19 September Thursday

നാടകം തന്നെ ജീവിതം

മൂത്തേടത്ത് സുരേഷ് ബാബുUpdated: Sunday Aug 25, 2024

അതിഭാവുകത്വമില്ലാതെ തന്മയത്വം നിറഞ്ഞ, അതിസൂക്ഷ്മവുമായ അഭിനയമികവിനാൽ ആദ്യചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉർവശിക്കൊപ്പം പങ്കുവച്ച അഭിനേത്രിയാണ് ബീന ആർ ചന്ദ്രൻ. അപ്രതീക്ഷിത നേട്ടത്തിൽ "തടവി'നെക്കുറിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും ബീന മനസ്സു തുറക്കുന്നു. 

തടവ്‌ കാത്ത നായിക

എഴുപതുകളുടെ അവസാനകാലം. പട്ടാമ്പി പരുതൂർ സിഇയുപി സ്കൂളിൽ ഡബിൾ ബെല്ലടിച്ചു. ഡ്രിൽ പീരിയഡ് ആയതോടെ അഞ്ചാം ക്ലാസിലെ മിക്ക കുട്ടികളും പുറത്തേക്കോടി. എന്നാൽ, കുറച്ചു പെൺകുട്ടികൾമാത്രം ക്ലാസിൽത്തന്നെ ഇരുന്നു. അപ്പോൾ അവരുടെ നേതാവായ ഒരു പാവാടക്കാരി തന്റെ സഞ്ചിയിൽനിന്നൊരു നോട്ടുപുസ്തകം പുറത്തേക്കെടുത്തു. അതിൽ അവൾ തലേദിവസം രാത്രി എഴുതിവച്ച സംഭാഷണങ്ങൾ കൂട്ടുകാരികൾക്ക് പറഞ്ഞുകൊടുത്തു. അവരതൊക്കെ പെട്ടെന്നുതന്നെ മനഃപാഠമാക്കി.  എന്നിട്ട് ഓരോ രംഗവും ഒന്നിച്ചഭിനയിച്ച് കളിച്ചു.

ക്ലാസിൽ കൂട്ടുകാരികളെക്കൂട്ടി നാടകക്കളിക്കു നേതൃത്വം നൽകിയ പെൺകുട്ടിയാകട്ടെ പിന്നീട് നാടകത്തെ ജീവനുതുല്യം സ്നേഹിച്ചു. അമച്വർ നാടകങ്ങളിലൂടെ അഭിനയിച്ചു വളർന്ന ബീന ആർ ചന്ദ്രൻ എന്ന ആ പെൺകുട്ടിക്ക് മികച്ച നടിക്കുള്ള  സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തേടിയെത്തി. "തടവ്' എന്ന ചിത്രത്തിലൂടെ കഥാപാത്രവുമായി ഇഴുകിച്ചേർന്ന് സൂക്ഷ്‌മാഭിനയത്തിന്റെ  ദൃശ്യചാരുതകൾ ഹൃദ്യമായി വിരിയിച്ചതിനാണ് ഈ വർഷത്തെ മികച്ച നടിയായത്. 

അധ്യാപകരായ രക്ഷിതാക്കളുടെ നാടകപ്രവർത്തനങ്ങൾ കണ്ടാണ് ബീന വളർന്നത്.  മകൾക്ക് അഭിനയത്തിൽ താൽപ്പര്യം ഉണ്ടെന്ന് മനസ്സിലാക്കിയ അച്ഛൻ ബീനയെയും കൂടെ കൂട്ടി.  ഹൈസ്കൂളിൽ പഠിക്കുമ്പോൾ അച്ഛനും മകളും ചേർന്ന് ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചു.  നൃത്തം, കഥാപ്രസംഗം, മിമിക്രി, മോണോആക്ട് തുടങ്ങിയവയിലും ബീന മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മിമിക്രിക്ക്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സമ്മാനം.

പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ബീന നാടകാഭിനയത്തെ ഗൗരവത്തിൽ സമീപിക്കുന്നത്. പിന്നീടുള്ള നാളുകൾ നാടകത്തിൽമാത്രം മുഴുകി. കാലം മുന്നോട്ടുപോയപ്പോൾ നാടകം കളിച്ചുപഠിച്ച ക്ലാസിൽത്തന്നെ അധ്യാപികയായി. കുട്ടികൾക്ക് പാഠം പഠിപ്പിക്കുമ്പോഴും നാടകാഭിനയത്തെയാണ് ബീന കൂട്ടിയത്.  സഹപ്രവർത്തകയായ അനിതയുടെ പ്രോത്സാഹനവും സഹകരണവും ബീനയ്ക്ക് തുണയായിത്തീർന്നു. 

നടനായ മണികണ്ഠൻ പട്ടാമ്പിയാണ് എന്നെ സിനിമയിൽ അഭിനയിക്കാനായി പ്രോത്സാഹിപ്പിച്ചത്.  തുടർന്ന് എം ജി ശശി, സുദേവൻ പെരിങ്ങോട് എന്നിവരുടെ രണ്ടുമൂന്നു ഹ്രസ്വചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള അവസരം കിട്ടി.  അപ്പോഴാണ് നാടകാഭിനയവും സിനിമാഭിനയവും രണ്ടും രണ്ടാണെന്ന് മനസ്സിലായത്.  തുടർന്നാണ് ഫാസിൽ റസാഖിനെ പരിചയപ്പെടുന്നത്.  പിന്നീട് അദ്ദേഹത്തോടൊപ്പം ചെയ്ത അതിര്, പിറ എന്നീ ഹ്രസ്വചിത്രങ്ങളിലെ അഭിനയവും എനിക്കേറെ ഗുണം ചെയ്തു.  ഈ അനുഭവങ്ങളൊക്കെയാണ് എന്നെ "തടവി'ലേക്കെത്തിച്ചത്.

"തടവ്' തനിക്ക് നൽകിയത് വലിയ ഉത്തരവാദിത്വവും വെല്ലുവിളിയുമായിരുന്നു എന്ന അഭിപ്രായമാണ് ബീനയ്ക്കുള്ളത്.  ഫാസിൽ റസാഖ് തടവിന്റെ തിരക്കഥ എനിക്ക് വായിക്കാനായി തരുമ്പോൾ ആദ്യമൊന്നു ശങ്കിച്ചു.  എന്നെ മനസ്സിൽ കണ്ടുകൊണ്ടാണ് ഫാസിൽ ഈ കഥയും കഥാപാത്രവും ഒരുക്കിയെടുത്തത് എന്നറിഞ്ഞപ്പോൾ എനിക്കിതിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമോയെന്ന സംശയമായിരുന്നു. എന്നാൽ, തിരക്കഥ വായിച്ചു പൂർത്തിയാക്കിയതോടെ ചെയ്യാം എന്നൊരു ആത്മവിശ്വാസം വന്നു. ഫാസിലിന്റെ ആദ്യചിത്രം എന്റെ പ്രകടനം കാരണം മോശമാകരുതെന്ന ഉൾപ്പേടിയും ഉണ്ടായിരുന്നു.

നല്ലപോലെ ഗൃഹപാഠമൊക്കെ ചെയ്താണ് ഓരോ ദിവസവും ഷൂട്ടിങ്ങിനു പോയത്.  തനിച്ചു താമസിക്കുന്നതിലൂടെ പരുക്കയും ഉറച്ച മനോബലക്കാരിയുമായിത്തീർന്ന ഗീത എന്ന എന്റെ നായികാകഥാപാത്രം സങ്കീർണമായ ഒട്ടേറെ അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ട്.  മാരകമായ അസുഖം ഉണ്ടെന്ന് തിരിച്ചറിയുന്ന രംഗത്തും ഭർത്താവിന്റെ മുന്നിൽ ആദ്യമായി സകലനിയന്ത്രണവും വിട്ട് പൊട്ടിക്കരയുന്ന രംഗത്തും മനോവേദനകൾ അധികമായി മനസ്സിനെ മദിക്കുമ്പോൾ ആ വിഷമതകൾ മറക്കാൻ കുളത്തിൽ നീന്തുന്ന രംഗങ്ങളിലുമെല്ലാം ഞാൻ കൈക്കൊണ്ട അഭിനയത്തിന് ഫാസിൽ വളരെനല്ല സ്വാതന്ത്ര്യവും പിന്തുണയുമാണ് നൽകിയത്. ആ സഹകരണം കഥാപാത്രത്തെ  അനായാസേന അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ സഹായിച്ചു.  "തടവി'ലെ ഈ അങ്കണവാടി അധ്യാപികയുടെ ഏതോ ഒരംശം എന്നിലും ഉള്ളതായി എനിക്ക് പലപ്പോഴും തോന്നിയിരുന്നു.  ആ ചിന്തയും കഥാപാത്രത്തെ മികച്ചതാക്കാൻ എനിക്ക് സഹായമായി.

അവാർഡോ?

"തടവി'ൽ അഭിനയിക്കുമ്പോൾ അവാർഡോ അംഗീകാരങ്ങളോ സ്വപ്നത്തിൽപ്പോലും ഉണ്ടായിരുന്നില്ലെന്ന് ബീന. "തടവിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരെയെല്ലാം നേരത്തേതന്നെ പരിചയം ഉണ്ടായിരുന്നു. അത് കഥാപാത്രത്തെ ആസ്വദിച്ചു ചെയ്യുന്നതിന് സഹായമായി. എല്ലാവരും നല്ല പിന്തുണയും സഹകരണവും നൽകി. ഒരുവിധ ബുദ്ധിമുട്ടും ഇല്ലാതെ എനിക്ക് ഗീതയുടെ വ്യത്യസ്തമായ വൈകാരികതലങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ കഴിഞ്ഞു. സ്പോട്ട് ഡബ്ബിങ് കൂടി ആയിരുന്നതിനാൽ ഓരോ ഷോട്ടിനെയും അത്രയ്ക്കും കൃത്യതയോടെയാണ് ഞങ്ങൾ സമീപിച്ചത്.

വളരെ ആസ്വദിച്ച്‌ ഷൂട്ട്‌ ചെയ്യുമ്പോൾ ഞങ്ങളുടെ മനസ്സിൽ വേറൊരു ചിന്തയും ഉണ്ടായില്ല. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച അഭിപ്രായങ്ങളും അംഗീകാരവും കിട്ടിയശേഷമാണ് അവാർഡിനെക്കുറിച്ചൊക്കെ ചിന്തിച്ചത്. എല്ലാവരും എന്നോട് അഭിനയം നന്നായിരുന്നെന്ന് പറയുമ്പോ ഞങ്ങളുടെ പ്രയത്നം പാഴായിപ്പോയില്ലല്ലോയെന്ന ആശ്വാസമായിരുന്നു മനസ്സിൽ.  സംസ്ഥാന പുരസ്‌കാരം പ്രഖ്യാപനത്തിനു മുമ്പുവരെ അവാർഡിനു പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ എന്റെ പേരൊന്നും ഉണ്ടായിരുന്നില്ല.

അതുകൊണ്ട് ഞാൻ ആ പ്രതീക്ഷയൊക്കെ ഉപേക്ഷിച്ചു.  ഉച്ചയ്ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് സഹപ്രവർത്തകർ അവാർഡ് വിവരം അറിയിച്ചത്.  നാടകം കളിച്ചു നടന്ന ക്ലാസിൽ നിൽക്കുമ്പോൾത്തന്നെ അവാർഡ് വിവരം അറിയാൻ കഴിഞ്ഞതിനെ ഒരു നിമിത്തമായാണ് ഞാൻ കാണുന്നത്.  പിന്നെ ഉർവശിയോടൊപ്പമാണ് അവാർഡ് കിട്ടിയത് എന്നറിഞ്ഞപ്പോഴും സന്തോഷം ഇരട്ടിയായതേയുള്ളൂ. ചെറുപ്പംമുതൽക്കേ ഞാൻ ഉർവശിയുടെ നിഷ്കളങ്കമായ അഭിനയത്തെ ഏറെ ആശ്ചര്യത്തോടെയാണ് കണ്ടത്.  ഇത്രയും വലിയ നടിക്കൊപ്പം എനിക്കും ഒരു അംഗീകാരം കിട്ടിയത് ഭാഗ്യമായി കരുതാനാണ് ഇഷ്ടം. 

കേരളത്തിന്റെ ഇരുപത്തെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ "തടവ്' ശ്രദ്ധിക്കപ്പെട്ടതുമുതൽ ബീനയ്ക്ക് തിരക്കിന്റെ നാളായി. എല്ലാത്തിനും പൂർണ പിന്തുണയുമായി ഭർത്താവ് വിജയകുമാറും കുടുംബവും ബീനയോടൊപ്പം നിൽക്കുന്നു. ബീനയ്ക്കു ലഭിച്ച അവാർഡ് നേട്ടത്തെ ആഘോഷമാക്കി മാറ്റുന്നത് നാട്ടുകാരായ പരുതൂരുകാരാണ്. "എന്റെ സ്വന്തം പരുതൂരുകാരാണ് ഈ അവാർഡ് നേട്ടത്തിൽ എന്നെക്കാളധികം സന്തോഷിക്കുന്നത്.  കാരണം ആ നാട്ടിൽ ഞാൻ നടത്തുന്ന കലാപ്രവർത്തനങ്ങൾ അവർ എന്നേ അംഗീകരിച്ചവരാണ്.  മാത്രമല്ല "തടവ്' പൂർണമായും പരുതൂരുകാരുടെകൂടി സിനിമയാണ്.  ഇവിടെയുള്ളവരാണ് ‌‌"തടവി'ലെ എല്ലാ അഭിനേതാക്കളും. ലൊക്കേഷനും ഈ നാട്ടിൻപുറംതന്നെയായിരുന്നു. അവരുടെയൊക്കെ പ്രാർ‌ഥനയും അനുഗ്രഹവുമാണ് എനിക്കീ അവാർഡിനെ സമ്മാനിച്ചത്.'

പുരസ്കാരനിറവിൽ തിളങ്ങിനിൽക്കുമ്പോൾ ബീനയുടെ അഭിനയ സ്വപ്നങ്ങൾക്കും കൂടുതൽ വർണശബളിമ കൈവന്നിരിക്കുന്നു. തട്ടകം ഏതായിരുന്നാലും ആത്മാർഥമായി അഭിനയത്തെ കൂടെ കൂട്ടാനാണ് ബീനയുടെ തീരുമാനം. എങ്കിലും പ്രഥമ പരിഗണന നാടകത്തിനുതന്നെ. സിനിമയിലേക്ക് അവസരങ്ങൾ വരുന്നമുറയ്ക്ക്‌ നല്ലതു നോക്കി തെരഞ്ഞെടുക്കും. അതോടൊപ്പം സ്വയം ഒരുക്കിയെടുത്ത ഏകാംഗ നാടകങ്ങൾക്ക് കൂടുതൽ പ്രചാരം നൽകണമെന്നും ബീന ആലോചിക്കുന്നു. 

ബഷീറിന്റെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഏകാംഗ നാടകങ്ങൾ ക്ലാസിലെ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്.  മാധവിക്കുട്ടിയുടെ വേനലിന്റെ ഒഴിവ് എന്ന കഥയെ ആസ്‌പദമാക്കി തയ്യാറാക്കിയ "ഒറ്റഞാവൽമരം' എന്ന നാടകമാണ് ഇപ്പോൾ ബീന അവതരിപ്പിക്കുന്നത്.  അവാർഡ് പ്രഖ്യാപനം നടന്ന ദിവസംതന്നെ ഉച്ചയ്ക്ക് പരുതൂർ ഹൈസ്കൂളിൽ "ഒറ്റഞാവൽമരം' അവതരിപ്പിക്കാൻ കഴിഞ്ഞതിലുള്ള യാദൃച്ഛികതയും ആനന്ദവും ബീന ചന്ദ്രന്റെ അഭിനയസ്വപ്നങ്ങൾക്ക് ഗരിമ പകരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top