27 October Sunday

മാണിക്യ മലരായ സുരഭി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

അജയന്റെ രണ്ടാം മോഷണം എന്ന സിനിമ കണ്ടിറങ്ങിയിട്ടും മണിയന്റെ മാണിക്യത്തെ കണ്ടതിന്റെ ഉന്മാദം വിട്ട് മാറിയിരുന്നില്ല. സുരഭി ലക്ഷ്മി അത്രമേൽ തീവ്രതയോടെയാണ് മാണിക്യത്തെ ഒരു ഛായാചിത്രംപോലെ നാട്യത്തിലൂടെ വരച്ചു വച്ചത്. മാണിക്യത്തിന്റെ പ്രണയവും കാമവും ആവേശവും വാത്സല്യവും വിഹ്വലതകളുമെല്ലാം സുരഭിയിലൂടെ, അവരുടെ കണ്ണുകളിലൂടെ എത്ര വശ്യമായാണ് നമ്മളിലേക്ക് പടർന്നത്. മാണിക്യമാവുന്നതിനുമുമ്പ് സുരഭി നടന്ന അഭിനയ വഴികൾ അത്ര മിനുസമുള്ളതൊന്നുമാവില്ല എന്ന ബോധ്യത്തോടു കൂടിയാണ് അവരോട് സംസാരിക്കണം എന്ന് ആഗ്രഹിച്ചതും.

എം 80 മൂസ എന്ന ഹാസ്യ പരിപാടിയിലൂടെ സുരഭി നമ്മുടെ ഇടയിൽ ഉണ്ടാക്കി വച്ച ഒരു പ്രതിച്ഛായയുണ്ട്. അത് പിഴുതെടുക്കാനാവാത്ത ആഴത്തിൽ നമുക്കുള്ളിലൊക്കെ വേരുറച്ചു പോയതുമാണ്. ആ കഥാപാത്രത്തിന്റെ ശക്തിയുമാണത്. അതിൽ നിന്ന് പുറത്തേക്ക് കടക്കുക എന്നത് പ്രേക്ഷകർക്ക് അനായാസം സാധ്യമാവുന്ന ഒരു പ്രക്രിയയല്ല. പക്ഷേ, തന്റെ നാട്യ വൈഭവത്തിലൂടെ അംഗ ചലനങ്ങളിലും കണ്ണുകളിലും ഭാവങ്ങളിലും ഒരു വർണ ചിത്രം വരച്ചെടുക്കുന്ന സൂക്ഷ്മതയിൽ സുരഭി അവിശ്വസനീയമായ നവീകരണം നടത്തി. മിന്നാമിനുങ്ങ്‌ എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം വരെ തേടിയെത്തി. ആ പേര് അന്വർഥമാക്കുന്നതുപോലെ ഒരു ‘ഫയർ ഫ്ലൈ ' ആയി പറക്കാൻ പ്രതിഭയുള്ള നടിയാണ് സുരഭി.

അവരുടെ നൈപുണ്യം അളന്നെടുക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ലെന്നോ ആരും അതിന് ശ്രമിച്ചില്ലെന്നോ ആണ് കരുതുന്നത്. മാണിക്യം എന്ന കഥാപാത്രം നിർമിച്ചെടുത്തതിലൂടെ സുരഭി എന്ന അഭിനേത്രിക്കുള്ളിലെ ആരും തിരഞ്ഞുപോകാത്ത മാണിക്യമാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. കഥാപാത്രത്തിന്റെ ആന്തരികമായ വിചാര വികാരങ്ങളെ ഇത്ര സൂക്ഷ്മമായി പുറത്തേക്ക് കൊണ്ടുവരാൻ സാധിക്കുന്ന അഭിനേതാക്കൾ വിരളമാണ്. വലുപ്പവും സീനുകളുടെ എണ്ണവുമല്ല കഥാപാത്രങ്ങളുടെ ആഴമളക്കുന്നത് എന്ന് സുരഭിയോളം ഓർമപ്പെടുത്തുന്ന മറ്റാരെയും ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല. അഭിനയ യാത്രയിൽ അസമാനങ്ങളായ വഴികളിലൂടെ സഞ്ചരിച്ച അനുഭവങ്ങൾ സുരഭി ലക്ഷ്മി പറയുന്നു.

ഉത്തരവാദിത്വങ്ങൾ

അജയന്റെ രണ്ടാം മോഷണത്തിലെ മാണിക്യവും ദേശീയ പുരസ്കാരവും അങ്ങനെ ഓരോ കഥാപാത്രങ്ങളും അംഗീകാരങ്ങളും ഒരു അഭിനേത്രി എന്ന രീതിയിൽ എന്റെ ഉത്തരവാദിത്വങ്ങളാണ്. ഒരു കഥാപാത്രം ഒരിക്കലും എന്റെ മാത്രം സ്വന്തമല്ല. സിനിമയിലെ മറ്റ് പ്രവർത്തകരുടെയും നടീനടന്മാരുടെയുമെല്ലാം കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ അതിന്റെ പൂർത്തീകരണം സാധ്യമാവുകയുള്ളൂ. അഭിനേതാവ് എപ്പോഴും സംവിധായകന്റെ കൈയിലെ ‘ഉപകരണം' ആണ്. അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിച്ചും നമുക്കുള്ളിലെ പ്രതിഭയെ പരമാവധി പുറത്തേക്കെടുത്തും കഥാപാത്രം എന്ന ഉത്തരവാദിത്വം നിർവഹിക്കുക തന്നെയാണ് ചെയ്യുന്നത്.



മാണിക്യമായത്

സുരഭി ലക്ഷ്മിയുടെയും ടോവിനോ തോമസിന്റെയും ജോഡി വളരെ അപൂർവമായിമാത്രം സിനിമാ പ്രവർത്തകരും പ്രേക്ഷകരും ചിന്തിക്കുന്ന ഒന്നാണ്. അജയന്റെ രണ്ടാം മോഷണത്തിലെ മാണിക്യം എന്ന കഥാപാത്രം യുവതിയായും വൃദ്ധയായും രണ്ടു പ്രായഭേദങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഈ രണ്ടു പ്രായത്തിനും യോജിക്കുന്ന രീതിയിലുള്ള രൂപ സവിശേഷതയുള്ളതുകൊണ്ടാകാം ഒരു പക്ഷേ, മാണിക്യം എന്ന കഥാപാത്രം എന്നിലേക്ക് വന്നത്. ടോവിനോയുടെ കഥാപാത്രത്തിന്റെ കൂടെ നായികയായും അമ്മൂമ്മയായും അഭിനയിക്കുമ്പോൾ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാത്ത ഒരു അഭിനേത്രി എന്ന രീതിയിൽ എനിക്ക് പരിഗണന നൽകിയതിൽ  ഞാൻ വളരെയധികം സന്തോഷിക്കുന്നു.

നാടകവും സിനിമയും

സിനിമയെക്കാൾ കൂടുതൽ അഭിനയത്തോടുള്ള എന്റെ അഭിനിവേശം ഏറ്റവും  സഫലീകരിച്ചത് നാടകത്തിലൂടെ ആയിരുന്നു. നാടകവേദികൾ ആണ് എന്നിലെ അഭിനേത്രിയെ ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ളതും. യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും, ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്, ബോംബെ ടൈലേർസ്, സഖാറാം ബൈൻഡർ, മാക്ബത്ത്, ഡച്ചസ് ഓഫ് മാൽഫി, ഇരുവട്ടം മണവാട്ടി അങ്ങനെ ഒരുപാട് നാടകങ്ങളിൽ എനിക്ക് വിവിധ തരം കഥാപാത്രങ്ങൾ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. സത്യത്തിൽ ഞാനെന്ന അഭിനേത്രിയെ വളർത്തിയത് അരങ്ങു തന്നെയാണ്. അഭിനയം എന്നത് എല്ലായിടത്തും ഒരുപോലെ തന്നെയാണെന്ന് വിശ്വസിക്കുന്നു. പക്ഷേ, നമ്മളിലെ അഭിനേതാവിനെ ഉപയോഗിക്കുന്ന മാധ്യമം സിനിമയോ നാടകമോ ഏതുമാകട്ടെ, നമ്മുടെ അഭിനയ പാടവം അതിനനുസരിച്ച് ഏറ്റക്കുറച്ചിലുകൾ വരുത്തി കൃത്യമായി ഉപയോഗിക്കുക എന്നതാണ് പ്രധാനം. എം 80 മൂസയിലെ അമിതോത്സാഹിയായ ഒരു കഥാപാത്രമല്ല കെ കെ രാജീവിന്റെ കഥയിലെ രാജകുമാരി എന്ന സീരിയലിൽ ചെയ്തത്. അതിൽനിന്നൊക്കെ വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ചെയ്തിട്ടുള്ളത്. സദസ്സിന്റെ എല്ലാ ഭാഗത്തിരിക്കുന്നവർക്കും നമ്മൾ അഭിനയിച്ചു കാണിക്കുന്ന വികാരങ്ങൾ അനുഭവിപ്പിക്കാൻ നാടകത്തിൽ ഒരുപക്ഷേ, നമ്മുടെ മുഖചലനങ്ങളും അംഗചലനങ്ങളും സിനിമയിലേതിനേക്കാൾ കൂടുതൽ പെരുപ്പിച്ചു കാണിക്കേണ്ടതായി വരും. നാടകം അനുവദിച്ചു തരുന്ന സ്ഥലപരിമിതിയും അതിനൊരു കാരണമാണ്.

എം 80 മൂസ

സുരഭി എന്നൊരു അഭിനേത്രിയെ ലോകം അറിഞ്ഞു തുടങ്ങിയത് എം 80 മൂസയിലൂടെയാണ്. അത് പ്രേക്ഷകർക്കിടയിലേക്ക് പെട്ടെന്ന് ആഴത്തിൽ കടന്നു കയറി. അതുകൊണ്ട് ഗുണവും ദോഷവും ഉണ്ടായിട്ടുണ്ട്. ആവർത്തിച്ച് ഒരേ വേഷം ചെയ്യുമ്പോൾ ആ കഥാപാത്രം കണ്ട് അതാണ്‌ ഞാൻ എന്ന് മനസ്സിൽ ഉറച്ചു പോയവരുണ്ട്. എം 80 മൂസയിലേതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിനായും ആ കഥാപാത്രത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അതുമായി ബന്ധപ്പെട്ട മറ്റൊരുപാട് പരിപാടികളും അതിന്റെ തുടർച്ചയായി നിരന്തരം വന്നു കൊണ്ടിരുന്നപ്പോൾ അങ്ങനെ ചെയ്ത് ആ കഥാപാത്രത്തിൽ മാത്രമായി ഒതുങ്ങാൻ തയ്യാറാകില്ല എന്ന് ഞാൻ ശക്തമായ തീരുമാനമെടുത്തു. അതുകൊണ്ട് സാമ്പത്തികമായി എനിക്കൊരുപാട് നഷ്ടങ്ങൾ ഉണ്ടായിരുന്നു എങ്കിലും എന്നിലെ അഭിനേത്രിയെ പാത്തുവിൽ മാത്രം തളച്ചിടാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. വ്യത്യസ്തമായ മറ്റ് വേഷങ്ങളും ചെയ്യണം എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു.

ആളുകളുടെ മനസ്സിൽ നമ്മളെപ്പറ്റി ഉള്ള പ്രതിച്ഛായ മാറ്റുവാൻ നമ്മളോളം മറ്റാർക്കും സാധിക്കില്ല. മറ്റാരും നമ്മളെ അതിന് സഹായിക്കുകയുമില്ല. പ്രേക്ഷകർക്ക്‌ നമ്മളെന്താണോ നൽകുന്നത് അതാണ്‌ അവർ കാണുന്നത്. പക്ഷേ, എനിക്ക് സ്വന്തമായി ഒരു സിനിമയുണ്ടാക്കി അവർക്ക് എന്നെ മറ്റൊരു രൂപത്തിലും ഭാവത്തിലും കാണിച്ചു കൊടുക്കാൻ സാധിക്കുകയുമില്ല. കഥാപാത്രങ്ങൾ ലഭിക്കുന്നതിനനുസരിച്ച് മാത്രമേ ഒരു അഭിനേതാവിന് തന്റെ പ്രതിഭ പുറത്ത് കാണിക്കാൻ സാധിക്കൂ. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ തുടർച്ചയായി ലഭിച്ചു കൊണ്ടിരിക്കുമ്പോൾ അത് വേണ്ടെന്ന് വയ്ക്കാൻ സാമ്പത്തികമായും സാമൂഹികമായും സ്വാതന്ത്ര്യമുള്ള അവസ്ഥയിലാണ് നമ്മൾ എങ്കിൽ മാത്രമാണ് നമുക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം പോലും ഉപയോഗിക്കാൻ സാധിക്കുക. ഒരു അഭിനേതാവിനെ വിവിധ രീതികളിൽ ഉപയോഗപ്പെടുത്തേണ്ടത് എഴുത്തുകാരും സംവിധായകരുമൊക്കെയാണ്.

കഥാപാത്രം

അജയന്റെ രണ്ടാം മോഷണത്തിലേക്ക് ക്ഷണിച്ചപ്പോൾ ടോവിനോ തോമസ് അഭിനയിക്കുന്ന ഒരു സിനിമയാണ് എന്ന അറിവ് മാത്രമായിരുന്നു എനിക്ക്. പിന്നീടാണ് ടോവിനോയുടെ നായികയാണ് എന്ന് മനസ്സിലാക്കുന്നത്. അതിനുശേഷം തിരക്കഥ വായിച്ചപ്പോഴാണ് ആ കഥാപാത്രം എന്താണെന്ന് മനസ്സിലായത്. മാണിക്യം എന്ന കഥാപാത്രത്തെ എന്നാൽ കഴിയുന്ന രീതിയിൽ പൂർണമായും ഉൾക്കൊണ്ട് അഭിനയിക്കണം എന്നായിരുന്നു ആഗ്രഹം.അതിന് വേണ്ടി കളരിപ്പയറ്റും ആ കഥാപത്രവുമായി ബന്ധപ്പെട്ട മറ്റൊരുപാട് കാര്യങ്ങളും ഞാൻ കൂടുതൽ പഠിക്കാൻ ശ്രമിച്ചു.

മാണിക്യമെന്നല്ല എല്ലാ കഥാപാത്രം ചെയ്യുമ്പോഴും ആ രീതി തന്നെ പിന്തുടരാൻ ആണ് എന്റെ ആഗ്രഹം. കുമാരി എന്ന സിനിമയിലെ കോട്ടയം കാരിയുടെ വേഷം ചെയ്തപ്പോഴും മിന്നാമിനുങ്ങിലെ കഥാപാത്രം ചെയ്തപ്പോഴുമൊക്കെ ആ കഥാപാത്രങ്ങളുടെ ഭാഷാ രീതിയും സ്വഭാവരീതിയും ചലന സവിശേഷതകളും വൈകാരികതകളുമൊക്കെ പഠിക്കാൻ ഒരുപാടുപേരെ സന്ദർശിക്കുകയുണ്ടായി. അത്തരത്തിലുള്ള തയ്യാറെടുപ്പുകൾ ഓരോ കഥാപാത്രത്തിനുവേണ്ടിയും ഞാൻ ചെയ്യാറുണ്ട്. അത് എന്റെ കഴിവിനനുസരിച്ച് യാതൊരു മായവും കലർത്താതെ നൂറ് ശതമാനം പരിശുദ്ധമായി ചെയ്യണം എന്നും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മാണിക്യം എന്ന കഥാപാത്രത്തിന് വേണ്ടിയും എന്റെ പരമാവധി പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഒരുപക്ഷേ, അതിന്റെ അനന്തരഫലമായിട്ടാകാം ആ കഥാപാത്രത്തെ ഇത്രയധികം ആളുകൾ സ്വീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top