22 December Sunday

തിരയടയാളത്തിന്റെ ഭരതൻ സ്‌പർശം

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2024

തൃശൂർ> മലയാള സിനിമയുടെ നവതരംഗത്തിന്‌ തുടക്കമിട്ട  ഭരതൻ ജീവിതത്തോട്‌ പാക്കപ്പ്‌ പറഞ്ഞ്‌ ദൃശ്യങ്ങൾക്കപ്പുറത്തേക്ക്‌ മറഞ്ഞിട്ട്‌ ചൊവ്വാഴ്‌ച 26 വർഷം തികയുന്നു. സിനിമയുടെ ആഖ്യാനത്തിന്‌ പുതുഭാവുകത്വം നൽകി,  ദൃശ്യപരവും പ്രമേയപരവുമായി സൃഷ്ടിച്ച പുതുമ മുഖ്യധാരാ സിനിമയുടെ മികവിന്‌ വഴിയൊരുക്കി.  കലാപരമായ സത്യസന്ധതയാണ്‌ ഭരതൻ സിനിമകളുടെ അടയാളം.

ദൃശ്യപരിചരണത്തിൽ സൂക്ഷ്‌മത പുലർത്തിയിരുന്ന ഭരതൻ കഥാഭൂമികയ്‌ക്ക്‌ അത്രമേൽ പ്രാധാന്യം നൽകിയാണ്‌ സിനിമ ഒരുക്കിയത്‌.  ഭരതന്റെ ശൈലി പിന്നീട്‌ പലർക്കും പ്രചോദനമായി. അങ്ങനെ ഭരതൻ സ്‌പർശം മലയാള സിനിമയുടെ തിരയടയാളമായി.  സംവിധാനത്തിനു പുറമേ എഴുത്തുകാരൻ, ഗാനരചയിതാവ്‌, സംഗീത സംവിധായകൻ, ശിൽപ്പി എന്നിങ്ങനെ വിവിധ മേഖലയിൽ ഭരതൻ സ്വയം അടയാളപ്പെടുത്തി.

1975ൽ പ്രയാണത്തിലൂടെ സംവിധായകനായി. ചിത്രത്തിന്‌ ദേശീയ അവാർഡും ലഭിച്ചു. രതിനിർവേദം, ചാമരം എന്നീ ചിത്രങ്ങൾ മലയാളിയുടെ സദാചാര പൊതുബോധങ്ങളെ തച്ചുതകർത്തു. വൈശാലി, തകര,  ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാളൂട്ടി, അമരം, താഴ്‌വാരം തുടങ്ങി മലയാളി ഓർത്തിരിക്കുന്ന സിനിമകളുടെ സ്രഷ്ടാവായി. തമിഴിലെ എക്കാലത്തെയും വിജയചിത്രം തേവർമകൻ ഒരുക്കിയതും ഭരതനാണ്‌.

മനുഷ്യ ജീവിതത്തിന്റെ കാഴ്‌ചയാണ്‌ ഓരോ ഭരതൻ സിനിമയും. പ്രണയവും വിരഹവും പകയും ആസക്‌തിയുമെല്ലാം നിറയുന്ന കഥാഭൂമിക. കച്ചവട സിനിമ, കലാമൂല്യമുള്ള സിനിമ എന്നിങ്ങനെ വിഭജിച്ച്‌ നിൽക്കുന്ന സിനിമാകാലത്തെ ‘കലാമൂല്യമുള്ള  മുഖ്യധാരാ സിനിമ’ എന്ന പുതുആഖ്യാനം സമ്മാനിച്ചതാണ്‌ ഭരതൻ സിനിമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top