കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയുടെ തകർപ്പൻ പ്രകടനത്തിനുശേഷം ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഇഷ്‌ക്. ഇതൊരു പ്രണയചിത്രമല്ല. എന്നാൽ, പ്രണയം പശ്ചാത്തലമാക്കി സാമൂഹ്യപ്രാധാന്യമുള്ള പ്രമേയത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ അനുരാജ് മനോഹർ. സച്ചിദാനന്ദൻ എന്ന സച്ചി (ഷെയ്ൻ നിഗം) ഐടി ജീവനക്കാരനാണ്. സച്ചിക്ക‌് വസുധയോട് (ആൻ ശീതൾ) പ്രണയമാണ്. കോട്ടയത്തുനിന്ന് കൊച്ചിയിലേക്കുള്ള ഇരുവരുടെയും യാത്രയിൽ സംഭവിക്കുന്ന ചില നാടകീയ സംഭവങ്ങൾ അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.
'ആണത്ത'ത്തിന്റെ ഹീറോയിസം ഘോഷിക്കുന്ന ആളാണ് സച്ചി. അതേസമയം, പുരോഗമിയായി നടിക്കുകയും ചെയ്യുന്നു. എങ്ങനെ ഉൾക്കൊണ്ടു ഈ കഥാപാത്രത്തെ?
പ്രണയിനിയുടെ അധികാരം തന്റെ കൈയിലാണെന്ന് കരുതുന്ന ആളാണ് സച്ചി. ഷോ കാണിക്കാൻ ശ്രമിക്കുന്ന കാമുകന്മാരുടെ, ആണുങ്ങളുടെ പ്രതിനിധിയാണ് സച്ചി. വസുധയുടെ ഒപ്പം എത്തിച്ചേരുന്ന പ്രശ്‌നത്തിൽനിന്ന് ഒഴിവാകുമ്പോഴും അയാളുടെ ചിന്ത മറ്റുപലതുമാണ്. തീർച്ചയായും അയാളൊരു പുരുഷമേധാവിത്വ സമൂഹത്തിന്റെ പ്രതിനിധിയാണ്. അയാൾക്കൊപ്പമുള്ള സ്‌ത്രീയുടെ വ്യക്തിത്വമോ മാനസിക സഞ്ചാരമോ ഒന്നും അയാൾക്ക് പ്രശ്‌നമാകുന്നില്ല.
സച്ചിയും വസുധയും നേരിട്ട അനുഭവം യഥാർഥ ജീവിതത്തിൽ അങ്ങനെ ഉണ്ടായാൽ എങ്ങനെയാകും പ്രതികരിക്കുക?
സ്വന്തം അനുഭവത്തിൽ ഇല്ലെങ്കിലും അടുത്ത് നിൽക്കുന്നവരുടേത് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നേരിടേണ്ടിവന്നാൽ ചിലപ്പോൾ സച്ചിയെപ്പോലെയായിരിക്കും ഞാനും ഇടപെടുക. ആ സമയത്ത് പ്രശ്‌നത്തിൽനിന്ന് രക്ഷപ്പെടുക എന്നതിനായിരിക്കും പ്രാധാന്യം. ഹീറോയിസം കാണിക്കാൻ പറ്റില്ല.
അത്തരമൊരു സാഹചര്യത്തിൽ നല്ല പേടിയുണ്ടാകും. സച്ചി അകപ്പെട്ട സാഹചര്യത്തെയാണ് കപട സദാചാരവാദികൾ ചൂഷണംചെയ്യുന്നത്. അവർ പറയുന്നതേ ഭൂരിപക്ഷം ജനവും വിശ്വസിക്കൂ. ചിലപ്പോൾ വെറൊരു രീതിയിലും ആ വിഷയത്തെ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കും. എല്ലാവർക്കും അറിയാവുന്ന, ഇഷ്ടപ്പെടുന്നൊരു പെൺകുട്ടിയുടെ കൂടെയാണ് ഉണ്ടായിരുന്നതെങ്കിൽ അത്രയും ഭയത്തിലേക്ക് പോകാതെ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കും.
കുമ്പളങ്ങിയിലെ ബോബിയിൽനിന്ന് ഇഷ്‌കിലെ സച്ചിയിലേക്കുള്ള വളർച്ച?
കുമ്പളങ്ങി കഴിഞ്ഞ് വൈകാതെ ഇഷ്‌ക് തുടങ്ങി. ബോബിയേക്കാളും സംസാരിക്കുന്ന, ചിരിക്കുന്ന ആളാണ് സച്ചി. ബോബി സ്വതന്ത്രബുദ്ധിയാണ്. സച്ചിയിലേക്ക് മാറാൻ തയ്യാറെടുപ്പുകൾ വേണ്ടിവന്നു. ബോബി കുമ്പളങ്ങിക്കാരനായിരുന്നു. നഗരജീവിതത്തിന്റെ ഭാരങ്ങളില്ല. സച്ചി പനമ്പിള്ളി നഗറിലെ അപ്പാർട‌്മെന്റിൽനിന്നാണ് വരുന്നത്
ഒരുപാട് സിനിമകൾ പെട്ടെന്ന് പെട്ടെന്ന് ചെയ്യുന്ന കൂട്ടത്തിലല്ല ഷെയ്‌ൻ. സെലക‌്ഷന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ?
കഥ കേൾക്കുമ്പോൾ ആദ്യം തോന്നുന്ന ഇഷ്ടമാണ് അതിൽ അഭിനയിക്കാൻ തോന്നിക്കുന്നത്. എന്നെക്കൊണ്ട് ചിലതൊക്കെ ചെയ്യാനാകും എന്ന് ആദ്യമേ തോന്നണം. സച്ചിയും ബോബിയും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ്. അപ്പോൾ ആ കഥാപാത്രത്തിനുവേണ്ടി തയ്യാറെടുക്കാൻ കഴിയും. അത് രസമുള്ള കാര്യമാണ്. അതില്ലെങ്കിൽ അഭിനയിക്കുന്നയാൾക്കുതന്നെ സംശയം തോന്നും, ഇയാൾ ഇങ്ങനെയൊക്കെ ചിന്തിക്കുമോ, അതോ വേറെ രീതിയിലാകുമോ എന്നൊക്കെ ആലോചിച്ച് ചെയ്യേണ്ടിവരും. അതിലും നല്ലത് കഥാപാത്രത്തിന് വ്യക്തിത്വം ഉള്ളതും വ്യക്തത വരുന്നതുമാണ്.
സച്ചിയോട് ബോബിക്ക് കുമ്പളങ്ങിയിലെപ്പോലെ "എന്ത് പ്രഹസനമാണ്' എന്ന് ചോദിക്കാൻ തോന്നുന്നുണ്ടോ. സച്ചി നിരന്തരം കാമുകിയോട് "ആണത്തം' പ്രകടിപ്പിക്കുമ്പോൾ?
ഭയങ്കരമായ ധൈര്യമുള്ള ഒരാളല്ല സച്ചി. പക്ഷേ, അങ്ങനെ ആണെന്ന് കാമുകിയുടെ മുമ്പിൽ കാണിക്കാൻ ശ്രമിക്കുന്ന ആളായിരിക്കും. സച്ചിക്ക് ഒരു പരിധിയുണ്ട്. ഇങ്ങനെയൊരു പ്രശ്‌നം വരുമ്പോഴാണ് അത് നേരിടാൻ തയ്യാറാകുന്നത്. സച്ചിയുടെ ആവശ്യം പ്രതികാരം ചെയ്യുക എന്നതാണ്. അതിന് കാരണം കാമുകിയുടെയൊപ്പം നേരിട്ട സദാചാര ഗുണ്ടായിസം അല്ല എന്നതാണ്. "എന്ത് പ്രഹസനമാണ് സച്ചി' ചോദിപ്പിക്കുന്നത്. ഒരുപാട് ആണുങ്ങളോടാകാം ആ പറച്ചിൽ. നന്മയുള്ള നായകനായിട്ടല്ല സച്ചിയെ അവതരിപ്പിച്ചിരിക്കുന്നതും.
ഇതുവരെ കൂടെ അഭിനയിച്ചതിൽ ഏറ്റവും രസകരമായി അഭിനയിക്കാൻ പറ്റിയ ഒരു നടൻ/നടി, അങ്ങനെ ഒരാളുണ്ടോ?
ഏറ്റവും ഫ്രീ ആയി, സംതൃപ്‌തിയോടെ അഭിനയിച്ച സിനിമ കുമ്പളങ്ങി നെറ്റ്‌സാണ്. സെറ്റും സ്ഥലങ്ങളും ആളുകളും എല്ലാം അതിനെ സ്വാധീനിച്ചിട്ടുണ്ട്. അതിൽ അന്ന (ബേബിമോൾ)യുടെ ഒപ്പമാണ് നന്നായി അഭിനയിക്കാൻ പറ്റിയത്. അത് ആ കഥാപാത്രങ്ങളുടെ അടുപ്പമാകാം. അന്നയാണ് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ളത്.
അൻവറിലെ ചെറിയൊരു റോളിൽനിന്ന് എല്ലാവരും ഇഷ്ടപ്പെടുന്ന നായക നടനായി ഷെയ്‌ൻ എത്തി. സിനിമകളിലേക്കുള്ള വഴി എങ്ങനെയായിരുന്നു?
യാദൃച്ഛികമായി ഇവിടെ എത്തിയെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. അൻവർ ചെയ്യുന്ന സമയത്ത് സൗബിനിക്ക (സൗബിൻ ഷാഹിർ)യെ പരിചയപ്പെട്ടു. സൗബിനിക്കയാണ് അന്നയും റസൂലിലും എത്തിക്കുന്നത്. അവിടെനിന്ന് രാജീവ് സാർ (രാജീവ് രവി) കിസ്‌മത്തിലേക്ക് സംവിധായകനോട് പറഞ്ഞു. കിസ്‌മത്ത് ഇറങ്ങിയശേഷമാണ് പ്രധാന കഥാപാത്രത്തിലേക്ക് വിളിച്ച് തുടങ്ങിയത്. തെന്നിെത്തന്നി ഓരോ സിനിമയിൽ എത്തുകയാണ്.
അധികം സംസാരിക്കാത്ത കഥാപാത്രങ്ങളാണ് ഷെയ്‌നിന്റേത്. വളരെ നിശ്ശബ്ദനായ, എന്തൊക്കെയോ മനസ്സിൽ ഒളിപ്പിച്ചവ. അത്തരം കഥാപാത്രങ്ങൾമാത്രം തേടിയെത്തുന്നതാണോ?
ഒരുപാട് സംസാരിക്കുന്ന ആളൊന്നുമല്ല. അടുപ്പമുള്ളവരോടേ കൂടുതൽ ഇടപഴകാറുള്ളൂ. അതുകൊണ്ടാകണം കഥാപാത്രങ്ങളൊക്കെ അധികം മിണ്ടാത്ത ആൾക്കാരായിപ്പോയത്. സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ ഉദ്ദേശിച്ചത് മറ്റൊരു രീതിയിലായിരിക്കാം. എനിക്കറിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..