.

ജോണിയുടെ നിരാകരണത്താൽ വിട്ടുപോയ പൂർവകാമുകൻ പുതിയ ഇണയോടൊപ്പം രതിലീലകളിൽ മുഴുകുന്നത് കാണുന്നത് സ്വന്തം ആത്മാവിന്‌ മനസ്സില്ലാമനസ്സോടെയെങ്കിലും പാഠങ്ങൾ നൽകുന്നുണ്ട് എന്ന രീതിയിലാണ് ചിത്രീകരണം.

പുതിയ ഇണ കല്യാണം കഴിച്ച് രണ്ട് മക്കളുള്ളയാളാണ്, അയാൾ വഞ്ചനയിയന്ന വിവാഹജീവിതത്തിൽനിന്ന് പുറത്തു കടന്നവനുമാണ്. ജോണിക്കാകട്ടെ പ്രതിശ്രുത വധുവിനോട് ഒട്ടും അടുപ്പം കാണിക്കാൻ സാധിക്കുന്നില്ല, അവൾ ഇത് തുറന്നു പറയുന്നുമുണ്ട്. അത് സത്യമാണുതാനും. എന്നാൽ ഒരു ഒളിച്ചുകളിയിൽ ഏർപ്പെടുന്ന ജോണിതാൻ ബാഹ്യമായ പ്രേമപ്രകടനങ്ങൾ ശീലമാക്കിയ ആളല്ലെന്ന്‌ കള്ളം പറയുകയാണ്.

തീവ്രസംഘർഷങ്ങൾ ജോണിയെ ആത്മപീഡകളിൽ എത്തിക്കുകയാണ്. ബൈബിളിൽ യോഹന്നാന്‌ വെളിപാട് കിട്ടിയ പോലെ സ്വശരീരത്തെക്കുറിച്ചും ആത്മസത്വത്തെക്കുറിച്ചും വെളിപാടുകൾ വന്നണയുകയാണ് ജോണിച്ചനിലും.

സ്വന്തം ആത്മാവിന്റെ  നഗ്നത മറയ്‌ക്കാൻ വെള്ളവസ്ത്രം ധരിക്കുന്നതിനെപ്പറ്റി വെളിപാട് പുസ്‌തകത്തിൽ പരാമർശിക്കുന്നതുപോലെ, ഒറ്റപ്പെട്ട ദ്വീപിൽ വച്ച് യോഹന്നാൻ എല്ലാ അറിവുകളും നേടുന്നതുപോലെ, മലമുകളിൽ ഒറ്റയ്‌ക്ക്‌ വെള്ളവസ്ത്രം ധരിച്ച ജോണിയെ ദൃശ്യപ്പെടുത്തിക്കൊണ്ടാണ് സംവിധായകൻ ഈ ആശയം വെളിവാക്കുന്നത്.

കോട്ടയത്തിനടുത്ത ഒരു ഗ്രാമത്തിലെ ഗേ ക്രിസ്‌ത്യാനിക്ക് ഇതിൽപ്പരം ഉദാത്തമായ ഒരു വിമുക്തിയും സ്വയം തിരിച്ചറിയലും സാധ്യമല്ലെന്ന് സിനിമ ശക്തമായാണ് സൂചിപ്പിക്കുന്നത്. പ്രതിശ്രുത വധുവിനോട് എല്ലാം തുറന്ന്‌ പറഞ്ഞ് സ്വന്തം മനസ്സിലെ വെളിപാട് പുസ്‌തകം വായിച്ചെടുക്കാൻ തുനിയുകയാണ് ജോൺ.

റബർക്കായുടെ തോട് ഉരസി ഉണ്ടാകുന്ന ഇളം ചൂട് കവിളിൽ അമർത്തി അതിലെ ആഹ്ലാദം ആസ്വദിക്കുന്നതുപോലെ, ഉരുകിത്തിളയ്‌ക്കുന്ന ശർക്കരയിൽ ചക്കപ്പഴം വേവുന്ന ഗന്ധം ഉന്മത്തമാക്കുന്നതുപോലെ –അത് ബൈബിൾ പ്രോക്തമായ ‘മൂര്’ തന്നെയാണത്രെ. തന്റെ വ്യക്തിപരമായ സന്തോഷങ്ങൾ തന്റേതുതന്നെ ആയിരിക്കണമെന്നും അത് ലോകത്തെ തെര്യപ്പെടുത്തുന്നതിനേക്കാൾ തന്നെത്തന്നെ തെര്യപ്പെടുത്തണമെന്നും മനസ്സിലാക്കുകയാണ് ജോണി.

 തനിക്ക് അനുഭവമുള്ള കാര്യങ്ങളെ അവലംബിച്ചാണ് തിരക്കഥ രൂപപ്പെടുത്തിയതെന്ന് സംവിധായകൻ തുറന്ന് സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് കഥാപാത്രങ്ങളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ പഴുതില്ല.

ഗേ ഇണയെ വേർപെട്ട് വിവാഹബന്ധത്തിൽ ഏർപ്പെട്ട് മൂന്നുപേരും (ഭാര്യയുൾപ്പെടെയാണിത്) വിഷമാവസ്ഥയിൽ എത്തുന്ന കഥകൾ നേരിട്ടറിയാവുന്നതിനാലാണ് സംവിധായകൻ ഈ സിനിമയിലൂടെ അത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത തെര്യപ്പെടുത്തുന്നത്.

വിവാഹത്തിലൂടെ സ്വവർഗാനുരാഗത്തെ ‘ചികിത്സിച്ച്’ മാറ്റാമെന്ന വൻ തെറ്റിദ്ധാരണകളിലാണ് ഇന്നും പൊതുസമൂഹം. ആണുങ്ങൾക്ക് ഇണകളായി ഒരുമിച്ചു ജീവിക്കാൻ കോടതി സമ്മതിച്ചാലും കുടുംബനിയമങ്ങൾ ഇന്നും എതിരാണ്.

ക്വീർ ജനത വളരെ അസ്വസ്ഥമായ ജീവിതങ്ങളാണ് പേറുന്നത്. മാനസിക പ്രശ്നങ്ങളിലും വിഭ്രാന്തികളിലും പെട്ട് പോകുന്നുണ്ട് അവർ. ആത്മഹത്യകൾ ഏറുന്നുമുണ്ട്. കേരളത്തിൽ രണ്ട് സ്വവർഗാനുരാഗികളായ പൊലീസുകാർ ആത്മഹത്യ ചെയ്‌തിട്ട് അധികകാലമായിട്ടില്ല.


‘വെളിപാടി’ന്റെ സാംഗത്യം


വിശാലമായ ഒരു സദാചാര/ധാർമിക പ്രശ്നം ഉൾക്കൊള്ളുന്നുമുണ്ട് ഈ ഷോർട് ഫിലിം. സദാചാരത്തെക്കുറിച്ചും സന്മാർഗത്തെക്കുറിച്ചുമുള്ള ക്രൈസ്‌തവ ധാരണകൾ സങ്കീർണമാണ്. വൈദികനാകാൻ തയ്യാറെടുക്കുന്ന ഒരാൾക്ക് സ്വന്തം ലൈംഗികതയെ നേരിടേണ്ടി വരുമ്പോൾ ഈ ധാരണകൾ ദുരിതദായകമായ സംഘർഷങ്ങൾക്ക് പശ്ചാത്തലമാകാനും സാധ്യതകളേറെ.

2023ൽ പോപ് ഫ്രാൻസിസ്‌ സ്വവർഗാനുരാഗികളെ ക്രിമിനലുകളായി കാണരുത് എന്ന് അനുശാസിച്ച്‌ അവരോടുള്ള അനുഭാവം പ്രകടിപ്പിക്കുകയായിരുന്നു. അമേരിക്കയിൽ 30 മുതൽ 40 ശതമാനം വരെ ഗേ വൈദികർ ഉണ്ട് എന്നാണ് കണക്ക്. പൊതുസമൂഹത്തിൽ ഉള്ളവരിലും കൂടുതൽ. എന്നാൽ സഭ ഇത് അംഗീകരിക്കുന്നില്ല എന്നതാണ്‌ സത്യം. സെമിനാരിയിൽ വച്ച് ‘‘ഞാൻ അത്തരക്കാരനല്ല” എന്ന് ജോണിയ്‌ക്ക് സമർഥിക്കേണ്ടി വരുന്നത് അതിനാലാണ്.

വൈദികനാകാനുള്ള ശ്രമം അയാൾ ഉപേക്ഷിച്ചോ എന്ന് സൂചനകൾ ഒന്നും തരുന്നില്ലെങ്കിലും അത് പ്രായോഗികമല്ല എന്നതും ജോണിയുടെ വെളിപാടുകളിൽപ്പെട്ടതായിരിക്കണം തീർച്ചയായും. ജോണിയുടെ വെല്ലുവിളികൾ, മാനസിക സംഘർഷങ്ങൾ ഒക്കെ ഒരു സാധാരണ ഗേ ആണിന്റേതിനേക്കാൾ തീവ്രതരമാണ്.

സ്വന്തം സ്വത്വത്തെ വെളിവാക്കുക എന്ന ധീരകൃത്യം ചെയ്യുന്ന ജോണിയെ ചിത്രീകരിക്കേണ്ടത് ഇന്നത്തെ ക്വീർ സമൂഹത്തിന്‌ മാർഗദർശകവും വഴികളും നൽകുന്നതിന്‌ ആവശ്യമാണെന്ന് സംവിധായകൻ ജിജോ കുര്യാക്കോസ് വ്യക്തമായി സൂചിപ്പിക്കുകയാണ്.

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top