22 December Sunday

സിനിമയും പ്രേക്ഷകരും മാറി

കെ എ നിധിൻ നാഥ്‌Updated: Sunday Aug 25, 2024

മലയാളത്തിലെ ഹൈവോൾട്ടേജ്‌ സിനിമകൾക്ക്‌ പിന്നിൽ രൺജി പണിക്കർ എന്ന പേരായിരുന്നു. സൂപ്പർ താരങ്ങളുടെ അതിമാനുഷിക കഥാപാത്രങ്ങൾ അദ്ദേഹത്തിൽനിന്ന്‌ പിറവിയെടുത്തു. അതിനിടയിൽ അഭിനയത്തിൽ സജീവമായി. എന്നാൽ, എഴുതിയ സിനിമകളിൽനിന്ന്‌ വ്യത്യസ്തമായിരുന്നു അഭിനയിച്ച കഥാപാത്രങ്ങൾ. എഴുത്തുകാരനും സംവിധായകനും അഭിനേതാവായും തിളങ്ങി. ഷാജി കൈലാസ്‌ ഭാവന ടീമിന്റെ ‘ഹണ്ട്‌’ വെള്ളിയാഴ്‌ച തിയറ്ററിലെത്തി. രൺജി പണിക്കർ സംസാരിക്കുന്നു.

ഷാജി കൈലാസ്‌ കൂട്ടുകെട്ട്

ഹൊറർ സ്വഭാവമുള്ള കുറ്റാന്വേഷണ ചിത്രമാണ്‌ ഹണ്ട്‌.  സിനിമയിൽ ഒരു അതിഥി വേഷമാണ്‌  ചെയ്യുന്നത്‌. ഷാജി (ഷാജി കൈലാസ്‌) യുമായുള്ള അടുപ്പം കാരണമാണ്‌ ഈ സിനിമ ചെയ്‌തത്‌. എത്രയോ കാലം ഒരുമിച്ച്‌ സിനിമകൾ ചെയ്‌തവരാണ്‌ ഞങ്ങൾ. സിനിമയിലും സിനിമ ഇല്ലാത്തപ്പോഴും ഒരുമിച്ച്‌ കഴിഞ്ഞവരാണ്‌. എന്റെ ആദ്യ തിരക്കഥ (ഡോ. പശുപതി) തന്നെ ഷാജിക്ക്‌ വേണ്ടിയായിരുന്നു. പിന്നീട്‌ നിരവധി സിനിമകൾ ചെയ്‌തു. അതിൽ എല്ലാംതന്നെ ആ കാലത്ത്‌ സ്വീകരിക്കപ്പെട്ടു.

എഴുത്ത്‌ രീതി

എഴുത്ത്‌ ഒരു "പെയിൻഫുൾ' ജോലിയാണ്‌. വളരെ പരിശ്രമിച്ചാണ്‌ എഴുതുന്നത്‌. സിനിമയുടെ കാൽഭാഗമൊക്കെ എഴുതും. ഒരു 10–-15 സീൻ. ബാക്കി സിനിമ ഷൂട്ടിങ്‌ നടക്കുമ്പോൾ സമാന്തരമായി എഴുതും. അതാണ്‌ രീതി. ഒരു സിനിമയും പൂർണമായി എഴുതി തീർത്തശേഷം ഷൂട്ടിങ്‌ തുടങ്ങുന്ന രീതി ഉണ്ടായിട്ടില്ല. പൂർണമായും എഴുതാൻ ശ്രമിച്ചിരുന്നു. പക്ഷേ, എനിക്കുതന്നെ ബോധ്യം വരാത്തതുകൊണ്ട്‌ ഉപേക്ഷിച്ചു. ഗൗരവമായി പരിശ്രമിച്ചിട്ടില്ല എന്നതും സത്യമാണ്‌.

അഭിനയം

അഭിനയത്തിലേക്ക്‌ കരുതിക്കൂട്ടി ചുവടുമാറിയതല്ല. സംഭവിച്ചു പോയതാണ്‌. സൗഹൃദത്തിന്റെയും സമ്മർദത്തിന്റെയും പുറത്താണ്‌ അഭിനയിക്കുന്നത്‌. പകിട സിനിമയിൽ അതിഥി വേഷം ചെയ്‌തു. ഓം ശാന്തി ഓശാനയിൽ അഭിനയിച്ചു. തുടർന്ന്‌ കൂടുതൽ സിനിമയുണ്ടായി. ഒരു രസം എന്ന നിലയിൽ അഭിനയം തുടർന്നു. 10 വർഷത്തിനിടയിൽ ഒരുപാട്‌ സിനിമയിൽ അഭിനയിച്ചു.

കഥാപാത്രങ്ങൾ

പണ്ട്‌ എഴുതിയിരുന്ന വളരെ ഹെവിയായിട്ടുള്ള കഥാപാത്രങ്ങളെ ചുമലിലേറ്റാൻ കഴിയുന്ന താരങ്ങളുണ്ടായിരുന്നു. പുതിയ ആളുകളെ വിലകുറച്ച്‌ കാണുകയല്ല. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ ഗോപി എന്നിവർക്ക്‌ ബോക്‌സോഫീസ്‌ പൊട്ടൻഷ്യൽ ഉണ്ടായിരുന്നു. ആ സാധ്യതയിൽനിന്നാണ്‌ അത്തരം കഥാപാത്രങ്ങൾ ഉണ്ടായത്‌. ഇന്ന്‌ സിനിമയുടെ സ്വഭാവം പൂർണമായും മാറി. സാങ്കേതിക മേഖല, ഉള്ളടക്കം, ഉള്ളടക്കത്തിന്റെ സ്വഭാവം എല്ലാം മാറി. കാഴ്‌ചക്കാരുടെ സമീപനത്തിലും മാറ്റം വന്നു. ഇന്ന്‌ പുതിയ കാലത്തിനനുസരിച്ചുള്ള അഭിരുചിയിലാണ്‌ സിനിമകൾ ഉണ്ടാകുന്നത്‌. അന്ന്‌ എഴുതിയപോലെ ഇന്ന്‌ എഴുതുന്നതിലും കാര്യമില്ല.

വീണ്ടും എഴുതുന്നു

ഞാൻ സിനിമ എഴുതിയിട്ട് ഏകദേശം ഒരു വ്യാഴവട്ടക്കാലമായി. 2012ൽ എഴുതിയ കിങ്‌ ആൻഡ്‌ ദ കമീഷണറാണ്‌ അവസാനമായി ചെയ്‌തത്‌. അതിനു മുമ്പ്‌ രൗദ്രം ചെയ്‌തു. 2000ന്‌ ശേഷം പ്രജ, ദുബായ്‌, ഭരത്‌ചന്ദ്രൻ എന്നിങ്ങനെ വളരെ കുറച്ച്‌ സിനിമകളേ ചെയ്‌തിട്ടുള്ളൂ. ഇപ്പോൾ ഒരു സിനിമ എഴുതിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ വിശദാംശങ്ങൾ പറയാറായിട്ടില്ല. പുതിയ കാലത്തിനനുസരിച്ചുള്ള സിനിമയായിരിക്കും. ആ മാറ്റം നമ്മളെ സ്വാധീനിക്കും. പുതിയ സൗന്ദര്യ സങ്കൽപ്പങ്ങൾ ഉൾക്കൊള്ളാനും മനസ്സിലാക്കാനും അതിനനുസരിച്ച്‌ പുതുക്കിപ്പണിയാനും ശ്രമിക്കുകയാണ്‌. അതിൽ എത്ര വിജയിച്ചെന്ന്‌ അറിയില്ല.

ഉത്തരവാദിത്വം

ലേലം സിനിമയുടെ രണ്ടാം ഭാഗം എന്നാണ്‌ ഇറങ്ങുന്നതെന്ന്‌ എല്ലാവരും ചോദിക്കുന്നുണ്ട്‌. വർഷത്തിൽ നാലോ അഞ്ചോ വട്ടം രണ്ടാം ഭാഗം വരുന്നുവെന്ന്‌ വാർത്ത വരും. അതിന്റെ സസ്‌പെൻസ്‌ അവിടെ നിൽക്കട്ടെ. എനിക്കും അതിനെക്കുറിച്ച്‌ ഒന്നും അറിയില്ല. 1997ലാണ്‌ ലേലം ഇറങ്ങുന്നത്‌. 25 വർഷത്തിലധികമായി രണ്ടാം ഭാഗത്തെക്കുറിച്ച് ആളുകൾ ചോദിക്കുന്നു. എന്നാൽ മുമ്പ്‌ വിജയിച്ച സിനിമകളുടെ രണ്ടാം ഭാഗം എഴുതുക എന്നത്‌ വലിയ ഉത്തരവാദിത്വമാണ്‌. യഥാർഥത്തിൽ അതൊരു ഭയപ്പെടുത്തുന്ന കാര്യമാണ്‌. വിജയിച്ച സിനിമയ്‌ക്കാണ്‌ എഴുതുന്നത്‌. ആളുകളുടെ ആകാംഷയും പ്രതീക്ഷയുമെല്ലാം പരിഗണിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top