23 December Monday

കരാർ ലംഘിച്ച്‌ മുടിയും താടിയും വെട്ടി ഷെയിൻ നിഗം; സിനിമയിൽനിന്ന്‌ വിലക്കിയേക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2019

കൊച്ചി > വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീണ്ടും കരാർ ലംഘിച്ച് നടൻ ഷെയ്ൻ നിഗം. സിനിമയുടെ ചിത്രീകരണം പൂർത്തിയാകും വരെ മുടിയും താടിയും വെട്ടരുതെന്ന കരാർ ലംഘിച്ചുകൊണ്ടുള്ള ഷെയ്നിന്റെ പുതിയ ഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഷെയ്നിനെതിരെ വിലക്കുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം.

വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.പ്രതിഷേധം എന്ന് ഫോട്ടോയിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

ശരത് സംവിധാനം ചെയ്യുന്ന വെയിൽ സിനിമയിൽ മുടിയും താടിയും നീട്ടിയുള്ള വേഷമാണ്  ഷെയ്നിന്റേത്. വെയിലിന്റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു .മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയ്നിന്റെ വെല്ലുവിളിയെ ഗൗരവമായി കാണാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

വിഷയം ചർച്ച ചെയ്യാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മറ്റന്നാൾ അടിയന്തരയോഗം വിളിച്ചു. വെയിലും കുർബാനിയും പൂർത്തിയാക്കാതെ മറ്റ് സിനിമകളിൽ അഭിനയിപ്പിക്കേണ്ട എന്ന തീരുമാനം സംഘടന എടുത്തേക്കുമെന്നാണ് സൂചന. ഷെയ്നിന്റെ നിസഹകരണം മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണെന്ന് സംവിധായകൻ ശരത് പ്രതികരിച്ചു.

സംഘടനകൾ സംയുക്തമായെടുത്ത കരാർ ലംഘിച്ചതിനാൽ താരസംഘടനയായ അമ്മയും ഷെയ്നിനെ പിന്തുണയ്ക്കുന്നില്ല. അഭിനേതാവ് കരാർ ലംഘിക്കുന്നത് തെറ്റാണെന്ന് അമ്മ സെക്രട്ടറി ഇടവേളബാബു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top