29 December Sunday

ഷെയ്‌ൻ നിഗത്തിനെതിരെ വധഭീഷണി; നിർമാതാക്കളുടെ സംഘടന ചർച്ചയ്‌ക്ക്‌ വിളിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കൊച്ചി > സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന യുവനടൻ ഷെയ്ൻ നി​ഗത്തിന്റെ പരാതിയിൽ നിർമ്മാതാക്കളുടെ സംഘടന ഇടപെടുന്നു. പരാതിയിൽ ഉന്നയിച്ച ഷെയ്ൻ നായകനാകുന്ന കുർബാന, വെയിൽ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ ചർച്ച വിളിച്ചു ചേർത്തു.

ഷെയ്ൻ നി​ഗത്തിനെയും ചർച്ചയ്ക്ക് വിളിക്കും. താര സം​ഘടനയായ അമ്മ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ആകും ചർച്ചയെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ഗുഡ്വില്‍ എന്‍റര്‍ടെയ്മെന്റിന്റെ ബാനറിൽ ജോബി ജോര്‍ജ് ആണ് വെയിൽ നിർമ്മിക്കുന്നത്.  

ബുധനാഴ്ചയാണ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം അമ്മയ്ക്ക് പരാതി നൽകിയത്. ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയതെന്നും ഷെയ്ൻ പരാതിയിൽ ആരോപിച്ചു. സാമൂഹ്യമാ​ധ്യമങ്ങളിലൂടെയും ഷെയ്ൻ തനിക്കെതിയുള്ള വധഭീഷണിയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. നവമാധ്യമങ്ങളിലൂടെ കുപ്രചരണങ്ങൾ നടത്തുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ഫോണിലൂടെ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തി. തനിക്ക് എന്തു സംഭവിച്ചാലും അതിന്‍റെ ഉത്തരവാദി ജോബി ജോര്‍ജ് ആയിരിക്കുമെന്നും പരാതിയിലുണ്ടെന്നും ഷെയ്ൻ പറഞ്ഞു. അമ്മയ്ക്ക് നൽകിയ പരാതിയുടെ പകർപ്പും ഷെയ്ൻ സമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

അതേസമയം, താൻ ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതികരിച്ച് ജോബി ജോര്‍ജ് രം​ഗത്തെത്തി. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്‌ന്‌ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top