22 December Sunday

എല്ലാവരും കൂടി ഒരുമിച്ചൊരു സിനിമ

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Dec 22, 2024


പുത്തൻ കാഴ്‌ചാനുഭവം സമ്മാനിച്ച്‌ ആഷിക്‌ അബു ഒരുക്കിയ റൈഫിൾ ക്ലബ്‌ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്‌. രണ്ടു മണിക്കൂറിന്റെ ആക്‌ഷൻ ത്രില്ലർ പാക്കേജ്‌. റൈഫിൾ ക്ലബ്‌ ഒരുങ്ങിയ വഴികൾ, അഭിനേതാവായി അനുരാഗ്‌ കശ്യപ്‌, ദിലീഷ്‌ പോത്തൻ, നടേഷ് ഹെഗ്‌ഡെ, സെന്ന ഹെഗ്‌ഡെ, റാഫി എന്നിങ്ങനെ അഞ്ച്‌ സംവിധായകർ, വാണി വിശ്വനാഥിന്റെ മടങ്ങിവരവ്‌. ഇരുപത്തഞ്ചിലധികം പ്രധാന അഭിനേതാക്കൾ. എഴുത്തിൽ ശ്യാം പുഷ്‌കർ–- സുഹാസ്‌–- ദിലീഷ്‌ കൂട്ടുകെട്ട്‌. റെക്‌സിന്റെ സംഗീതം. ഇങ്ങനെ സ്‌ക്രീനിലും അണിയറയിലും വലിയ കൂട്ടുകെട്ട്‌. ആഷിക്കിന്റെ വാക്കുകളിൽ പറഞ്ഞാൽ എല്ലാവരും കൂടിച്ചേർന്ന്‌ സന്തോഷത്തോടെ ചെയ്‌ത ഒരു പടം. അതേസമയം, ഡാഡി കൂളിലൂടെ ആരംഭിച്ച സിനകോ യാത്ര 15 വർഷം പിന്നിട്ടു. തന്റെ സിനിമാ യാത്രയെക്കുറിച്ച്‌ ആഷിക്‌ അബു സംസാരിക്കുന്നു.

ഫൺ മൂഡ്‌

|
തൊണ്ണൂറ്‌ കാലഘട്ടത്തിൽ വയനാട്‌ ബത്തേരിയിൽ നടക്കുന്ന കഥയാണ്‌. റൈഫിൾ ക്ലബ്ബിൽ ഒന്നുരണ്ട്‌ ദിവസത്തിനിടയിൽ നടക്കുന്ന സംഭവങ്ങളാണ്‌ സിനിമ. ആക്‌ഷൻ സ്വഭാവത്തിൽ ഫൺ മൂഡിലുള്ള സിനിമയാണ്‌. 25–- 26 പ്രധാന കഥാപാത്രങ്ങൾ ഒരുമിച്ച്‌ വരുന്ന രംഗങ്ങൾ സിനിമയിലുണ്ട്‌. ക്ലബ്ബിൽ നടക്കുന്ന കഥയായതിനാൽ വ്യത്യസ്‌ത രീതിയിലും സ്വഭാവത്തിലുമുള്ള കഥാപാത്രങ്ങളുണ്ട്‌. ഇത്രയും പേരെ വച്ച്‌ ചിത്രീകരിക്കുക എന്നത്‌ ആവേശകരമായ അനുഭവമാണ്‌. ഇങ്ങനെ ഒരു സിനിമ ചെയ്യണമെന്ന്‌ ആഗ്രഹിച്ചിരുന്നു. അതിന്‌ അതിന്റേതായ ത്രില്ലും വെല്ലുവിളികളുമുണ്ട്‌. എല്ലാവരുംകൂടി ഒരു പടം എന്ന ഉദ്ദേശ്യത്തിൽ ചെയ്‌ത സിനിമയാണിത്‌.

മൂന്നു എഴുത്തുകാർ

സിനിമയുടെ തിരക്കഥ എഴുതിയവരിൽ ഒരാളായ ദിലീഷ്‌ കരുണാകരൻ സംവിധാനം ചെയ്യുന്ന ‘ലൗലി’യുടെ കാമറ ഞാനാണ്‌ ചെയ്‌തിട്ടുള്ളത്‌. അതിന്റെ ഷൂട്ടിങ്‌ നടക്കുന്നത്‌ മുട്ടം റൈഫിൾ ക്ലബ്ബിനു സമീപമാണ്‌. അങ്ങനെ ആ സമയത്ത്‌ കിട്ടിയ ആശയമാണ്‌ സിനിമയുടേത്‌. അത്‌ ദിലീഷിനോട്‌ പറഞ്ഞു. അതിലേക്ക്‌ സുഹാസുകൂടി എത്തി. ഏറ്റവും അവസാനം എഴുത്തിൽ ഭാഗമായ ആളാണ്‌ ശ്യാം പുഷ്‌കരൻ. അവർ മൂന്നു പേർക്കും അവരുടെ സ്ഥിരം രീതിയിൽനിന്ന്‌ വ്യത്യസ്തമായ അനുഭവമായിരുന്നു ഇതെന്നാണ്‌ മനസ്സിലായത്‌. പുതുമയുള്ള ഒരു പരിശ്രമമാണ്‌.

സംവിധായകർ, അഭിനേതാക്കൾ

|
സിനിമയുടെ കാസ്റ്റിങ്‌ കോളിന്റെ പോസ്റ്റ്‌ ഫെയ്‌സ്‌ബുക്കിൽ ഇട്ടപ്പോൾ ഹിന്ദിയിൽനിന്ന്‌ ഒരു അതിഥിവേഷം തരാൻ തയ്യാറാണെന്ന്‌ അനുരാഗ്‌ കശ്യപ്‌ കമന്റ്‌ ചെയ്‌തു. അനുരാഗ്‌ തമാശയായി പറഞ്ഞതാണെങ്കിലും ഞാനത്‌ കാര്യമായി എടുത്തു.  ഫോൺ വിളിച്ചു, അപ്പോൾ അനുരാഗിനും അത്‌ കാര്യമായി എടുക്കേണ്ടി വന്നു–- സിനിമയിൽ അഭിനയിച്ചു. നടേഷ് ഹെഗ്‌ഡെയുടെ പേര്‌ ശ്യാം പുഷ്‌കറും ദിലീഷ്‌ പോത്തനുമാണ്‌ പറയുന്നത്‌. ദിലീഷ്‌ നടേഷിന്റെ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്‌. അങ്ങനെയാണ്‌ നടേശ്‌ വരുന്നത്‌. സെന്ന ഹെഗ്‌ഡെ എനിക്ക്‌ പരിചയമുള്ള ആളാണ്‌. അതുപോലെ റാഫിയും സിനിമയിൽ അഭിനയിക്കുന്നുണ്ട്‌.

വാണി വിശ്വനാഥ്‌

വാണി വിശ്വനാഥിനെ എനിക്ക്‌ വളരെ ഇഷ്ടമാണ്‌. ആരാധനയോടെ അവരുടെ സിനിമകൾ കണ്ടിട്ടുണ്ട്‌. തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണ്‌ റൈഫിൾ ക്ലബ്‌, അപ്പോൾ കഥാപാത്രത്തിന്റെ മുഖമായി അവരെതന്നെയാണ്‌ ഓർമ വന്നത്‌. എഴുത്തുകാർക്കും അങ്ങനെതന്നെ. അവരെ ഫോൺ ചെയ്‌ത്‌ കാര്യം പറഞ്ഞപ്പോൾ അവരും വളരെ ആവശേത്തോടെയാണ്‌ സിനിമയിൽ ഭാഗമായത്‌.
 ഹനുമാൻകൈൻഡ്
ഒരുപാട്‌ കാലമായി ഞാൻ ഫോളോ ചെയ്യുന്ന ഒരാളാണ്‌. നാലഞ്ച്‌ കൊല്ലമായിട്ട്‌ അറിയാം. കൊച്ചിയിൽ പരിപാടി നടത്തിയപ്പോൾ കൊണ്ടുവരാൻ ശ്രമിച്ചതാണ്‌. ഒരു പൊതു സുഹൃത്ത്‌ വഴിയാണ്‌ പരിചയപ്പെടുന്നത്‌. സിനിമയുടെ കഥാപാത്രങ്ങൾക്കായി ആലോചിച്ചപ്പോൾ ഓർമയിൽ വന്ന  മുഖമാണിത്‌. പിന്നെ നല്ല പെർഫോമറാണെന്നും അറിയാം. അങ്ങനെയാണ്‌ സിനിമയിലേക്ക്‌ വിളിക്കുന്നത്‌. ഇപ്പോൾ കാണുന്ന മീശ വച്ച ലുക്ക്‌ സിനിമയ്‌ക്കുവേണ്ടി ഡിസൈൻ ചെയ്‌തതാണ്‌. യഥാർഥത്തിൽ അവൻ മീശ വയ്‌ക്കാറില്ലായിരുന്നു.

സിനിമ തെരഞ്ഞെടുപ്പ്‌

അടുത്ത സിനിമ ഏതാണെന്ന്‌ നേരത്തേ കൂട്ടി പ്രവചിക്കാൻ പറ്റില്ല. ലൗലി ഷൂട്ട്‌ ചെയ്യുന്ന സമയത്താണ്‌ റൈഫിൾ ക്ലബ്ബിന്റെ ആശയം കിട്ടുന്നത്‌. നീലവെളിച്ചം ഏറെ കാലമായി ആഗ്രഹിച്ച സിനിമയാണ്‌. കോവിഡ്‌ കാലത്ത്‌ വാർത്താ ചാനലുകൾ കണ്ട്‌ ചെയ്‌ത സിനിമയാണ്‌ നാരദൻ.

നിർമാതാവിന്റെ റോൾ

സിനിമ  റിസ്‌കുള്ള ബിസിനസാണ്‌. തുടക്കകാലത്ത്‌ നിർമാതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടായി ഇട്ടിട്ടുപോയ പ്രശ്‌നങ്ങളൊക്കെയുണ്ട്‌. പ്രധാനമായും എല്ലാ കാര്യത്തിലും സ്വാതന്ത്ര്യം എന്നതിനുവേണ്ടിയാണ്‌ നിർമാണക്കമ്പനി തുടങ്ങിയത്‌. സംവിധാനം ചെയ്യുന്ന സിനിമകളല്ലാതെ നിർമിക്കുന്നത്‌ സിനിമയുടെ ആശയം, ടീം ഒക്കെ നോക്കിയാണ്‌. അങ്ങനെ അധികം കഥകളൊന്നും കേൾക്കാറില്ല. കേൾക്കുമ്പോൾ ആകർഷിക്കുന്ന ഘടകങ്ങളുണ്ടെങ്കിൽ അതിന്റെ ഭാഗമാകും. എന്റെകൂടി രീതിക്ക്‌ ചേരുന്ന സിനിമകളാണ്‌ നിർമിക്കുന്നതും.  ഈമയൗ മാത്രമാണ്‌ സിനിമ പൂർത്തിയായശേഷം നിർമാതാവായത്‌. അത്‌ അവർക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടായപ്പോൾ ചെയ്‌തതാണ്‌. സിനിമ കണ്ടശേഷമായിരുന്നു അത്‌. ഈമയൗ കണ്ടാൽ ആർക്കാണ്‌ വേണ്ടെന്ന്‌ പറയാനാകുക.

അതിശയിപ്പിക്കുന്ന മാറ്റം

മലയാള സിനിമയിൽ വലിയ രീതിയിലുള്ള മാറ്റവും വളർച്ചയുമുണ്ടായി. പുതിയ പുതിയ ചിന്താധാര, തൊഴിൽ സംസ്‌കാരം ഒക്കെയുണ്ടായി. രാഷ്ട്രീയമായ മാറ്റമാണത്‌. പുരോഗമനപരമായ കാര്യങ്ങൾ വരുന്നു. അതിൽ വലിയ സന്തോഷവും സംതൃപ്‌തിയുമുണ്ട്‌. മലയാള സിനിമാ വ്യവസായത്തിൽ അതിശയിപ്പിക്കുന്ന രീതിയുള്ള മാറ്റം സംഭവിച്ച പതിറ്റാണ്ടാണിത്‌.

പരാജയം പാഠമാണ്‌

എല്ലാ സിനിമക്കാർക്കും ഓരോ സിനിമയും ഒരു പഠന പ്രക്രിയയാണ്‌. വിജയിച്ചവയേക്കാൾ, പരാജയപ്പെട്ട സിനിമകളിൽനിന്നാണ്‌ പാഠം പഠിക്കുക എന്നാണ്‌ വിശ്വസിക്കുന്നത്‌. എന്നെ സംബന്ധിച്ച്‌ ഒരു സിനിമയും പരാജയമല്ല. ഒരു പഠന പ്രക്രിയയുടെ ഭാഗമാണ്‌. ഓരോ സിനിമ കഴിയുമ്പോഴും വിശകലനവും ആത്മപരിശോധനയും നടത്താറുണ്ട്‌. അങ്ങനെ മാത്രമേ മുന്നോട്ട്‌ പോകാനാകൂ. സിനിമ തുടർച്ചയായ ഒരു പഠനമാണ്‌. ഒരു സിനിമ ചെയ്യാൻ കഴിയണമെന്ന്‌ ആഗ്രഹിച്ചാണ്‌ വന്നത്‌. ഇത്രയും സിനിമകൾ ചെയ്യാനായി. അതുതന്നെ ഒരു നേട്ടമാണ്‌. നമ്മൾ ഉദ്ദേശിക്കുന്ന കഥയും കാര്യവും വലിയ വിഭാഗം ആളുകളിലേക്ക്‌ എത്തുമ്പോഴാണ്‌ സിനിമ വിജയിക്കുക.
 
അത്‌ എന്റെ ബോധ്യം

സിനിമയിൽ മുഹൂർത്തങ്ങൾ ഉണ്ടോയെന്ന്‌ നോക്കാറുണ്ട്‌. ചിലത്‌ വിജയിക്കും. ചിലത്‌ വർക്കാകാതെ പോകാറുണ്ട്‌. സിനിമയിൽ ഇമോഷൻസ്‌, ആഘോഷങ്ങൾ ഇങ്ങനെ കാതലായ ഭാഗങ്ങൾക്കായി ശ്രമിക്കാറുണ്ട്‌. എഴുത്തുകാർക്ക്‌ അത്‌ സ്വാഭാവികമായും വരും. അതിലേക്ക്‌ അവർ എത്തിയില്ലെങ്കിൽ ഒരുമിച്ചിരുന്ന്‌ അതിനായി പരിശ്രമിക്കാറുണ്ട്‌. ഞാനെന്ന ഫിലിം മേക്കറുടെ ബോധ്യമാണ്‌ എന്റെ സിനിമകൾ. അതേസമയം, താരങ്ങളെ ഉപയോഗിക്കില്ലെന്ന വാശി എനിക്കില്ല. സാൾട്ട്‌ ആൻഡ്‌ പെപ്പർ സിനിമയുടെ സമയത്ത്‌ ലാൽ പറഞ്ഞിട്ടുണ്ട്‌, മമ്മുക്കയോട്‌ പറയ്‌ എന്ന്‌. പക്ഷേ, മമ്മുക്കയെവച്ച്‌ ആ സിനിമ വർക്ക്‌ ആകില്ല. നമുക്ക്‌ ആവേശം നൽകുന്ന രീതിയിൽ മനസ്സിൽ കാണുന്ന തരത്തിലാണ്‌ സിനിമ ചെയ്യേണ്ടത്‌.

പാട്ട്‌ ഉപയോഗം

സിനിമയിൽ പാട്ട്‌ ഉപയോഗിക്കുന്നത്‌ ഗുണകരമാണ്‌. ചിലപ്പോൾ സംഗീതമായിട്ടാകും, ചിലത്‌ പശ്ചാത്തല സംഗീതം മാത്രമായിരിക്കും ഉപയോഗിക്കുന്നത്‌. ഇന്ത്യൻ സിനിമയിലെ പാട്ടുകളുടെ ഉപയോഗം ലോക പ്രശസ്‌തമാണ്‌. നമ്മുടെ സിനിമാ സംസ്‌കാരത്തിനോട്‌ ചേർന്ന്‌ നിൽക്കുന്നതാണ്‌ പാട്ട്‌. കേരളത്തിൽ ഒരുപാട്‌ കാലമായി ആ സ്വാധീനമുണ്ട്‌.  മലയാളത്തിൽ ഏറ്റവും നന്നായി ഗാനങ്ങൾ ചിത്രീകരിക്കുന്ന ഒരാളാണ്‌ കമൽ. അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചപ്പോൾ മനസ്സിലേക്ക്‌ കയറിയതാകണം പാട്ടിന്റെ ഉപയോഗം.

അതിജീവിച്ച്‌ മുന്നോട്ട്‌ പോകണം

ജനപ്രിയമായ, വലിയ പൊതുസ്വീകാര്യത കിട്ടുന്ന കലയാണ്‌ സിനിമ. ഏറ്റവും ചെലവ്‌ കുറഞ്ഞ വിനോദവുമാണ്‌. ഓരോ വർഷം കൂടുംതോറും സിനിമാപ്രേമികളുടെ എണ്ണം കൂടുകയാണ്‌. അഭിനേതാവ്‌, സംവിധായകൻ, സംഗീത സംവിധായകൻ, എഴുത്തുകാർ ഇങ്ങനെ എല്ലാവരും വാണിജ്യ ശ്രദ്ധാകേന്ദ്രമാണ്‌. തെറ്റുകൾ പറ്റിയാൽ തിരുത്തി മുന്നോട്ട്‌ പോകണം. വിദ്യാർഥി പഠനകാലത്ത്‌ കിട്ടിയ രാഷ്‌ട്രീയ അനുഭവങ്ങളാണ്‌ അതിന്‌ സഹായിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top