23 December Monday

സൈമ നെക്‌സ സ്ട്രീമിങ് അക്കാദമി അവാര്‍ഡ്; മികച്ച സംവിധായകനായി കൃഷാന്ദ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

മുംബൈ > സൈമ നെക്‌സ സ്ട്രീമിങ് അക്കാദമി അവാര്‍ഡ് സ്വന്തമാക്കി സംവിധായകന്‍ കൃഷാന്ദ്. കൃഷാന്ദിന്റെ 2023 ല്‍ പുറത്തിറങ്ങിയ 'പുരുഷ പ്രേതം' എന്ന ചലച്ചിത്രത്തിനാണ് പുരസ്‌കാരം. ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡായ സൗത്ത് ഇന്ത്യന്‍ ഇന്റെര്‍നാഷ്ണല്‍ മൂവി അവാര്‍ഡിന്റെ (സൈമ) മുന്നോടിയായി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നു. അതില്‍ പ്രാദേശിക സിനിമകളിലെ മികച്ച സംവിധായകനായാണ് കൃഷാന്ദ് തെരഞ്ഞെടുക്കപ്പെട്ടത്.

48 വിഭാഗങ്ങിലായി ഹിന്ദിയിലേയും കൂടാതെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയും ഒടിടി കണ്ടന്റുകള്‍ക്കാണ് ജുലൈ 21 ന് മൂബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയത്. പുരസ്‌കാര ചടങ്ങില്‍ മനോജ് ബാച്‌പേയ്, ശോഭിത ധൂളിപാല, അദിതി റാവൂ ഹൈദരി തുടങ്ങി ഒട്ടനവധിപേര്‍ പങ്കെടുത്തു.

2023 ല്‍ പുറത്തിറങ്ങിയ 'പുരുഷ പ്രേതം' ഒരു പോലീസ് പ്രൊസീജറല്‍-ഡ്രാമ ചിത്രമാണ്. സേണി ലിവിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒട്ടേറെ പ്രേക്ഷക പ്രശംസയും, നിരൂപക ശ്രദ്ധയും നേടിയിരുന്നു. ദര്‍ശന രാജേന്ദ്രനും ഹാസ്യസിനിമകളിലൂടെ ജനപ്രിയനായ പ്രശാന്ത് അലക്‌സാണ്ടറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ജഗദീഷ്, ദേവകി രാജേന്ദ്രന്‍, ജിയോ ബേബി എന്നിവരാണ് മറ്റ് പ്രാധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.

മനു തൊടുപുഴയുടെ കഥയ്ക്ക് അജിത് ഹരിദാസാണ് തിരക്കഥ ഒരുക്കിയത്. മാന്‍കൈന്‍ഡ് സിനിമാസ് വേണ്ടി ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top