കൊച്ചി > ഇക്കുറി ക്രിസ്മസ് കെങ്കേമമാക്കാൻ കച്ചമുറുക്കി ഇട്ടിയാനവും കുടുംബവും എത്തുന്നു. ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ ‘റൈഫിള്‍ ക്ലബ്’ ഡിസംബർ 19 ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചു കൊണ്ട് റിലീസ് അനൗൺസ്മെൻറ് പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെ വിജയരാഘവന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുമ്പ് പുറത്തുവിട്ട ക്യാരക്ടർ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കുഴിവേലി ലോനപ്പൻ എന്ന കഥാപാത്രമായെത്തുന്ന വിജയരാഘവന്റെ പോസ്റ്ററും ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
ചിത്രത്തിലേതായി ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. സിനിമയിൽ സുപ്രധാന കഥാപാത്രമായെത്തുന്ന വാണി വിശ്വനാഥിന്റെ ഇട്ടിയാനം ക്യാരക്ടർ പോസ്റ്ററും ഇതിൽ ഉൾപ്പെടും. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ മുമ്പ് പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. കൂടാതെ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാൻ, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിന്റെ റൊമാന്റിക് സ്റ്റാർ, ഉണ്ണിമായയുടെ സൂസൻ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തിലെ ആദ്യ ട്രാക്കായ ‘ഗന്ധർവ്വ ഗാനം’ അടുത്തിടെ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.
ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിച്ച സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..