21 December Saturday
പിടിയിലായത് സംഘത്തിലെ രണ്ട് പേർ

പകർത്തിയത് സൂപ്പർ ഹിറ്റുകൾ; ഷൂട്ടിങ് തിയറ്ററിനകത്ത് മൂടിപ്പുതച്ച് കിടന്ന്, തമിഴ് റോക്കേഴ്സ് കാണാമറയത്ത് തന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024


കൊച്ചി> റിലീസ് സിനിമകളുടെ ക്യാമറ പതിപ്പുകൾ തത്സമയം എത്തിക്കുന്ന തമിഴ് റോക്കേഴ്സ് പിഴുതെറിയാൻ കഴിയാത്ത പൈറസി ഗ്യാങ്ങായി തുടരുന്നു. ഏറ്റവും മികച്ച തിയറ്റുകൾ തന്നെ തെരഞ്ഞെടുത്ത് റിക്ലൈനർ സീറ്റുകളിൽ കിടന്നാണ് സംഘാംഗങ്ങൾ സിനിമ ചിത്രീകരിക്കുക. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതിൽ കിടന്നുകൊണ്ട് ചിത്രീകരിക്കും. ക്യാമറ പുതപ്പിനുളളിൽ ഒളിപ്പിക്കും.

ഒന്നിച്ചാണ് സീറ്റ് ബുക്ക് ചെയ്യുന്നതും കാണാൻ എത്തുന്നതും. സംഘത്തിൽപ്പെട്ടവർ തന്നെയാകും സിനിമ ചിത്രീകരിക്കുന്ന സീറ്റിന്റെ അടുത്തടുത്ത സീറ്റുകളിലുണ്ടാകുക. അഞ്ചുപേർ വരെ അടുത്തടുത്ത സീറ്റുകളിൽ ടിക്കറ്റ് എടുത്തിരിക്കും. തിയേറ്ററിന്‍റെ മധ്യഭാഗത്തെ സീറ്റുകളാണ് ചിത്രീകരണത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യുക. റിലീസ് സിനിമകൾ ആദ്യം ദിവസം തന്നെ ഷൂട്ട് ചെയ്യുകയാണ് രീതി.

രജനീകാന്തിന്റെ വേട്ടയ്യൻ സിനിമയുടെ വ്യാജ പകർപ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ തമിഴ് നാട് പെലീസും കേസെടുത്തിട്ടുണ്ട്.

കൊച്ചിയിൽ പിടിയിലായ തമിഴ് റോക്കേഴ്സിന്റെ രണ്ടുപേർ ചേർന്ന് 33 സിനിമകളാണ് ഇതുവരെ ചിത്രീകരിച്ചത്. മലയാളം, തമിഴ്, കന്നട സിനിമകൾ ഇക്കൂട്ടത്തിലുണ്ട്. തമിഴ്നാട്ടിലെയും ബംഗലൂരു പട്ടണത്തിലേയും തിയേറ്ററുകളാണ് തെരഞ്ഞെടുത്തത്. വലിയ ശൃഖലയായാണ് തമിഴ് റോക്കേഴ്സ് പ്രവർത്തിക്കുന്നത്. പേരിൽ തമിഴ് ഉണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളിലായാണ് പ്രവർത്തനം.

ടൊവിനോ തോമസ് നായകനായ എ ആർ എം തിയേറ്ററുകളിലെത്തിയ അന്ന് തന്നെ സിനിമയുടെ വ്യാജ പതിപ്പുമിറങ്ങിയിരുന്നു. എആർഎം നിർമ്മാതാക്കളുടെ പരാതിയിൽ അന്വേഷിച്ച കൊച്ചി സൈബർ പൊലീസ് ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശും, പ്രവീണ്‍ കുമാറും വ്യാജ പതിപ്പിറക്കാൻ തമിഴ് സിനിമയായ വേട്ടയ്യൻ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് പൊലീസിന്റെ വലയിൽ വീണത്.

കോയമ്പത്തൂർ എസ് ആർ ക്കെ തിയേറ്ററിൽ വച്ചാണ് ഇവർ എ ആർ എം സിനിമ റെക്കോർഡ് ചെയ്തത്. ടെലഗ്രാമിൽ അപ്ലോഡ് ചെയ്ത് സിനിമ പ്രചരിപ്പിച്ചു.

പൊലീസ് പിടിയിലായവർ

പൊലീസ് പിടിയിലായവർ

എആർഎമ്മിന്റെ വ്യാജപതിപ്പ്‌ ; തമിഴ്‌ റോക്കേഴ്‌സ്‌ അംഗങ്ങൾ അറസ്‌റ്റിൽ
 

സത്യമംഗലം സ്വദേശിയും ഇവർക്കൊപ്പമുണ്ട്‌. ഇയാൾക്കായി അന്വേഷണം നടക്കുന്നു. ഐ ഫോണുകൾ ഉപയോഗിച്ചാണ്‌ സിനിമ പകർത്തുന്നത്‌. സബ്‌ടൈറ്റിൽ തയ്യാറാക്കി സൈറ്റിലേക്ക്‌ നൽകിയിരുന്നത്‌ ബംഗളൂരുവിലെ മുറിയിൽവച്ചാണ്‌. നാലു ഫോണും ഇവരിൽനിന്ന്‌ പിടിച്ചെടുത്തു.

രണ്ടുമാസംമുമ്പ്‌ ഗുരുവായൂർ അമ്പലനടയിൽസിനിമയുടെ വ്യാജപതിപ്പ്‌ പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി ജെബ്‌ സ്‌റ്റീഫൻ രാജിനെയും കൊച്ചി സിറ്റി സൈബർ പൊലീസ്‌ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ 12 അംഗ സംഘാംഗങ്ങളെ കണ്ടെത്തുന്നതിന് പൊലീസ് വലവിരിച്ചിരുന്നു.

കാണാമറയത്തെ തമിഴ് റോക്കേഴ്സ്

ഈ പൈറസി ഗ്രൂപ്പിന്റെ ഉദ്ഭവത്തെ കുറിച്ചോ തമിഴ് റോക്കേഴ്‌സിന് പിന്നിലുള്ള ടീമിനെക്കുറിച്ചോ ആര്‍ക്കും വ്യക്തമായ വിവരമില്ല. 2011ലാണ് ഗ്രൂപ്പിന് തുടക്കം.  സിനിമകള്‍ ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ ആളുകള്‍ ആശ്രയിച്ചിരുന്ന ടൊറന്റ് സൈറ്റുകളായ പൈറേറ്റ് ബേയും വഴിയാണ് അന്ന് ഇവരുടെ പ്രചാരം.

തമിഴ് സിനിമകളാണ് ആദ്യകാലങ്ങളില്‍ തമിഴ് റോക്കേഴ്‌സ് അപ് ലോഡ് ചെയ്തിരുന്നത് പിന്നീട് പ്രാദേശിക ഭാഷകളിലിറങ്ങുന്ന സിനിമകളുടെയെല്ലാം തന്നെ പതിപ്പുകളെത്തിച്ചു. ഇന്ത്യയ്ക്ക് പുറത്ത് നിന്നും തമിഴ് റോക്കേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നു.

2018ല്‍ കേരള പോലീസ് മൂന്ന് പേരെ പൈറസി സംബന്ധമായ കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ടീമിന്റെ മാസ്റ്റര്‍ ബ്രെയിനായി കണക്കാക്കുന്ന കാര്‍ത്തി എന്നയാളെയും പ്രഭു, സുരേഷ് എന്ന ഇയാളുടെ കൂട്ടാളികളെയും തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പുലിമുരുഗനും ആദിയും ഒക്കെ വ്യാജൻ ഇറക്കിയ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം 2020ല്‍ നിലച്ചു. എന്നാൽ തുടർ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

കോവിഡ് കാലത്ത് ഇവരുടെ പൈറേറ്റഡ് കണ്ടന്റുകളുടെ ഡിമാന്‍ഡ് കുതിച്ചുയര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ മാത്രം 6.5 ബില്യണ്‍ ആളുകളാണ് പൈറസി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചത്. യുഎസിനും (13.5ബില്യണ്‍) റഷ്യയ്ക്കും (7.2 ബില്യണ്‍) പിന്നാലെയായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top