21 December Saturday

‘എടീ ഇത് മുഴുവൻ ഓർഗാനിക്കാ!'; അജു വർഗ്ഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വർഗം’ ട്രെയിലർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

കൊച്ചി > ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’യ്‌ക്ക്‌ ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന  ‘സ്വർഗം’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. കുടുംബ ചിത്രമെന്ന സൂചനയാണ്‌ ട്രെയിലർ നൽകുന്നത്‌. രസകരവും ഹൃദയസ്പർശിയായതുമായ ഒട്ടേറെ രംഗങ്ങൾ ചേർത്തുവെച്ചതാണ് ട്രെയിലർ. ഒക്ടോബർ അവസാനത്തോടു കൂടി ചിത്രം പ്രദർശനത്തിനെത്തും.

സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ് & ടീം നിര്‍മ്മിച്ച് റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വർഗം’. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ‘ഒരു സെക്കന്‍റ് ക്ലാസ് യാത്ര’ എന്ന ചിത്രത്തിനു ശേഷം റെജിസ് ആന്റണി  സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗ’ത്തില്‍ മഞ്ജു പിള്ള, അനന്യ എന്നിവരാണ് മറ്റു  പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മധ്യതിരുവതാംകൂറിലെ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത പശ്ചാത്തലങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ്  ‘സ്വർഗ’ത്തിന്റെ ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിലേതായി ഇതിനകം പുറത്തിറങ്ങിയ കല്യാണപാട്ടും കപ്പ പാട്ടും സ്നേഹ ചൈതന്യമേ എന്ന ഗാനവും സോഷ്യൽമീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നിട്ടുമുണ്ട്.

സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, ‘ജയ ജയ ഹേ’ ഫെയിം കുടശനാട് കനകം, തുഷാര പിള്ള, ‘ആക്ഷൻ ഹീറോ ബിജു’ ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. എസ് ശരവണൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ബി കെ ഹരി നാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. ഡോ. ലിസി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥയും - സംഭാഷണമെഴുതുന്നു.

എഡിറ്റിംഗ്: ഡോൺമാക്സ്, ഗായകർ: കെ എസ് ചിത്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top