23 December Monday

ജീവിത സമരങ്ങളുടെ ‘ചോപ്പ് ’

എം സി രാജനാരായണന്‍Updated: Saturday Nov 2, 2024

‘ചോപ്പ്‌’ സിനിമയിൽ നിന്ന്‌

 

നിലമ്പൂരിലെ ആദ്യകാല നാടക പ്രവര്‍ത്തകനായിരുന്ന ഇ കെ അയമു ചരിത്രത്തില്‍ ഇടംനേടിയത് ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക് എന്ന പ്രഥമ നാടകത്തിന്റെ പേരില്‍ത്തന്നെയാണ്. ശീര്‍ഷകം നല്‍കുന്ന സൂചന പോലെ ഒരാള്‍ക്ക് എങ്ങനെ നല്ലൊരു മനുഷ്യനാകാന്‍ കഴിയുമെന്നതിലേക്കു തന്നെയണ് നാടകം വിരല്‍ചൂണ്ടുന്നത്. മനുഷ്യനായിട്ട് മതി മൗലവി ആകുന്നതെന്ന സന്ദേശം നാടകം നല്‍കുന്നു. ബഷീറിന്റെ പാത്തുമ്മയുടെ ആടിനെക്കുറിച്ച് പണ്ട് മുണ്ടശ്ശേരി എഴുതിയതുപോലെ വാക്കിന്റെ വക്കില്‍ ചോരപൊടിയുന്ന മേന്മയാണ് ഈ നാടകത്തിനുമുള്ളത്. മഷിക്കുപകരം ജീവരക്തം കൊണ്ടെഴുതിയ നാടകം.

 

ചുവപ്പ് എന്ന നിറത്തിന്റെ നാടന്‍ പേരാണ് ചോപ്പ്. എന്നാല്‍ മറ്റൊരു നിറത്തിനും ഇങ്ങനെയൊരു മാറ്റം കാണാനാകില്ല. രാഹുല്‍ കൈമല തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ചോപ്പ് നിലമ്പൂരിന്റെ നാടക ചരിത്രം അനാവരണം ചെയ്യുന്നു. ഇ കെ അയമു എന്ന മനുഷ്യസ്‌നേഹിയും നാടകം നെഞ്ചേറ്റിയ കലാകാരനുമായ വ്യക്തിയുടെ ജീവിതം അടയാളപ്പെടുത്തുന്നതിനോടൊപ്പം അക്കാലത്തെ നിലമ്പൂരിന്റെ നാടക ചരിത്രവും പടത്തില്‍ സമ്പന്നമാകുന്നു.

ഇ കെ അയമു

ഇ കെ അയമു

ആരായിരുന്നു ഇ കെ അയമു എന്ന അന്വേഷണം ചെന്നെത്തുന്നത് സമകാലികരായ രാഷ്‌ട്രീയക്കാരിലും കലാ സാംസ്‌കാരിക പ്രവര്‍ത്തകരിലുമാണ്. അവരില്‍ നിലമ്പൂര്‍ ആയിഷ അടക്കം ചിലരെല്ലാം ഇന്നും നമ്മോടൊപ്പമുണ്ട്.

ഇ കെ അയമു എന്ന നാടക പ്രവര്‍ത്തകന്റെ ജീവിതം ആസ്‌പദമാക്കി ഒരു ഫീച്ചര്‍ ഫിലിം പ്ലാന്‍ ചെയ്യുന്ന സംവിധായകന്റെ യത്‌നങ്ങളും സഞ്ചാരങ്ങളുമാണ് ചോപ്പിന്റെ ഇതിവൃത്തം. സന്തതസഹചാരിയായ ലാപ്‌ടോപ്പിന് മുന്നില്‍ പലപ്പോഴും അയാള്‍ തപസ്സിരിക്കുന്നു.

അയാളുടെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങളും അന്വേഷണങ്ങളും പടത്തിന്റെ വിഷ്വലുകളായി മാറുന്നു. മനസ്സില്‍ നാടകവും കഥാപാത്രങ്ങളും നിറഞ്ഞുനില്‍ക്കുന്ന അയമു തൊഴില്‍പരമായി ഒരു റേഷന്‍കട നടത്തിപ്പുകാരനാണെങ്കിലും അതില്‍ ഒതുങ്ങി ജീവിക്കുന്ന ആളായിരുന്നില്ല.

മനുഷ്യസ്‌നേഹവും മനസ്സിന്റെ നന്മയുമാണ് അയമുവിനെ ഒരു കലാകാരനാക്കിയത്. റേഷൻ കടയില്‍ സാധനങ്ങള്‍ അളന്നുകൊടുക്കാന്‍ നില്‍ക്കുന്ന സഹായി വിയോജിച്ചിട്ടും പാവപ്പെട്ടവര്‍ക്ക്, പണം നല്‍കാന്‍ കഴിയാത്തവര്‍ക്ക് അരി നല്‍കാന്‍ അയമു മടികാണിക്കാറില്ല.

 അറുതിയിലും വറുതിയിലും പൊറുതിമുട്ടി പട്ടാളത്തില്‍ ചേരുന്ന യുവാക്കള്‍ക്കൊപ്പം അയമുവും പട്ടാളത്തിലെത്തുന്നു. എന്നാല്‍ അധികം വൈകാതെ പട്ടാളജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തുകയാണ്. പെട്ടിയുമായി റെയിൽവേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന അയമു കാണുന്നത് ചെങ്കൊടിയേന്തി ജാഥ നയിക്കുന്ന, മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ചെറുപ്പക്കാരെയാണ്.

ആവേശഭരിതനായ അയമു ആ ജാഥയ്‌ക്കൊപ്പം നടന്നുനീങ്ങുന്നു. അതൊരു തുടക്കമായിരുന്നു. സാധാരണക്കാരുടെയും കര്‍ഷക തൊഴിലാളികളുടെയും ആവേശവും പ്രതീക്ഷയുമായി പാർടി മാറിയതിന്റെ പ്രതിഫലനം.

കവി മുരുകന്‍ കാട്ടാക്കട സ്വയം കവിത ചൊല്ലി അനീതിക്കെതിരെ പാർടി നിലകൊള്ളുന്നതിന്റെ സന്ദേശം നല്‍കുന്ന രംഗം ശ്രദ്ധേയമാണ്. മുരുകന്റെ കവിത ആസ്വദിച്ചു നില്‍ക്കുകയാണ് നിലമ്പൂര്‍ ആയിഷ. ‘മനുഷ്യനാകണം' എന്ന ചുവന്ന

നിലമ്പൂര്‍ ആയിഷ

നിലമ്പൂര്‍ ആയിഷ

വരികള്‍ ഉറക്കെ പാടിക്കൊണ്ടാണ് മുരുകന്‍ വിപ്ലവ സ്മരണകള്‍ ഉണര്‍ത്തുന്നത്. ചരിത്രത്തില്‍ ഇടം നേടിയവരും അല്ലാത്തവരുമായ അനേകരുടെ രക്തം കലര്‍ന്ന നിറമാണ് ചെങ്കൊടിയ്‌ക്ക്.

കോറസ്സായി പടത്തിന്റെ അന്ത്യത്തില്‍ ഈ കവിത വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. കമ്യൂണിസം‐മാര്‍ക്‌സിസം എന്തിനുവേണ്ടി നിലകൊള്ളുന്നു, എന്തു ലക്ഷ്യമിടുന്നു എന്ന് വെളിപ്പെടുത്തുകയാണ്, ഉറക്കെ പ്രഖ്യാപിക്കുകയാണ് 'മനുഷ്യനാകണണം.'

ചില നാടുകള്‍, പ്രദേശങ്ങള്‍ ചില കാര്യങ്ങള്‍ക്ക് പെരുമപ്പെടുന്നത് കാണാം. വെള്ളിനേഴി കഥകളിക്കും പെരുവനം മേളത്തിനും കോട്ടയ്‌ക്കല്‍ ഫോട്ടോഗ്രഫിക്കുമെന്നപോലെ നിലമ്പൂര്‍ പുകള്‍പെറ്റത് നാടകത്തിനാണ്.

രാഹുല്‍ കൈമല

രാഹുല്‍ കൈമല

നിലമ്പൂരിലെ ആദ്യകാല നാടക പ്രവര്‍ത്തകനായിരുന്ന ഇ കെ അയമു ചരിത്രത്തില്‍ ഇടംനേടിയത് ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക് എന്ന പ്രഥമ നാടകത്തിന്റെ പേരില്‍ത്തന്നെയാണ്. ശീര്‍ഷകം നല്‍കുന്ന സൂചന പോലെ ഒരാള്‍ക്ക് എങ്ങനെ നല്ലൊരു മനുഷ്യനാകാന്‍ കഴിയുമെന്നതിലേക്കു തന്നെയാണ് നാടകം വിരല്‍ചൂണ്ടുന്നത്.

മനുഷ്യനായിട്ട് മതി മൗലവി ആകുന്നതെന്ന സന്ദേശം നാടകം നല്‍കുന്നു. ബഷീറിന്റെ പാത്തുമ്മയുടെ ആടിനെക്കുറിച്ച് പണ്ട് മുണ്ടശ്ശേരി എഴുതിയതുപോലെ, വാക്കിന്റെ വക്കില്‍ ചോര പൊടിയുന്ന മേന്മയാണ് ഈ നാടകത്തിനുമുള്ളത്. മഷിക്കുപകരം ജീവരക്തം കൊണ്ടെഴുതിയ നാടകം. അതുകൊണ്ടുതന്നെയാണ് വലിയ എതിര്‍പ്പും അയമുവിന് നേരിടേണ്ടി വന്നത്. നാടകം അരങ്ങേറുന്നതിന് പല പ്രതിസന്ധികളും മറികടക്കേണ്ടതായിവന്നു.

നാടകാവതരണം എങ്ങനെയും തടയുക എന്ന ലക്ഷ്യംവച്ച് ഒരുകൂട്ടം പിന്തിരിപ്പന്മാര്‍ രംഗത്തെത്തിയപ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ത്ത ഉൽപതിഷ്ണുക്കള്‍ക്ക് നേതൃത്വം നല്‍കിയത് കമ്യൂണിസ്റ്റ്‌ പാർടിയാണ്. നാടകാവതരണത്തിനുവേണ്ട എല്ലാ സന്നാഹങ്ങളും പാർടി തന്നെ ഒരുക്കി.

ഇ കെ ഇമ്പിച്ചിബാവ

ഇ കെ ഇമ്പിച്ചിബാവ

കെ കുഞ്ഞാലി

കെ കുഞ്ഞാലി

സഖാവ് ഇ കെ ഇമ്പിച്ചിബാവയും സഖാവ് കുഞ്ഞാലിയുമായിരുന്നു മുന്‍പന്തിയില്‍. ഇമ്പിച്ചിബാവയുടെ താല്‍പ്പര്യത്തോടെ നാടകത്തിന് അരങ്ങുകള്‍ ലഭിച്ചതെന്ന് അയമു പറയുന്നു. നാടകത്തിന് നേരെ കല്ലേറ് നടന്നപ്പോള്‍ കുഞ്ഞാലിയും സംഘവും അവരെ എതിര്‍ത്ത് കീഴടക്കുന്നു. കല്ലേറില്‍ നാടക നടിയുടെ നെറ്റിയ്‌ക്ക് പരിക്ക് പറ്റി ചോരയൊലിക്കുന്നു (യഥാര്‍ഥ ജീവിതത്തില്‍ നിലമ്പൂര്‍ ആയിഷ അനുഭവിച്ചതാണ് ഈ കല്ലേറും പ്രതിപ്രവര്‍ത്തനങ്ങളും).

കേരള നാടക ചരിത്രത്തില്‍നിന്ന് അയമു എന്തുകൊണ്ടോ നിഷ്‌കാസിതനായെങ്കിലും ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക് എന്ന പ്രഥമ നാടകം കൊണ്ടുതന്നെ ജനമനസ്സില്‍ ഇടംനേടിയ വലിയ കലാകാരനായിരുന്നു നിലമ്പൂരിന്റെ പുത്രനായ അയമു.

അദ്ദേഹത്തെക്കുറിച്ച് പടം പിടിക്കാനൊരുങ്ങുന്ന സംവിധായകന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നതും അതിനായുള്ള മുന്നൊരുക്കങ്ങളില്‍ വ്യാപൃതനാകുന്നതും അയാളുടെ കുടുംബജീവിതവുമെല്ലാം ഇടയ്ക്ക് പകര്‍ത്തുന്നുണ്ട്. രാഹുല്‍ കൈമല എന്ന സംവിധായകന്റെ പ്രതിരൂപം തന്നെയാണ് ഈ കഥാപാത്രം.

അതുപോലെ സിനിമയിലെ കഥാപാത്രങ്ങള്‍ ജീവിതത്തില്‍ സ്വയം അവർ തന്നെയായി രംഗത്തെത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിലമ്പൂര്‍ ആയിഷ. അവര്‍ പോയകാല സംഭവ വികാസങ്ങള്‍ ഓര്‍ത്തെടുക്കുന്നു. ആദ്യമായി നാടക അഭിനയത്തിന് സമ്മതിച്ചതും പിന്നീട് നേരിടേണ്ടിവന്ന എതിര്‍പ്പുകളും ഊരുവിലക്കുമെല്ലാം. ചോപ്പ് അയമുവിനെക്കുറിച്ചുള്ള രചനയാകവെ തന്നെ നിലമ്പൂര്‍ ആയിഷയ്ക്കും വലിയൊരു അധ്യായം സ്വന്തം.

‘ചോപ്പ്‌’ സിനിമയിൽ നിന്ന്‌

‘ചോപ്പ്‌’ സിനിമയിൽ നിന്ന്‌

പതിറ്റാണ്ടുകള്‍ക്ക് മുമ്പ്‌ സ്‌ത്രീകള്‍ സിനിമയിലും നാടകത്തിലുമൊന്നും മുഖം കാണിക്കാതിരുന്ന കാലത്ത് നാടകാഭിനയത്തിന്റെ വഴി തെരഞ്ഞെടുത്ത നിലമ്പൂര്‍ ആയിഷയുടേത് വിപ്ലവകരമായ കാൽവയ്‌പ്പു തന്നെയായിരുന്നു.

അക്കാലത്തെ ഓര്‍മകളിലേക്ക് അവര്‍ പറയുന്നത്, നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എന്ന ഉൽപതിഷ്‌ണുവും കമ്യൂണിസ്റ്റ് അനുഭാവിയുമില്ലായിരുന്നെങ്കില്‍ അവരുടെ വീട്ടിലെ അടുപ്പില്‍ തീ പുകയുകയില്ലായിരുന്നെന്നും മുഴുപ്പട്ടിണി നേരിടേണ്ടി വരുമായിരുന്നുവെന്നുമാണ്. അങ്ങനെ എത്രയോ തിക്താനുഭവങ്ങളെ അതിജീവിച്ചുകൊണ്ടാണ് നിലമ്പൂര്‍ ആയിഷ അഭിനയരംഗത്തെ അതികായയായത്.

ഇ എം എസ്

ഇ എം എസ്

 ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക് എന്ന നാടകം കണ്ട് കമ്യൂണിസത്തിന്റെ താത്വികാചാര്യനായ  ഇഎംഎസ്  പറഞ്ഞ കാര്യങ്ങള്‍ അവര്‍ ഓര്‍ക്കുന്നു. സ്ത്രീകള്‍ പിന്നണിയില്‍ നില്‍ക്കേണ്ടവരല്ല, മുന്നിലേക്ക് വരേണ്ടവരാണ് എന്നതായിരുന്നു അതില്‍ പ്രധാനം.

അക്കാലത്ത് ഇഎംഎസ് നാടകം കണ്ടതു തന്നെ വലിയ പ്രചാരത്തിന് കാരണമായി. ഏറനാട്ടിലും മലബാറിലും ഈ നാടകം നേടിയത് തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് തുല്യമായ സ്വീകാര്യതയും സ്വാധീനവും തന്നെയാണ്. അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേക്ക് നാടകം പ്രയാണം ചെയ്‌തത് സാമൂഹിക രംഗത്ത് പരിവര്‍ത്തനത്തിന് കാരണമായി. മൗലവിയുടെ വേഷം അയമുവിന് തന്നെയായിരുന്നു. നാടകകൃത്തും നടനും സംഘാടകനുമായി  അയമു നിലമ്പൂരില്‍ നിറഞ്ഞുനിന്ന കാലം.

ജനങ്ങളെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കാന്‍ നാടകം പര്യാപ്തമായതിനു കാരണം അത് ജീവിതം കണ്ടറിഞ്ഞ, തൊട്ടറിഞ്ഞ കൃതിയായതിനാലാണ്. നാട്ടുവഴികളില്‍ നിന്നുമാറി വിജനമായ സ്ഥലങ്ങളില്‍ റിഹേഴ്‌സല്‍ നടന്നിരുന്നത് അണിയറ പ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു.

രാഹുല്‍ കൈമലയുടെ ചോപ്പ് ഇ കെ അയമു എന്ന വ്യക്തിയെ മാത്രമല്ല, ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇത് തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ വീണ്ടെടുപ്പുകൂടിയാണ്. ചുവപ്പ് പ്രതിഷേധത്തിന്റെ, രോഷത്തിന്റെ നിറമാണ്. ഓരോ നിറത്തിനും ഓരോ സവിശേഷത ഉള്ളതുപോലെ ചുവപ്പില്‍ നിന്ന് പ്രതിഷേധ ജ്വാലകള്‍ ഉയരുന്നു.

രാഹുല്‍ കൈമലയുടെ ചോപ്പ് ഇ കെ അയമു എന്ന വ്യക്തിയെ മാത്രമല്ല, ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇത് തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ വീണ്ടെടുപ്പുകൂടിയാണ്. ചുവപ്പ് പ്രതിഷേധത്തിന്റെ, രോഷത്തിന്റെ നിറമാണ്. ഓരോ നിറത്തിനും ഓരോ സവിശേഷത ഉള്ളതുപോലെ ചുവപ്പില്‍ നിന്ന് പ്രതിഷേധ ജ്വാലകള്‍ ഉയരുന്നു.

തമിഴ് കവി കണ്ണദാസന്റെ നോവലിന്റെ പേര് വിളക്കിനു മാത്രമോ ചുവപ്പ് എന്നാണ്. അതുപോലെ നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ചുവപ്പിനോട് ബന്ധപ്പെട്ട പേരുകളുണ്ട്. ചുവപ്പ് നാട, ചുവന്ന വിത്തുകള്‍, ചുവന്ന സന്ധ്യകള്‍ തുടങ്ങിയവ.

ഒരു ഡോക്യു ഡ്രാമയാകുമ്പോള്‍, ജീവിതത്തിന്റെ നേര്‍ചിത്രമാകുമ്പോള്‍, കഥാ ചിത്രത്തിന്റെ രൂപലാവണ്യവും സ്വരഭംഗിയും പ്രതീക്ഷിക്കാനാകില്ല. ഇത് ചരിത്രമാണ്. ഇന്നലെകള്‍ സ്‌ക്രീനില്‍ പുനർജനിക്കുന്ന ചരിത്രം. ആ ചരിത്രത്തില്‍ പങ്കാളിയായവര്‍ കഥാപാത്രങ്ങളായും അല്ലാതെയും രംഗത്തെത്തുന്നു.

അവരില്‍ പ്രധാനിയായ നിലമ്പൂര്‍ ആയിഷയെ കൂടാതെ, വിജയലക്ഷ്മി ബാലൻ, ആയിഷ അയമു, നിലമ്പൂര്‍ ബാലന്‍, സഖാവ് കുഞ്ഞാലി, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, മാനു മുഹമ്മദ്, കെ ജി ഉണ്ണീൻ, ഡോ. ഉസ്മാൻ തുടങ്ങി നിരവധി പേര്‍. ഏറനാടിന്റെ പരിണാമവും നാടക സംസ്‌കാരവും പ്രതിഫലിക്കുന്ന, കാലം ആവശ്യപ്പെട്ട സൃഷ്ടിയാണ് ചോപ്പ് അഥവ ആത്മരോഷത്തിന്റെ, പ്രതിഷേധത്തിന്റെ പ്രതീകാത്മകമായ ചുവപ്പ് .

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top